Foto

മൂന്ന് നോമ്പാചരണം നൽകുന്ന സന്ദേശങ്ങൾ

മൂന്ന്  നോമ്പാചരണം നൽകുന്ന സന്ദേശങ്ങൾ

മൂന്നു നോമ്പാരംഭം

ഇന്നുമുതൽ (ഫെബ്രുവരി 7, തിങ്കൾ - ഫെബ്രുവരി 9, ബുധൻ) പരിശുദ്ധ സഭ മൂന്നു നോമ്പ് ആചരിക്കുന്നു.

 സുറിയാനി സഭകളിൽ നിലവിലുള്ള ഒരു പാരമ്പര്യം ആണ് മൂന്ന് നോമ്പ്. വലിയ നോമ്പ് ആരംഭിക്കുന്നതിന് 18 ദിവസം മുൻപുള്ള തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ മൂന്നു നോമ്പ് ആചരിക്കുന്നു. അതിനാൽ മൂന്നു നോമ്പ് പതിനെട്ടാമിടം എന്ന് കൂടി അറിയപ്പെടുന്നു.വലിയ നോമ്പിന്റെ ഒരുക്കമായി മൂന്നു നോമ്പിനെ മനസിലാക്കുക. അതിനാൽ ചെറിയ നോമ്പ് എന്നും അറിയപ്പെട്ടിരുന്നു.

പഴയ നിയമത്തിൽ യോനാ പ്രവാചകൻ ദൈവകൽപനയനുസരിച്ച് നിനവെ നഗരത്തിൽ മാനസാന്തരപ്പെടാൻ ആഹ്വാനം ചെയ്യുകയും, അവർ മനസ് തിരിഞ്ഞ് അനുതപിക്കുകയും ചെയ്തതിന്റെ അനുസ്മരണമാണ് ഇത്.

യോനാ മൂന്നു രാവും പകലും മത്സ്യത്തിന്റെ ഉദരത്തിൽ ചിലവഴിച്ചു മാനസാന്തരം ഉണ്ടായി (യോനാ 1:17) എന്നതാണ് മൂന്നു ദിവസത്തെ നോമ്പിന്റെ വി. ഗ്രന്ഥ പശ്ചാത്തലം. തുടർന്ന് നിനവെയിൽ ചെന്നുള്ള അദ്ദേഹത്തിന്റെ പ്രസംഗം കേട്ടപ്പോൾ അവിടെയുള്ളവർ ചാക്കുടുത്ത് ചാരം പൂശി അനുതപിച്ചു. അതിനാൽ യോനായുടെ മൂന്നു ദിവസത്തെ മത്സ്യ ഉദരത്തിലെ വാസവും, നിനവേക്കാരുടെ മാനസാന്തരവും ചേർത്താണ് മൂന്നു നോമ്പ് ആചരണത്തിലൂടെ അനുസ്മരിക്കുന്നത്.

ഇതിനൊപ്പം തന്നെ ഈ നോമ്പിന് ചരിത്രപരമായ ചില പശ്ചാത്തലങ്ങൾ കൂടെ ഉണ്ട്. എ. ഡി. 570 - 580 കാലത്ത് നിനവെ, ബേസ്ഗർമെ, അസോർ എന്നീ നഗരങ്ങളിൽ പ്ലേഗ് ബാധ രൂക്ഷമായപ്പോൾ മരണ ഭീതിയിൽ വിശ്വാസികൾ  ഞായറാഴ്ച ദൈവാലയത്തിൽ ഒന്നിച്ച് കൂടി പ്രാർത്ഥിച്ചു. ദൈവം അരുളിച്ചെയ്ത പ്രകാരം തിങ്കളാഴ്ച മുതൽ അവർ ഉപവസിച്ച് പ്രാർത്ഥിക്കാൻ ആരംഭിച്ചു. പ്ലേഗ് ബാധയ്ക്ക്‌ ശമനം ഉണ്ടാകുകയും ചെയ്തു. അതിനു ശേഷം കൃതജ്ഞതാ നിർഭരമായി പേർഷ്യൻ സഭ തുടർന്ന് എല്ലാ വർഷവും മൂന്നു  ദിവസങ്ങളിൽ നോമ്പ് ആചരിക്കാൻ തീരുമാനിച്ചു. പേർഷ്യൻ സഭയുമായി ബന്ധമുണ്ടായിരുന്ന കേരള സഭയിലേക്കും നോമ്പാചരണം വ്യാപിച്ചു.

