Foto

തദ്ദേശീയ ഗോത്രങ്ങളുടെ കണ്ണീര്‍ വഴികളിലൂടെ -അനുതാപ യാത്ര; മഹാ ഇടയന്‍ കാനഡയിലേക്ക്

തദ്ദേശീയ ഗോത്രങ്ങളുടെ കണ്ണീര്‍
വഴികളിലൂടെ -അനുതാപ യാത്ര ;
മഹാ ഇടയന്‍ കാനഡയിലേക്ക്
 
വത്തിക്കാന്‍ സിറ്റി/ഒട്ടാവ: കാനഡയിലെ തദ്ദേശീയ ഗോത്രവര്‍ഗക്കാരോടു കത്തോലിക്കാ സഭ ചെയ്ത ഗൗരവതരമായ തെറ്റുകളിന്മേലുള്ള മനഃസ്താപവുമായി ചരിത്ര പ്രധാന യാത്രാ ദൗത്യത്തിനൊരുങ്ങി  ഫ്രാന്‍സിസ് മാര്‍പാപ്പ. അനുരഞ്ജന പ്രധാനമായ ഈ 'അനുതാപ തീര്‍ത്ഥാടനം' തദ്ദേശീയ വിഭാഗങ്ങളുടെ മനസ്സിലെ മുറിവുണക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയാണ് തനിക്കുള്ളതെന്ന് സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ഭക്തജനങ്ങളെ അഭിസംബോധന ചെയ്യവേ  മാര്‍പാപ്പ പറഞ്ഞു.

തദ്ദേശീയ സംസ്‌കാരങ്ങളെ മായ്ച്ചുകളയാനുള്ള ലക്ഷ്യവുമായി ഭരണകൂടം അനുവദിച്ച റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലൂടെ അരങ്ങേറിയ അതിക്രൂര പീഡനങ്ങളിലെ സഭയുടെ പങ്കിനെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ അവരുടെ മാതൃഭൂമിയില്‍ ക്ഷമാപണം നടത്തുമെന്ന സൂചന ശക്തമാണ്. .ജൂലൈ 24 മുതല്‍ 29 വരെയാണ് ആല്‍ബര്‍ട്ട, ക്യൂബെക്ക്, നുനാവുട്ട് എന്നിവിടങ്ങളിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ യാത്ര ചെയ്യാന്‍ ഒരുങ്ങുന്നത്. തദ്ദേശീയരുടെ പങ്കാളിത്തത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പൊതു-സ്വകാര്യ പരിപാടികള്‍ ഉള്‍പ്പെടുന്നു.

1831 നും 1996 നും ഇടയില്‍ പ്രവര്‍ത്തിച്ച സ്‌കൂളുകളുടെ പ്രഖ്യാപിത ലക്ഷ്യം തദ്ദേശീയരായ കുട്ടികളെ 'പരിഷ്‌കൃത വര്‍ഗ്ഗങ്ങളിലേക്കു സ്വാംശീകരിക്കുക' എന്നതായിരുന്നു. ഗവണ്‍മെന്റിന് വേണ്ടി ക്രിസ്ത്യന്‍ വിഭാഗങ്ങളാണ് അവ നടത്തിയിരുന്നത്. മിക്കതും കത്തോലിക്കാ സഭയുടെ മേല്‍നോട്ടത്തിലായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വത്തിക്കാനില്‍ മാര്‍പ്പാപ്പയും തദ്ദേശീയരും തമ്മിലുള്ള ചര്‍ച്ചകളുടെ കേന്ദ്രബിന്ദുവായിരുന്നു ഈ വിദ്യാലയങ്ങള്‍. അന്നത്തെ കൂടിക്കാഴ്ചകള്‍ അനുസ്മരിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ച പറഞ്ഞു:  'അവര്‍ സഹിച്ച തിന്മയില്‍ എന്റെ വേദനയും ഐക്യദാര്‍ഢ്യവും ഞാന്‍ പ്രകടിപ്പിച്ചു. മനസുകളിലെ മുറിവുണക്കാന്‍ ഇതിനകം ആരംഭിച്ചിട്ടുള്ള അനുരഞ്ജന പാതയിലേക്ക് ദൈവകൃപയാല്‍ സംഭാവന ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു'.

