മാതൃത്വവും പിതൃത്വവും ലോകത്തിലെ ഏറ്റവും വലിയ പദവികൾ:
ബിഷപ്പ് . ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ്
കുടൂംബവര്‍ഷം
- കര്‍ത്താവിന്റെ ദാനമാണ് മക്കള്‍, ഉദരഷലം ഒരു സമ്മാനവും - സങ്കി 27, 3
ദൈവികദാനമായിട്ടാണ് ജീവനെ വി. ബൈബിള്‍ അവതരിപ്പിക്കുന്നത് . എന്നാല്‍ ഇന്ന് ഈ ജീവന്‍ സ്വീകരിക്കാന്‍ മനുഷ്യന്‍ വല്ലാതെ വൈമനസ്യം കാണിക്കുന്നുവെന്നതിന്റെ തെളിവാണ് ഭയാനകമാം വിധം കുറഞ്ഞു വരുന്ന ജനസംഖ്യാനിരക്ക്. അതോടൊപ്പം മക്കള്‍ ആവശ്യമില്ലെന്ന് കരുതുന്ന ദമ്പതികളുടെ എണ്ണവും വര്‍ദ്ധിച്ചു വരുന്നു. മാതൃത്വവും പിതൃത്വവും ലോകത്തിലെ ഏറ്റവും വലിയ പദവികളാണ്. ദൈവത്തിന്റെ സൃഷ്ടികര്‍മ്മത്തില്‍ പങ്കു ചേരാനുളള കുലീനമായ വിളിയാണത്. പക്ഷേ ഗര്‍ഭപാത്രം പോലും കുരുതിക്കളമാക്കി നിസഹായ നായ ഗര്‍ഭസ്ഥ ശിശുവിന്റെ ഘാതകരായി മാതാപിതാക്കള്‍ അധപതിക്കുമ്പോള്‍, നിഷ്കളങ്ക രക്തം ചിന്തി ഭൂമിയില്‍ സ്വര്‍ഗ്ഗം പണിയാനുളള വിഫല ശ്രമത്തിൽ ഏർപ്പെടുമ്പോൾ , ദൈവം ലോകത്തിലേക്ക് പിറക്കാന്‍ അനുവദിക്കുന്ന ജീവനെ കശാപ്പു ചെയ്യുമ്പോള്‍, അനീതിയുടെയും ദൈവനിഷേധത്തിന്റെയും ആള്‍രുപങ്ങളായി നാം മാറുന്നു. അതുവഴി മനുഷ്യസമ്പത്തെന്ന അമൂല്യ നിധി ലോകത്തിന് അന്യമാകുന്ന അവസ്ഥ സംജാതമായിരിക്കുകയാണ്. പല വിദേശ രാജ്യങ്ങളും ഇന്ന് ഈ പ്രതിസന്ധിയെ മറികടക്കാന്‍ പലവിധ പരിശ്രമങ്ങളാണ് നടത്തുന്നത്. ലോകത്തിലെ തന്നെ ഏറ്റവും കൂടൂതല്‍ ജനസംഖ്യയുളള രാജ്യമായ ചൈന പോലും തെറ്റായ ജനനനിയന്ത്രണ നയത്തിന്റെ കെടുതികള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
എന്നാല്‍ ഇതിനേക്കാള്‍ ആശങ്കാജനകമാണ് പത്തനംതിട്ട ജില്ലയുടെ അവസ്ഥ. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ജില്ലയില്‍ നെഗറ്റീവ് വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജീവിതത്തിന്റെ വാര്‍ദ്ധക്യ സന്ധ്യകളില്‍ ഒറ്റപ്പെട്ടു കഴിയുന്ന വൃദ്ധരും, കുഞ്ഞുങ്ങളുടെ കൊഞ്ചലും അവരുടെ പുഞ്ചിരിയും അന്യമായി പോയ മുറ്റങ്ങളും, തൊട്ടിലിന്റെ സൗഭാഗ്യം നഷ്ടമായ മുറികളും പത്തനംതിട്ടയുടെ ദൈന്യത വിളിച്ചോതുന്നു. സംസ്ഥാനത്ത് ഒരു ചതുരശ്ര കിലോമീറ്ററില്‍ 859 പേര്‍ താമസിക്കുമ്പോള്‍ പത്തനംതിട്ടയില്‍ 453 പേര്‍ മാത്രം. 