Foto

ഇന്നത്തെ വിശുദ്ധര്‍


വിശുദ്ധ നിക്കാന്‍ഡര്‍

വിശുദ്ധ മാര്‍സിയന്‍

ഡയോക്ലീഷന്റെ മതപീഡന കാലത്ത് രക്തസാക്ഷിത്വം വരിച്ച രണ്ട് വിശുദ്ധന്‍മാരാണ് വിശുദ്ധ നിക്കാന്‍ഡറും വിശുദ്ധ മാര്‍സിയനും. ദേവന്മാരെ പൂജിക്കുവാന്‍ ആവശ്യപ്പെട്ട ഗവര്‍ണരുടെ മുമ്പില്‍ അവര്‍ തങ്ങളുടെ ക്രൈസ്തവ വിശ്വാസം ഏറ്റുപറയുകയും വെറും കല്ലും മണ്ണുമായ വിഗ്രഹങ്ങളെ ആരാധിക്കുവാന്‍ തങ്ങള്‍ ഒരുക്കമല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തന്റെ ഭീഷണികളൊന്നും അവരെ ഭയപ്പെടുത്തുന്നില്ല എന്ന് മനസിലാക്കിയ ഗവര്‍ണര്‍ അവരെ ഇരുപത് ദിവസത്തേയ്ക്ക് കാരാഗൃഹത്തിലടച്ചു. ഇരുപത് ദിവസങ്ങള്‍ക്കുശേഷം വീണ്ടും അവര്‍ ഗവര്‍ണറുടെ മുമ്പില്‍ ഹാജരാക്കപ്പെട്ടു. എന്നാല്‍, അവരുടെ തീരുമാനത്തില്‍ യാതൊരു മാറ്റവും ഉണ്ടായില്ല. അവര്‍ തങ്ങളുടെ വിശ്വാസം ഉറക്കെ പ്രഖ്യാപിച്ചു.
ദൈവത്തില്‍ വിശ്വസിക്കുന്നത് കൊണ്ട് അവന്‍ ഒരിക്കലും മരിക്കുകയില്ല. വീണ്ടും നിക്കാന്‍ഡറിന്റെ വിചാരണ തുടര്‍ന്ന മാക്സിമസ് വിശുദ്ധനോട് പറഞ്ഞു, നീ സമയമെടുത്തു ചിന്തിച്ചതിനു ശേഷം, മരിക്കണമോ, ജീവിക്കണമോ എന്ന് തീരുമാനിക്കുക. നിക്കാന്‍ഡര്‍ ഇപ്രകാരം മറുപടി കൊടുത്തു: ഇക്കാര്യത്തില്‍ ഞാന്‍ ഇതിനോടകം തന്നെ ആലോചിക്കുകയും, സ്വയം രക്ഷപ്പെടുവാന്‍ തീരുമാനിക്കുകയും ചെയ്തു കഴിഞ്ഞു,തങ്ങളുടെ വിഗ്രഹങ്ങള്‍ക്ക് ബലിയര്‍പ്പിച്ചുകൊണ്ട് സ്വയം രക്ഷപ്പെടുന്ന കാര്യമാണ് വിശുദ്ധന്‍ പറഞ്ഞതെന്നാണ് ന്യായാധിപന്‍ കരുതിയത്, അതിനാല്‍ തന്റെ ഉപദേശകരില്‍ ഒരാളായ സൂടോണിയൂസിനെ അനുമോദിക്കുകയും അയാളോടൊപ്പം തങ്ങളുടെ ഉദ്യമത്തില്‍ വിജയിച്ചതില്‍ ആനന്ദിക്കുകയും ചെയ്തു.എന്നാല്‍ പെട്ടെന്ന് തന്നെ വിശുദ്ധ നിക്കാന്‍ഡര്‍ ദൈവത്തിന് നന്ദി എന്ന് പറഞ്ഞുകൊണ്ട് ലോകത്തിന്റെ അപകടങ്ങളില്‍ നിന്നും, പ്രലോഭനങ്ങളില്‍ നിന്നും തന്നെ രക്ഷിക്കണമേ എന്ന് ഉച്ചത്തില്‍ പ്രാര്‍ത്ഥിച്ചു. ഇതുകേട്ട ഗവര്‍ണര്‍ ''നീ അല്‍പ്പം മുമ്പ് ജീവിക്കുവാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞിട്ട് ഇപ്പോള്‍ മരണം ആഗ്രഹിക്കുന്നുവോ?' എന്ന് ചോദിച്ചപ്പോള്‍ വിശുദ്ധന്റെ മറുപടി ഇങ്ങനെയായിരിന്നു, ഈ ലോകത്തെ ക്ഷണികമായ ജീവിതമല്ല, അനശ്വരമായ ജീവിതമാണ് ഞാന്‍ ആഗ്രഹിക്കുന്നത്, പൂര്‍ണ്ണ സമ്മതത്തോട് കൂടി ഞാന്‍ എന്റെ ശരീരത്തെ നിനക്ക് സമര്‍പ്പിക്കുന്നു. നിനക്കിഷ്ടമുള്ളത് ചെയ്തുകൊള്ളുക