ഈ മാസാദ്യം ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്കും സൗത്ത് സുഡാനിലേക്കുമുള്ള യാത്ര കാല്‍മുട്ടിന് പ്രശ്നമുണ്ടായതിനാല്‍ മാര്‍പാപ്പയ്ക്ക് റദ്ദാക്കേണ്ടിവന്നിരുന്നു. കുറച്ചു ദിവസങ്ങള്‍ വീല്‍ ചെയര്‍ ഉപയോഗിക്കേണ്ടിവന്നിരുന്നു.ഇപ്പോള്‍ സ്ഥിരം വാക്കിംഗ് സ്റ്റിക്കിന്റെ തുണ തേടുന്നു, 85 കാരനായ മാര്‍പാപ്പ. കാനഡയിലേക്കുള്ള യാത്രയില്‍ മാര്‍പാപ്പ ആര്‍ട്ടിക് പ്രദേശത്തുള്ള എഡ്മണ്ടന്‍, മാസ്‌ക്വാസിസ്, ലാക് എസ്റ്റെന്‍, ക്യൂബെക്ക്, ഇഖാളുവിറ്റ്  എന്നീ തദ്ദേശീയ ഗോത്രവര്‍ഗ മേഖലകള്‍ സന്ദര്‍ശിക്കും. ഒന്‍പത് പ്രസംഗങ്ങള്‍ നടത്തും; രണ്ട് കുര്‍ബാനകള്‍ അര്‍പ്പിക്കും.

കാനഡയിലെ ഭരണകൂടം മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തിന് മുന്തിയ പ്രാധാന്യമാണ് നല്‍കുന്നത്. മാര്‍പ്പാപ്പ രാജ്യത്തെത്തി മാപ്പു പറയണമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞ വര്‍ഷം അഭിപ്രായപ്പെട്ടിരുന്നു. യാത്രാ പരിപാടിയുമായി ബന്ധപ്പെട്ട് 35-മില്യണ്‍ ഡോളറിലധികം നല്‍കുമെന്ന് ഫെഡറല്‍ ഗവണ്‍മെന്റ് അറിയിച്ചു.പരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഗോത്രവിഭാഗങ്ങളെ ഗവണ്‍മെന്റ് പിന്തുണയ്ക്കുമെന്ന് മന്ത്രി മാര്‍ക്ക് മില്ലര്‍ അറിയിച്ചു.

കാനഡയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിക്കുന്നതിനിടെ തദ്ദേശീയരായ ധാരാളം കുട്ടികള്‍ക്കു ജീവാപായമുണ്ടായതിനെക്കുറിച്ചുള്ള അസ്വസ്ഥജനകമായ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് മാര്‍പാപ്പയുടെ യാത്ര നിര്‍ണ്ണായകമാകുന്നത്. 'ആദിമ ജന വിഭാഗങ്ങളുമായുള്ള അനുരഞ്ജനത്തിന് നടത്തിവരുന്ന അജപാലന പ്രക്രിയയുടെ പശ്ചാത്തലത്തില്‍' രാജ്യത്തേക്ക് അപ്പസ്തോലിക യാത്ര നടത്താന്‍ കനേഡിയന്‍ കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനം മാര്‍പ്പാപ്പയെ ക്ഷണിച്ചിരുന്നു. കാനഡയില്‍ നിന്ന് തദ്ദേശീയ ഗോത്രവര്‍ഗക്കാരുടെ മൂന്ന് ഗ്രൂപ്പുകള്‍ ഫ്രാന്‍സിസ് മാര്‍പാപ്പായുമായി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി. ഇതോടെ അവരുടെ വിഷമതകള്‍ പാപ്പ നേരിട്ടു മനസിലാക്കിയെന്ന് ടൊറന്റോ കര്‍ദ്ദിനാള്‍ തോമസ് കോളിന്‍സ് പ്രസ്താവനയില്‍ വ്യക്തമാക്കി.

തദ്ദേശീയ ഗോത്രവര്‍ഗത്തില്‍ പെട്ട കുട്ടികളെ 1863 - 1998 കാലത്ത് വംശഹത്യയ്ക്ക് വിധേയമാക്കിയെന്ന ആരോപണം രാജ്യത്ത് സഭയെ കനത്ത പ്രതിരോധത്തിലാക്കി. ഏതാനും റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ കോമ്പൗണ്ടുകളില്‍നിന്ന് ആയിരത്തിലേറെ കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സഭയ്ക്ക് എതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നത്. സംഭവം അന്വേഷിച്ച പ്രത്യേക സമിതി മാര്‍പ്പാപ്പ മാപ്പു പറയണം എന്നതടക്കമുള്ള 94 ശുപാര്‍ശകളാണ് മുന്നോട്ടുവെച്ചത്. എന്നാല്‍, ഈ വിഷയത്തില്‍ മാര്‍പ്പാപ്പയ്ക്ക് മാപ്പ് പറയാനാവില്ലെന്ന് 1994-ല്‍ ബിഷപ്പ്‌സ് കോണ്‍ഫ്രന്‍സ് അഭിപ്രായപ്പെട്ടിരുന്നു.