2001നെ അപേക്ഷിച്ച് 2011 ല്‍ 3.12 ശതമാനം കുറവാണ് ജില്ലയിലെ ജനസംഖ്യയില്‍ വന്നിരിക്കുന്നത്. ജനസംഖ്യയുടെ 25 ശതമാനത്തിലധികം മുതിര്‍ന്ന പൗരന്മാരാണ്. ജനസംഖ്യാശോഷണം മാരക വിപത്തായി ലോകത്തില്‍ പടരുന്നുണ്ട് എന്ന സത്യം തിരിച്ചറിയാന്‍ നാം ഇനിയും അമാന്തിക്കരുത്. മനുഷ്യവംശത്തിന്റെ നിലനില്പിനായി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഈ നൂറ്റാണ്ടിന്റെ അവസാനം ലോകജനസംഖ്യയില്‍ 200 കോടി ആളുകളുടെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. 2100 ഓടെ 23 രാജ്യങ്ങളില്‍ ജനനനിരക്ക് പകുതിയായി കുറയുമെന്നാണ് ബി.ബി.സി കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യത്തില്‍ ജീവന്റെ പ്രോത്സാഹനം അനിവാര്യമാണ്.
കൂഞ്ഞുങ്ങളുണ്ടാകുന്നത് കരിയറിനും സ്വപ്നങ്ങള്‍ക്കും വളര്‍ച്ചയ്ക്കും വിലങ്ങുതടിയാകുമെന്നുള്ള വികലമായ ചിന്തയാണ് ജനനനിയന്ത്രണത്തിലേക്ക് നമ്മുടെ സമൂഹത്തെ നയിച്ചത്. (പ്രഖ്യാത ചിന്തകനായ തോമസ് റോബര്‍ട്ട് മാല്‍ത്തൂസ് വിഭാവനം ചെയ്ത മാല്‍ത്തൂസിയന്‍ തിയറി ഓഫ് പോപ്പുലേഷന്‍ ജനസംഖ്യാ വളര്‍ച്ചയും ഭക്ഷ്യോത്പാദനവും തമ്മിലുളള ബന്ധത്തെ സംബന്ധിക്കുന്നതായിരുന്നു. അദ്ദേഹത്തിന്റെ നിരീക്ഷണത്തില്‍ ജനസംഖ്യ ഇപ്രകാരം വളര്‍ന്നാല്‍ ഭക്ഷ്യക്ഷാമം ലോകത്തിലുണ്ടാകും. 1798 ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച An Essay on Principle of Population കുടുംബാസൂത്രണത്തിന്റെ അനിവാര്യത വ്യക്തമാക്കി. 1970-80
കാലഘട്ടത്തില്‍ വലിയ ഭക്ഷ്യക്ഷാമവും പട്ടിണി മരണങ്ങളും ലോകത്തിലുണ്ടാകുമെന്നദ്ദേഹം പ്രവചിച്ചു. 1968 ൽ dസ്ററാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ പ്രൊഫസര്‍മാരായിരുന്ന പോള്‍ റാല്‍ഫ് എല്‍റിക്കും അദ്ദേഹത്തിന്റെ ഭാര്യ ആനും ചേര്‍ന്ന് പോപ്പുലേഷന്‍ ബോംബ് എന്നഗ്രന്ഥം രചിച്ച് ജനനനിയന്ത്രണത്തിന്റെയും കുടുംബാസുത്രണത്തിന്റെയും ആവശ്യകത അരക്കിട്ടുറപ്പിച്ചു. എന്നാല്‍ ജനസംഖ്യ വര്‍ദ്ധിച്ചപ്പോള്‍ അതിന് ആനുപാതികമായി ഭക്ഷ്യോത്പാദനവും വര്‍ദ്ധിക്കുന്ന അത്ഭുതകരമായ ദൈവപരിപാലനയ്ക്ക് ചരിത്രം സാക്ഷിയായി. ഈ ചിന്തകരുടെ ആശയങ്ങള്‍ തെറ്റായിരുന്നുവെന്ന് ലോകം ക്രമേണ തിരിച്ചറിഞ്ഞു. എല്ലാ കാര്യത്തിലും പാശ്ചാത്യരെ അനുകരിക്കാനുള്ള അപക്വമായ അനുകരണ ഭ്രമം സ്വന്തമായദുള്ള നമ്മള്‍ ഈ ചിന്തകരുടെ ആശയങ്ങള്‍ക്ക് ദൈവവചനത്തെക്കാള്‍ വില നല്കി. ദൈവമായ കര്‍ത്താവാണ് യാഥാർത്ഥത്തില്‍ കുടുംബങ്ങളെ ആസുത്രണം ചെയ്തത് എന്ന ജ്ഞാനത്തിലേക്ക് മിഴികളും ഹൃദയവും ഉയര്‍ത്താതെ നമ്മള്‍ ലോകത്തിന്റെ ചിന്താധാരകള്‍ക്ക് വശംവദരായി. ഇത്തരത്തിലുളള അപൂര്‍ണ്ണവും നിക്ഷിപ്ത താത്പര്യങ്ങളടങ്ങിയിരിക്കുന്നതുമായ ആശയങ്ങളെ ആവേശത്തോടെ സ്വീകരിച്ചു. കുടുംബാസൂത്രണത്തിന് വെമ്പൽകൊണ്ട നമ്മള്‍ നാം ഒന്ന് നമുക്ക് ഒന്ന് ,
നാം രണ്ടു നമുക്ക് രണ്ടു -എന്നിങ്ങനെയുളള ആപ്തവാക്യങ്ങള്‍ സൃഷ്ടിച്ച് ജീവന്റെ വാതായനങ്ങളെ കൊട്ടിയടച്ചു. സര്‍ക്കാരുകള്‍ നിര്‍ബന്ധിത വന്ധ്യംകരണത്തിന് നേതൃത്വം നല്കി. വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും ഉയര്‍ന്ന നിലയിലുളള പത്തനംതിട്ട ജില്ലക്കാരായ നാം മരണസംസ്കാരത്തിന്റെ ദൂതന്മാരായി മാറി. ഫലമോ, മാനവവിഭവശേഷി അപകടകരമാംവിധം കുറഞ്ഞു, കൃഷി ചെയ്യാന്‍ ആളില്ലാതായതോടെ നാട് കാടായി മാറുകയും അവിടങ്ങള്‍ വന്യജീവികളുടെയും വന്യമൃഗങ്ങളുടെയും സ്വൈരവിഹാരരംഗങ്ങളാകുകയും ചെയ്തു. നിലനില്പിന്റെ ഭീഷണി ദനരിടുന്ന ജില്ലയായി പത്തനംതിട്ട മാറി. ജില്ലയിലെ 20 ശതമാനത്തോളം വീടുകള്‍ ഇപ്പോള്‍ അടഞ്ഞു കിടക്കുകയാണ്. 2 നിയോജക മണ്ഡലങ്ങള്‍ നമുക്ക് നഷ്ടമായി. നെഗറ്റീവ് വളര്‍ച്ചാ നിരക്ക് നമുക്ക് നല്കിയ ആഘാതങ്ങളാണിവയെല്ലാം. ഈ അപകടത്തെ ഒന്നു ചേര്‍ന്ന് നാം നേരിടണം. അത് മാനവരാശിയുടെ നിലനില്‍പിനും നമ്മുടെ ജില്ലയുടെ നല്ല ഭാവിക്കും അനിവാര്യമാണ്. കുടുതല്‍ കുഞ്ഞുങ്ങളെ സ്വീക രിക്കാന്‍ ജാതി-മത ഭേദമെന്യേ എല്ലാവരെയും ഞാന്‍ ആഹ്വാനം ചെയ്യുന്നു.
