കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ - കെസിബിസി പുറപ്പെടുവിക്കുന്ന സർക്കുലർ.
നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട, ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ' (യോഹ. 14:1). തന്റെ പീഡാസഹനത്തെയും മരണത്തെയുംകുറിച്ചു ശിഷ്യന്മാരെ ഈശോ അറിയിച്ചപ്പോൾ അവർ സ്വാഭാവികമായും അസ്വസ്ഥരായി. അപ്പോഴാണു മേൽപറഞ്ഞ തിരുവചനം കർത്താവ് അവരോടു പറഞ്ഞത്. ഒരിക്കൽ ഗലീലി തടാകത്തിലൂടെ ഈശോയും ശിഷ്യന്മാരും യാത്ര ചെയ്തപ്പോൾ കൊടുങ്കാറ്റ് ഉണ്ടായി, വഞ്ചിയിൽ വെള്ളം കയറി, അപകടത്തിലായി എന്നു ഭയപ്പെട്ട ശിഷ്യന്മാർ അടുത്തു ചെന്ന് വഞ്ചിയിൽ ഉറങ്ങുകയായിരുന്ന ഈശോയെ ഉണർത്തി. ഈശോ എഴുന്നേറ്റ് കാറ്റിനെയും തിരകളെയും ശാസിച്ചു. അവ നിലച്ചു; ശാന്തതയുണ്ടായി. അപ്പോൾ അവിടന്നു ചോദിച്ചു: 'നിങ്ങളുടെ വിശ്വാസം എവിടെ?' (ലൂക്കാ 8:22 -25). മറ്റൊരിക്കൽ കടലിലൂടെ നടന്നുചെന്ന ഈശോയുടെ അടുത്തേക്ക് അവിടന്നു പറഞ്ഞതനുസരിച്ചു നടന്നുവരാൻ ശ്രമിച്ച പത്രോസ് കാറ്റ് ആഞ്ഞടിക്കുന്നതു കണ്ടു ഭയപ്പെട്ട് അവിടത്തോടു നിലവിളിച്ച് പറഞ്ഞു: 'കർത്താവേ രക്ഷിക്കണേ. ഈശോ കൈനീട്ടി പത്രോസിനെ പിടിച്ചുകൊണ്ട് പറഞ്ഞു: അല്പവിശ്വാസീ, നീ സംശയിച്ചതെന്ത്?'
പ്രാർത്ഥനയുടെ ആവശ്യം
അപകടസന്ദർഭങ്ങളിൽ ശിഷ്യന്മാരെ രക്ഷിക്കാനെത്തുന്ന ഈശോയെയാണു നാം സുവിശേഷങ്ങളിൽ കാണുന്നത്. മനുഷ്യവംശത്തിനുമുഴുവൻ രക്ഷ നൽകിയ ദൈവപുത്രനാണല്ലോ അവിടന്ന്. വിശ്വാസക്കുറവാണ് അപകടസന്ധികളെ നേരിടാൻ ശിഷ്യന്മാരെ അശക്തരാക്കുന്നതെന്ന് അത്തരം സന്ദർഭങ്ങളിൽ ഈശോ പറയുന്നുണ്ട്. ശിഷ്യന്മാർ നേരിട്ടതിനെക്കാൾ അപകടകരമായ ഒരു സാഹചര്യമാണല്ലോ കോവിഡ് 19-ന്റെ പിടിയിലായിരിക്കുന്ന ലോകജനതയുടെ അവസ്ഥ. അതിനാൽ വിശ്വാസത്തോടെ ദൈവത്തിലാശ്രയിച്ചു നാം പ്രവർത്തനനിരതരാകേണ്ട അവസരമാണ് ഈ കോവിഡ്-19 പകർച്ചവ്യാധിയുടെ കാലം. പ്രാർത്ഥനയോടെ ഈ മഹാമാരിയെ പ്രതിരോധിക്കുവാനുള്ള ദൈവകൃപ നാം സ്വീകരിക്കണം. പ്രാർത്ഥിക്കുവാൻ നമ്മെ പഠിപ്പിച്ചവനാണ് ഈശോ. തന്റെ ഈലോകജീവിതകാലം മുഴുവൻ പിതാവായ ദൈവത്തോട് പ്രാർത്ഥനാപൂർവ്വം ബന്ധപ്പെട്ടു പരിശുദ്ധാത്മാവിന്റെ ശക്തി സംഭരിച്ചാണല്ലോ ഈശോ തന്റെ വിമോചനദൗത്യം പൂർത്തീകരിച്ചത്. ഈശോയുടെ ഈ മാതൃകയനുസരിച്ചഎല്ലാ ക്രൈസ്തവരും നിരന്തരമായ പ്രാർത്ഥനയിലൂടെ കോവിഡ് 19-ൽ നിന്നുള്ള മോചനത്തിനായി പരിശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
പ്രായോഗികതലം
പ്രാർത്ഥനയോടൊപ്പം നാം ചെയ്യേണ്ട കാര്യങ്ങളുമുണ്ട്. ദൈവത്തോടൊപ്പം മനുഷ്യരുടെയിടയിൽ പ്രവർത്തിക്കുന്നവരായ നാം മറ്റുള്ളവർക്കായി നമ്മുടെ കഴിവുകളെയും ദൈവം നമുക്കു നൽകിയിട്ടുള്ളസവിശേഷദാനങ്ങളെയും വിനിയോഗിക്കേണ്ടതുണ്ട്. കോവിഡ് 19-ന്റെ രണ്ടാം തരംഗത്തിൽ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധയിൽപെടുത്തിക്കൊള്ളട്ടെ:
1. കോവിഡ് ചികിത്സയ്ക്ക് മിനിമം ഫീസ് മാത്രമേ കത്തോലിക്കാ ആശുപത്രികൾ ഈടാക്കുകയുള്ളു എന്ന് ഉറപ്പ് വരുത്തുക.
2. കെസിബിസി കോവിഡ് പ്രതിരോധ പ്രവർത്തന ഏകോപന സമിതിയുടെ നേതൃത്വത്തിൽ ടെലെ-മെഡിസിൻ കൺസൾട്ടേഷൻ സംവിധാനവും, ടെലെ-സൈക്കോ - സോഷ്യൽ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്.
3. എല്ലാ രൂപതകളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തേണ്ടതും അതുമായി ബന്ധപ്പെടാൻ ആവശ്യമായ ഫോൺ നമ്പരുകൾ ജനങ്ങൾക്ക് ലഭ്യമാക്കേണ്ടതുമാണ്.
4. രൂപതാ സമിതികൾ വീടുകളിൽ നിരീക്ഷണത്തിൽ ആയിരിക്കുന്ന കോവിഡ് രോഗികളുടെ ആരോഗ്യ സ്ഥിതി അറിയുന്നതിനും മെച്ചപ്പെടുത്തുന്നതിനും സഹായകരമായ പൾസ് ഓക്‌സീമീറ്റർ, ഡിജിറ്റൽ തെർമോമീറ്റർ, സ്റ്റീം ഇൻഹേലർ, മാസ്‌ക്, സാനിറ്റൈസർ എന്നിവ അടങ്ങിയ കിറ്റ് കുറഞ്ഞ നിരക്കിൽ കെസിബിസി കോവിഡ് പ്രതിരോധ പ്രവർത്തന ഏകോപന സമിതിയുടെ സഹായത്തോടെ ലഭ്യമാക്കേണ്ടതാണ്.
5. കത്തോലിക്കാ സിസ്റ്റേഴ്‌സ് ഡോക്‌ടേഴ്‌സ് ഫോറത്തിന്റെ ടെലെ- മെഡിസിൻ സേവനം കെസിബിസി കോവിഡ് പ്രതിരോധ പ്രവർത്തന ഏകോപന സമിതി വഴി ലഭ്യമാകുന്നതാണ്.