ഈ സംഭവങ്ങളെ മുന്‍നിര്‍ത്തി കഴിഞ്ഞ ജൂണ്‍ മാസത്തില്‍ മാര്‍പ്പാപ്പ ദു:ഖം രേഖപ്പെടുത്തിയിരുന്നു. കനേഡിയന്‍ കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്‌സ് മാപ്പു പറയുകയും ചെയ്തു.എങ്കിലും പരിഭവങ്ങള്‍ രൂക്ഷമായിരുന്നു. തദ്ദേശീയ ഗോത്ര വര്‍ഗത്തില്‍പ്പെട്ട കുട്ടികളെ കനേഡിയന്‍ സംസ്‌കാരവുമായി ചേര്‍ക്കുക എന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി സഭ നടത്തിയ റെസിഡന്‍ഷ്യന്‍ സ്‌കൂളുകളിലാണ് നൂറ്റാണ്ടിലേറെ കാലം സാംസ്‌കാരിക വംശഹത്യ നടന്നതെന്നായിരുന്നു ആരോപണം.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അടച്ചുപൂട്ടിയ ബ്രിട്ടീഷ് കൊളംബിയയിലെ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍നിന്നും 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കഴിഞ്ഞ വര്‍ഷം മെയ് മാസം കണ്ടെത്തിയിരുന്നു. തദ്ദേശീയ ഗോത്രവര്‍ഗക്കാരുടെ കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന കാംലൂപ്സ് ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ കോമ്പൗണ്ടിലാണ് കുട്ടികളെ കൂട്ടമായി അടക്കം ചെയ്തതിന്റെ തെളിവുകള്‍ പുറത്തുവന്നത്. ബ്രിട്ടീഷ് കൊളംബിയയുടെ ഭാഗമായി പ്രവര്‍ത്തിച്ചതാണ് ഈ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍. അതിനു പിന്നാലെ ഇതിനടുത്തുള്ള ക്രാന്‍ബ്രൂക്കിലെ സെന്റ് യൂജിന്‍സ് മിഷന്‍സ് സ്‌കൂളിന് സമീപം 182 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. അതിനു ശേഷം നടന്ന തെരച്ചിലുകളില്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ച മറ്റു സ്ഥലങ്ങളിലും കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി. ആയിരത്തോളം കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ശാരീരികവും മാനസികവും ലൈംഗികവും സാംസ്‌കാരികവുമായ പീഡനങ്ങളാണ് റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ കുട്ടികള്‍ അനുഭവിക്കേണ്ടി വന്നിരുന്നതെന്നാണ് പരാതി.

യാത്രാ പരിപാടി

ജൂലൈ 24  ഞായര്‍

റോമില്‍ നിന്നും എഡ്മണ്ടനിലേക്ക്

09:00 റോമിലെ ഫ്യുമിച്ചീനൊ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന്  എഡ്മണ്ടനിലേക്ക് വിമാനത്തില്‍ യാത്ര ആരംഭിക്കും.

11:20        എഡ്മണ്ടന്‍  അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തും

11:20      വിമാനത്താവളത്തില്‍ ഔദ്യോഗിക സ്വീകരണം

25 ജൂലൈ, തിങ്കളാഴ്ച

10:00: മെസ്‌ക്വാചീസ്സില്‍

തദ്ദേശീയ ജനതയുമായുള്ള കൂടിക്കാഴ്ച, തുടര്‍ന്ന് പാപ്പയുടെ പ്രഭാഷണം

16:45  എഡ്മണ്ടന്‍  തിരുഹൃദയ ഇടവക സമൂഹങ്ങളുമായും തദ്ദേശവാസികളുമായുള്ള  കൂടിക്കാഴ്ചയും പാപ്പയുടെ പ്രഭാഷണവും

26 ജൂലൈ, ചൊവ്വാഴ്ച

10:15 എഡ്മണ്ടന്‍ 'കോമണ്‍വെല്‍ത്ത് സ്റ്റേഡിയത്തില്‍' വിശുദ്ധ കുര്‍ബാനയും, വചന പ്രഘോഷണവും

17:00  ലാക്എസ്റ്റിന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ തിരുവചന ശുശ്രൂഷ, വചനപ്രഘോക്ഷണം

27 ജൂലൈ, ബുധനാഴ്ച

09:00 എഡ്മണ്ടന്‍  അന്താരാഷ്ട്ര വിമാനത്താവളത്തില്‍  നിന്ന് ക്യൂബെക്കിലേക്ക് വിമാനത്തില്‍ യാത്ര