എ. ഡീ. 2000ന് ശേഷം വിവാഹിതരായ പത്തനംതിട്ട രൂപതാംഗങ്ങളായ ദമ്പതികള്‍ വലിയ കുടുംബ ങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ അവര്‍ക്ക് വേണ്ട എല്ലാ പ്രോത്സാഹനവും പിന്തുണയും രൂപത നല്കുന്നതാണ്. താഴെ പറയുന്ന പദ്ധതികള്‍ അവര്‍ക്കായി രൂപത വിഭാവനം ചെയ്യുന്നു.
+ നാലോ അതില്‍ കൂടുതലോ കുഞ്ഞുങ്ങളുളള കുടുംബങ്ങള്‍ക്ക് പ്രതിമാസം 2000 രൂപ അരമനയില്‍ നിന്ന് കുടുംബപ്രേഷിത കാര്യാലയം വഴി നല്കുന്നതാണ്.
+ നാലാമത്തെ കുഞ്ഞിന്റെ ജനനം മുതല്‍ പ്രസവ ചെലവിലേക്ക് സാമ്പത്തിക സഹായം ആവശ്യമെങ്കില്‍ അത് രൂപത നല്കുന്നതാണ്.
+ ഇത്തരം കുടുംബങ്ങളില്‍ നിന്നുളള വ്യക്തികള്‍ക്ക് സഭാസ്ധാപനങ്ങളില്‍ ജോലിക്ക് മുന്‍ഗണന നല്കും. + ഈ കുടുംബങ്ങളില്‍ നിന്നുളള കുഞ്ഞുങ്ങള്‍ക്ക് രൂപതയുടെ സ്‌കൂളുകളില്‍ അഡ്മിഷന് മുന്‍ഗണന നല്കും
+ ഈ കുടുംബങ്ങളുടെ ആത്മീയ കാര്യങ്ങള്‍ നിറദേറ്റുന്നതിനും അവരെ സഹായിക്കുന്നതിനും ഒരു വൈദികനെ അവരുടെ ആദ്ധ്യാത്മിക നിയന്താതാവായി നിയമിക്കുന്നതാണ്. ഒരു സിസ്ററിനെ ഇവരുടെ ആനിമേറ്ററായി നല്കുന്നതുമാണ്.
+ വര്‍ഷത്തില്‍ ഒരിക്കല്‍ ഈ കുടുംബങ്ങളെ ഒന്നിച്ച് കൂട്ടി രൂപതാധ്യക്ഷന്‍ അവരോടൊപ്പം സമയം ചെലവഴിക്കുന്നതാണ്.
+ ജീവന്റെമൂല്യത്തെപ്പറ്റി ആവശ്യമായ ബോധവല്‍ക്കരണം നൽകുന്നതിനും കുടുതല്‍ കുഞ്ഞുങ്ങളെ
സ്വീകരിക്കാന്‍ ദമ്പതികളെ ഒരുക്കുന്നതിനും വേണ്ടി പ്രോ ലൈഫു് മിനിസ്‌ട്രി കുടുംബദപ്രേഷിത കാര്യാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ്.
ദൈവം ദാനമായി നല്കുന്ന ജീവനെ ആദരിക്കാനും സ്വീകരിക്കാനും നാം സന്നദ്ധരാകണം. ദൈവപരിപാലനയിൽ വിശ്വസിക്കാനും അവിടുത്തെ ശക്തിയില്‍ ആശ്രയിക്കാനുമുളള എളിമ നാം സ്വായത്തമാക്കണം. ലോകത്തിലെ ചിന്തകരുടെ അല്പജഞാനമല്ല ദൈവത്തിന്റെ അനന്ത ബുദ്ധിയാണ് പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത്. ഇന്നുളളതും നാളെ അടുപ്പിൽ എറിയപ്പെടുന്നതുമായ വയലിലെ പുല്ലിനെപ്പോലും അലങ്കരിക്കുന്ന ദൈവം നമ്മെ എത്രയധികമായി പരിപാലിക്കും!
ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ!
സ്നേഹപൂര്‍വ്വം,
ബിഷപ്പ് . ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ്
പത്തനംതിട്ട രൂപതാതാധ്യക്ഷന്‍











Comments