Foto

ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് ... ടോക്കിയോയിലെ ട്രാക്കിൽ ഇനി തീപാറും

ഫാസ്റ്റ് ആന്റ്  ഫ്യൂരിയസ് ...
ടോക്കിയോയിലെ  ട്രാക്കിൽ
ഇനി തീപാറും

കഴിഞ്ഞ മൂന്ന് ഒളിംപിക്‌സിലും ലോകത്തിലെ ഏറ്റവും വേഗതയേറിയ കായിക താരമായി വിലസിയ ജമൈക്കൻ സ്പ്രിന്റർ ഉസൈൻ ബോൾട്ട് ട്രാക്കിലിറങ്ങാതെ ടോക്കിയോവിൽ അത്‌ലറ്റിക്‌സ് മൽസരങ്ങൾ തുടങ്ങിയിരിക്കുകയാണ്. ബീജിങ് ഒളിംപിക്‌സിൽ (2008) 100 മീറ്ററിൽ 9.69 സെക്കന്റിന്റെ ലോക റിക്കാർഡുയർത്തിയ ബോൾട്ട് 200 മീറ്റർ 19.30 സെക്കന്റിന്റെ  മറ്റൊരു ലോക റിക്കാർഡുമായി ഭൂമിയിൽ താൻ തന്നെയാണ് ഏറ്റവും വേഗതയേറിയ മനുഷ്യനെന്ന് തെളിയിച്ചുകൊണ്ടാണ് ആദ്യ വിശ്വകായിക മേള ആഘോഷിച്ചത്. അന്നു മുതൽ ഇന്ന് ടോക്കിയോ വരെ ഒളിംപിക്‌സ് ട്രാക്ക് ആന്റ് ഫീൽഡ് ഈ കാരിരുമ്പിന്റെ കരുത്തുള്ള ഓട്ടക്കാരനിൽ മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. 100, 200 മീറ്റർ സ്പ്രിൻടുകളിലും, റിലേയിലുമായി മൂന്നു ഒളിംപിക്‌സുകളിലായി 8 സ്വർണ്ണപ്പതക്കങ്ങൾ കഴുത്തിലണിഞ്ഞ ബോൾട്ടിന്റെ പിൻഗാമി ആരായിരിക്കും എന്നതാണ് സ്‌പോർട്ട്‌സ് പ്രേമികളുടെ മുന്നിലുള്ള ചോദ്യം. ഞായറാഴ്ച (ഓഗസ്റ്റ് 1) ഇന്ത്യൻ സമയം വൈകിട്ട് 6.20ന് നടക്കാനിരിക്കുന്ന 100 മീറ്റർ പുരുഷന്മാരുടെ ഫൈനലിൽ ആരായിരിക്കും ആദ്യം ഫിനിഷു ചെയ്യുക ? കഴിഞ്ഞ 16 മൽസരങ്ങളിൽ, 15ലും വിജയിച്ച ലോകത്തിലെ ഏറ്റവും വേഗതയുള്ള താരറാങ്കിൽ ഏഴാമനായ അടുത്ത കാലത്ത് 9.77 സെക്കന്റിൽ ഓടിയെത്തിയിട്ടുള്ള അമേരിക്കയുടെ ട്രയ്‌വോൺ ബ്രൊമലിനാണ് സാധ്യത കാണുന്നത്. അമേരിക്കയുടെ തന്നെ റൂണി ബേക്കറും (മികച്ച സമയം 9.85 സെക്കന്റ്), ദക്ഷിണാഫ്രിക്കയുടെ അകാനി സിംബെയനും തൊട്ടു പിന്നിലുണ്ട്.
    
