വത്തിക്കാന്‍ സിറ്റി: നീണ്ട പതിനാറ് വര്‍ഷം എതിരാളികളില്ലാതെ ജര്‍മ്മനിയെ നയിച്ച ആഞ്ചല മെര്‍ക്കല്‍ പദവിയൊഴിയാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിക്കുമെന്ന് സ്ഥിരീകരണം. ഒക്ടോബര്‍ ഏഴിന് നടക്കുന്ന സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ ഒക്ടോബര്‍ ഒന്നാം തീയതി ജര്‍മ്മന്‍ സര്‍ക്കാരിന്റെ വക്താവ് സ്റ്റീഫന്‍ സീബര്‍ട്ടാണ് പുറത്തുവിട്ടത്. വത്തിക്കാനില്‍ പാപ്പയുമായി നടത്തുന്ന കൂടിക്കാഴ്ചക്ക് ശേഷം കൊളോസിയത്തിന് സമീപം സാന്‍ എജിഡിയോ എന്ന സംഘടന നടത്തുന്ന സമാധാന സമ്മേളനത്തിലും ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പം പങ്കെടുക്കും. ജര്‍മ്മന്‍ ചാന്‍സലര്‍ എന്ന നിലയില്‍ അവര്‍ നടത്തുന്ന അവസാനത്തെ ഔദ്യോഗിക സന്ദര്‍ശനമായിരിക്കും ഇത്.
2005ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മരണത്തിന് ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് ജര്‍മ്മനിയുടെ ഭരണം ആഞ്ചല മെര്‍ക്കല്‍ ഏറ്റെടുക്കുന്നത്. ഇതിന് ശേഷം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ഭരണകാലയളവില്‍ ഒരുതവണയാണ് അവര്‍ വത്തിക്കാന്‍ സന്ദര്‍ശിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്ഥാനാരോഹണ ബലിയില്‍ മെര്‍ക്കലിന്റെ സാന്നിധ്യമുണ്ടായിരുന്നു. പിന്നീട് മൂന്നു തവണ അവര്‍ വത്തിക്കാന്‍ സന്ദര്‍ശിച്ചു. 'ഒരു നേതാവായിരിക്കാന്‍ എന്നെ സഹായിക്കുക' എന്ന് പറഞ്ഞ് വ്യക്തിപരമായി പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മെര്‍ക്കല്‍ സഹായം അഭ്യര്‍ത്ഥിച്ചിരിന്നതായി റിപ്പോര്‍ട്ടുണ്ടായിരിന്നു.
Comments