അലന്‍ ജോസഫ് ചൂരപൊയ്കയില്‍,
വത്തിക്കാന്‍ സിറ്റി: യുദ്ധഭീതിയില്‍ ഇപ്പോഴും തുടരുന്ന യുക്രൈനു പരിശുദ്ധ സിംഹാസനത്തിന്റെ സാമീപ്യവും രാജ്യത്തെ ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ച് വത്തിക്കാന്‍ സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍. ക്വിവ്-ഹാലിക്കിലെ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്കിനെ ഫോണില്‍ വിളിച്ചാണ് തിരുസഭയുടെ പിന്തുണയും പ്രാര്‍ത്ഥനയും അദ്ദേഹം ഔദ്യോഗികമായി അറിയിച്ചത്. റഷ്യന്‍ അധിനിവേശ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ യുക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക സഭ ചെയ്യുന്ന പ്രവര്‍ത്തനത്തെക്കുറിച്ച് തിങ്കളാഴ്ചത്തെ ടെലിഫോണ്‍ വിളിയില്‍ ആര്‍ച്ച് ബിഷപ്പ് ഷെവ്ചുക്ക്, കര്‍ദ്ദിനാള്‍ പരോളിനെ ധരിപ്പിച്ചു.
പ്രക്ഷുബ്ധമായ ഈ നിമിഷത്തില്‍ സഭയിലെ വൈദികരോടും വിശ്വാസികളോടും, എല്ലാ യുക്രേനിയന്‍ ജനങ്ങളോടും പരിശുദ്ധ സിംഹാസനത്തിന്റെ പിന്തുണയും, ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്നുവെന്നും എല്ലാവര്‍ക്കുമായി പ്രാര്‍ത്ഥനകള്‍ ഉറപ്പുനല്‍കുന്നുവെന്നും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്‍ പറഞ്ഞു. രാജ്യത്തിന്റെ കാര്യത്തില്‍ നിരന്തരമായ ശ്രദ്ധ ചെലുത്തിയതിന് പരിശുദ്ധ സിംഹാസനത്തിന് അദ്ദേഹം നന്ദി അറിയിച്ചു.
യുക്രെയ്‌നിലെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കുന്നതിനും യുദ്ധഭീഷണി ഒഴിവാക്കുന്നതിനുമായി ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനാ സമയത്ത് ഫ്രാന്‍സിസ് പാപ്പ നടത്തിയ പ്രത്യേക അഭ്യര്‍ത്ഥനയ്ക്ക് യുക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക സഭയുടെ തലവന്‍ നന്ദി രേഖപ്പെടുത്തി. യുക്രൈനിലെ സമാധാനത്തിനായി പരിശുദ്ധ പിതാവിന്റെ പ്രത്യേക അഭ്യര്‍ത്ഥന യുക്രൈനിയന്‍ ജനത അനുഭവിക്കുന്നുവെന്നും നിലവിലെ അന്താരാഷ്ട്ര പ്രതിസന്ധിയെ തരണം ചെയ്യാനുള്ള പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്ര ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments