Foto

കേരളവികസനത്തിന് വേണ്ടത് പുതിയ ദിശാബോധം 

കേരളസമൂഹത്തിന് എത്രത്തോളം വളരാൻ കഴിയുമെന്നും എങ്ങനെയായിരിക്കണം ഇനിയുള്ള കാലത്തെ വളർച്ചയെന്നും ഈ ലോകത്തോട് ഉദ്‌ഘോഷിക്കുന്നതായിരുന്നു കെസിബിസി അല്‌മായ കമ്മീഷന്റെ ആഭിമുഖ്യത്തിൽ പിഒസിയിൽ സംഘടിപ്പിക്കപ്പെട്ട 'കേരള പഠനശിബിരം 2021'. ഏറ്റവും പ്രധാനമായ ഏഴ് വ്യത്യസ്ത മേഖലകളെ അടിസ്ഥാനമാക്കിയാണ് പഠന ശിബിരത്തിൽ ചർച്ചകളും പ്രബന്ധാവതരണങ്ങളും നടന്നത്. അമ്പതോളം വിദഗ്ദർ തങ്ങളുടെ കാഴ്ചപ്പാടുകൾ വ്യക്തതയോടെ പങ്കുവച്ചത് സർക്കാരിന്റെ ഭാവിയിലേക്കുള്ള നയരൂപീകരണത്തിനും സഹായകമാകുമെന്ന പ്രതീക്ഷയിൽ പഠനശിബിരത്തിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ ഭരണ നേതൃത്വത്തിനും വിവിധ രാഷ്ട്രീയ നേതൃത്വങ്ങൾക്കും സമർപ്പിക്കുന്നുമുണ്ട്.

കേരളത്തിൽ മാറ്റങ്ങളും വളർച്ചയും ആവശ്യമുള്ള അടിസ്ഥാന മേഖലകൾ പലതുണ്ട്. കൃഷിയും സമ്പദ്‌വ്യവസ്ഥയും, അടിസ്ഥാന സൗകര്യങ്ങൾ, വിനോദസഞ്ചാരമേഖല, സംരംഭകത്വം, മൽസ്യബന്ധനം, ദുരന്തനിവാരണം, ഉന്നതവിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ആരോഗ്യം എന്നീ രംഗങ്ങളിൽ സവിശേഷ ശ്രദ്ധ ആവശ്യമായ മേഖലകൾ വിശദമായി ചർച്ച ചെയ്യപ്പെട്ടു എന്നുള്ളതാണ് കേരള പഠനശിബിരത്തിന്റെ പ്രത്യേകത. സമൂഹത്തിന്റെ വിവിധ തുറകളിൽ പെട്ടവരും സമുന്നതരായ രാഷ്ട്രീയ നേതാക്കളും ഓരോ മേഖലകളിലെയും വിദഗ്ധരും ചർച്ചകളിൽ പങ്കാളികളായി.

ചർച്ച ചെയ്യപ്പെട്ട വിഷയങ്ങൾ 

കേരളത്തിലെ കാർഷികമേഖല അതിസങ്കീർണ്ണമായ ചില സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കർഷകരിൽത്തന്നെ കൃഷികൊണ്ട് മാത്രം ജീവിക്കുന്നത് പതിനാറ് ശതമാനം പേർ മാത്രമാണ് എന്നുള്ളത്, കൃഷിയെ ഉപജീവനമാർഗ്ഗമാക്കാൻ ഈ ജനതയ്ക്ക് കഴിയുന്നില്ല എന്നുള്ളതിന്റെ തെളിവാണ്. പതിനഞ്ച് ശതമാനമെങ്കിലും വളർച്ച ഓരോ വർഷവും രേഖപ്പെടുത്തിയാൽ മാത്രമേ കർഷകർക്ക് വരുമാന വർദ്ധനവ് ഉണ്ടാകൂ എന്നിരിക്കെ, - 6.6 ശതമാനമാണ് കാർഷികരംഗത്തെ കഴിഞ്ഞവർഷത്തെ കേരളത്തിന്റെ വളർച്ച എന്നുള്ളത് വളരെ പരിതാപകരമാണ്. കൃഷിക്ക് ഏറ്റവും അനുയോജ്യമായ കേരളം പോലുള്ള ഒരു ദേശത്ത് കൃഷിയിൽനിന്ന് കർഷകർ പിന്നോട്ടുപോകുന്ന ഇന്നത്തെ അവസ്ഥയ്ക്ക് മാറ്റം വരേണ്ടതുണ്ട് എന്നാണ് ചർച്ചകളിൽ ശക്തമായി ഉന്നയിക്കപ്പെട്ട അഭിപ്രായം. വിപ്ലവകരമായ മാറ്റങ്ങളാണ് കേരളത്തിന്റെ കാർഷിക മേഖലയിൽ ഉണ്ടാകേണ്ടത്. പുതിയ സാങ്കേതിക വിദ്യകൾ ഇവിടെ അവതരിപ്പിക്കപ്പെടുകയും, യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കുകയും വേണം. കാർഷിക സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, കൃഷി പാഠ്യപദ്ധതിയുടെ ഭാഗമാക്കുക എന്നിങ്ങനെ ഒട്ടേറെ നിർദ്ദേശങ്ങൾ അവതരിപ്പിക്കപ്പെടുകയുണ്ടായി.

അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഏറെ പിന്നാക്കം പോയിരിക്കുന്ന കേരളത്തിന് ഒരു തിരിച്ചുവരവ് ആവശ്യമാണ്. നാൽപ്പത് വർഷങ്ങളെയെങ്കിലും മുന്നോട്ടു കണ്ടുകൊണ്ടുള്ള പദ്ധതികളാണ് വിഭാവനം ചെയ്യപ്പെടേണ്ടത്. കടൽമാർഗ്ഗമുള്ള ഗതാഗത സൗകര്യങ്ങൾ, പാർക്കിംഗിനും കാൽനടയാത്രക്കാർക്കുമുള്ള മതിയായ സൗകര്യങ്ങൾ തുടങ്ങിയവയ്ക്ക് പ്രാധാന്യം കൊടുക്കണമെന്ന നിർദ്ദേശങ്ങൾ ഉയർന്നു. കേരളത്തിന്റെ വിനോദ സഞ്ചാര സാദ്ധ്യതകൾ വളരെ പരിമിതമായ അളവിൽ മാത്രമാണ് ഇതുവരെയും ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. അഗ്രികൾച്ചറൽ ടൂറിസം, എജ്യുക്കേഷൻ ടൂറിസം, മെഡിക്കൽ ടൂറിസം തുടങ്ങിയ സാധ്യതകൾ വളർത്തിയെടുക്കാവുന്നതാണ്. 

ഒന്നരക്കോടിയോളം തൊഴിലവസരങ്ങൾ രാജ്യത്ത് പ്രതിവർഷം സൃഷ്ടിക്കപ്പെടേണ്ടതുണ്ട് എന്നുള്ളതാണ് ഇന്നത്തെ സാഹചര്യം. ഈ സാഹചര്യത്തിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കപ്പെടുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിന് അനുകൂലമായ നയങ്ങൾ സർക്കാർ സ്വീകരിക്കേണ്ടതുണ്ട്. പുതിയ സംരംഭങ്ങൾക്ക് മെന്ററിംഗ് സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുക, ഐഡിയ ബാങ്ക് ഒരുക്കുക, സംരംഭക സാദ്ധ്യതകൾ കോളേജ് കരിക്കുലത്തിൽ ഉൾപ്പെടുത്തുക തുടങ്ങിയ ചിലത് പ്രാവർത്തികമാക്കുന്നതിലൂടെ ഒട്ടേറെ പുതിയ സംരംഭങ്ങൾക്ക് വേദിയൊരുങ്ങും. ത്രിതല പഞ്ചായത്തിന്റെ മുതലുള്ള സവിശേഷ ശ്രദ്ധയും പ്രോത്സാഹനവും സംരംഭങ്ങൾക്ക് ആവശ്യമാണ്.

