വി.ഐറേനിയസ
വിശ്വാസം സംരക്ഷിക്കുന്നതിനു വേണ്ടി അതിദാരുണമായ പീഡനങ്ങളും മരണശിക്ഷയും ഏറ്റുവാങ്ങിയ വ്യക്തിയാണ് വി.ഐറേനിയസ്. സിര്‍മിയത്തിലെ മെത്രാനായിരുന്ന ഐറേനിയസ് രാഷ്ട്രഭരണാധികാരികളുടെ ശ്രദ്ധയില്‍പ്പെടാതെ അജപാലനപരമായ തന്റെ കര്‍ത്തവ്യങ്ങള്‍ ഏറ്റവും തീക്ഷ്ണതയോടു കൂടി നിര്‍വ്വഹിച്ചു പോന്നു. പക്ഷേ, അധികം വൈകാതെ അദ്ദേഹം ബന്ധിതനായി പനോണിയായിലെ ഭരണാധികാരിയായിരുന്ന പ്രോബസിന്റെ മുമ്പില്‍ ആനയിക്കപ്പെട്ടു.ചക്രവര്‍ത്തിയുടെ കല്പനയനുസരിച്ച് ദേവന്മാര്‍ക്ക് ബലിയര്‍പ്പിക്കുവാന്‍ ഐറേനിയസിനോട് പ്രോബസ് നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെട്ടു. വിഗ്രഹങ്ങള്‍ക്ക് ബലിയര്‍പ്പിക്കുന്നവന്‍ നരകാഗ്‌നിയില്‍ എറിയപ്പെടും എന്നായിരുന്നു ഐറേനിയസിന്റെ പ്രതികരണം. നിയമലംഘകന്‍ ആരായാലും ശിക്ഷ അനുഭവിച്ചേ തീരൂ എന്ന് പ്രോബസ് വ്യക്തമാക്കിയപ്പോള്‍, നിര്‍ജ്ജീവ വിഗ്രഹങ്ങള്‍ക്ക് ബലിയര്‍പ്പിക്കുന്നതിനേക്കാള്‍ കഠിനപീഡകളേതും സഹിക്കുകയോ മരണശിക്ഷ ഏല്‍ക്കുകയോ ചെയ്യുവാന്‍ താന്‍ തയ്യാറാണെന്ന് ഐറേനിയസ് പ്രഖ്യാപിച്ചു.കോപത്താല്‍ ജ്വലിച്ച പ്രോബസ് ഉടന്‍ തന്നെ ഐറേനിയസിനെ പീഡനയന്ത്രത്തില്‍ കിടത്തി ശരീരം വലിച്ചുനീട്ടുവാന്‍ ഭടന്മാര്‍ക്ക് നിര്‍ദ്ദേശം നല്കി. ഐറേനിയസാവട്ടെ ധീരതയോടു കൂടി പടയാളികള്‍ക്ക് സ്വയം ഏല്പിച്ചുകൊടുത്തു. പീഡനങ്ങളുടെ ഫലമായി ശരീരത്തിലെ സന്ധിബന്ധങ്ങള്‍ വേര്‍പെട്ടു. എന്നിട്ടും പ്രോബസിന്റെ നിര്‍ദ്ദേശം അനുവര്‍ത്തിക്കാന്‍ ഐറേനിയസ് തയ്യാറായില്ല.ഐറേനിയസ് ദൃഢസ്വരത്തില്‍ ഇപ്രകാരം പറഞ്ഞു: ''ആരെങ്കിലും മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറഞ്ഞാല്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ സന്നിധിയില്‍ ഞാനും അവനെ തള്ളിപ്പറയും എന്ന് കര്‍ത്താവ് അരുളിച്ചെയ്തിരിക്കുന്നു.'' പ്രോബസ് ഐറേനിയസിനെ വീണ്ടും കാരാഗൃഹത്തിലേയ്ക്കയച്ചു. കാരാഗൃഹത്തില്‍ വച്ച് പടയാളികള്‍ പൂര്‍വ്വാധികം കഠിനപീഡനങ്ങള്‍ ഏല്പിച്ചിട്ടും ഐറേനിയസ് വഴങ്ങിയില്ല. അതിനാല്‍ അദ്ദേഹത്തെ നദിയിലെറിഞ്ഞു കൊല്ലുവാന്‍ പ്രോബസ് കല്പന പുറപ്പെടുവിച്ചു. വിധിവാചകം ശ്രവിച്ചപ്പോള്‍ ഐറേനിയസ് പറഞ്ഞു: ''ഇത്രയും ലഘുവായ ശിക്ഷ ഞാന്‍ അര്‍ഹിക്കുന്നില്ല. ഒരു ക്രിസ്ത്യാനിയുടെ വിശ്വാസദാര്‍ഢ്യവും ക്ലേശസഹിഷ്ണുതയും പ്രകടമാകത്തക്കവിധം കൂടുതല്‍ വേദനയുളവാക്കുന്ന മരണശിക്ഷ തന്നെയാണ് എനിക്ക് നല്‍കേണ്ടത്.
Comments