Foto

കാർബൺ പുറന്തള്ളൽ താഴ്ത്താൻ സാങ്കേതികവിദ്യ വേണം; 10 കോടി സമ്മാനം തരാം : ഇലോൺ മസ്ക്

ബാബു കദളിക്കാട്

ടെസ്ലയുടെ സ്ഥാപകനായ ശതകോടീശ്വരൻ തേടുന്നത് ആഗോള താപനം ചെറുക്കാനുള്ള ഫലപ്രദ മാർഗം

ആഗോള താപനം പരിധി വിട്ടുയരുന്നതൊഴിവാക്കാൻ മികച്ച രീതിയിൽ കാർബൺ ഡയോക്‌സൈഡിനെ ചെറുക്കുന്ന സാങ്കേതിക വിദ്യയ്ക്ക് ടെസ്ലയുടെ സ്ഥാപകനായ ശതകോടീശ്വരൻ ഇലോൺ മസ്‌ക് 10 കോടി ഡോളർ (730 കോടി രൂപ) സമ്മാനം പ്രഖ്യാപിച്ചു. വാഹനങ്ങളിൽ നിന്നുള്ള കാർബൺ ഡയോക്സൈഡ് എമിഷൻ പിടിച്ചെടുക്കേണ്ടത് ഏറ്റവും അത്യാവശ്യമെന്നാണ് ഇലോൺ മസ്‌ക് ട്വിറ്ററിൽ വിശദമാക്കി.

 

കാലാവസ്ഥാ വ്യതിയാനത്തിന് ഇടയാക്കുന്ന കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ നിരവധി ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ടെങ്കിലും ഇതിൽ നേരിയ പുരോഗതി കൈവരിക്കാൻ മാത്രമേ ലോകത്തിനായിട്ടുള്ളൂ. കാർബൺ പുറന്തള്ളൽ പൂർണമായും ഇല്ലാതാകുന്നുവെന്ന് ഉറപ്പാക്കാൻ പുറന്തള്ളപ്പെടുന്ന കാർബൺ പിടിച്ചെടുക്കുന്നതിനുള്ള അത്യാധുനിക സാങ്കേതിക വിദ്യ കണ്ടെത്തേണ്ടതുണ്ടെന്ന് ഇന്റർനാഷണൽ എനർജി ഏജൻസി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

 

ഇന്റർനാഷണൽ എനർജി ഏജൻസിയുടെ കണക്കുകൾ അനുസരിച്ച് കാർബൺ പുറംതള്ളളിൽ കുത്തനെയാണുയരുന്നത്.ഇതിന്റെ അടിസ്ഥാനത്തിലാണ് ഇതിനായുള്ള മികച്ച സാങ്കേതിക വിദ്യയ്ക്ക് ഇലോൺ മസ്‌ക് 100 ദശലക്ഷം ഡോളർ സമ്മാനത്തുക പ്രഖ്യാപിച്ചത്. അടുത്തയാഴ്ചയോടെ സമ്മാന പദ്ധതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുമെന്നും ഇലോൺ മസ്‌ക് ട്വിറ്ററിൽ വ്യക്തമാക്കിയിട്ടുണ്ട്.

 

മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിനപ്പുറമായി കാർബൺ ഡയോക്സൈഡ് എമിഷൻ പിടിച്ചെടുക്കാനുള്ള സാങ്കേതിക വിദ്യയുടെ വികസനം വളരെ പരിമിതമായ തോതിലാണ് നടക്കുന്നത്. അതിനാലാണ് ഇത്തരമൊരു ഗംഭീര ഓഫറുമായി ഇലോൺ മസ്‌ക് എത്തിയത്.കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിന്റെ ഭാഗമായി പുറന്തള്ളപ്പെടുന്ന കാർബൺ പിടിച്ചെടുക്കുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന നടപടി ത്വരിപ്പെടുത്താനുള്ള നടപടിയെടുക്കുമെന്ന് പുതുതായി സ്ഥാനമേറ്റ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു.

 

ഇലോൺ മസ്‌ക് 10 കോടി ഡോളർ സമ്മാനം പ്രഖ്യാപിച്ച ട്വീറ്റിന് 5 മണിക്കൂറിനകം തന്നെ 3 ലക്ഷത്തിലേറെ 'ലൈക്ക്'  ലഭിച്ചു. നിർദ്ദേശങ്ങൾ പ്രവഹിച്ചുകൊണ്ടേയിരിക്കുന്നു. കണ്ടൽക്കാടിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ പർവീൺ കസ്വാൻ പ്രതികരിച്ചത്.അതേസമയം, മിക്ക പ്രതികരണങ്ങളും മരം നടുന്നതുമായി ബന്ധപ്പെട്ടാണെന്നും ഇതിനപ്പുറമായ ആധുനിക സാങ്കേതിക വിദ്യയാണ് മസ്‌ക് അഭിലഷിക്കുന്നതെന്നുമാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.

Comments

leave a reply

Related News