Foto

സാങ്കേതികവിദ്യകൾ ഉരുവാക്കിയ വിടവ് നികത്തുവാൻ കായികരംഗത്തിന് സാധിക്കും: പാപ്പാ

റോമിലേക്കുള്ള തീർത്ഥാടനത്തിന്റെ ഭാഗമായി  വില്ലനോവ സർവകലാശാലയിലെയും, നോത്ര ദം സർവകലാശാലയിലെയും അംഗങ്ങളെ വത്തിക്കാനിൽ സ്വാഗതം ചെയ്യുന്നതിൽ തന്റെ സന്തോഷം പങ്കുവച്ചുകൊണ്ടാണ്, ഒക്ടോബർ മാസം മുപ്പത്തിയൊന്നാം തീയതി, അവർക്ക് അനുവദിച്ച കൂടിക്കാഴ്ചാവേളയിലെ സന്ദേശം പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ ആരംഭിച്ചത്. റോമിലേക്കുള്ള സന്ദർശനവേളയിൽ, ഇരു സർവകലാശാലകളിൽ നിന്നുള്ള ടീമുകൾ തമ്മിൽ നടത്തുവാനിരിക്കുന്ന ബാസ്കറ്റ് ബോൾ മത്സരങ്ങൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളെ എടുത്തു പറഞ്ഞ പാപ്പാ, അക്കാദമിക ജീവിതത്തിലും സാമൂഹിക ജീവിതത്തിലും കായിക രംഗത്തിന്റെ സ്വാധീനവും അടിവരയിട്ടു.

സാഹോദര്യം, ഐക്യദാർഢ്യം, സമാധാനം തുടങ്ങിയ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മാർഗമെന്ന നിലയിൽ കായിക രംഗത്തിന്റെ  സാർവത്രിക മൂല്യം വളരെ വലുതാണെന്ന് പാപ്പാ എടുത്തുപറഞ്ഞു. ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള ക്രിയാത്മകമായ ഒരു മാർഗം എന്ന നിലയിൽ, കായികരംഗത്തിന് സഹകരണത്തിന്റെയും പരസ്പരമുള്ള  പങ്കുവയ്ക്കലിന്റെയും പാഠങ്ങൾ പഠിപ്പിക്കുവാൻ സാധിക്കുമെന്നും പാപ്പാ എടുത്തു പറഞ്ഞു. സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന ദൂരം അടയാളപ്പെടുത്തിയ ഒരു യുഗത്തിൽ, ഈ മൂല്യങ്ങളുടെ ആവശ്യകത ഏറെ പ്രധാനപ്പെട്ടതാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

ഏതൊരു മത്സരത്തിലും, ഇരു  ടീമുകളിലെയും  അംഗങ്ങൾക്ക് മത്സരത്തിന്റെ ആവേശം ഉണ്ടാകാമെങ്കിലും, അവർ പരസ്പരം  ശത്രുക്കളല്ലെന്ന് ഓർക്കേണ്ടത് ആവശ്യമെന്നും പാപ്പാ ചൂണ്ടിക്കാട്ടി. സകല  വിശുദ്ധരുടെയും ദിനത്തിൽ, ദൈവം എല്ലാവരെയും വിശുദ്ധരാകാൻ വിളിക്കുന്നുവെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്, അവരുടെ സന്ദർശന സമയത്തിന്റെ പ്രാധാന്യവും പാപ്പാ അനുസ്മരിച്ചു.

വിശുദ്ധ പിയർ ജോർജോ  ഫ്രസാത്തിയെപ്പോലെയുള്ള  നിരവധി വിശുദ്ധർക്ക്, കായികം  അവരുടെ ജീവിതത്തിന്റെ ഒരു പ്രധാന ഘടകമായിരുന്നുവെന്നും, ആരും വിശുദ്ധനായി ജനിക്കാത്തതുപോലെ ആരും ചാമ്പ്യനായി ജനിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ ജീവിതവും നിരവധി വിശുദ്ധരുടെ ജീവിതവും നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

വിശുദ്ധിക്ക് സ്നേഹത്തിൽ ദൈനംദിന പരിശീലനം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ പാപ്പാ, മഹത്വത്തിന്റെ അനശ്വരമായ കിരീടം നേടുക എന്ന ലക്ഷ്യത്തോടെ ജീവനുവേണ്ടിയുള്ള  ഓട്ടത്തിൽ പങ്കെടുക്കുവാൻ  ക്രിസ്ത്യാനികൾ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും ഓർമ്മിപ്പിച്ചു. ഏതെങ്കിലും ഒരു സംഭവത്തിൽ വിജയിക്കുന്നതിനപ്പുറം, നിത്യജീവന്റെ സമ്മാനം നേടുക എന്നതാണ് ഏറെ പ്രധാനപ്പെട്ടതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

Comments

leave a reply

Related News