ഒരുകാലഘട്ടത്തിലും സാമ്പത്തികമായും സാമൂഹികമായും അർഹിക്കുന്ന ഉന്നമനം നേടാൻ കഴിയാത്ത ഒരു വിഭാഗമാണ് മൽസ്യത്തൊഴിലാളികൾ.  അവർക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താൻ മാറിവരുന്ന സർക്കാരുകൾ കാര്യമായൊന്നും ചെയ്തിട്ടില്ല എന്നുമാത്രമല്ല, കടലോര ജനതയുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ ചില പദ്ധതികൾ നടപ്പാക്കുന്നതിലൂടെ അവരെ കൂടുതൽ പ്രതിസന്ധികളിലേയ്ക്ക് തള്ളിവിട്ടിട്ടുമുണ്ട്. അതിന് പുറമെ മൽസ്യബന്ധനവുമായി ബന്ധപ്പെട്ട നിരവധി പ്രതിസന്ധികളും ഈ കാലഘട്ടത്തിൽ മൽസ്യത്തൊഴിലാളികൾ നേരിട്ടുകൊണ്ടിരിക്കുന്നു. കേരളത്തിൽ 222 മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലായി എട്ടുലക്ഷത്തിൽ പരം മൽസ്യത്തൊഴിലാളികളാണുള്ളത്. മൽസ്യമേഖലയിലെ 55 ശതമാനം കുടുംബങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. അവരുടെ ഉന്നമനത്തിനും, സുരക്ഷയ്ക്കുമായുള്ള പദ്ധതികൾ ആവിഷ്കരിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. തീരസംരക്ഷണത്തിന് ശാശ്വതമായ പരിഹാരം, മൽസ്യ ഉൽപ്പാദനം കുറയുന്നതുമായി ബന്ധപ്പെട്ടുള്ള പഠനങ്ങളും മേൽനടപടികളും, ചെറുകിട മത്സ്യബന്ധനത്തിന് സംരക്ഷണം തുടങ്ങിയ അടിയന്തിര നടപടികൾ സർക്കാർ സ്വീകരിക്കേണ്ടതുണ്ട്. മത്സ്യത്തൊഴിലാളികളും അവരുടെ കുടുംബങ്ങളും സംബന്ധിച്ച മറ്റ് ഏറെ ഗുരുതര വിഷയങ്ങളും പഠനശിബിരത്തിൽ ചർച്ച ചെയ്യപ്പെടുകയുണ്ടായി. 

പുരാതനകാലം മുതൽ വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിക്കുവാൻ കഴിഞ്ഞിട്ടുള്ള നാം പിൽക്കാലത്ത് വളരെ പിന്നോട്ട് പോയിരിക്കുന്നു. വളരെ കുറഞ്ഞ ശ്രദ്ധയും മുതൽമുടക്കുമാണ് ഇക്കാലത്ത് ഉന്നതവിദ്യാഭ്യാസത്തിനായി മാറ്റിവച്ചിരിക്കുന്നത് എന്നതാണ് വാസ്തവം. ഹയർസെക്കണ്ടറിക്ക് ശേഷം ഉന്നത വിദ്യാഭ്യാസത്തിന് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ വളരെ കുറവാണ്. അതിന് മാറ്റമുണ്ടാകണം. ശാസ്ത്ര ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കപ്പെടണം. രാജ്യത്തിന്റെ ജിഡിപിയിൽ ആറ് ശതമാനമെങ്കിലും വിദ്യാഭ്യാസത്തിനായി മാറ്റിവയ്ക്കണം. യൂണിവേഴ്സിറ്റികളും ഇൻഡസ്ട്രികളും സഹകരിച്ചുള്ള പദ്ധതികൾ, സിലബസുകളിൽ വ്യാവസായിക തലത്തിലുള്ള ഓറിയന്റേഷൻ, ടെക്‌നോളജി ഇന്നവേഷൻ സെന്ററുകൾ തുടങ്ങിയവ നടപ്പാക്കപ്പെടേണ്ടതുണ്ട്. ആധുനിക വിവരസാങ്കേതിക വിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കുറഞ്ഞ ഫീസിൽ ഉയർന്ന വിദ്യാഭ്യാസം നേടാനുള്ള പദ്ധതികൾ വികസിപ്പിക്കുക. പഠന - തൊഴിൽ മേഖലകളിൽ സ്ത്രീകൾക്ക് ഉയരാനുള്ള അവസരങ്ങൾ ശ്രദ്ധാപൂർവ്വം ഒരുക്കപ്പെടേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ക്രൈസ്തവ സംഭാവനകൾ വിസ്മരിക്കുകയും തമസ്കരിക്കുകയും ചെയ്യുന്ന ശൈലിക്ക് മാറ്റമുണ്ടാകണം. 

