Foto

മുപ്പത്തിരണ്ടാം ലോക രോഗീദിനത്തിനുള്ള പാപ്പായുടെ സന്ദേശം

യുദ്ധം, സാമൂഹ്യ രോഗങ്ങളിൽ ഏറ്റവും ഭീകരം, പാപ്പാ

മുപ്പത്തിരണ്ടാം ലോക രോഗീദിനത്തിനുള്ള പാപ്പായുടെ സന്ദേശം ശനിയാഴ്‌ച (13/01/24) പരസ്യപ്പെടുത്തപ്പെട്ടു. “മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല”. ബന്ധങ്ങളെ പരിപാലിച്ചുകൊണ്ട് രോഗിയെ ചികിത്സിക്കുക” എന്നതാണ് ഫെബ്രുവരി 11-ന് ആചരിക്കപ്പെടുന്ന ഈ ദിനത്തിൻറെ വിചിന്തന പ്രമേയം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സമാധാനവും വിഭവമൃദ്ധിയുമുള്ള നാടുകളിലും വാർദ്ധക്യവും രോഗാവസ്ഥയും വ്യക്തികൾ ഏകാന്തതയിൽ, ചിലപ്പോൾ, പരിത്യക്തതയിൽപ്പോലും ജീവിക്കേണ്ടിവരുന്ന അവസ്ഥയുണ്ടെന്ന് മാർപ്പാപ്പാ.

മുപ്പത്തിരണ്ടാം ലോക രോഗീദിനത്തിനായി ശനിയാഴ്‌ച (13/01/24) നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അനുവർഷം ഫെബ്രുവരി 11-ന് ആചരിക്കപ്പെടുന്ന ലോക രോഗീദിനത്തിന് ഇക്കൊല്ലം സ്വീകരിച്ചിരിക്കുന്ന “മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല”. ബന്ധങ്ങളെ പരിപാലിച്ചുകൊണ്ട് രോഗിയെ ചികിത്സിക്കുക” എന്ന പ്രമേയത്തെ അവലംബമാക്കിയുള്ളതാണ് ഈ സന്ദേശം.

ത്രിയേകദൈവത്തിൻറെ ഛായയിൽ മെനഞ്ഞെടുത്ത നമ്മുടെ ജീവിതം, ബന്ധങ്ങളുടെയും  സൗഹൃദത്തിൻറെയും, പരസ്പര സ്നേഹത്തിൻറെയും ബലതന്ത്രത്തിൽ സ്വയം പൂർണ്ണമായി സാക്ഷാത്ക്കരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും, തനിച്ചല്ല, ഒരുമിച്ച് ജീവിക്കാനാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും പാപ്പാ പറയുന്നു. കൂട്ടായ്മയുടെതായ ഈ പദ്ധതി മാനവഹൃദയത്തിൽ ആഴത്തിൽ മുദ്രിതമായിരിക്കുന്നതിനാൽ, പരിത്യക്തതയുടെയും ഏകാന്തതയുടെയും അനുഭവം നമ്മെ ഭയപ്പെടുത്തുകയും വേദനാജനകവും മനുഷ്യത്വരഹിതവുമായി നമുക്ക് അനുഭവപ്പെടുകയും ചെയ്യുന്നുവെന്നും പാപ്പാ കൂട്ടിച്ചേർക്കുന്നു.

പലപ്പോഴും ഗുരുതര രോഗം മൂലമുള്ള ദുർബ്ബലത, അനിശ്ചിതത്വം, അരക്ഷിതാവസ്ഥ എന്നിവയുടെ സമയങ്ങളിൽ ഇത് കൂടുതൽ വർദ്ധമാനമാകുന്നുവെന്നും പാപ്പാ പറയുന്നു. യുദ്ധവും അതിൻറെ ദാരുണമായ അനന്തരഫലങ്ങളും കാരണം, പിന്തുണയും സഹായവുമില്ലാതെയായിപ്പോകുന്നവരുടെ കഷ്ടപ്പാടുകളിലും ഏകാന്തതയിലും താൻ  വേദനയോടെ പങ്കുചേരുന്നുവെന്ന് അറിയിക്കുന്ന പാപ്പാ യുദ്ധമാണ് സാമൂഹിക രോഗങ്ങളിൽ ഏറ്റവും ഭയാനകമായത് യുദ്ധമാണെന്നും ഏറ്റവും ബലഹീനരായ വ്യക്തികളാണ് ഇതിന് ഏറ്റവും വലിയ വില നൽകേണ്ടിവരുന്നതെന്നും വ്യക്തമാക്കുന്നു.

ആരോ നമ്മെ സ്വാഗതം ചെയ്‌തതുകൊണ്ടാണ് നാം ഈ ലോകത്തിലേക്ക് വന്നതെന്നും  നാം സ്‌നേഹത്തെ പ്രതി സൃഷ്ടിക്കപ്പെട്ടവരും കൂട്ടായ്മയിലേക്കും സാഹോദര്യത്തിലേക്കും വിളിക്കപ്പെട്ടവരുമാണെന്നുമുള്ള നമ്മുടെ ജീവിതത്തിൻറെ കേന്ദ്രസത്യം നമുക്ക് ഓർക്കണമെന്നും പാപ്പാ പറയുന്നു. രോഗികളും ബലഹീനരും ദരിദ്രരുമായവർക്ക് സഭയുടെ ഹൃദയത്തിലാണ് സ്ഥാനമെന്ന് ഉറപ്പേകുന്ന പാപ്പാ അവർ നമ്മുടെ മാനവിക ഔത്സുക്യങ്ങളുടെയും അജപാലന ശ്രദ്ധയുടെയും കേന്ദ്രസ്ഥാനത്തായിരിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.

 

Comments

leave a reply

Related News