ആഹാരം കഴിക്കാതിരിക്കുക, മത്സ്യ മാംസാദികൾ വർജിക്കുക ഇവ മാത്രം ആണ് നോമ്പ് എന്ന് കരുതരുത്. സ്വയം പരിശോധിക്കുവാൻ പറ്റിയ അവസരമായി മൂന്നു നോമ്പ് കാലം ഉപയോഗിക്കുക, കൂടുതൽ സമയം പ്രാർത്ഥിക്കുവാൻ ഈ ദിവസങ്ങൾ ഉപയോഗിക്കാം,  ദൈവം നമ്മെ കുറിച്ച് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാക്കാം, അതിൻപ്രകാരം ജീവിതം ക്രമീകരിക്കാം, നമ്മുടെ തെറ്റുകൾ മനസിലാക്കുവാനും, അത് ഏറ്റുപറഞ്ഞു ഉപേക്ഷിക്കുവാനും ഈ ദിനങ്ങൾ ഉപയോഗിക്കാം. അതുപോലെ തന്നെ വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കുവാനും പാവങ്ങളെ സഹായിക്കുവാനും മനസ് കാണിക്കുക. നമ്മളുടെ പാപങ്ങളെ കുറിച്ച് അനുതപിക്കാൻ ദൈവം തരുന്ന ഒരു അവസരം ആയി ഇതിനെ കണക്കാക്കാം.

• ഈ മൂന്ന് നോമ്പ്  നമുക്ക് നൽകുന്ന ചില സന്ദേശങ്ങൾ ഉണ്ട്  

1. ദൈവം യഹൂദരുടെ സ്വകാര്യ  സ്വത്തല്ലെന്ന്  യോനായുടെ അനുഭവം പഠിപ്പിക്കുന്നു. ദൈവത്തിന്റെ കാരുണ്യത്തെ തടയാൻ മനുഷ്യന് അവകാശമില്ല, അത് നീനെവേയോടോ (യഹൂദരല്ലാത്തവരോ) അല്ലെങ്കിൽ യോനയോ ആകട്ടെ. ദൈവം എല്ലാ മനുഷ്യരുടെയും പിതാവാണ്, ക്രൈസ്തവർ  മാത്രമല്ല. ദൈവത്തിന്റെ കരുണയ്ക്ക്  കീഴിലാണ് എല്ലാവരും.

2. നാം എപ്പോഴും ദൈവഹിതം പിന്തുടരേണ്ടതുണ്ട്, ദൈവഹിതത്തിന്മേൽ നമ്മുടെ ഇഷ്ടം സ്ഥാപിക്കരുത്. അവിടുത്തെ  ഇഷ്ടം നമുക്കു മാത്രമല്ല എല്ലാവർക്കും നല്ലതാണെന്ന് നമ്മെ പഠിപ്പിക്കാൻ ദൈവം നമ്മുടെ ജീവിതത്തിൽ കഷ്ടപ്പാടുകൾ അനുവദിച്ചേക്കാം. ഉപവാസവും പ്രാർത്ഥനയും നമ്മുടെ ഇഷ്ടം ദൈവഹിതവുമായി ഏകീകരിക്കാൻ നമ്മെ സഹായിക്കുന്നു.

3. ഒരു പാപി പശ്ചാത്തപിക്കാൻ തയ്യാറാണെങ്കിൽ, അവന്റെ പാപങ്ങൾ എത്ര വലുതാണെങ്കിലും അവൻ തീർച്ചയായും ദൈവത്തിന്റെ മഹത്തായ കരുണയും അനുകമ്പയും അനുഭവിക്കും.

4. നാം വിളിക്കപ്പെട്ടിരിക്കുന്നത് മറ്റുള്ളവരോട് അനുതപിക്കണമെന്ന്  പറയാൻ  മാത്രമല്ല, യോനായെപ്പോലെ നാമും  പശ്ചാത്തപിക്കേണ്ടത്  പരമപ്രധാനമാണ് .

 

Comments

leave a reply

Related News