കർദ്ദിനാൾ മൗറൊ ഗമ്പേത്തി! വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിലെ മുഖ്യപുരോഹിതൻ, ബസിലിക്കയുടെ അറ്റുകുറ്റപ്പണികൾ, സംരക്ഷണം തുടങ്ങിയ ദൗത്യങ്ങളുള്ള സ്ഥാപനമായ “ഫാബ്രിക്ക സാംക്തി പേത്രി”യുടെ (Fabrica Sancti Petri) അദ്ധ്യക്ഷൻ എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിക്കും.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വത്തിക്കാൻ നഗരത്തിനു വേണ്ടി, തൻറെ വികാരി ജനറലായി ഫ്രാൻസിസ്ക്കൻ മൈനർ ഓർഡർ സമൂഹാംഗമായ കർദ്ദിനാൾ മൗറൊ ഗമ്പേത്തിയെ (Mauro Gambetti, O.F.M) മാർപ്പാപ്പാ നിയമിച്ചു.
തൽസ്ഥാനം വഹിച്ചിരുന്ന കർദ്ദിനാൾ ആഞ്ചെലൊ കൊമാസ്ത്രി (Card. Angelo Comastri) പ്രായപരിധിയെത്തിയതിനെ തുടർന്ന് സമർപ്പിച്ച രാജി സ്വീകരിച്ചുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ ശനിയാഴ്‌ച (20/02/21) ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.
വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിലെ മുഖ്യപുരോഹിതൻ, ബസിലിക്കയുടെ അറ്റുകുറ്റപ്പണികൾ, സംരക്ഷണം തുടങ്ങിയ ദൗത്യങ്ങളുള്ള സ്ഥാപനമായ “ഫാബ്രിക്ക സാംക്തി പേത്രി”യുടെ (Fabrica Sancti Petri) അദ്ധ്യക്ഷൻ എന്നീ, കർദ്ദിനാൾ കൊമാസ്ത്രി വഹിച്ചിരുന്ന ചുമതലകളും ഇനിമുതൽ കർദ്ദിനാൾ മൗറൊ ഗമ്പേത്തിയിൽ നിക്ഷിപ്തമായിരിക്കും.
അസ്സീസിയിലെ ഫ്രാൻസിസ്ക്കൻ ആശ്രമത്തിൻറെ ചുമതല വഹിച്ചു വരികയായിരുന്നു 55 വയസ്സു പ്രായമുള്ള കർദ്ദിനാൾ മൗറൊ ഗമ്പേത്തി.
ഇറ്റലിയുടെ വടക്കു ഭാഗത്തുള്ള എമീലിയ റോമാഞ്ഞ പ്രവിശ്യയിലെ കാസ്തെൽ സാൻ പീയെത്രൊ തേർമെയിൽ (Castel San Pietro Terme) 1965 ഒക്ടോബർ 27-നാണ് കർദ്ദിനാൾ മൗറൊ ഗമ്പേത്തിയുടെ ജനനം.
ഫ്രാൻസിസ്ക്കൻ ആശ്രമജീവിതം സ്വീകരിച്ച അദ്ദേഹം 2000-ɔ൦ ആണ്ടിൽ ജനുവരി 8-ന് പൗരോഹിത്യം സ്വീകരിക്കുകയും 2020 നവമ്പർ 22-ന് ആർച്ചുബിഷപ്പായി അഭിഷിക്തനാകുകയും ആ മാസം തന്നെ 28-ന് ഫ്രാൻസീസ് പാപ്പാ അദ്ദേഹത്തെ കർദ്ദിനാളാക്കുകയും ചെയ്തു.
Comments