മാർ പവ്വത്തിലിന്റെ സമ്പൂർണ കൃതികളുടെ സമാഹാരം അഞ്ച്
വാല്യങ്ങളായി ജൂബിലി വർഷത്തിൽ പ്രസിദ്ധീകരിക്കും
മെത്രാഭിഷേക സുവർണ ജൂബിലി വർഷത്തിലേക്ക് പ്രവേശിക്കുന്നു, ചങ്ങനാശേരി മുൻ ആർച്ച്ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ.
ജൂബിലിയാചരണത്തിന്റെ തുടക്കമായി നാളെ രാവിലെ ആർച്ച്ബിഷപ്‌സ് ഹൗസിൽ മാർ ജോസഫ് പവ്വത്തിൽ കൃതജ്ഞതാ ബലി അർപ്പിക്കും.
ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ നേതൃത്വത്തിൽ ജുബിലേറിയന് വൈകുന്നേരം വൈദികർ ആശംസകൾ അർപ്പിക്കും. 22 വർഷം ചങ്ങനാശേരി അതിരൂപതയെ നയിച്ച മാർ പവ്വത്തിലിന്റെ സമ്പൂർണ കൃതികളുടെ സമാഹാരം അഞ്ച് വാല്യങ്ങളായി ജൂബിലി വർഷത്തിൽ പ്രസിദ്ധീകരിക്കുന്നതിനുള്ള തയാറെടുപ്പുകൾ നടന്നു വരികയാണെന്ന് അതിരൂപതാ വികാരി ജനറാൾ മോൺ.തോമസ് പടിയത്ത് പറഞ്ഞു.
1930 ഓഗസ്റ്റ് 14 നാണ് മാർ പവ്വത്തിലിന്റെ ജനനം. 1962 ഒക്ടോബർ മൂന്നിന് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. 1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ വച്ച് പോൾ ആറാമൻ മാർപാപ്പയാണ് 1972 ഫെബ്രുവരി 13ന് മെത്രാനായി അഭിഷേകം ചെയ്തത്. കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി 1977 ഫെബ്രുവരി 26ന് നിയമിക്കപ്പെട്ടു. 1977 മേയ് 12ന് ബിഷപ്പായി ചുമതലയേറ്റു.
ആർച്ച്ബിഷപ് മാർ ആന്റണി പടിയറ എറണാകുളത്തേക്കു മാറിയതോടെ മാർ ജോസഫ് പവ്വത്തിൽ ചങ്ങനാശേരി ആർച്ച്ബിഷപ്പായി 1985 നവംബർ അഞ്ചിനു നിയമിതനായി. 1986 ജനുവരി 17ന് ആർച്ച്ബിഷപ്പായി ചുമതലയേറ്റു.തിരക്കൊഴിയാതെയുള്ള വിശ്രമ ജീവിതത്തിലാണിപ്പോൾ.
Comments