കേരളത്തിലെ ആദ്യ സന്ന്യാസിനിയും ഭാരതത്തിലെ ആദ്യ കർമ്മലീത്ത സന്ന്യാസിനിയുമായ വാഴ്ത്തപ്പെട്ട മദർ ഏലിശ്യയുടെ ആദ്യ തിരുനാൾ ദിനം ജൂലൈ 18, ശനിയാഴ്ച്ച ആഘോഷിക്കും. വരാപ്പുഴ മദർ ഏലീശ്യ ചാപ്പലിൽ രാവിലെ10.30 ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിൽ തിരുനാൾ ദിവ്യബലി അർപ്പിക്കും.
തിരുനാളിന് ഒരുക്കമായുള്ള നൊവേന ജൂലൈ 9 ആരംഭിച്ചു. മദർ ഏലീശ്വായുടെ കബറിടം സ്ഥിതിചെയ്യുന്ന വരാപ്പുഴ സെൻ്റ് ജോസഫ് കോൺവെൻ്റിലെ സ്‌മൃതിമന്ദിരത്തോട് ചേർന്ന് നവീകരിച്ച മദർ ഏലീശ്വ ചാപ്പലിൻ്റെ ആശീർവാദ കർമ്മം ഇന്നലെ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിച്ചു.
മദർ ഏലീശ്വ 1866 ഫെബ്രുവരി 13-ന് കൂനമ്മാവിൽ സ്ഥാപിച്ച കർമലീത്ത നിഷ്‌പാദുക മൂന്നാം സഭ ആണ് 1890 ൽ റീത്തടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ട്, കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമലൈറ്റ്സ് (സി.റ്റി.സി), കോൺഗ്രിഗേഷൻ ഓഫ് ദ മദർ ഓഫ് കാർമൽ (സി.എം.സി), എന്നീ രണ്ട് സന്ന്യാസിനി സഭകൾ രൂപം കൊണ്ടത്. മദർ ഏലീശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിൻ്റെ തിരുകർമങ്ങൾ 2025 നവംബർ എട്ടിന് വല്ലാർപാടം ബസിലിക്കയിൽ വെച്ച് ലിയോ പതിനാലാമൻ പാപ്പായുടെ പ്രതിനിധി മലേഷ്യയിലെ പെനാങ് രൂപതാ മെത്രാൻ അത്യുന്നത കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസിൻ്റെ മുഖ്യകാർമികത്വത്തിൽ നടന്നിരുന്നു.









Comments