Foto

സ്‌നേഹമേകി വിശ്വപൗരനായ ആത്മീയാചര്യനെ നഷ്ടമായി: തോമസ് മാര്‍ കൂറിലോസ്

ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലിത്ത പകര്‍ന്നേകിയത്
എക്കാലവും ഹൃദയത്തില്‍ സൂക്ഷിക്കേണ്ട മാതൃകയും ദര്‍ശനവും


നിസ്സീമ സ്‌നേഹം വിതറി പൊതു സമൂഹത്തിന്റെ മനം കവര്‍ന്നുകൊണ്ട് വിശ്വ പൗരനായി വളര്‍ന്ന അതുല്യ ആത്മീയാചര്യനായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പോലിത്തയെന്ന് തിരുവല്ല ആര്‍ച്ച്ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ്. എക്കാലവും ഹൃദയത്തില്‍ സൂക്ഷിക്കാന്‍ പര്യാപ്തമായ മാതൃകയും ദര്‍ശനവും പകര്‍ന്നേകിയ ശേഷമാണ് അദ്ദേഹം സ്വര്‍ഗത്തിലേക്കു യാത്രയായിരിക്കുന്നതെന്ന് അനുശോചന സന്ദേശത്തില്‍ മാര്‍ കൂറിലോസ് പറഞ്ഞു.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോട് പ്രത്യേക മമത പുലര്‍ത്തി ഏവരേയും ഉള്‍ക്കൊള്ളാന്‍ ദീര്‍ഘമായി കരങ്ങള്‍ നീട്ടിയ ജീവിതമായിരുന്നു മാര്‍ ക്രിസോസ്റ്റം  തിരുമേനിയുടേത്. സ്‌നേഹത്തിന്റെ ആള്‍രൂപവും കരുണയുടെ തിളങ്ങുന്ന മുഖവുമാണ് അദ്ദേഹത്തിലൂടെ സമൂഹം കണ്ടത്. വിശ്വാസത്തിന്റെ ബലം സദാ പ്രസരിപ്പിച്ചുകൊണ്ട് അദ്ദേഹം ജാതി,മത ഭേദമെന്യേ ജനഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ചു. വാക്കിനപ്പുറമായി പ്രവൃത്തിയിലൂടെ സജീവമാകേണ്ട ആധ്യാത്മികതയെയാണ്  മാര്‍ ക്രിസോസ്റ്റം ദീപ്തമാക്കിയത്.രാജ്യം അദ്ദേഹത്തിനു പദ്മ ബഹുമതി നല്‍കിയത് അക്കാര്യം തിരിച്ചറിഞ്ഞാണ്.
   
പണത്തേയും പ്രശസ്തിയേയും കാള്‍ ജീവനേയും മഹത്വത്തേയും സ്‌നേഹിക്കുന്ന ജനങ്ങള്‍ക്ക് ഉല്‍ക്കൃഷ്ട മാതൃകയായി തിരുമേനിയുടെ ജീവിതം. സമൂഹത്തിനാകില്ല ഈ സുവര്‍ണ നാവുകാരനെ മറക്കാന്‍. 'ഇത്തരത്തിലൊരു മനുഷ്യന്‍ ഭൗതികമായി ജീവിച്ചിരുന്നോയെന്ന് അനന്തര തലമുറകള്‍ അത്ഭുതപ്പെടും ' എന്ന് ഗാന്ധിജിയുടെ ദേഹവിയോഗ വാര്‍ത്തയറിഞ്ഞപ്പോള്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞ വാക്കുകള്‍  മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പോലിത്തയുടെ കാര്യത്തിലും സാര്‍ത്ഥകമാണെന്ന് ആര്‍ച്ച്ബിഷപ്പ് മാര്‍ കൂറിലോസ് അഭിപ്രായപ്പെട്ടു.

Comments

leave a reply

Related News