15:05 ക്യുബെക്ക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍

15:40 കാനഡ ഗവര്‍ണര്‍ ജനറലിന്റെ വസതിയായ 'സിറ്റാഡെല്ലെ ഡി ക്യുബെക്ക്'-ല്‍ പാപ്പായ്ക്ക് സ്വീകരണം

16:00 ഗവര്‍ണര്‍ ജനറലുമായി കൂടിക്കാഴ്ച

16:20 'സിറ്റാഡെല്ലെ ഡി ക്യുബെക്ക്'-ല്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച

16:45  'സിറ്റാഡെല്ലെ ഡി ക്യൂബെക്ക്' 'ബോള്‍റൂമില്‍' സിവില്‍ അധികാരികള്‍, തദ്ദേശീയരുടെ പ്രതിനിധികള്‍, നയതന്ത്ര വിഭാഗത്തിലെ അംഗങ്ങള്‍ എന്നിവരുമായി കൂടിക്കാഴ്ച . തുടര്‍ന്ന് പ്രഭാഷണം.

28 ജൂലൈ,വ്യാഴാഴ്ച

10:00 ക്യുബെക്കില്‍ വിശുദ്ധ ആന്‍ ഡി ബ്യൂപ്രേയുടെ ദേശീയ തീര്‍ഥാടന ദേവാലയത്തില്‍  വിശുദ്ധ കുര്‍ബാന അര്‍പ്പണവും, വചന പ്രഘോഷണവും

17:15 ക്യൂബെക്കിലുള്ള   നോട്ടര്‍ ഡാം കത്തീഡ്രല്‍ ദേവാലയത്തില്‍ മെത്രാന്മാര്‍, വൈദികര്‍, ഡീക്കന്മാര്‍, സമര്‍പ്പിതര്‍, സെമിനാരി വിദ്യാര്‍ത്ഥികള്‍, അജപാലക പ്രവര്‍ത്തകര്‍ എന്നിവരോടൊപ്പം പ്രാര്‍ത്ഥനയും, വചന പ്രഘോഷണവും

29 ജൂലൈ വെള്ളിയാഴ്ച

09:00 ക്യൂബെക്കിലെ അതിരൂപത മെത്രാസന മന്ദിരത്തില്‍ ഈശോ സഭാംഗങ്ങളുമായി  സ്വകാര്യ കൂടിക്കാഴ്ച

10:45 ക്യൂബെക്കിലെ അതിരൂപത മെത്രാസന മന്ദിരത്തില്‍  ക്യുബെക്കിലെ തദ്ദേശീയരുടെ ഒരു പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ച

 12:45 ക്യൂബെക്ക്  അന്താരഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇഖാളുവിറ്റ്‌ലേക്കു വിമാനത്തില്‍ യാത്ര

15:50 ഇഖാളുവിറ്റ് വിമാനത്താവളത്തില്‍

16:15 ഇഖാളുവിറ്റ് പ്രൈമറി സ്‌കൂളില്‍ മുന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുമായുള്ള സ്വകാര്യ കൂടിക്കാഴ്ച

 17:00 യുവാക്കളുമായും മുതിര്‍ന്നവരുമായും ഇഖാളുവിറ്റ്‌ലെ പ്രൈമറി സ്‌കൂള്‍ ചത്വരത്തില്‍  കൂടിക്കാഴ്ച

18:15 ഇഖാളുവിറ്റ് വിമാനത്താവളത്തില്‍ യാത്രയയപ്പു ചടങ്ങ്

 18:45 ഇഖാളുവിറ്റ് വിമാനത്താവളത്തില്‍ നിന്ന് റോമിലേക്ക് വിമാനത്തില്‍ യാത്ര    

ജൂലൈ 30 ശനിയാഴ്ച,

07:50 റോമില്‍ ഫ്യുമിച്ചിനോ  അന്താരാഷ്ട്ര  വിമാനത്താവളത്തില്‍ എത്തിച്ചേരുന്നു.


ആഴമേറിയ മുറിവുകള്‍


ആസൂത്രിത വംശഹത്യയുടെ മാരക പാപമാര്‍ന്ന മുള്‍ക്കിരീടം ശിരസ്സിലണിയേണ്ടിവന്ന കാനഡയിലെ കത്തോലിക്കാ സഭയ്‌ക്കെതിരെ രണ്ടു വര്‍ഷത്തിലേറെക്കാലമായി തദ്ദേശീയ ജനതയുടെ രോഷവും പ്രതിഷേധവും ജ്വലിച്ചുനില്‍ക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് അപ്പസ്‌തോലിക സന്ദര്‍ശനം ചരിത്ര സംഭവമായി മാറുമെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.  

