കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കോട്ടപ്പുറം രൂപതാ പരിധിയിലുള്ള നാനാജാതിമതസ്ഥരായ ആളുകള്‍ക്ക് സഹായമാവുകയാണിവര്‍. പരസഹായം ആവശ്യമുള്ള രോഗികളെ ടെസ്റ്റിനായി കൊണ്ടുപോകാനും കോവിഡ് ബാധിച്ച് മരണപ്പെട്ടവരെ സംസ്‌കരിക്കുന്നതിനുള്ള സഹായങ്ങള്‍ ചെയ്യാനും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിക്കാനും ഒരു വിളിപ്പാടകലെ സദാസന്നദ്ധരായി ഇവരുണ്ട്. അങ്ങനെ ഈ കോവിഡ് കാലത്ത് ഭയവും വീട്ടിലെ പ്രായമായവരെയും കുട്ടികളെയുമോര്‍ത്തുള്ള ആശങ്കയും നിലനില്‍ക്കുമ്പോള്‍ മാതൃകയാവുകയാണ് കോട്ടപ്പുറം സമരിറ്റന്‍സ്.
അതുപോലെതന്നെ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന പിപിഇ കിറ്റുകളുടെ വില രോഗികളില്‍നിന്നും മരിച്ച രോഗികളുടെ ബന്ധുക്കളില്‍നിന്നും ഈടാക്കാന്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശിക്കുന്ന സാഹചര്യത്തില്‍ അവരെ ബുദ്ധിമുട്ടിക്കാതെ കെസിവൈഎം, കേരള സര്‍വീസ് ഫോറം തുടങ്ങിയ ചില സംഘടനകള്‍ കൈമാറിയ പരിമിതമായ കിറ്റുകള്‍ ഉപയോഗിച്ചാണ് ഇവര്‍ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത്. ആരെയും ബുദ്ധിമുട്ടിക്കാതിരിക്കാന്‍ കൂടുതല്‍ പിപിഇ കിറ്റുകള്‍ സംഘടിപ്പിക്കാനുള്ള വഴികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് ഈ സംഘം. കോവിഡ് രോഗികളും കോവിഡ് മരണങ്ങളും കൂടിവരുന്ന ഈ സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷാ കിറ്റുകള്‍ അത്യാവശ്യമായിരിക്കുകയാണ്.
കോട്ടപ്പുറം ഇന്റെഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റി (കിഡ്‌സ്) ഡയറക്ടറായ ഫാ. പോള്‍ തോമസിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം വൈദികരും വിശ്വാസികളും അടങ്ങുന്ന സംഘമാണ് കോട്ടപ്പുറം സമരിറ്റന്‍സ്. ഫാ. ഡയസ്, ഫാ. നീല്‍, ഫാ. ഡെന്നീസ്, ഫാ. നോയല്‍, ഫാ. ബിജു പാലപ്പറമ്പില്‍, ഫാ. ഷിനു, ഫാ. ഷിജു, ഫാ. സിബിന്‍, സെബാസ്റ്റ്യന്‍, ആമോസ്, ജിതിന്‍, ആന്റണി, ജോജി, ഷെറിന്‍, ജില്‍ജു തുടങ്ങി ഒത്തിരിപ്പേര്‍ സജീവമായ പ്രവര്‍ത്തനരംഗത്തുണ്ട്.
Comments