ഇന്നലെ കാലം ചെയ്ത സീറോ മലബാർ സഭയുടെ രാജ്കോട്ട് രൂപത മുൻ അധ്യക്ഷനും ദൈവശാസ്ത്ര പണ്ഡിതനുമായിരിന്ന മാർ ഗ്രിഗറി കരോട്ടമ്പ്രേലിൻ്റെ മൃതസംസ്കാരം നാളെ നടക്കും. രാജ്‌കോട്ടിലെ തിരുഹൃദയ കത്തീഡ്രലിലെ പ്രേം മന്ദിറിൽവെച്ച് നടക്കുന്ന, സീറോ മലബാർ സഭയുടെ തലവനായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ സംസ്കാര ശുശ്രൂഷകൾക്ക് കാർമ്മികത്വം വഹിക്കും. നിരവധി മെത്രാന്മാരും വൈദികരും സഹകാര്‍മ്മികത്വം വഹിക്കും.
1933 മേയ് ആറിനു പാലാ ചെമ്മലമറ്റം ഇടവകയിൽ ജനിച്ച ഗ്രിഗറി, കാർമലൈറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (CMI) സന്യാസ സമൂഹത്തില്‍ ചേരുകയും 1955 ഡിസംബർ 8-ന് തൻ്റെ പ്രഥമ വ്രതവാഗ്ദാനം നടത്തുകയും ചെയ്തു. ബെംഗളൂരുവിലെ ധർമ്മരാം വിദ്യാക്ഷേത്രത്തിൽ തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങൾ പൂർത്തിയാക്കിയ ശേഷം, 1963 മെയ് 17-ന് അദ്ദേഹം വൈദികനായി അഭിഷിക്തനായി.
ദൈവശാസ്ത്രപരമായ പാണ്ഡിത്യത്തിനും ഇടയശുശ്രൂഷയ്ക്കും പേരുകേട്ട ഫാ. ഗ്രിഗറി, 1978-ൽ സി.എം.ഐ സേക്രഡ് ഹാർട്ട് പ്രവിശ്യയുടെ പ്രോവിൻഷ്യല്‍ സുപ്പീരിയറായി തിരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനത്ത് സേവനമനുഷ്ഠിക്കവേ, 1983 ജനുവരി 22-ന് രാജ്‌കോട്ട് സീറോ മലബാർ രൂപതയുടെ മെത്രാനായി ജോൺ പോൾ രണ്ടാമൻ പാപ്പ അദ്ദേഹത്തെ നിയമിച്ചു. 1983 ഏപ്രിൽ 24-ന് അദ്ദേഹം മെത്രാനായി അഭിഷിക്തനായി. 2010 ജൂണിൽ രൂപതയുടെ ചുമതലകളിൽ നിന്നു വിരമിച്ചശേഷം, രാജ്കോട്ടിലെ പ്രോവിൻഷ്യൽ ഹൗസിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.










Comments