ചിരിയുടെ തിരുമേനിക്ക് അശ്രുപൂജ അര്‍പ്പിച്ച് മലയാളി സമൂഹം
തിരുവല്ല ഡോ.അലക്സാണ്ടര്‍ മാര്‍ത്തോമ്മാ ഹാളില്‍
മാര്‍ ക്രിസോസ്റ്റം വലിയമെത്രാപ്പോലിത്തയ്ക്ക് വിട നല്‍കാന്‍
എത്തിക്കൊണ്ടിരിക്കുന്നത് വന്‍ ജനാവലി
ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പോലിത്തയ്ക്ക് ലോകമെങ്ങുമുള്ള മലയാളി സമൂഹത്തിന്റെ പ്രാര്‍ത്ഥനാ ഭരിതമായ ബാഷ്പാഞ്ജലി. ഭൗതിക ശരീരം തിരുവല്ല ഡോ.അലക്സാണ്ടര്‍ മാര്‍ത്തോമ്മാ ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചതോടെ കോവിഡ് നിയന്ത്രണം പാലിച്ച് വന്‍ ജനാവലിയാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിക്കൊണ്ടിരിക്കുന്നത്.
കുമ്പനാട് ഫെലോഷിപ്പ് മിഷന്‍ ആശുപത്രിയില്‍ പുലര്‍ച്ചെ 1.15ന് ആയിരുന്നു 104 ാം വയസ്സില്‍ വലിയ മെത്രാപ്പോലിത്തയുടെ അന്ത്യം. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് എസ്സിഎസ് കുന്നിലാണ് കബറടക്കം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് അദ്ദേഹത്തെ മാറ്റിയിരുന്നു. പിന്നീട് സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് വിശ്രമജീവിതം നയിക്കുന്ന കുമ്പനാട്ടേക്ക് മടങ്ങിയത്.
ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അനാഥരുടെ കണ്ണീരൊപ്പുന്നതിനും അവര്‍ക്കാശ്വാസം എത്തിക്കുന്നതിനും ജീവിതം ഉഴിഞ്ഞുവച്ച ശ്രേഷ്ഠ പുരോഹിതനാണ് ക്രിസോസ്റ്റം തിരുമേനി. നര്‍മമധുരമായി ജീവിതത്തെ കാണുകയും ചിരിയുടെ മധുരം കലര്‍ത്തി എപ്പോഴും ജനങ്ങളെ രസിപ്പിക്കുകയും ചെയ്ത് സകല കാര്യങ്ങളിലും വ്യത്യസ്തനായിനിന്ന തിരുമേനിയെയാണ് നമുക്ക് നഷ്ടമായതെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
സ്വതസ്സിദ്ധമായ നര്‍മ്മത്തിലൂടെ തലമുറകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആത്മീയാചാര്യനെ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ലോകത്തെ തന്നെ ഏറ്റവും പ്രായം കൂടിയ മെത്രാപ്പോലിത്തയായിരുന്നു മാര്‍ ക്രിസോസ്റ്റം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മേല്‍പ്പട്ട സ്ഥാനം അലങ്കരിച്ചെന്ന പ്രത്യേകതയും ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തയ്ക്ക് സ്വന്തമായിരുന്നു.ക്രിസോസ്റ്റം എന്ന പേരിന് അര്‍ത്ഥം തന്നെ സുവര്‍ണ്ണ നാക്കുള്ളവന്‍ എന്നാണ്.ജന്മസിദ്ധമായി ലഭിച്ച നര്‍മവാസന കൊണ്ട് ചിരിയുടെ മാലപ്പടക്കങ്ങള്‍ വാക്കുകളില്‍ കൊരുത്തിട്ട് ജനഹൃദയങ്ങളില്‍ ഇടം നേടിയ ഈ സന്യാസി വര്യന്‍ ആഴമേറിയ വിശ്വാസ പ്രമാണങ്ങള്‍ സരസവും സരളവുമായി സാധാരണക്കാരിലേക്ക് എത്തിച്ചു.
കുമ്പനാട് കലമണ്ണില്‍ കെ.ഇ ഉമ്മന്‍ കശീശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രില്‍ 27നാ യിരുന്നു മാര്‍ ക്രിസോസ്റ്റത്തിന്റെ ജനനം. പത്തനംതിട്ടയിലെ മാരാമണ്‍, കോഴഞ്ചേരി എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ആലുവ യുസി കോളജില്‍നിന്നു ബിരുദം പൂര്‍ത്തിയാക്കി. 1940ല്‍ കര്‍ണാടകയില്‍നിന്ന് മിഷണറി പ്രവര്‍ത്തനം തുടങ്ങി. ബെംഗളുരു യുണൈറ്റഡ് തിയോളജിക്കല്‍ കോളജില്‍നിന്നു വൈദിക പഠനം നേടി 1944ല്‍ വൈദികനായി. 1953ല്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം എന്ന പേരില്‍ മേല്‍പട്ട സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു.
1978 ല്‍ സഫ്രഗന്‍ മെത്രാപ്പൊലീത്തയായി സ്ഥാനമേറ്റു. 1999 ഒക്ടോബര്‍ 23ന് ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് മാര്‍ത്തോമാ സഭാ അധ്യക്ഷനായി. 2007 ഒക്ടോബര്‍ ഒന്നിന് സ്ഥാനം ഒഴിഞ്ഞു. സഭയ്ക്കകത്തും പുറത്തും രാഷ്ട്രീയ, സാംസ്‌കാരിക മണ്ഡലങ്ങളിലും നിറഞ്ഞുനിന്ന വ്യക്തിയാണ് മാര്‍ ക്രിസോസ്റ്റം.
ബാബു കദളിക്കാട്
Comments