Foto

രക്തസാക്ഷിയായ ജോര്‍ജിയന്‍ രാജ്ഞിയുടെ തിരുശേഷിപ്പ് സംരക്ഷിച്ചത് ഗോവയിലെ അഗസ്തീനിയന്‍ വൈദികര്‍

രക്തസാക്ഷിയായ ജോര്‍ജിയന്‍
രാജ്ഞിയുടെ തിരുശേഷിപ്പ്
സംരക്ഷിച്ചത് ഗോവയിലെ
അഗസ്തീനിയന്‍ വൈദികര്‍

 

'സെന്റ് ക്വീന്‍ കെറ്റെവന്റെ' തിരുശേഷിപ്പ് ജോര്‍ജിയയില്‍ എത്തിച്ച് ഭരണകൂടത്തിനു കൈമാറിയത് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍


ഓര്‍ത്തഡോക്സ് സഭ വിശുദ്ധയായി പ്രഖ്യാപിച്ചിട്ടുള്ള ജോര്‍ജിയന്‍ രാജ്ഞി ദോവാഗെര്‍ കെറ്റെവന്റെ രക്തസാക്ഷിത്വം 17-ാം നൂറ്റാണ്ടില്‍ ലോകത്തെ അറിയിച്ചതും തിരുശേഷിപ്പ് സൂക്ഷിച്ചുവച്ചതും അക്കാലത്തു പേര്‍ഷ്യയിലുണ്ടായിരുന്ന അഗസ്തീനിയന്‍ കത്തോലിക്കാ വൈദികര്‍. ഓള്‍ഡ് ഗോവയിലെ സെന്റ് അഗസ്റ്റിന്‍ കോണ്‍വെന്റില്‍ നിന്ന് 2005 ല്‍ കണ്ടെത്തിയ തിരുശേഷിപ്പാണ് കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ജോര്‍ജിയയില്‍ എത്തിച്ച് ഭരണകൂടത്തിനു കൈമാറിയത്.

പേര്‍ഷ്യന്‍ ചക്രവര്‍ത്തി തടവുകാരിയാക്കുകയും ഇസ്ളാം വിശ്വാസിയാകാത്തതിനാല്‍ പീഡിപ്പിച്ചു കൊല്ലുകയും ചെയ്ത രാജ്ഞിയുടെ അസ്ഥിക്കഷണം ഭവിയില്‍ അവര്‍ വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുമെന്ന വിശ്വാസത്തോടെ പേര്‍ഷ്യയിലുണ്ടായിരുന്ന അഗസ്തീനിയന്‍ കത്തോലിക്കാ സന്യാസികള്‍ അക്കാലത്തു തന്നെ ഗോവയില്‍ എത്തിച്ചു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം ജോര്‍ജിയയിലെത്തിയ മന്ത്രി എസ്. ജയശങ്കര്‍ ജോര്‍ജിയന്‍ വിദേശകാര്യമന്ത്രി ഡി സല്‍ക്കലിയാനിക്കാണ് പാത്രിയര്‍ക്കിസ്  ഇലിയ രണ്ടാമന്റേയും ജോര്‍ജിയന്‍ പ്രധാനമന്ത്രി ഇറാക്ക്‌ലി ഗാരിബാഷ്വിലിയുടേയും സാന്നിധ്യത്തില്‍ തിരുശേഷിപ്പ് കൈമാറിയത്. ജോര്‍ജിയയിലെ ജനങ്ങള്‍ക്ക് വണങ്ങാനുളള തിരുശേഷിപ്പ് നല്‍കിയതു മൂലം താന്‍ ധന്യനായെന്നും വികാരനിര്‍ഭരമായ സന്ദര്‍ഭമായിരുന്നു കൈമാറ്റന്നും ജയശങ്കര്‍ ട്വീറ്റ് ചെയ്തു. ഈ സംഭവ വികാസം ഇരുരാജ്യങ്ങള്‍ക്കിടയിലെ ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് സല്‍ക്കലിയാനി പ്രതികരിച്ചു.

