കിശോര അടിമത്തത്തിനെതിരായ ലോക ദിനം!
ഏപ്രിൽ 16-ന് ബാല അടിമത്ത വിരുദ്ധ ലോക ദിനം .
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
അനുവർഷം ഏപ്രിൽ 16-ന് കിശോര അടിമത്തത്തിനെതിരായ രാജ്യാന്തരദിനം ആചരിക്കുന്നു.
ക്രിസ്തീയ സാംസ്കാരിക പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിലാണ് ഈ അന്താരാഷ്ട്ര ദിനാചരണം.
തൊഴിൽപരമായ ചൂഷണത്തിനിരികളാകുന്ന കുട്ടികളെ രക്ഷിക്കുന്നതിനു വേണ്ടി പരിശ്രമിച്ച 12 വയസ്സുകാരനായ ബാലൻ ഇഖ്ബാൽ മസി (Iqbal Masih) പാക്കിസ്ഥാനിൽ 1995-ൽ വധിക്കപ്പെട്ട ദിനമാണ് ഈ ദിനാചരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഒരു ദരിദ്ര ക്രൈസതവ കുടുംബത്തിൽ 1983-ൽ ജനച്ച ഇഖ്ബാൽ 4 വയസ്സു മുതൽ കുടുംബത്തിനു വേണ്ടി ജോലി ചെയ്യാൻ തുടങ്ങി.
താൻ ചൂഷണം ചെയ്യപ്പെടുകയാണെന്നു തിരച്ചറിഞ്ഞ കുട്ടി പത്തു വയസ്സു പ്രായമുള്ളപ്പോൾ ചൂഷകനായ തൊഴിൽദാതാവിൻറെ പിടിയിൽ നിന്ന് രക്ഷപ്പെടുകയും പൊലീസിൽ പരാതിപ്പെടുകയും ചെയ്തു.
എന്നാൽ പൊലീസാകട്ടെ കുട്ടിയെ പിടിച്ച് തൊഴിൽ ദാതാവിനെ തിരികെ എല്പിക്കുകയാണ് ചെയ്തത്. വീണ്ടു രക്ഷപ്പെട്ട ഇഖ്ബാൽ അടിമത്ത തൊഴിൽ വിമോചന മുന്നണിയിൽ ചേരുകയും അടിമപ്പണിയിലേർപ്പെട്ട കുട്ടികളെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങളിലേർപ്പെടുകയും ചെയ്തു.
രണ്ടു വർഷം കൊണ്ട് മൂവായിരത്തോളം കുട്ടികളെ സഹായിക്കാൻ ഇഖ്ബാലിനു സാധിക്കുകയും അടിമത്ത തൊഴിൽ വിമോചന മുന്നണി വഴി അമേരിക്കൻ ഐക്യനാടുകളുൾപ്പടെയുള്ള രാജ്യങ്ങൾ സന്ദർശിച്ച് സ്വന്തം അനുഭവങ്ങൾ പങ്കുവയ്ക്കുകയും അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.
എന്നാൽ 1995 ഏപ്രിൽ 16-ന് ഉയിർപ്പു ഞായറാഴ്ച പരവതാനി നിർമ്മാണ മാഫിയയുടെ വെടിയേറ്റ് ഇഖ്ബാൽ മസി മരണമടഞ്ഞു.
Comments