ചെല്ലാനം പദ്ധതിക്കായി 344.2 കോടി രൂപ അനുവദിച്ച
സർക്കാരിന് നന്ദി: കെസിബിസി-കെആർഎൽസിബിസി
കൊച്ചി: ചെല്ലാനത്തെ തീരശോഷണവും അതിന്റെ പ്രത്യാഘാതമായി അനുഭവപ്പെടുന്ന കടൽകയറ്റവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് 344.2 കോടി രൂപ ചിലവു കണക്കാക്കുന്ന സമഗ്ര തീരസംരക്ഷണ പദ്ധതി പ്രഖ്യാപിക്കപ്പെട്ടതിൽ കേരള കത്തോലിക്ക മെത്രാൻ സമിതി (കെസിബിസി)യും, കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി (കെആർഎൽസിബിസി) യും കേരള സർക്കാരിനെ അനുമോദിക്കുന്നുവെന്ന് കെസിബിസി പ്രസിഡന്റ് കർദിനാൾ ജോർജ് ആലഞ്ചേരിയും കെആർഎൽസിബിസി പ്രസി ഡന്റ് ബിഷപ് ഡോ. ജോസഫ് കരിയിലും അറിയിച്ചു. കാലവിളംബമില്ലാതെ ഈ പദ്ധതി പൂർത്തീകരിക്കുന്നതിന് സർക്കാർ സംവിധാനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആവശ്യപ്പെടുന്നതോടൊപ്പം സാധ്യമായ സഹകരണങ്ങൾ നല്കുന്നതിലുള്ള സഭയുടെ സന്നദ്ധത സർക്കാരിനോട് അറിയിക്കുന്നതായും അവർ പറഞ്ഞു.
ചെല്ലാനത്തെ ജനങ്ങൾ കഴിഞ്ഞ നിരവധി വർഷങ്ങളായി നിരന്തരം പ്രക്ഷോഭത്തിലായിരുന്നു. ഈ പ്രക്ഷോഭങ്ങളോട് ആഭിമുഖ്യം പുലർത്തി കൊണ്ടാണ് കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതിയുടെ (കെആർഎൽസിബിസി) നേതൃത്വത്തിലുള്ള 'കടൽ' എന്ന സംഘടനയും കെആർഎൽസിസി യുടെ സഹകരണത്തോടെ കൊച്ചി, ആലപ്പുഴ എന്നീ രൂപതകളുടെ നേതൃത്വത്തിൽ രൂപീകരിച്ച കെയർ ചെല്ലാനവും പ്രശ്‌ന പരിഹാരത്തിന് ശ്രദ്ധേയമായ ഇടപെടൽ നടത്തിയിട്ടുള്ളത്. ജനപ്രതിനിധികളും ജനകീയ സംഘടനകളും ശക്തമായ സമ്മർദ്ദം ഉയർത്തിയിരുന്നു. എല്ലാവരെയും കെസിബിസിയും കെആർഎൽസിബിസിയും അഭിനന്ദിക്കുന്നു. പദ്ധതിയിൽ ഉൾപ്പെടാത്ത പ്രദേശങ്ങളുടെയും സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ട്. ചെല്ലാനത്തു നടപ്പാക്കുന്നതുപോലെ കേരളത്തിന്റെ അപകടകരമായ മറ്റു തീരപ്രദേശങ്ങളിലും സംരക്ഷണ പദ്ധതികൾ നടപ്പിലാക്കണം. തീരവും കടലും മത്സ്യതൊഴിലാളികൾക്കും തീരവാസികൾക്കും അന്യമാക്കുന്ന വികസന പദ്ധതികളെക്കുറിച്ച് സർക്കാർ പുനരാലോചിക്കണം. പുനർഗേഹം പദ്ധതിയുമായി ബന്ധപ്പെട്ട മത്സ്യവകുപ്പിന്റെ ഉത്തരവ് പിൻവലിക്കാൻ സർക്കാർ തയ്യാറാകണം. മാത്രമല്ല, മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപ്പെടുന്ന വസ്തുവകകളുടെ തോതനുസരിച്ച് നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കുന്ന കാര്യത്തിലും സത്വരമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തുണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു.
ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി ഫാ. തോമസ് തറയിൽ
ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ഡെപ്യൂട്ടി സെക്രട്ടറി,
കെ.സി.ബി.സി./ കെആർഎൽസിബിസി
ഡയറക്ടർ, പി.ഒ.സി.
Video Courtesy : Eliza
Comments