സോവ്യറ്റ് യൂണിയന്റെ ഭാഗമായിരുന്ന ജോര്‍ജിയയിലെ സാധാരണ സ്ത്രീ നാമമാണ് 'കാതറീന്‍' എന്നതിന്റെ പരിണാമമായ കെറ്റെവന്‍. പൂര്‍വ ജോര്‍ജിയയിലെ കഖേതി പ്രവിശ്യ 1605 മുതല്‍ 1614 വരെ റീജന്റ് ആയി ഭരിച്ചത് കെറ്റെവന്‍ ആയിരുന്നു. പിന്നീട് ഇസ്ളാം അധിനിവേശത്തിലായി. പേര്‍ഷ്യയിലെ ഷിറാസില്‍  തടവില്‍ കഴിയുന്നതിനിടെ മതപരിവര്‍ത്തനത്തിനും ഭരണാധികാരിയായ ഷാ അബ്ബാസിന്റെ വിവാഹാഭ്യര്‍ഥനയ്ക്കും  വഴങ്ങാതെ ആത്മീയതയില്‍ അടിയുറച്ചു നിന്ന കെറ്റെവനെ 1624 സെപ്റ്റംബര്‍ 22 ന് പരസ്യമായാണ് 64 ാമത്തെ വയസില്‍ വധിച്ചത്. തീയിലിട്ട ചവണകള്‍ കൊണ്ട് ശരീരഭാഗങ്ങള്‍ പിഴുതെടുത്തും നിഷ്ഠുരമായി പൊള്ളലേല്‍പ്പിച്ചുമായിരുന്നു കൊലയെന്ന് സംഭവത്തിനു സാക്ഷികളായിരുന്ന അഗസ്തീനിയന്‍ കത്തോലിക്കാ സന്യാസികള്‍ പിന്നീട് മാര്‍പാപ്പയ്ക്ക് അയച്ച കത്തില്‍ പറയുന്നു. ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയിലെ അംഗമായിരുന്നെങ്കിലും തങ്ങളുടെ ചാപ്പലിലെ വിശുദ്ധ കുര്‍ബാനയിലാണ് അവര്‍ നിത്യവും പങ്കെടുത്തിരുന്നതെന്നും കത്തോലിക്കാ സഭാംഗമാകാനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നെന്നും കത്തിലുണ്ട്.
 
രക്തസാക്ഷിയായിത്തീര്‍ന്ന കെറ്റെവന്റെ ഭൗതികാവശിഷ്ടം അഗസ്തീനിയന്‍ വൈദികര്‍ 1627-ല്‍ ഗോവയില്‍ എത്തിച്ചു. പുണ്യചരിതയുടെ തിരുശേഷിപ്പാണ് സെന്റ് അഗസ്റ്റിനില്‍ സൂക്ഷിച്ചിരിക്കുന്നതെന്ന് 2005 ല്‍ പ്രാഥമിക പരിശോധയ്ക്ക് ശേഷം നിഗമനത്തിലെത്തി.
സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്യുലര്‍ ബയോളജി (സിസിഎംബി) യും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും (എഎസ്ഐ) എസ്റ്റോണിയന്‍ ബയോസെന്ററും ചേര്‍ന്നുള്ള വിദഗ്ധ സംഘം  ഡിഎന്‍എ പഠന റിപ്പോര്‍ട്ട് കൂടി വിലയിരുത്തി അവശിഷ്ടം രാജ്ഞിയുടേതാണെന്ന് സ്ഥിരീകരിച്ചു. സെന്റ് അഗസ്റ്റീനിയന്‍ കോണ്‍വെന്റിലെ രേഖകള്‍ അനുസരിച്ച്, പ്രധാന ജാലകത്തിനടുത്തുള്ള കറുത്ത പെട്ടിയില്‍ വലതു കൈയുടെ അസ്ഥി സൂക്ഷിച്ചിട്ടുള്ളതായി പറഞ്ഞിരുന്നു. ഇതു കണ്ടെത്തിയാണ് സിസിഎംബിയിലെ വിദഗ്ധനായ ഡോ. കെ. തങ്കരാജിന്റെ നേതൃത്വത്തില്‍ ഡിഎന്‍എ പരിശോധന നടത്തി ഫലം അന്താരാഷ്ട്ര ജേണലില്‍ പ്രസിദ്ധീകരിച്ചത്.

ജോര്‍ജിയുടെ ഭാഗത്ത് നിന്നുണ്ടായ നിരന്തര അഭ്യര്‍ഥന മാനിച്ചും ജോര്‍ജിയയിലെ ജനങ്ങള്‍ക്ക് ചരിത്രപരമായും മതപരമായും ആത്മീയപരമായും 'സെന്റ് ക്വീന്‍ കെറ്റെവനോ'ടുള്ള ബന്ധം കണക്കിലെടുത്തും ഭൗതികാവശിഷ്ടം ജോര്‍ജിയയ്ക്ക് കൈമാറാന്‍ കേന്ദസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. രാജ്ഞിയുടെ തിരുശേഷിപ്പിനായി 1989 മുതല്‍ ജോര്‍ജിയയില്‍ നിന്നുള്ള വിവിധ പ്രതിനിധികള്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. 2017 ല്‍ ജോര്‍ജിയയുടെ ആവശ്യപ്രകാരം താല്‍ക്കാലികമായി ഭൗതികാവശിഷ്ടം ജോര്‍ജിയയ്ക്ക് കൈമാറിയ ശേഷം ഒരു കൊല്ലത്തിനിടെ ജോര്‍ജിയയിലെ വിവിധ ക്രിസ്തീയ ആരാധനാലയങ്ങളില്‍ ഭൗതികാവശിഷ്ടം പ്രദര്‍ശിപ്പിച്ചു. 2018 സെപ്റ്റംബര്‍ 28 നാണ് ് തിരികെയെത്തിച്ചത്.  

ബാബു കദളിക്കാട്

 

Foto
Foto

Comments

leave a reply

Related News