Foto

തീരസംരക്ഷണ സമരം ജനബോധന യാത്ര നടത്തും: കെആർഎൽസിസി

ജോസഫ് ജൂഡ്

 

തിരുവനന്തപുരത്ത് നടക്കുന്ന അതി ജീവനത്തിനും ഉപജീവനത്തിനും വേണ്ടിയുള്ള ഐതിഹാസിക സമരം സംസഥാന തലത്തിൽ ബഹുജന പ്രക്ഷോഭമായി മാറ്റാൻ കെആർഎൽസിസിയടെ നേതൃയോഗം തീരുമാനിച്ചതായി ലത്തീൻ സമുദായ വക്താവും കെആർഎൽസിസി വൈസ് പ്രസിഡണ്ടുമായ ജോസഫ് ജൂഡും , കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിലും അറിയിച്ചു.

തിരുവനന്തപുരത്തെ പ്രക്ഷോഭത്തിന്റ പശ്ചാത്തലത്തിൽ കെആർഎൽസിസി രാഷ്ട്രീയ കാര്യസമിതിയും വിവിധ സംഘടനാ നേതാക്കളും  വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ യോഗം ചേർന്നാണ് ആദ്യഘട്ട സമര പരിപാടിക്ക് രൂപം നല്കിയത്. സമരസമിതിയുടെ ജനറൽ കൺവീനർ മോൺ യൂജിൻ പെരേര യോഗം ഉദ്ഘാടനം ചെയ്തു.

സമരത്തോട് സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ യോഗം അമർഷം രേഖപ്പെടുത്തി. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ 5500 രൂപ വാടക നല്കാൻ വലിയ പ്രചരണ പരിപാടിയും ഉദ്ഘാടന മാമാങ്കവും നടത്തുന്ന സർക്കാരിന്റെ നീക്കം അപലപനീയമാണെന്ന് യോഗം വിലയിരുത്തി. ഈ കാര്യത്തിൽ സർക്കാർ ഏക പക്ഷികമായ ഒരു തീരുമാനം സ്വീകരിച്ച് അതിവേഗം നടപ്പിലാക്കുകയായിരുന്നു. ഏഴുപേർക്കാണ് ധനസഹായം നല്കിയത്. ഇവരിൽ അനർഹരും ഉൾപ്പെടുന്നു എന്നത് ഖേദകരമാണ്.

സമരത്തിന്റെ അനിവാര്യതയും സമരം ഉയർത്തുന്ന ആവശ്യങ്ങളും വിശദമാക്കി കൊണ്ട് മൂലംമ്പിള്ളി മുതൽ വിഴിഞ്ഞം വരെ "ജനബോധന യാത്ര" നടത്തും. ഈ യാത്രയുട അന്തിമഘട്ടം ഒരു ലോങ്ങ് മാർച്ചായി മാറും.

സെപ്റ്റംബർ 10ന് ചെല്ലാനം മുതൽ ഫോർട്ടു കൊച്ചി വരെയുള്ള തീരപ്രദേശത്ത് കൊച്ചി, ആലപ്പുഴ രൂപതകളുടെ നേതൃത്വത്തിൽ മനുഷ്യ ചങ്ങല തീർക്കും. 
ഓരോ ജില്ലയിലും ഉള്ള ജനപ്രതിനിധികളുമായി വിഴിഞ്ഞത്ത് തീരദേശ ജനത ഉയർത്തുന്ന പ്രശ്നങ്ങളെ പറ്റി സമ്പർക്കം / സംവാദം നടത്തുവാനും യോഗം തീരുമാനിച്ചു.

കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അദ്ധ്യഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, ഡപ്യൂട്ടി ജനറൽ സെക്രട്ടറി ഫാ. ജിജു അറക്കത്തറ, സെക്രട്ടറി തോമസ് പി ജെ, കെഎൽസിഎ ജനറൽ സെക്രട്ടറി അഡ്വ ഷെറി ജെ തോമസ്, കെ എൽ സി ഡബ്ള്യു എ പ്രസിഡന്റ് ജയിൻ ആൻസിൽ ഫ്രാൻസിസ്, കെസിവൈഎം ലാറ്റിൻ പ്രസിഡന്റ് ഷൈജു റോബിൻ, ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കപ്പറമ്പിൽ, മോൺ ജോയി പുത്തൻ വീട്ടിൽ, തോമസ് സ്റ്റീഫൻ, ഫാ. തിയഡോഷ്യസ്, പാട്രിക് മൈക്കിൾ, സിസ്റ്റർ എമ്മാ മേരി, ഫാ. ജോൺസൺ പുത്തൻ വീട്ടിൽ, യേശുദാസൻ, ഫാ. ഡോ. ആന്റണിറ്റോ പോൾ, ഫാ. മൈക്കിൾ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

Comments

leave a reply

Related News