കാനഡ ഭരിച്ചിരുന്ന ബ്രിട്ടീഷ്  രാജാധികാരത്തിനെതിരെയും അതിരോഷം ആളിക്കത്തി.  മേഖലയിലെ തദ്ദേശീയ ജനതയുടെ വംശഹത്യയ്ക്ക് കൂട്ടു നിന്നെന്ന ആക്ഷേപവുമായി വിക്‌ടോറിയ രാജ്ഞിയുടെയും രണ്ടാം എലിസബത്ത് രാജ്ഞിയുടെയും പ്രതിമകള്‍ കഴിഞ്ഞ വര്‍ഷം തദ്ദേശീയര്‍ തകര്‍ത്തെറിഞ്ഞു. ദേശീയ ദിനമായ ജൂലൈ ഒന്നിന് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പങ്കെടുത്ത പരിപാടിക്കൊടുവില്‍ ഇടതുപക്ഷ, കൊളോണിയല്‍ വിരുദ്ധ 'ഐഡില്‍ നോ മോര്‍' ഗ്രൂപ്പിലെ അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു പ്രതിമകള്‍ തരിപ്പണമാക്കിയത്. ബ്രിട്ടനെ സംബന്ധിച്ച് ഒരിക്കലും ചിന്തിക്കാന്‍ പോലും കഴിയാത്തൊരു സംഭവം.

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ പ്രവര്‍ത്തിച്ചിരുന്ന റെസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ പിന്നാമ്പുറങ്ങളില്‍ നിന്ന് മൂന്ന് വയസിന് താഴെയുള്ള ആയിരത്തോളം പിഞ്ച് കുഞ്ഞുങ്ങളുടെ ശവക്കുഴികള്‍ കഴിഞ്ഞ വര്‍ഷം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മതപ്രചാരണത്തിനും തദ്ദേശീയ ജനതയുടെ ഉന്മൂലനത്തിനുമായി ബ്രിട്ടീഷ് ഭരണകൂടം  സഭയോടു ചേര്‍ന്ന് കിരാതമായ പദ്ധതി നടപ്പാക്കിയതായുള്ള വിവരം പുറത്ത് വന്നത്.

ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ നിര്‍ബന്ധിതരായ കുട്ടികളെ അവരുടെ മാതാപിതാക്കളുടെ സമീപത്ത് നിന്ന് നിര്‍ബന്ധിതമായി പിടിച്ച് കൊണ്ട് പോവുകയും തുടര്‍ന്ന് കത്തോലിക്കാ സഭ നടത്തുന്ന റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പാര്‍പ്പിക്കുകയുമായിരുന്നത്രേ. സ്‌കൂളുകളില്‍ തദ്ദേശീയ ഭാഷ സംസാരിക്കാന്‍ കുട്ടികളെ അനുവദിച്ചിരുന്നില്ല. മാതാപിതാക്കളെ കാണാനും അനുവാദമുണ്ടായിരുന്നില്ല.
കുട്ടികളെങ്ങാനും സ്‌കൂളില്‍ തദ്ദേശീയമായ വാക്കുകള്‍ ഉച്ചരിച്ചാല്‍ അതികഠിനമായ ശിക്ഷാ വിധികള്‍ക്ക് വിധേയമാകേണ്ടിയിരുന്നുവെന്നും പറയപ്പെടുന്നു. ഇത്തരം ശിക്ഷാവിധികളെ തുടര്‍ന്നാണ് ആയിരക്കണക്കിന് തദ്ദേശീയരായ കുട്ടികള്‍ മരിച്ചതെന്ന പരാതി ആര്‍ക്കും നിഷേധിക്കാനാകുന്നില്ല.

ശാരീരികവും മാനസികവുമായ പീഡനങ്ങളായിരുന്നു ഈ സ്‌കൂളുകളില്‍ നടന്നിരുന്നത്. സഹോദരന്മാരെ പോലും പരസ്പരം കാണാന്‍ അനുവദിച്ചിരുന്നില്ലെന്ന് ഇവിടെ നിന്നും രക്ഷപ്പെട്ട ചില കുട്ടികള്‍ പില്‍ക്കാലത്ത് വെളിപ്പെടുത്തിയിരുന്നു. ഏതാണ്ട് 6,000  കുട്ടികളെ ഇത്തരത്തില്‍ അതിക്രൂര പീഡനത്തിന് വിധേയരാക്കി കൊന്നുകളഞ്ഞതായി കരുതുന്നു. എന്നാല്‍ മരണ സംഖ്യ ഇതിലുമേറെ വരുമെന്നാണ് നിഗമനം. ഇതുവരെയായും എത്ര കുട്ടികള്‍ കൊല്ലപ്പെട്ടു എന്നതിന് കൃത്യമായ കണക്കുകളില്ല.

പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍ 1970 വരെ 1,50,000 തദ്ദേശീയരായ കുട്ടികളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനും അവരുടെ മാതൃഭാഷകള്‍ക്ക് പകരം ഇംഗ്ലീഷ് സംസാരിപ്പിക്കാനും അത് വഴി തങ്ങള്‍ക്ക് ആവശ്യമുള്ള ഒരു അടിമ ജനതയെ സൃഷ്ടിക്കാനുമായി ബ്രിട്ടന്‍ റസിഡന്‍ഷ്യന്‍ സ്‌കൂളുകളെന്ന പേരില്‍ നടത്തിയ 'കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പു'കളെ കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു.

കഴിഞ്ഞ വര്‍ഷം, കാനഡയുടെ ദേശീയ ദിനമായ ജൂലൈ ഒന്നിന് 'ഞങ്ങളുടെ കുഞ്ഞുങ്ങളെ തിരിച്ച് തരിക' എന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ രാജ്ഞിമാരുടെ പ്രതിമകള്‍ വികൃതമാക്കുകയും ചുവന്ന തുണി കഴുത്തിന് മുറുക്കി പ്രതീകാത്മക വധശിക്ഷ നടപ്പാക്കുകയും ചെയ്തതായി 'ഡെയ്‌ലി മെയില്‍' റിപ്പോര്‍ട്ട് ചെയ്തു. 'വംശഹത്യ വേണ്ട', 'അവളെ താഴെയിറക്കുക' എന്നീ മുദ്രാവാക്യങ്ങള്‍ പ്രതിഷേധക്കാരുയര്‍ത്തി. ബ്രിട്ടീഷ് രാജപാരമ്പര്യ ചരിത്രത്തിലാദ്യമായാണ് രാജവംശത്തിനെതിരെ ഇത്രയും കടുത്ത ആക്ഷേപങ്ങള്‍ ഉയര്‍ന്നത്. പ്രതിഷേധക്കാര്‍ പലപ്പോഴും രാജ്ഞിയെ 'അഭിസാരിക'യെന്നും അഭിസംബോധന ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബ്രിട്ടന് 1,500 മൈല്‍ പടിഞ്ഞാറ്, കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ ആദ്യമായി കാലുകുത്തിയ ബ്രിട്ടീഷുകാരനായ ക്യാപ്റ്റന്‍ കുക്കിന്റെ പ്രതിമയും പ്രതിഷേധക്കാര്‍ തകര്‍ത്തു. കുക്കിന്റെ പ്രതിമ വിക്ടോറിയ നഗരത്തിന് സമീപത്തെ നദിയില്‍ ഒഴുക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഒരു വര്‍ഷം മുമ്പ് ബ്രിസ്റ്റോളിലെ എഡ്വേര്‍ഡ് കോള്‍സ്റ്റണ്‍ പ്രതിമ നശിപ്പിച്ചതിന് സമാനമായാണ് കുക്കിന്റെ പ്രതിമയും ജലാശയത്തില്‍ തള്ളിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് കുക്കിന്റെ പ്രതിമയ്ക്ക് പകരം ചുവന്ന തടിയുപയോഗിച്ച് നിര്‍മ്മിച്ച, വസ്ത്രത്തിന് സമാനമായ ശില്പം പ്രദര്‍ശിപ്പിച്ചു. കാനഡയിലെ തദ്ദേശീയ ജനതയുടെ നിറവും ചിഹ്നങ്ങളും കോളനി വക്താക്കള്‍ പീഡന കാലത്തു നശിപ്പിച്ചതായി പ്രതിഷേധക്കാര്‍ ആരോപിച്ചു. 1867 ല്‍ ബ്രിട്ടന്റെ അധികാരത്തില്‍ നിന്ന് കാനഡ സ്വതന്ത്രമായെങ്കിലും എലിസബത്ത് രണ്ടാമന്‍ രാജ്ഞിയാണ് ഇപ്പോഴും കാനഡയുടെ നാമമാത്ര രാജാധികാരി.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിലും 350 അമേരിക്കന്‍ ബോര്‍ഡിംഗ് സ്‌കൂളുകള്‍ ബ്രിട്ടന്‍ ആരംഭിച്ചിരുന്നു. ഈ റസിഡന്‍ഷ്യല്‍ സ്‌കൂളുകളെല്ലാം തന്നെ തദ്ദേശീയ ജനതയെ വംശഹത്യ ചെയ്യാന്‍ വേണ്ടി നിര്‍മ്മിച്ചതാണെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. കാനഡയിലെ പ്രതിഷേധം യു.എസിലേക്കും വ്യാപിച്ചിരുന്നു.  സ്‌കൂളികളില്‍ കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിഷേധക്കാര്‍ അവകാശപ്പെട്ടു.

വിക്ടോറിയ രാജ്ഞിയുടെ വിന്നിപെഗ് പ്രതിമയില്‍ ചുവന്ന ചായമടിച്ച പ്രതിഷേധക്കാര്‍ പ്രതിമ തകര്‍ത്തപ്പോള്‍ ദ്ദേശീയ പതാക വീശുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന നിരവധി വിഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു. മീറ്ററുകള്‍ അകലെയുള്ള ഇപ്പോഴത്തെ രാജ്ഞിയുടെ പ്രതിമയും തകര്‍ക്കപ്പെട്ടു. എതാണ്ട് പത്തോളം പള്ളികളും പ്രതിഷേധക്കാര്‍ നശിപ്പിക്കാന്‍ ശ്രമിച്ചു. കാനഡയിലെ ഏകപക്ഷീയമായ കൊളോണിയല്‍ നിയമനിര്‍മ്മാണത്തെ എതിര്‍ക്കുന്ന അഭിഭാഷക സംഘം എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇടതുപക്ഷ സംഘടനയായ 'ഐഡില്‍ നോ മോര്‍' ആണ് ഈ ആക്രമണത്തിന് നേതൃത്വം നല്‍കിയത്.

2020 മെയ് 25 ന് വംശവെറിയനായ ഡെറിക് ചൌ എന്ന പൊലീസുകാരനാല്‍ അമേരിക്കയില്‍ കൊല്ലപ്പെട്ട ജോര്‍ജ് ഫ്രോയിഡിന്റെ മരണത്തെ തുടര്‍ന്ന് 'ബ്ലാക് ലിവ്‌സ് മാറ്റേര്‍സ്' പ്രസ്ഥാനം ശക്തി പ്രാപിച്ചിരുന്നു. ഇതിന്റെ  തുടര്‍ച്ചയായി അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നീ വെളുത്ത വംശജര്‍ താമിസിക്കുന്ന വന്‍കരകളിലെല്ലാം അടിമത്തത്തെ പ്രോത്സാഹിപ്പിച്ച ദേശീയ ഹീറോകളായി നൂറ്റാണ്ടുകളായി വാഴ്ത്തപ്പെട്ടവരുടെ പ്രതിമകള്‍ക്കെതിരെ അതിശക്തമായ പ്രക്ഷോഭമാണ് നടന്നത്.തുടര്‍ന്ന് നിരവധി രാജ്യങ്ങളുടെ ദേശീയ ഹീറോകളുടെ പ്രതിമകള്‍ പൊതുസ്ഥലത്ത് നിന്ന് നീക്കം ചെയ്യാന്‍ അതത് ഭരണകൂടങ്ങള്‍ക്ക് നടപടിയെടുക്കേണ്ടി വന്നിരുന്നു. ഈ സംഭവങ്ങളുടെ തുടര്‍ച്ചയായാണ് കാനഡയിലെ സംഭവവികാസങ്ങള്‍ അരങ്ങേറിയത്.  

തദ്ദേശീയരായ കുട്ടികളുടേതായ അടയാളപ്പെടുത്താത്ത ശവക്കുഴികള്‍ കണ്ടെത്തിയതില്‍ പ്രതിഷേധിച്ചെങ്കിലും രാജ്ഞിയുടെ പ്രതിമകള്‍ തകര്‍ത്തതിനെ 'ഡൗണിംഗ് സ്ട്രീറ്റ്' അപലപിച്ചു. ദാരുണമായ കണ്ടെത്തലുകളെത്തുടര്‍ന്ന് കാനഡയിലെ തദ്ദേശീയ സമൂഹത്തോടൊപ്പമാണ് തങ്ങളുമെന്നും വിഷയം സൂക്ഷ്മമായി പിന്തുടരുകയും കനേഡിയന്‍ സര്‍ക്കാരുമായി ബന്ധം പുലര്‍ത്തുകയും ചെയ്യുന്നുവെന്നും പറഞ്ഞ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പ്രതിനിധി പക്ഷേ, രാജ്ഞിയുടെ പ്രതിമകള്‍ നശിപ്പിക്കാന്‍ പാടില്ലായിരുന്നെന്നും നശിപ്പിച്ചതിനെ അപലപിക്കുന്നുവെന്നും പറഞ്ഞു.  ടോറി എംപി അലക്‌സാണ്ടര്‍ സ്റ്റാഫോര്‍ഡ് പ്രതിമ നശിപ്പിച്ചതിനെ 'അവിശ്വസനീയമാം വിധമുള്ള അനാദരവ്' എന്നാണ് വിശേഷിപ്പിച്ചത്. രാഷ്ട്രീയ നിയന്ത്രണമില്ലാത്ത ദുരന്തത്തിന് രാജവാഴ്ചയെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത് ഒരു വിചിത്രമായ സംക്ഷിപ്തമാണെന്നായിരുന്നു അലക്‌സാണ്ടര്‍ സ്റ്റാഫോര്‍ഡിന്റെ അഭിപ്രായം.