ശനിയാഴ്ച (ജൂലൈ 31) നടക്കുന്ന വനിതകളുടെ 100 മീറ്റർ ഫൈനലിൽ ജമൈക്കയുടെ ഷെല്ലി ആൻ ഫ്രേസർ ഉസൈൻ ബോൾട്ടിന്റെ പിൻഗാമിയാകുവാൻ തയ്യാറെടുത്താണ് ടോക്കിയോ ഒളിംപിക് സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്. വനിതകളിൽ ലോകത്തിലെ രണ്ടാമത്തെ മികച്ച സമയം (10.63 സെക്കൻഡ്) കൈവശമുള്ള ഷെല്ലി രണ്ട് ഒളിംപിക് സ്വർണ്ണമെഡലുകൾ തന്റെ ഷോകേസിൽ സൂക്ഷിച്ചിട്ടുണ്ട്. ജമൈക്കയുടെ എലെയ്ൻ തോപ്‌സണും  ഷെറിക്ക ജാക്‌സണുമാണ് ഷെല്ലിക്ക് സ്വന്തം നാട്ടിൽ നിന്നും വെല്ലുവിളി ഉയർത്തുന്നത്. ഒമ്പതു വർഷങ്ങൾക്ക് മുൻപ് ലണ്ടൻ ഒളിംപിക്‌സിൽ അവസാനമായി സ്വർണ്ണം നേടിയ 34കാരിയായ ഷെല്ലി ടോക്കിയോവിൽ മികച്ച ഫോമിലാണ്.
    
രണ്ട് ലോക റിക്കാർഡുമായാണ് എത്യോപ്യയുടെ ലിറ്റെസെൻ ബെറ്റ് ഗിഡി ദീർഘ ദൂര ഓട്ട മൽസരങ്ങളായ 5000, 10,000 മീറ്ററുകൾക്ക് ട്രാക്കിലിറങ്ങുന്നത്. 5000 മീറ്ററിൽ 14 മിനിറ്റ് 6.62 സെക്കന്റും, 10,000 മീറ്ററിൽ 29 മിനിറ്റ് 01.03 സെക്കന്റും സമയത്തിൽ ലോക റിക്കാർഡ് ഉയർത്തിയിട്ടുള്ള ഗിഡിയെ നേരിടാൻ നെതർലാൻഡ് താരം സഫാൻ ഹസനുണ്ട്. തന്റെ നാട്ടിൽ, കൈവശം വച്ചിരുന്ന 10,000 മീറ്റർ ലോക റിക്കാർഡ് വെറും രണ്ട് ദിവസത്തിനുള്ളിൽ 10 സെക്കന്റ് കുറച്ചു ഗിഡിയോട് പകരം വീട്ടാൻ ഒരുങ്ങിയാണ് സഫാൻ മൽസരിക്കാനിറങ്ങുന്നത്. 1500 മീറ്ററിലും 10,000 മീറ്ററിലും ലോക ചാമ്പ്യൻ കൂടിയായ സഫാൻ മൂന്നിനങ്ങളിലാണ് ടോക്കിയോവിൽ മാറ്റുരക്കുന്നത്.
    
കഴിഞ്ഞ മാസം ഇൻഡോർ മൽസരത്തിൽ പോൾ വോൾട്ടിൽ പുതിയ ഉയരങ്ങൾ (6.18 മീറ്റർ) കണ്ടെത്തിയ സ്വീഡന്റെ അർമാന്റ് ഡുപ്ലാ ന്റിസ്  റഷ്യയുടെ ഇതിഹാസ താരമായ മുൻ പോൾ വോൾട്ട് പ്രതിഭ സെർജി ബുബ് കയെപ്പോലെ അടുത്ത ലോക റിക്കാർഡിനായി കൊതി പൂണ്ടാൺ ടോക്കിയോ ഒളിപിംക് സ്റ്റേഡിയത്തിൽ ഫീൽഡിലിറങ്ങുന്നത്.
    
