Foto

ഇന്നത്തെ വിശുദ്ധന്‍ വി. സ്നാപകയോഹന്നാന്‍


വി. സ്നാപകയോഹന്നാന്‍

ക്രിസ്തുവിനു വഴിയൊരുക്കുക എന്നതായിരുന്നു സ്നാപകയോഹന്നാന്റെ ദൗത്യം. വിശുദ്ധന്റെ ജനനവാര്‍ത്ത ഗബ്രിയേല്‍ ദൂതനാണ് പിതാവായ സക്കറിയായെ അറിയിച്ചത്. യോഹന്നാന്‍ എന്ന പേരു നല്കിയതും ദൈവദൂതനായിരുന്നു.എന്നാല്‍, ദൈവദൂതന്റെ വാക്കുകളെ വിശ്വസിക്കുവാന്‍ സക്കറിയായ്ക്കായില്ല. അതിനാല്‍ അദ്ദേഹം ഊമനായിത്തീര്‍ന്നു. സമയത്തിന്റെ തികവില്‍ ഏലീശാ ഗര്‍ഭിണിയാവുകയും യഥാസമയം കുട്ടി ജനിക്കുകയും യോഹന്നാന്‍ എന്ന് പേരിടുകയും ചെയ്തു. തല്ക്ഷണം സക്കറിയായ്ക്ക് സംസാരശേഷി വീണ്ടുകിട്ടി.വിശുദ്ധന്റെ ബാല്യകാലവും യൗവനാരംഭവും നമുക്ക് അജ്ഞാതമാണ്. മാനസാന്തരത്തിന്റെ സുവിശേഷം പ്രസംഗിക്കുന്ന യോഹന്നാനെയാണു സുവിശേഷം പിന്നീട് അവതരിപ്പിക്കുന്നത്. യോഹന്നാന്‍ പരസ്യജീവിതം ആരംഭിക്കുന്നതിനു മുമ്പായി തന്റെ ദൗത്യത്തിന് ഒരുക്കമെന്ന നിലയില്‍ മരുഭൂമിയില്‍ പ്രവേശിച്ച് കഠിന തപശ്ചര്യകളില്‍ മുഴുകി. വെട്ടുക്കിളികളും കാട്ടുതേനുമായിരുന്നു അദ്ദേഹത്തിന്റെ ഭക്ഷണം. സ്വന്തം ആത്മാവിനെ ശുദ്ധീകരിച്ച യോഹന്നാന്‍ തന്റെ പരസ്യജീവിതം ആരംഭിച്ചു.
അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ അനേകായിരങ്ങളെ ആകര്‍ഷിച്ചു. പലരും അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. ജനങ്ങളില്‍ ഭൂരിഭാഗവും വരുവാനിരിക്കുന്ന മിശിഹാ, യോഹന്നാന്‍ തന്നെയെന്ന് വിശ്വസിച്ചു. ഈ അവസരത്തിലാണ് ജോര്‍ദ്ദാനില്‍ വച്ച് മാമ്മോദിസാ സ്വീകരിക്കാനായി ക്രിസ്തു യോഹന്നാന്റെ അടുത്തേയ്ക്കു ചെല്ലുന്നത്. ഈശോയ്ക്ക് ജ്ഞാനസ്നാനം നല്കിയ യോഹന്നാന്‍  'വരുവാനിരിക്കുന്നവന്‍ ഇവന്‍ തന്നെ' എന്ന് ലോകത്തോടു വിളിച്ചുപറഞ്ഞു.സത്യത്തിനും നീതിക്കും വേണ്ടി മുഖം നോക്കാതെ പോരാടിയ വ്യക്തിയായിരുന്നു യോഹന്നാന്‍. ഹേറോദോസ് രാജാവിന്റെ അനീതി വിമര്‍ശിച്ചതിന്റെ പേരിലാണ് യോഹന്നാന്‍ ശിരച്ചേദനം ചെയ്യപ്പെട്ടത്.

Comments

leave a reply