ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിന് തുല്യനീതി ഉറപ്പാക്കുന്ന
നിയമനിർമ്മാണം നടത്തുന്നതിന് സർക്കാർ തയ്യാറാകണം: കെസിബിസി
കൊച്ചി: എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന വിധത്തിൽ മൈനോരിറ്റി വകുപ്പും മൈനോരിറ്റി കമ്മീഷനും രൂപീകരിച്ചശേഷം, ന്യൂനപക്ഷ സമുദായങ്ങൾക്കായി കേന്ദ്ര-കേരളസർക്കാരുകൾ അനുവദിക്കുന്ന സമ്പത്ത് ഏതെങ്കിലും ഒരു ന്യൂനപക്ഷവിഭാഗത്തിനു മാത്രമായി ചിലവഴിക്കുന്നതിനെയാണ് പുനപ്പരിശോധിക്കേണ്ട ഒന്നായി ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ന്യൂനപക്ഷ ക്ഷേമവകുപ്പ് വിഭാവനം ചെയ്യുന്ന പദ്ധതികൾ എല്ലാ വിഭാഗം ന്യൂനപക്ഷങ്ങളെയും മുന്നിൽക്കണ്ടായിരിക്കണം എന്നും ബഹുമാനപ്പെട്ട ഹൈക്കോടതി നിരീക്ഷിക്കുന്നു. വളരെ വസ്തുതാപരമായി ഈ വിഷയത്തെ സമീപിച്ച ഹൈക്കോടതി, നീതിപൂർവകമായി വേണം ക്ഷേമപദ്ധതികൾ വിതരണം ചെയ്യേണ്ടതെന്ന് സർക്കാരിനോട് നിർദേശിച്ചിരിക്കുന്നു. ശ്രീ പാലൊളി മുഹമ്മദ്കുട്ടി തന്നെ ഈ വിധിയെ സ്വാഗതം ചെയ്തിരിക്കുന്നുവെന്നത് പ്രതീക്ഷയ്ക്കു വക നല്കുന്നു. വേണ്ടിവന്നാൽ ന്യൂനപക്ഷവിഭാഗങ്ങളുടെ ക്ഷേമത്തിന് തുല്യനീതി ഉറപ്പാക്കുന്ന നിയമനിർമ്മാണം നടത്തുന്നതിന് ജനാധിപത്യ സർക്കാർ തയ്യാറാകണം.
ന്യൂനപക്ഷവകുപ്പ് പ്രഖ്യാപിക്കുന്ന ക്ഷേമപദ്ധതികൾ ചില പ്രത്യേക വിഭാഗങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തിയതും ആനുകൂല്യങ്ങളുടെ വിതരണത്തിൽ വിവേചനപരമായ അനുപാതം നിശ്ചയിച്ചതും ഹൈക്കോടതി റദ്ദാക്കിയതിലൂടെ വ്യക്തമാകുന്നത്, സർക്കാർ ഈ അനുപാതം നിശ്ചയിച്ചത് ശാസ്ത്രീയമായ പഠനത്തിന്റെ വെളിച്ചത്തിലല്ലായിരുന്നു എന്നാണ്. എല്ലാ വിഭാഗം ന്യൂനപക്ഷങ്ങളുടെയും പിന്നോക്കാവസ്ഥ ശാസ്ത്രീയമായി പഠിച്ചിട്ടുവേണമായിരുന്നു ക്ഷേപദ്ധതികളിലെ അനുപാതം നിശ്ചയിക്കേണ്ടിയിരുന്നത്.
ന്യൂനപക്ഷക്ഷേമം എന്നത് ജനാധിപത്യസംവിധാനത്തിൽ എല്ലാ ന്യൂനപക്ഷവിഭാഗങ്ങളുടെയും ക്ഷേമം എന്നായിരിക്കണം. നിക്ഷിപ്ത താത്പര്യങ്ങൾവച്ചോ, രാഷ്ട്രീയലാഭം നോക്കിയോ മാത്രം ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത് സമൂഹത്തിൽ സ്പർദ വളർത്തുന്നതിനും സാമൂഹിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിനും കാരണമാകും.
ഈ കോടതി വിധിയുടെ പശ്ചാത്തലത്തിൽ ന്യൂനപക്ഷക്ഷേമ വകുപ്പു കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഭാരതഭരണഘടന വിഭാവനം ചെയ്യുന്നതുപോലെ വിവേചനരഹിതമായി ന്യൂനപക്ഷ വിഭാഗങ്ങളിലെ ഓരോ വിഭാഗത്തിനും അവർ അർഹിക്കുന്ന പരിഗണന കൊടുത്ത് പദ്ധതികൾ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ഔദ്യോഗികവക്താവ്, കെ.സി.ബി.സി./
ഡയറക്ടർ, പി.ഒ.സി.
Comments