Foto

ഇന്റഗ്രേറ്റഡ് എം.എസ് സി. പഠനത്തിന് നെസ്റ്റ് (നാഷണൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ്)

ഇന്റഗ്രേറ്റഡ് എം.എസ് സി. പഠനത്തിന് നെസ്റ്റ് (നാഷണൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ്)

ഇന്റഗ്രേറ്റഡ് കോഴ്സുകള്‍ക്ക്, വലിയ പ്രാമുഖ്യമാണ് ഈയടുത്ത നാളുകളിലായി കണ്ടുവരുന്നത്. പഠന മേഖലയിൽ ആഴത്തിലുള്ള പഠനത്തിനുള്ള അവസരമാണ് ഇന്റഗ്രേറ്റഡ് കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നത്. ദേശീയ വിദ്യാഭ്യാസ നയമുൾപ്പടെയുള്ള നയരൂപീകരണ സമിതികളിൽ കൂടുതൽ പ്രാധാന്യം ഈ കോഴ്സുകൾക്ക് നൽകപ്പെട്ടത് , ഗവേഷണ മേഖലയിലെ അഭിരുചി കൂടി പരിഗണിച്ചാണ്. അഞ്ചുവർഷത്തെ (Integrated Course) ഇന്റഗ്രേറ്റഡ് എം. എസ് സി.  (MSc)പഠനത്തിന് അവസരമൊരുക്കുന്ന നാഷണൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റിന്  (National Entrance Screening Test) ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.ഓൺലൈൻ അപേക്ഷ സമർപ്പണത്തിന് മെയ് 18ന് അർധരാത്രിവരെ സമയമുണ്ട്. അഡ്മിറ്റ് കാർഡ് ജൂൺ 6 മുതൽ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. പരീക്ഷയുടെ ഫലം ജൂലൈ അഞ്ചിന് പ്രതീക്ഷിക്കാം.

 

ബയോളജി, കെമിസ്ട്രി, ഫിസിക്സ്, മാത്ത്സ് എന്നീ വിഷയങ്ങളിലെ ഇന്റഗ്രേറ്റഡ് പഠനത്തിനാണ് നെസ്റ്റിലൂടെ പ്രവേശനം ലഭിക്കുക.

 

എവിടെയൊക്കെ പഠിക്കാം

താഴെ പറയുന്ന രണ്ട് സ്ഥാപനങ്ങളിലാണ്, നെസ്റ്റിലൂടെ പഠനാവസരമുളളത്. 

 

1.കേന്ദ്ര ആറ്റമിക് എനർജി വകുപ്പിന്റെ കീഴിലുള്ള ഭുവനേശ്വറിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ & റിസർച്ച് (നൈസർ - www.niser.ac.in)

2.മുംബൈ യൂണിവേഴ്സിറ്റിയിലെ  ഡിപ്പാർട്ട്മെന്റ് ഓഫ് ആറ്റമിക് എനർജി സെന്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസ് (യു.എം - ഡി.എ.ഇ. സി.ഇ.ബി.എസ്. – www.cbs.ac.in)

 

ഇതിൽ നൈസറിൽ 200 സീറ്റും യു.എം.-ഡി.എ.ഇ.സി.ഇ ബി.എസിൽ 57 സീറ്റുമാണുള്ളത്. രണ്ട് സ്ഥാപനങ്ങളിലും ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങളിൽ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം (5 വർഷം) ലഭ്യമാണ്

 

പഠിതാക്കൾക്കുള്ള ആനുകൂല്യങ്ങൾ

പഠിതാക്കൾക്ക് 60,000 രൂപ വാര്‍ഷിക സ്കോളര്‍ഷിപ്പും സമ്മര്‍ ഇന്‍റെന്‍ഷിപ്പിന് വാര്‍ഷിക ഗ്രാന്‍റായി 20,000 രൂപയും ലഭിക്കും. ഡി എസ് ടി ഇൻസ്പയർ - ഷീ / ഡി എൻ ഇ ദിശ പദ്ധതികളിൽ ഒന്നിലുൾപ്പെടുത്തിയാണ് , 60,000/- രൂപ സ്കോളർഷിപ്പ് ലഭിക്കുക.

