Foto

എയ്ഡഡ് മേഖല നിയമനങ്ങള്‍ സുതാര്യമാക്കുന്നത് സ്വാഗതാര്‍ഹം കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍

കൊച്ചി: കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി.എസ്. സി.ക്കു വിടുമെന്നുള്ള സി.പി.എം. കേന്ദ്രസമിതി അംഗം ശ്രീ. എ.കെ. ബാലന്റെ പ്രസ്താവന  തികച്ചും നിരുത്തവാദിത്വവും അപക്വവുമാണെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് പ്രതികരിച്ചു. കേരളത്തിന്റെ   പൊതു-ഉന്നത വിദ്യാഭ്യാസമേഖലകളില്‍ എയ്ഡഡ് സ്ഥാപനങ്ങളുടെ പങ്ക്  വിലമതിക്കുന്നതിനു പകരം അവമതിക്കുന്നത് ഉത്തരവാദിത്വപ്പെട്ട ചുമതലകള്‍  വഹിക്കുന്നവര്‍ക്ക് ഭൂഷണമല്ല. എയ്ഡഡ് മേഖലയിലെ നിയമനങ്ങള്‍ സര്‍ക്കാരിന്റെ ഔദര്യമായിട്ടല്ല ലഭിച്ചത്. ഒരു വിമോചനസമരവും ഇതിനായി കേരളത്തില്‍ നടന്നിട്ടുമില്ല. എപ്പോഴും  വിമോചനസമരത്തിന്റെ പശ്ചാത്തലം ഉദ്ധരിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഇപ്പോഴുള്ള വിഷയങ്ങളില്‍ നിന്നും ശ്രദ്ധ മാറ്റിയെടുക്കുവാന്‍ ബോധപൂര്‍വ്വമായ ഗൂഢലക്ഷ്യത്തോടെ ഈ പ്രസ്താവന നടത്തിയതായിട്ടു മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളു. എയ്ഡഡ് മേഖലയിലെ നിയമനങ്ങളില്‍ സുതാര്യത ഇല്ലാത്ത സ്ഥാപനങ്ങളെ നിയമപരമായി കൈകാര്യം ചെയ്യുവാന്‍ സാധിക്കുന്ന ഭരണകൂടം ഇവ്വിധത്തില്‍ പ്രസ്താവനകള്‍ നടത്തുന്നതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കണം. സാമൂഹ്യനീതിയും സുതാര്യതയും യോഗ്യത പരിഗണനയും മാനദണ്ഡമാക്കിയുള്ള എയ്ഡഡ് മേഖലയിലെ നിയമനങ്ങള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കേണ്ടതാണ്. ക്രമക്കേടുകള്‍ കണ്ടെത്തി തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുന്നതിനെ കെസിബിസി സ്വാഗതം ചെയ്യുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ സുതാര്യത നഷ്ടപ്പെടുത്തി, പിന്‍ വാതില്‍ നിയമനത്തിലൂടെയും സ്വാധീനമുള്ളവരും സ്ഥാനം ഉറപ്പിക്കുന്നു എന്ന പരാതി നിലനില്‍ക്കുമ്പോള്‍ എയ്ഡഡ് മേഖലയെ അടച്ചാക്ഷേപിക്കുന്നത് പ്രതിഷേധാര്‍ഹമാണ്്. കോടതി മുഖേന ഇതുമായി ബന്ധപ്പെട്ട അനേകം തിരിച്ചടികള്‍ ലഭിച്ചിട്ടും സര്‍ക്കാര്‍ ഇവ്വിധത്തില്‍ ചിന്തിക്കുന്നത് കേരളത്തിലെ വിദ്യാഭ്യാസമേഖലയെ മുഴുവനും ദോഷകരമായി ബാധിക്കുന്നതാണ്.  നിയമപരമായും ഭരണഘടനാപരമായും ലഭിച്ച അവകാശങ്ങളെ വെറുമൊരു ഔദാര്യമായി കണക്കാക്കി പ്രതികരിക്കുന്ന സമീപനം രാഷ്ട്രീയ പാര്‍ട്ടികള്‍ പൂര്‍ണ്ണമായും നിറുത്തണമെന്നും ബിഷപ്പ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് തന്റെ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

ഫാ. ചാള്‍സ് ലെയോണ്‍
സെക്രട്ടറി,
കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍

Comments

leave a reply

Related News