സാമൂഹിക ക്ഷേമരംഗത്ത് കേരളസമൂഹം ഏറെ മുന്നേറേണ്ടതുണ്ട്. ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക ദളിത് വിഭാഗങ്ങൾക്കും പരിഗണനയും ശ്രദ്ധയും ലഭിക്കേണ്ടതുണ്ട്. ന്യൂനപക്ഷ ജനത കൂടുതലായും ഏർപ്പെട്ടിരിക്കുന്ന കൃഷി മൽസ്യബന്ധനം തുടങ്ങിയ മേഖലകളിൽ അർഹമായ പരിഗണന ലഭിക്കേണ്ടതുണ്ട്. പട്ടയ പ്രശ്നങ്ങൾ, കുടിയിറക്ക് നഷ്ടപരിഹാരങ്ങൾ ലഭിക്കാത്ത അവസ്ഥ പരിസ്ഥിതി നിയമങ്ങളുടെപേരിലുള്ള ആശങ്കകൾ തുടങ്ങിയവ പരിഹരിക്കപ്പെടേണ്ടതുണ്ട്. ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ വിതരണങ്ങളിലെ തെറ്റായ അനുപാതവും നയങ്ങളും തിരുത്തപ്പെടണം. ദളിത് ക്രൈസ്തവർ നേരിടുന്ന വിവേചനങ്ങൾക്കും പ്രതിസന്ധികൾക്കും പരിഹാരമാകുന്ന വിധത്തിലുള്ള സർക്കാർ ഇടപെടലുകൾ ഉണ്ടാകണം. സാമൂഹിക ക്ഷേമ രംഗത്ത് ഇന്ന് കേരളം നേരിടുന്ന പ്രതിസന്ധികൾ ആഴത്തിൽ ചർച്ച ചെയ്ത പഠനശിബിരം ക്രിയാത്മകമായ ഒട്ടേറെ നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുകയുണ്ടായി. 

ആരോഗ്യരംഗത്തെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത പഠനശിബിരത്തിൽ, ആരോഗ്യരംഗം കൂടുതൽ ജനകീയമായി മാറേണ്ടതുണ്ടെന്ന വിലയിരുത്തലുണ്ടായി. ഈ രംഗത്തെ അന്യസംസ്ഥാനലോബികളുടെ ഇടപെടലുകൾ അവസാനിപ്പിക്കാൻ സർക്കാർ ഇടപെടൽ ആവശ്യമാണ്. മുതിർന്ന പൗരന്മാരുടെ ചികിത്സാ സംബന്ധമായ വെല്ലുവിളികൾ പരിഹരിക്കാൻ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അവരുടെ ചികിത്സ സർക്കാർ ഉറപ്പുവരുത്തണം. സാധാരണക്കാരന്റെ ആരോഗ്യം സംബന്ധിച്ച് വലിയ സാമ്പത്തികബാധ്യത എന്ന ഭീഷണി ആവശ്യമായ നയരൂപീകരണങ്ങളിലൂടെ പരിഹരിക്കാൻ സർക്കാർ പ്രത്യേകം ശ്രദ്ധിക്കണം. രോഗം ഒഴിവാക്കാനുള്ള പ്രിവന്റീവ് ഹെൽത്ത് കെയറിന് പ്രത്യേക പരിഗണന നൽകണം. മെഡിക്കൽ ഗവേഷണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ആവശ്യമായ പദ്ധതികൾ നടപ്പാക്കപ്പെടണം. സാമ്പത്തിക പരാധീനത നേരിടുന്ന കുടുംബങ്ങളിലെ കിടപ്പുരോഗികൾക്ക് ശരിയായ രീതിയിൽ പരിചരണം ലഭിക്കാനുതകുന്ന പാലിയേറ്റിവ് കെയർ സംവിധാനങ്ങൾ ഒരുക്കുവാൻ ആവശ്യമായ പദ്ധതികൾ ആവിഷ്കരിക്കണം.

ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി 
ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ഔദ്യോഗികവക്താവ്, കെ.സി.ബി.സി.
ഡയറക്ടർ, പി.ഒ.സി.

Comments

leave a reply

Related News