മേൽ സൂചിപ്പിച്ച രണ്ട്  സ്ഥാപനങ്ങളിൽ നിന്നും നിശ്ചിത കട്ട് ഓഫ് മാർക്ക് നേടി കോഴ്സ് പൂർത്തീകരിച്ചവർക്ക്, ഭാഭ ആറ്റമിക് റിസർച്ച് സെന്റർ (ബാർക്ക്) ട്രെയിനിങ് സ്കൂൾ പ്രവേശനത്തിന് നേരിട്ട് ഹാജരാകാൻ അവസരം ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്.

 

ആർക്കൊക്കെ അപേക്ഷിക്കാം

അപേക്ഷാർത്ഥികൾ സയൻസ് പ്ലസ് ടു പഠിച്ചവരായിരിക്കണം. പ്ലസ്ടുവിൽ  മൊത്തത്തിൽ 60% മാർക്ക് നേടി, 2020ലോ 2021 ലോ പ്ലസ് ടു / തത്തുല്യ പരീക്ഷ ജയിച്ചവർക്കും 2022ല്‍ പ്ലസ് ടു പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. എന്നാൽ പട്ടിക ജാതി/വർഗ്ഗ / ഭിന്നശേഷി വിഭാഗക്കാർക്ക് 55% മാർക്കുമതി.അപേക്ഷകര്‍ 2022 ഓഗസ്റ്റ് ഒന്നിനോ ശേഷമോ ജനിച്ചതായിരിക്കണം. പട്ടിക ജാതി/വർഗ്ഗ / ഭിന്നശേഷി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവുണ്ട്.

 

പരീക്ഷാ ക്രമം

നെസ്റ്റ് 2022 കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ, ജൂൺ 18ന് രണ്ട് സെഷനുകളിലായി നടക്കും. രാവിലെ ഒന്‍പത് മുതൽ 12.30 വരെയും ഉച്ചയ്ക്ക് 2.30 മുതൽ ആറു വരെയുമാണ് സെഷനുകൾ. ഒരു പരീക്ഷാർഥി ഒരു സെഷനിൽ പരീക്ഷ എഴുതിയാല്‍ മതി. പരീക്ഷയ്ക്ക് ബയോളജി, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയിൽ നിന്ന് 50 മാർക്ക് വീതമുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണ് ഉണ്ടാകുക.കേരളത്തിൽ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഈ അഭിരുചി പരീക്ഷയിൽ ഉയർന്ന മാർക്കു നേടുന്ന മൂന്ന് വിഷയങ്ങളുടെ സ്കോർ പരിഗണിച്ച്, രണ്ടു സ്ഥാപനങ്ങൾക്കും, പ്രൊസ്പെക്ടസ് വ്യവസ്ഥകൾ പ്രകാരം വെവ്വേറെ റാങ്ക് പട്ടികകൾ തയ്യാറാക്കും. കേരളത്തിൽ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

 

അപേക്ഷാ ഫീസ്

ആൺകുട്ടികൾക്ക് അപേക്ഷാഫീസ് 1200/ - രൂപയാണ്. എന്നാൽ പെൺകുട്ടികൾ, പട്ടികജാതി/പട്ടിക വർഗ്ഗ/ഭിന്നശേഷി വിഭാഗക്കാർ എന്നിവർക്ക് 600/- രൂപയാണ്, അപേക്ഷാഫീസ്. നെറ്റ് ബാങ്കിംഗ് വഴിയും ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് മുഖാന്തിരവും ഫീസടയ്ക്കാവുന്നതാണ്.

 

ഓൺലൈൻ അപേക്ഷ സമർപ്പണത്തിനും മറ്റു കൂടുതൽ വിവരങ്ങൾക്കും

www.nestexam.in 

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News