തീരദേശത്തിന്റെ സങ്കടം സര്‍ക്കാര്‍
ഗൗരവമായി പരിഗണിക്കണമെന്ന്
കെസിബിസി
കൊച്ചി: കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ജീവിച്ചുകൊണ്ടു മത്സ്യബന്ധനത്തിലും അനുബന്ധ തൊഴിലുകളിലും ഏര്‍പ്പെട്ടിരിക്കുന്ന തീരദേശസമൂഹത്തിന്റെ സങ്കടങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.തീരദേശസമൂഹം നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കി നല്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. തീരശോഷണംമൂലം കിടപ്പാടവും ജീവനോപാധികളുമാണ് ഇവര്‍ക്ക് നഷ്ടമായിരിക്കുന്നത്. തീരശോഷണം ഇല്ലാതാക്കാനാവശ്യമായ ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ വിദഗ്ദ്ധപഠനത്തിന്റെ വെളിച്ചത്തില്‍ ക്രമീകരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണം. കടല്‍ക്ഷോഭം അതിരൂക്ഷമായ ചെല്ലാനംപോലുള്ള സ്ഥലങ്ങളില്‍ പുലിമുട്ടുകള്‍ അടിയന്തരമായി നിര്‍മ്മിച്ച് തീരവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കണം. കൊച്ചിന്‍ തുറമുഖത്ത് ആഴം കൂട്ടുമ്പോള്‍ ലഭിക്കുന്ന മണ്ണ് തീരശോഷണം അനുഭവിക്കുന്ന പ്രദേശങ്ങളില്‍ നിക്ഷേപിച്ചുകൊണ്ട് തീരങ്ങളുടെ നിലനില്പ് ഉറപ്പുവരുത്താവുന്നതാണ്. രാജ്യത്തിന് ഏറെ വിദേശനാണ്യം നേടിത്തരുന്ന തീരവാസികളുടെ ന്യായമായ ആവശ്യങ്ങളെ കൂടുതല്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെസിബിസി സമ്മേളനം സര്‍ക്കാരിനൊട് ആവശ്യപ്പെട്ടു.
Comments