കൊച്ചി: കഴിഞ്ഞ നാല്പതിലേറെ വര്‍ഷമായി മലങ്കര കത്തോലിക്കാസഭയുടെതായിരുന്ന അംബാസമുദ്രത്തിലെ താമരഭരണിപുഴയുടെ തീരത്തെ കൃഷിഭൂമി പത്തനംത്തിട്ട രൂപത രൂപംകൊണ്ട നാള്‍മുതല്‍ രൂപതയുടെ ഉടമസ്ഥതയില്‍ ആയിത്തീര്‍ന്നു. പ്രസ്തുത വസ്തുവിന്റെ മൂന്നൂറ് ഏക്കറോളം വരുന്നഭാഗം കൃഷി ചെയ്യുന്നതിനായി കോട്ടയം സ്വദേശിയായ മാനുവല്‍ ജോര്‍ജ് എന്നയാള്‍ക്ക് പാട്ടത്തിനു നല്കിയിരുന്നു. പാട്ടഭൂമിയില്‍ കരാറുകാരന്‍ പാട്ടകരാറുകള്‍ ലംഘിച്ച് അനധികൃത മണല്‍വാരല്‍ നടത്തിയതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ നിയമപരമായി കേസെടുക്കുകയുണ്ടായി. പാട്ടകരാറില്‍ ഏര്‍പ്പെട്ട പത്തനംതിട്ട രൂപതാധ്യക്ഷന്‍ അഭിവന്ദ്യ സാമുവല്‍ മാര്‍ ഐറേനിയൂസ് തിരുമേനിയെയും വികാരി ജനറാള്‍ ഉള്‍പ്പെടെ അഞ്ചു വൈദികരെയും ഇതില്‍ പ്രതി ചേര്‍ത്ത് തമിഴ്‌നാട് സിബി - സിഐഡി അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുകയും ചെയ്തു. സഭാംഗങ്ങള്‍ക്കും തിരുമേനിയെ അറിയാവുന്ന മറ്റുള്ളവര്‍ക്കും ഇത് അതീവ ദുഃഖത്തിന് കാരണമായി. അന്നുമുതല്‍ അദ്ദേഹത്തിനും വൈദികര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുകയും അവരുടെ മോചനത്തിനായി നിയമപരമായി പ്രവര്‍ത്തിക്കുകയും ചെയ്ത എല്ലാവരോടും കെസിബിസി ഹൃദയപൂര്‍വം നന്ദി പ്രകാശിപ്പിക്കുന്നു.
Comments