2019 ദോഹ ലോക കായിക മേളയ്ക്കു ശേഷം അജയ്യനായി വിലസുന്ന അമേരിക്കയുടെ റയാൻ ക്രൗസർ പുതിയ ദൂരത്തിനായാണ് ശ്രമിക്കുക 31 വർഷത്തെ പഴക്കമുള്ള 1900-ൽ കുറിക്കപ്പെട്ട റാൻഡി ബേൺസിന്റെ (23.12 മീറ്റർ) റിക്കാർഡ് ജൂണിൽ അമേരിക്കൻ ഒളിംപിക്‌സ് ട്രാക്ക് ആന്റ് ഫീൽഡ് ട്രയൽസിൽ തകർത്ത ക്രൗസർ (23.37 മീറ്റർ) റിയോ ഒളിംപിക് സ്വർണ്ണം നിലനിറുത്തുവാനുള്ള ശ്രമത്തിലാണ്.
    
139 കോടി ഭാരതീയരുടെ പ്രാർത്ഥനയുടെയും, പ്രതീക്ഷയുടെയും ഭാരം പേറിക്കൊണ്ടാണ് തന്റെ കന്നി ഒളിംപിക്‌സിൽ നീരജ് ചോപ്ര ജാവലിൻ ത്രോയിൽ മൽസരിക്കുവാൻ തയ്യാറെടുക്കുന്നത്. ലോക അണ്ടർ 20 ചാംപ്യൻഷിപ്പിൽ 2016-ൽ 86.48 മീറ്ററിൽ റിക്കാർഡ് സ്വർണ്ണം നേടിയെങ്കിലും നീരജിന് റിയോയിൽ മൽസരിക്കുവാൻ അവസരം കിട്ടിയില്ല. ഈ സീസണിൽ നാലാം റാങ്കുകാരനായ ചോപ്ര (മികച്ച ദൂരം 88.07 മീറ്റർ) ജപ്പാനിൽ തന്റെ പ്രതീക്ഷകൾക്ക് ഒപ്പം ഉയരുമെന്ന് പ്രതീക്ഷിക്കാം. ഈ സീസണിൽ 90 മീറ്ററിൽ കൂടുതൽ ദൂരം സ്ഥിരം കണ്ടെത്തുന്ന ജർമനിയുടെ ജൊഹാനസ് വെട്ടർ  (93.59 മീറ്റർ) സ്വർണ്ണം ഉറപ്പാക്കുമ്പോൾ നീരജിന് തൊട്ടുപിന്നിൽ എത്താൻ കഴിയുമോ ?
    
രണ്ട് റിലേകളിലാണ് നമ്മുടെ ഒളിംപിക് പ്രതീക്ഷകൾ ബാക്കിയുള്ളത്. 4 ഃ 400 പുരുഷറിലേയിലും, മിക്‌സഡ് റിലേയിലും ലോക റാങ്കിങ്ങിൽ നാലും, ആറും സ്ഥാനങ്ങളിൽ നിൽക്കുന്ന നമ്മുടെ ടീമിന് ഒളിംപിക് ഫൈനലിലെത്തുവാൻ കഴിഞ്ഞാൽ അതുമൊരു നേട്ടമാകുമല്ലോ ?
    
പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ നോർവെയുടെ കാസ്റ്റൻ  വാർ ഹോം ഇക്കഴിഞ്ഞ രണ്ടാം തീയ്യതി ലോക റിക്കാർഡുമായി (46.70 സെക്കന്റ്) തന്റെ വരവറിയിച്ചു കഴിഞ്ഞു. 25 കാരനായ വാർഹോം  താൻ ജനിക്കുന്നതിന് മുൻപുള്ള ലോക റിക്കാർഡാണ് പഴം കഥയാക്കിയത്.
    
വനിതകളുടെ ലോക റിക്കാർഡുകാരി അമേരിക്കയുടെ സിഡ്‌നി മക്ലാഫ്‌ലിൻ (51.09 സെക്കന്റ്) കഴിഞ്ഞ മാസം അവസാനമാണ് 52 സെക്കന്റിന്റെ താഴെ സമയത്തോടെ തന്റെ മുന്നിലുള്ള തടസ്സങ്ങൾ- ഹർഡിലുകൾ- ചാടിക്കടന്ന് ഒളിംപിക് സ്വർണ്ണപ്പതക്കമണിയുവാൻ ട്രാക്കിലിറങ്ങുന്നത്.
    