6. കോവിഡ് വ്യാപനം തടയുന്നതിനു നിർദ്ദേശിക്കപ്പെട്ടിട്ടുള്ള മാസ്‌ക് ധരിക്കൽ, രണ്ട് മീറ്റർ അകലം പാലിക്കൽ, സാനിറ്റൈസർ ഉപയോഗിച്ചുള്ള കൈകളുടെ ശുദ്ധീകരണം എന്നിവ കർശനമായി പാലിക്കുക. ഇതോടൊപ്പം പരിസരശുചിത്വവും ഉറപ്പുവരുത്തുക. ഭവനങ്ങളുടെയും ജോലിസ്ഥലങ്ങളുടെയും സാനിറ്റൈസേഷൻ നടത്തുക.
7. ഡോക്ടർമാർ, നഴ്‌സ്മാർ, മറ്റ് ആരോഗ്യപ്രവർത്തകർ, നിയമപാലകർ എന്നിവരെ ബഹുമാനിക്കുകയും അവരോട് ആത്മാർത്ഥമായി സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്യുക.
8. കേരളസർക്കാരും കേന്ദ്രസർക്കാരും നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് ജീവിതശൈലി ക്രമീകരിക്കുക. രോഗവ്യാപനം തടയാനുള്ള മാർഗങ്ങളും അവലംബിക്കുക.
9. സർക്കാർ നിർദ്ദേശിക്കുന്ന ക്രമീകരണങ്ങൾ അനുസരിച്ച് കഴിയുന്നത്ര വേഗത്തിൽ എല്ലാവരും പ്രതിരോധകുത്തിവയ്പ്പ് സ്വീകരിക്കേണ്ടതാണ്.
10. മാധ്യമങ്ങളുടെ സഹായത്തോടെ കോവിഡ് രോഗികൾക്കു ആശ്വാസം പകരുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക.
സഭയുടെ പ്രവർത്തനങ്ങൾ
കോവിഡ്-19 പ്രതിരോധനത്തിനും കോവിഡ് രോഗികളുടെ ചികിത്സയ്ക്കുമായി കെ. സി. ബി. സി. യുടെ ഹെൽത്ത് കമ്മീഷനും കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കേരളഘടകവും കേരള സോഷ്യൽ സർവീസ് ഫോറവും സിസ്റ്റർ ഡോക്‌ടേഴ്‌സ് ഫോറവും ബന്ധപ്പെട്ട മറ്റ് കത്തോലിക്കാ പ്രസ്ഥാനങ്ങളും സഹകരിച്ച് ആസൂത്രിതമായ പദ്ധതികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. സർക്കാരിന്റെ മാർഗനിർദ്ദേശങ്ങൾക്കനുസരിച്ചും സർക്കാരിൽ നിന്നുള്ള സഹകരണങ്ങൾ സ്വീകരിച്ചുമാണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്. നമ്മുടെ ആശുപത്രികളെല്ലാം സജീവമായി രംഗത്തുണ്ട്. നമ്മുടെ ആശുപത്രികളുടെ നെറ്റ്‌വർക്കുകൾ മേഖലാ അടിസ്ഥാനത്തിൽ നേരത്തെ തന്നെ രൂപീകരിച്ചു പ്രവർത്തിച്ച് വരുന്നതാണ്. എന്നാൽ കൂടുതൽ സൗകര്യങ്ങളോടെ അവ ഇപ്പോൾ സജ്ജീകരിച്ചിട്ടുമുണ്ട്. മാത്രമല്ല ഇപ്രകാരമുള്ള മേഖലാ നെറ്റ്‌വർക്കിൽ എല്ലാ ക്രൈസ്തവസഭകളുടെയും ഇതരമതസ്ഥാപനങ്ങളുടെയും സഹകരണത്തോടുകൂടി പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുവാനുള്ള പരിശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. സഭയുടെ ഈവക പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ യഥാസമയം മാദ്ധ്യമങ്ങളിലൂടെ അറിയിക്കുന്നതാണ്. പി. ഒ. സി. കേന്ദ്രീകൃതമായി ഈ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാൻ കെസിബിസി കോവിഡ് പ്രതിരോധ പ്രവർത്തന ഏകോപനസമിതി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഈ സമിതിയുമായി ജനങ്ങൾക്കു ബന്ധപ്പെടാവുന്ന ഫോൺ നമ്പറുകൾ ഇവയാണ്: 9072822364, 9072822365, 9072822366, 9072822367, 9072822368, 9072822370,
ഭയപ്പെടാതിരിക്കാം
ഈ കത്തിന്റെ ആരംഭത്തിൽ പറഞ്ഞതുപോലെ എല്ലാറ്റിനുമുപരി ദൈവത്തിലാശ്രയിച്ചു നമുക്ക് ഈ മഹാമാരിയെ അതിജീവിക്കുവാൻ അവിടത്തെ പ്രത്യേകമായ അനുഗ്രഹത്തിനുവേണ്ടി പ്രാർത്ഥിക്കാം. 'ഭയപ്പെടേണ്ട, ഞാൻ നിങ്ങളോടുകൂടെ ഉണ്ട്' എന്ന വചനം നമുക്കു ശക്തി പകരട്ടെ. ചരിത്രത്തിൽ സംഭവിച്ചിട്ടുള്ള ഭൂകമ്പങ്ങൾ, പ്രളയങ്ങൾ, പകർച്ചവ്യാധികൾ, മറ്റു പ്രകൃതിദുരന്തങ്ങൾ, മഹാമാരികൾ എന്നിവയെ അതിജീവിച്ച മനുഷ്യസമൂഹം ദൈവകൃപയാൽ കോവിഡ്-19 മഹാമാരിയെയും അതിജീവിക്കും. ഇത്തരം ദുരന്തങ്ങളിൽ അനേകരുടെ ജീവഹാനി സംഭവിക്കാറുണ്ട്. വ്യക്തികളുടെ മരണംപോലെ സമൂഹത്തിൽ ഇപ്പോൾ വർദ്ധിച്ചുവരുന്ന മരണങ്ങളെയും വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നമുക്കു മനസിലാക്കാൻ പരിശ്രമിക്കാം. പരേതരുടെ നിത്യശാന്തിക്കായി പ്രാർത്ഥിക്കാം. അവരുടെ ബന്ധുമിത്രാദികളെ ആശ്വസിപ്പിക്കാം. പരസ്പരം സഹായവും ആശ്വാസവും ഏറ്റം അധികം ആവശ്യമായിരിക്കുന്ന കാലമാണിത്. സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവത്തെയും സാന്ത്വനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗം മുഴുവനിലും ഉണ്ടായിരിക്കട്ടെ. ദൈവത്തിനു സ്തുതി
ഈശോയിൽ സസ്‌നേഹം,
കർദിനാൾ ജോർജ് ആലഞ്ചേരി, കെ. സി. ബി. സി. പ്രസിഡന്റ്
ബിഷപ്പ് വർഗ്ഗീസ് ചക്കാലയ്ക്കൽ കെ. സി. ബി. സി. വൈസ് പ്രസിഡന്റ്
ബിഷപ്പ് ജോസഫ് മാർ തോമസ് കെസിബിസി സെക്രട്ടറി ജനറാൾ.
ചആ. ഈ സർക്കുലർ കത്തോലിക്കാ സഭയിലെ എല്ലാ ദേവാലയങ്ങളിലും വി. കുർബാന അർപ്പിക്കപ്പെടുന്ന സ്ഥാപനങ്ങളിലും വായിക്കുകയോ ഇതിലെ ആശയങ്ങൾ പങ്കുവയ്ക്കുകയോ 'ചെയ്യേണ്ടതാണ്.
Comments