Foto

കൊച്ചിയിൽ ഇനി രുചിയുടെ മാമ്പഴക്കാലം;മാംഗോ ഫെസ്റ്റിവലിന് മറൈൻ ഡ്രൈവിൽ നാളെ തുടക്കം 

കൊച്ചി: കൊച്ചിയിൽ ഇനി മധുരമാമ്പഴക്കാലം. അഗ്രികൾച്ചറൽ പ്രൊമോഷണൽ സൊസൈറ്റി സംഘടിപ്പിക്കുന്ന ഒൻപതാമത് മാംഗോ ഫെസ്റ്റിന് മറൈൻ ഡ്രൈവ് ഹെലിപ്പാഡ് ഗ്രൗണ്ടിൽ തുടക്കമായി. ജൂൺ 4 വരെ തുടരും. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നൂറിലേറെ  വ്യത്യസ്ത ഇനങ്ങളിലുള്ള മാമ്പഴങ്ങളാണ്  പ്രദർശനത്തിനും വിൽപ്പനയ്ക്കുമായി എത്തിയിട്ടുള്ളത്.

മൽഗൊവ, ചക്കരകുട്ടി,  തോട്ടാപൂരി, ബംഗനപള്ളി, കാട്ടു സുന്ദരി, നീലം, അൽഫൊൻസ, കല്ലുകട്ടി തുടങ്ങിയ പരിചിത ഇനങ്ങൾക്ക് പുറമേ റേഹാൻ, കേസർ, ആനത്തലവട്ടം, അൻവർ, റുമാനി, ബോംബെ ഗ്രീൻ, ഹിമസാഗർ, രത്‌നഗിരി, രാജാപുരി, ബദാമി, ഹിമയുദ്ധീൻ, ഒലോർ, സഫെധ, രാസ്പുനിയ, മല്ലിക, ഹിമായത്ത്, അമരപാലി,  പൂരി, സിന്ധൂരി, നൗരാസ്, സുവർണ്ണരേഖ, അൽ ബദ്രി, ചുങ്കിരി, ഗുലാബ്ഖസ്, ലങ്ഗ്ര, രസൌസി, തംബൂർ, ടോമി,  റ്റെലുർ മസിൻ, അൽ സുഹാന, മാതംഗി  തുടങ്ങിയ വ്യത്യസ്ത ഇനങ്ങൾ പ്രദർശനത്തിനുണ്ടാകും.

മലയാളികൾക്ക് പരിചിതമല്ലാത്ത ഒട്ടേറെ മാമ്പഴ വിഭവങ്ങൾ മേളയിലുണ്ടാകും. കേരളത്തിനകത്തും പുറത്തും വിളഞ്ഞ മാമ്പഴങ്ങൾ പ്രകൃതിദത്തമായ രീതിയിൽ പുഴുപ്പിച്ചാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. കൂടാതെ മാവിൻ തൈകളുടെയടക്കം എല്ലാ ഫല വൃക്ഷങ്ങളുടെയും തൈകൾ ലഭിക്കുന്ന നഴ്‌സറിയും പ്രദർശന നഗരിയിലുണ്ടാകും.  മാമ്പഴ തീറ്റ മത്സരം, മാമ്പഴ വിഭവങ്ങളുടെ പാചക മത്സരം, എന്നിവയും മാംഗോ ഫെസ്റ്റിനോടനുബന്ധിച്ച് നടക്കും. കുറഞ്ഞ വിലക്ക് മാമ്പഴങ്ങൾ വാങ്ങാനുള്ള അവസരവും മേള സന്ദർശിക്കാനെത്തുന്നവർക്ക് ലഭിക്കും. ഭക്ഷ്യമേളയും വിപണനമേളയും മാംഗോ ഫെസ്റ്റിനോടനുബന്ധിച്ചും തയാറാക്കിയിട്ടുണ്ട്.

50 രൂപയാണ് പ്രവേശന ഫീസ്. 6 വയസ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം.  രാവിലെ 11 മുതൽ രാത്രി 9 വരെയയാണ് പ്രദർശനം.  ദിവസേന  വൈകിട്ട്  കലാപരിപാടികളും നടക്കും.

നാളെ വൈകിട്ട് മൂന്ന്  മണിക്ക്  ഹൈബി ഈഡൻ എം.പി മാംഗോ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. നിർമാതാവ് എൻ.എം ബാദുഷ, ചലച്ചിത്രതാരം അഞ്ജലി നായർ, മിസ് ഇന്ത്യ ഫിറ്റ്‌നസ് റണ്ണറപ്പും ഉജ്ജയിനി മാനേജിംഗ് ഡയറക്ടറുമായ ജിനി ഗോപാൽ എന്നിവർ മുഖ്യാതിഥികളാകും.രാവിലെ മുതൽ പൊതുജനങ്ങൾക്ക് മേളയിൽ പ്രവേശനമുണ്ടാകും.

അഗ്രികൾച്ചറൽ പ്രൊമോഷണൽ സൊസൈറ്റി ചെയർമാൻ ഷമീർ വളവത്ത്, സെക്രട്ടറി അൽത്താഫ് സിയാദ്  എന്നിവർ പ്രസ്‌ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Comments

leave a reply

Related News