അഫ്ഗാനിസ്ഥാനും ഹെയ്തിക്കും വേണ്ടി പ്രാർത്ഥിക്കൂ: ഫ്രാൻസിസ് പാപ്പ
വത്തിക്കാൻ സിറ്റി : അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങളിൽ ഫ്രാൻസിസ് പാപ്പ ഉത്കണ്ഠ രേഖപ്പെടുത്തി. ആ രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുവാൻ വിശ്വാസികളെ പാപ്പ ആഹ്വാനം ചെയ്‌തു . പരിശുദ്ധ മാതാവിന്റെ സ്വർഗാരോപണ ദിനത്തിൽ 'കർത്താവിന്റെ മാലാഖ' ചൊല്ലിയതിനുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
ആയുധങ്ങളേന്തിയുള്ള ആക്രോശം അവസാനിപ്പിച്ച ശേഷം പ്രശ്‌നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാൻ എല്ലാവരും പ്രാർത്ഥിക്കണം - പാപ്പ പറഞ്ഞു.
ഭൂകമ്പം മൂലം നിരവധി പേർ കൊല്ലപ്പെട്ട ഹെയ്തി രാജ്യത്തോട് പാപ്പ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് ഭൂകമ്പമുണ്ടായത്. ഭൂകമ്പത്തിൽ ആകെ തകർന്ന ഹെയ്തിയുടെ പുനർ നിർമ്മാണ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ പാപ്പ എല്ലാവരോടും അഭ്യർത്ഥിച്ചു.
Comments