കൊച്ചി: എഴുത്തില്‍ വ്യത്യസ്തമായ വഴി തിരഞ്ഞെടുത്ത എഴുത്തുകാരനായിരുന്നു ജോണ്‍ പോള്‍. 'ആനന്ദവും ആഘോഷവുമായി മാത്രം മലയാള സിനിമയെ കണ്ടിരുന്ന പതിവുരീതികളെ ഉല്ലംഘിച്ചുകൊണ്ടു എഴുത്തിന്റെ കാന്തിക വലയത്തിലേക്ക് ജീവിതത്തിന്റ്യെ സൂക്ഷ്മതലങ്ങളെ സ്വാശീകരിച്ചെടുത്ത എംടിക്കും പത്മരാജനും ശേഷം മലയാള തിരക്കഥാ രംഗത്തേക്കു കടന്നുവന്ന എഴുത്തുകാരനാണ് ജോണ്‍ പോള്‍. മുന്‍ഗാമികള്‍ ഉയര്‍ത്തിയ സര്‍ഗാത്മകമായ ഞാണൊലികളുടെ മാറ്റൊലിയാകാന്‍ നില്‍ക്കാതെ സ്വന്തം അനുഭവങ്ങളെ ആഹരിച്ചുകൊണ്ടു പുതിയ ലക്ഷ്യങ്ങളിലേക്ക് സ്വയമേവ ശരവേഗമായി മാറുകയായിരുന്നു അദ്ദേഹം.'' സന്തോഷ് എച്ചിക്കാനം ജോണ്‍ പോളിന്റെ പുസ്തകത്തിന്റെ ആമുഖത്തില്‍ എഴുതി
വ്യത്യസ്തതയ്ക്ക് വേണ്ടി വ്യത്യസ്ത മോഹിച്ച ആളായിരുന്നില്ല ജോണ്‍ പോള്‍. അദ്ദഹത്തിന്റെ വാക്കുകളില്‍ തന്നെ പറഞ്ഞാല്‍: 'ദാര്‍ശനികതലത്തില്‍ നിന്നു കൊണ്ടാണ് അരവിന്ദന്‍ മോഹിപ്പിച്ചത്. ഒരു കലാപത്തിന്റെ ശ്രുതി മീട്ടിക്കൊണ്ട് ബക്കര്‍ വന്നു. ഇതിനിടയിലാണ് ഭരതനും കെ ജി ജോര്‍ജ്ജും വരുന്നത്. മനസ്സു കൊണ്ട് അവരോടാണ് കൂടുതല്‍ അടുപ്പം തോന്നിയത്. കാരണം, അക്കാദമികതലം വല്ലാതെ ഇനിച്ചു നില്‍ക്കാത്ത വിധത്തില്‍, അക്കാദമികതത്തിലുള്ള എല്ലാ പ്രാധാന്യവും നിലനിര്‍ത്തിക്കൊണ്ട് രൂപപരവും പ്രമേയപരവുമായ ഒരു പുതിയ ശ്രുതിക്ക് തുടക്കം കുറിച്ചവരാണ് അവര്‍. അവരോടൊപ്പം പിന്നീട് പങ്കു ചേര്‍ന്നതാണ് പത്മരാജന്‍, ഈ നിരയിലാണ് മോഹന്‍ വന്നു ചേരുന്നത്. എന്റെ ഏറ്റവും വലിയ സൗഭാഗ്യം എന്നുപറയുന്നത് ഇവരോടൊപ്പം ഇവരുടെ ശ്രേണിയില്‍ എനിക്കും ഒരിടം കിട്ടി എന്നുള്ളതാണ്. അങ്ങനെയൊരു ഇടംകിട്ടിയില്ലായിരുന്നുവെങ്കില്‍, ഇതിന് പുറത്തുള്ള ഞാന്‍ ചെയ്ത ചിത്രങ്ങള്‍ മാത്രമാണ് എന്നെ തേടി വന്നിരുന്നതെങ്കില്‍ എപ്പോഴേ ഞാന്‍ സിനിമ ഉപേക്ഷിച്ചു പോകുമായിരുന്നു.ഭരതനുവേണ്ടി ഒട്ടേറെ ചിത്രങ്ങളുടെ കഥയും തിരക്കഥയും ജോണ്‍പോള്‍ രചിച്ചുയ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഓര്‍മ്മയ്ക്കായി പോലെ മലയാളി മനസില്‍ ഇടം പിടിച്ച ചിത്രങ്ങള്‍. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എ. സേതുമാധവന്‍ ഭരത് ഗോപിയെ വച്ച് ചെയ്യാന്‍ നിശ്ചയിച്ച ചിത്രമായിരുന്നു. ഭരതനെപ്പോലെ തികഞ്ഞ ഒത്തൊരുമയോടെ ജോണ്‍പോളിന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ സംവിധായകരാണ് മോഹന്‍, എ. സേതുമാധവന്‍, ബാലുമഹേന്ദ്ര തുടങ്ങിയവര്‍.
ബാലുമേഹന്ദ്രയ്ക്കൊപ്പമുള്ള യാത്ര, അസാധാരണ ചലച്ചിത്രാനുഭവമാണ് സൃഷ്ടിച്ചത്. ജോണ്‍ പോള്‍ പറയുന്നു: ''യാത്ര' ദുരന്തപര്യവസായിയല്ല, അതേറ്റവും ആഹ്ലാദകരമായൊരു പാരമ്യത്തിലാണ് വന്നു നില്‍ക്കുന്നത്. പക്ഷേ ദുരന്തങ്ങളിലൂടെയാണ് അതു വരെയുള്ള അതിന്റെ യാത്ര ഏറെയും. എന്തായിരുന്നാലും ദുരന്തങ്ങളില്‍ ചെന്നെത്തുന്ന കഥകളോട് എനിക്ക് ഭയം തോന്നിയിട്ടില്ല. പ്രത്യേകമായൊരു ആസക്തിയും തോന്നിയിട്ടില്ല. പക്ഷേ, അങ്ങനെ വരുന്നതില്‍ സ്വാഭാവികതയുണ്ടെങ്കില്‍ അതിനെ സ്വീകരിക്കുവാനും അതിനെ പിന്തുടരുവാനും അനുവര്‍ത്തിക്കുവാനും പ്രകാശിപ്പിക്കുവാനും ഞാന്‍ മടിച്ചിട്ടില്ല.ദുഃഖം ചേര്‍ന്നതു തന്നെയാണ് ജീവിതം. ദുഃഖമില്ലൊത്തൊരു ജീവിതം വിരസമാണ്. സുഖം മാത്രമായൊരു ജീവിതം എത്രമാത്രം വിരസമായിരിക്കും! അപ്പോള്‍ ദുഃഖമെന്നത് സ്ഥായിയായൊരു വികാരമാണ്. അതിന്റെ ഏറ്റക്കുറച്ചിലുകളോട് അനുപാതപ്പെടുമ്പോഴാണ് ജീവിതത്തിന് വൈവിധ്യമുണ്ടാകുന്നത്. ആ വൈവിധ്യമാണ് അര്‍ത്ഥമായി മാറുന്നത്. അങ്ങനെയൊക്കെ ചിന്തിക്കുമ്പോള്‍ ദുരന്തപര്യവസായിയാകുകയെന്നുള്ളത് ഒരു വ്യക്തിപരമായ താത്പര്യമല്ല. അതൊരു ആഭിമുഖ്യത്തിന്റെയോ ഒരു ജീവിതദര്‍ശനത്തിന്റെയോ സ്വാധീനവൃത്തത്തില്‍പെട്ട ഒരു ചായ്വാണ്.'
Comments