കഴിഞ്ഞ മാസം ജീവിതത്തിന്റെ ട്രാക്കിൽ നിന്നും എന്നന്നേക്കുമായി വിട പറഞ്ഞ ഇന്ത്യയുടെ എക്കാലത്തേയും ഏറ്റവും മികച്ച കായിക പ്രതിഭ മിൽഖാ സിങ്ങിന് സഫലീകരിച്ചു കാണുവാൻ കഴിയാത്ത ഒരു ആഗ്രഹമുണ്ട്. 1960 റോം ഒളിംപിക് വിശ്വകായിക മേളയിൽ ഒരു സെക്കന്റിന്റെ ആറിലൊരംശത്തിന് നഷ്ടപ്പെട്ട ഒളിംപിക് മെഡൽ ഒരു ഇന്ത്യൻ കായിക താരം മാറിലണിഞ്ഞു കാണുവാൻ സ്‌പോർട്ട്‌സിനെ ജീവനു തുല്യം സ്‌നേഹിച്ചിരുന്ന മിൽഖാ ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് മിൽഖയുടെ മകൻ, ലോക പ്രശസ്ത ഗോൾഫ് താരം ജീവ് മിൽഖ സിങ്ങ് തന്റെ പിതാവിന്റെ നടക്കാൻ കഴിയാതെ പോയ ആഗ്രഹത്തെക്കുറിച്ച് ഓർമ്മിച്ചത്. 1960ൽ മിൽഖയ്ക്കും, 1988 ലോസാഞ്ചലസ് ഒളിപിക്‌സിൽ    പി.ടി ഉഷയ്ക്കും തലനാരിഴയ്ക്ക് നഷ്ടപ്പെട്ട ഏതൊരു കായിക താരവും എന്നും സ്വപ്നം കാണുന്ന, ഏറെ കൊതിക്കുന്ന ഒരു ഒളിംപിക് മെഡൽ - ടോക്കിയോവിൽ നീരജ് ചോപ്രയ്ക്ക് അതിനു    കഴിയുമോ ? മറ്റു കായിക താരങ്ങൾക്ക് ആർക്കെങ്കിലും കഴിയുമോ ? ടോക്കിയോ ഒളിംപിക് സ്റ്റേഡിയത്തിൽ ട്രാക്ക് ആന്റ് ഫീൽഡ് മീറ്റിൽ ഇന്ത്യൻ മിൽഖയുടെ സ്വപ്നം പൂവണിയും. ഭാരത രത്‌നം ബഹുമതിയൊന്നും നൽകി മിൽഖയെ ആദരിക്കുവാൻ നമുക്കു കഴിഞ്ഞില്ലെങ്കിലും അദ്ദേഹം മനസ്സിൽ സൂക്ഷിച്ചിരുന്ന ഒരേയൊരു ആഗ്രഹം സഫലീകരിക്കുവാൻ കഴിഞ്ഞാൽ ഇതിൽപ്പരം മിൽഖയ്ക്കു തിരിച്ചു നൽകുവാൻ മറ്റൊന്നും വേണ്ട. ജീവിതത്തിൽ പ്രതീക്ഷകളാണല്ലോ നമ്മെ മുന്നോട്ടുള്ള പ്രയാണത്തിൽ നയിക്കുന്നത് കോടിക്കണക്കിന് ഭാരതീയർക്ക് ഏഷ്യയിൽ നടക്കുന്ന ഈ ലോക കായിക മാമാങ്കത്തിൽ നമുക്കൊരു മെഡൽ യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കാം.
                                                              
എൻ. എസ്‌ . വിജയകുമാർ

Foto
Foto

Comments

leave a reply