മാരിവല്‍ ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്നും കുട്ടികളുടെ ശവക്കല്ലറ കണ്ടെത്തിയപ്പോള്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, നിങ്ങള്‍ക്ക് തോന്നുന്ന മുറിവുകളും ആഘാതവും വഹിക്കേണ്ടത് കാനഡയുടെ ഉത്തരവാദിത്തമാണെന്നാണ് പറഞ്ഞത്. 1867 ല്‍ കാനഡ ഒരു സ്വതന്ത്ര രാജ്യമായി മാറിയെങ്കിലും ബ്രിട്ടീഷ് രാജകുടുംബവുമായുള്ള ബന്ധം നിലനിര്‍ത്തിയിരുന്നു.

ഇതിനിടെ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ കൊല്ലപ്പെട്ട തദ്ദേശീയരായ കുട്ടികളെ ബഹുമാനിക്കുന്നതിനായി ഒട്ടാവയിലെ പീസ് ടവറിലെ കനേഡിയന്‍ പതാക കൊടിമരത്തില്‍ പകുതി താഴ്ത്തിക്കെട്ടി. റെസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ ദാരുണമായ ചരിത്രം കാനഡ ദിനാഘോഷങ്ങളെ മറികടന്നതായി ക്യൂബെക്ക് പ്രധാനമന്ത്രി ഫ്രാങ്കോയിസ് ലെഗോള്‍ട്ട് പറഞ്ഞു.

തദ്ദേശീയരോടൊപ്പം പുതിയ തലമുറയിലെ ആളുകളും പ്രതിഷേധത്തില്‍ പങ്കെടുത്തത് ബ്രീട്ടീഷ് ക്രൂരതയ്‌ക്കെതിരായ ജനവികാരമായി കണക്കാക്കപ്പെട്ടു. റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ കുട്ടികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് 'നമ്മുടെ രാജ്യത്തിന്റെ ചരിത്രപരമായ പരാജയങ്ങളെക്കുറിച്ച് പ്രതിഫലിപ്പിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കി' യെന്നായിരുന്നു ദേശീയ ദിന സന്ദേശത്തില്‍ പ്രധാനമന്ത്രി ട്രൂഡോ പറഞ്ഞത്. എന്നാല്‍ കാനഡയിലെ തദ്ദേശവാസികള്‍ക്കെതിരായ അനീതികള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായി പ്രതിഷേധക്കാര്‍ ആരോപിച്ചു.

വംശഹത്യയ്ക്കായി മൂന്ന് വയസ് പോലുമില്ലാത്ത കുഞ്ഞുങ്ങളെ കൊന്ന് കുഴിച്ച് മൂടിയത് ചരിത്രത്തിലെ ഏറ്റവും വലിയ ക്രൂരതകളിലൊന്നായി വായിക്കപ്പെടണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. 'ഇത് മനുഷ്യരാശിക്കെതിരായ കുറ്റമാണ്, തദ്ദേശീയ ജനങ്ങള്‍ക്കെതിരായ ആക്രമണമാണ്'- സസ്‌കാച്ചെവാനിലെ ഫെഡറേഷന്‍ ഓഫ് സോവറിന്‍ ഇന്‍ഡിജെനസ് ഫസ്റ്റ് നേഷന്‍സ് ചീഫ് ബോബി കാമറൂണ്‍ പറഞ്ഞു.
കാനഡയിലുടനീളമുള്ള റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ മൈതാനങ്ങളില്‍ കൂടുതല്‍ ശവക്കുഴികള്‍ കണ്ടെത്താനാകുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. കത്തോലിക്കാ സ്‌കൂളുകളില്‍ 6,000 ത്തോളം കുട്ടികളെ കൊന്ന് കുഴിച്ച് മൂടിയതില്‍ മാര്‍പ്പാപ്പ മാപ്പ് പറയണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഇതൊരു തുടക്കം മാത്രമാണെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

ബാബു കദളിക്കാട്

 

video courtesy: Rome reports

Foto

Comments

leave a reply