തുടര്‍ന്ന് വിശുദ്ധ മാര്‍സിയന്റെ ഊഴമായിരിന്നു. തന്റെ സഹ തടവുകാരന്റെ അതേ തീരുമാനമാണ് തന്റെതും എന്നാണ് വിശുദ്ധ മാര്‍സിയന്‍ ഗവര്‍ണര്‍ക്ക് മറുപടി കൊടുത്തത്. ഇതേതുടര്‍ന്ന് അവരെ രണ്ട് പേരേയും ഇരുട്ടറയില്‍ അടക്കുവാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടു. അവിടെ അവര്‍ 20 ദിവസത്തോളം കഴിച്ചു കൂട്ടി. ഇതിന് ശേഷം ഗവര്‍ണറുടെ മുന്‍പില്‍ അവരെ വീണ്ടും ഹാജരാക്കി. ഇപ്പോള്‍ നിങ്ങള്‍ക്ക് ചക്രവര്‍ത്തിയുടെ ഉത്തരവ് മാനിക്കുവാന്‍ ആഗ്രഹമുണ്ടോ എന്ന ഗവര്‍ണറുടെ ചോദ്യത്തിന് വിശുദ്ധ മാര്‍സിയന്‍ ഇപ്രകാരം മറുപടി കൊടുത്തു: നീ എന്ത് പറഞ്ഞാലും ഞങ്ങള്‍ ഞങ്ങളുടെ ദൈവത്തേയോ, മതത്തേയോ ഉപേക്ഷിക്കുകയോ, നിഷേധിക്കുകയോ ചെയ്യുകയില്ല. വിശ്വാസത്താലാണ് ഞങ്ങള്‍ അവനെ മുറുകെപിടിച്ചിരിക്കുന്നത്, അവന്‍ ഞങ്ങളെ വിളിച്ചു കൊണ്ടിരിക്കുകയാണെന്ന് ഞങ്ങള്‍ക്കറിയാം, ഞങ്ങളെ തടവില്‍ നിന്നും മോചിപ്പിക്കുവാന്‍ ഞങ്ങള്‍ നിന്നോടു യാചിക്കുകയില്ല; എത്രയും പെട്ടെന്ന് തന്നെ ഞങ്ങളെ അവന്റെ പക്കലേക്ക് അയക്കുക, തന്മൂലം ഞങ്ങള്‍ക്ക് ക്രൂശില്‍ മരണം വരിച്ച അവനെ കാണുവാന്‍ സാധിക്കുമാറാകട്ടെ, തങ്ങളുടെ കൊലക്കളം എത്തിയപ്പോള്‍ വിശുദ്ധ മാര്‍സിയന്‍ തന്റെ ഭാര്യയെ അടുത്ത് വിളിപ്പിക്കുകയും, തന്റെ കുട്ടിയെ ആശ്ലേഷിക്കുകയും ചെയ്തുകൊണ്ട് സ്വര്‍ഗ്ഗത്തിലേക്ക് നോക്കി പറഞ്ഞു എല്ലാ ശക്തിയുടേയും നാഥനായ കര്‍ത്താവേ, ഈ മകനെ നിന്റെ സംരക്ഷണത്തിലേക്ക് എടുക്കണമേ.എന്നിട്ട് തന്റെ ഭാര്യക്ക് തന്റെ മരണം കാണുവാനുള്ള ധൈര്യമില്ലാ എന്നറിയാവുന്നതിനാല്‍ അവളെ പോകുവാന്‍ അനുവദിച്ചു. വിശുദ്ധ നിക്കാന്‍ഡറിന്റെ ഭാര്യയാകട്ടെ ധൈര്യം കൈവിടാതിരിക്കുവാന്‍ വിശുദ്ധനെ ഉപദേശിച്ചു കൊണ്ട് വിശുദ്ധനെ സമീപത്ത് തന്നെ നിലയുറപ്പിച്ചു. അവള്‍ വിശുദ്ധനോട് പറഞ്ഞു, നിന്റെ ഒപ്പം പത്തു വര്‍ഷത്തോളം ഞാന്‍ നമ്മുടെ വീട്ടില്‍ താമസിച്ചു, നീ ഒരിക്കലും നിന്റെ പ്രാര്‍ത്ഥന മുടക്കിയിട്ടില്ല, ഇപ്പോള്‍ എനിക്കും ആ ആശ്വാസത്തിന്റെ സഹായം ലഭിക്കും, നീ നിത്യമഹത്വത്തിലേക്ക് പോകുന്നതിനാല്‍ എന്നെ നീ ഒരു രക്തസാക്ഷിയുടെ ഭാര്യയാക്കും. നീ ദൈവീക സത്യത്തിനു സാക്ഷ്യം വഹിക്കുന്നതിനാല്‍ എന്നെയും നീ അനശ്വരമായ മരണത്തില്‍ നിന്നും മോചിപ്പിക്കും,വിശുദ്ധന്റെ പ്രാര്‍ത്ഥനയും സഹനവും വഴി വിശുദ്ധന്‍ അവള്‍ക്കും ദൈവത്തിന്റെ കാരുണ്യം നേടി കൊടുക്കും എന്നാണ് അവള്‍ അര്‍ത്ഥമാക്കിയത്. അവരെ കൊല്ലുവാനായി നിയോഗിക്കപ്പെട്ടയാള്‍ അവരുടെ തൂവാലകൊണ്ട് അവരുടെ കണ്ണുകള്‍ ബന്ധിച്ചതിനു ശേഷം അവരുടെ ശിരസ്സറുത്തു. ജൂണ്‍ 17നായിരുന്നു വിശുദ്ധര്‍ ധീരരക്തസാക്ഷിത്വം വരിച്ചത്.

Comments

leave a reply