Foto

ഫ്രാൻസിസ് പാപ്പായുടെ രാഷ്ട്രീയം

 ✍️ഫാ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കൽ

              റോബർട്ട് ബ്രസ്സൺ   എന്ന ഫ്രഞ്ച് ചലച്ചിത്ര പ്രതിഭയുടെ 1932-ല് പുറത്തിറങ്ങിയ ഒരു സറിയലിസ്റ്റ് ഫോട്ടോഗ്രാഫുണ്ട്, 'ലൂണാര് ലാന്ഡ്‌സ്‌കേപ്' (lunar landscape) എന്നാണതിന്റെ പേര്. ചന്ദ്രോപരിതലത്തില് നാട്ടിനിര്ത്തിയിരിക്കുന്ന ടൂത്ത്ബ്രഷുകളുടെ വ്യത്യസ്തവിന്യാസമാണതിന്റെ പ്രമേയം. ഉപഭോഗസംസ്‌കാരം ഈ പ്രപഞ്ചത്തെ എങ്ങനെ പുനര്‌നിര്മ്മിച്ചുകൊണ്ടിരിക്കുന്നു, അതായത് ഫാസിസം പോലെയുള്ള ചില 'Cleansing agents'  ഈ ഭൂമിയില് നിറഞ്ഞിരിക്കുന്നു എന്ന് വ്യക്തമാക്കുന്ന കലാസൃഷ്ടിയാണത്.

 

'A realistic and inclusive social covenant must be a 'cultural covenant', one that respects and acknowledges that different worldviews, cultures  and life styles that co-exist in society' (no.219). 2020 ഒക്ടോബര് മാസം മൂന്നാം തീയതി മനുഷ്യസ്‌നേഹത്തിന്റെ  മഹാപ്രവാചകനായ അസ്സീസിയിലെ ഫ്രാന്‌സിസിന്റെ ഓര്മദിനത്തില്, 'എല്ലാവരും സഹോദരര്' എന്ന് നമ്മുടെ കാലത്തെ ഏറ്റവും വലിയ കാരുണ്യപ്രവാചകന് പറയുന്നു. ഫാസിസവും തീവ്രവാദവും ദാരിദ്ര്യവും അഭയാര്ത്ഥിപ്രവാഹവുമുള്‌പ്പെടുന്ന തീക്ഷ്ണമായ പ്രതിസന്ധികള്ക്കുള്ള സാഹോദര്യത്തിന്റെയും സൗഹാര്ദത്തിന്റെയും രാഷ്ട്രീയ പരിഹാരം തേടുകയാണിവിടെ അദ്ദേഹം.

സാർവ്വത്രിക വോട്ടേഴ്‌സ് ഗൈഡ് 

          ഫ്രാന്‌സിസ് പാപ്പായുടെ ഏറ്റവും പുതിയ ചാക്രികലേഖനം 'ഫ്രത്തേലി തൂത്തി' (Fratelli Tutti) സമകാല ലോകത്തിനു ലഭ്യമായ ഏറ്റവും മികച്ച സാമൂഹ്യപ്രബോധനം കൂടിയാണ്. എട്ട് വര്ഷമായി തുടരുന്ന വലിയമുക്കുവന്റെ ശുശ്രൂഷയില് സാമൂഹ്യദര്ശനത്തിന് വലിയ സ്ഥാനമുണ്ട്. ലെയോ പതിമൂന്നാമന് പാപ്പായുടെ റേരും നൊവാരും (1891) മുതല് കഴിഞ്ഞ 130 വര്ഷങ്ങളായി സഭ, സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക-സാംസ്‌കാരിക രംഗങ്ങളെ മനുഷ്യന്റെ സാമാന്യജീവിതവുമായി ചേര്ത്ത് നിരീക്ഷിക്കുകയും തിരുത്തലുകളും നിര്‌ദേശങ്ങളും നല്കുകയും ചെയ്യുന്നതിന് പ്രത്യേക ശ്രദ്ധപുലര്ത്തുന്നു. ലോകരാഷ്ട്രങ്ങളുടെ ഗതിവിഗതികളെ നിര്ണയിക്കുന്ന രാഷ്ട്രീയ നിലപാടുകള് അവതരിപ്പിക്കാന് ഫ്രാന്‌സിസ് പാപ്പാ ഒരിക്കലും മടികാണിക്കുന്നില്ല. 2014-ലെ ഇസ്രായേല് സന്ദര്ശനത്തിലൂടെ,  ഷിമോണ് പെരേസിന്റെ പുതുമയുള്ള നിലപാടുകളിലും പാരീസ് കാലാവസ്ഥ കോണ്ഫറന്‌സിനുമുമ്പായി 2015-ല്, 'ലൗദാത്തോസീ'യിലൂടെ അതിനെ നിര്ണയിക്കുന്നതിനുമൊക്കെ ധൈര്യം പ്രകടിപ്പിച്ചു. ഇന്ന് ലോകകത്തില് നിലനില്ക്കുന്ന രാഷ്ട്രീയ അന്തരീക്ഷം വളരെ പ്രസക്തമാണ്. വരാനിരിക്കുന്ന അമേരിക്കന് പ്രസിഡന്റ് തിരഞ്ഞെടുപ്പ്, അതിര്ത്തിക്കപ്പുറം ബാധിക്കപ്പെടുന്ന തീവ്രവാദം, വിവിധ രാജ്യങ്ങളില് ശക്തമാകുന്ന നവ ഫാസിസ്റ്റ് സ്വഭാവമുള്ള അധികാരശക്തികള്. ഇന്ത്യയുള്‌പ്പെടെയുള്ള ജനാധിപത്യരാജ്യങ്ങളില് സംഭവിക്കുന്ന ഇത്തരം മാറ്റങ്ങള് എന്നിവ 'ഏവരും സഹോദരങ്ങള്' എന്ന പ്രബോധനം നമുക്ക് ഏറെ പ്രസക്തിയുള്ളതാക്കി മാറ്റുന്നു. രാഷ്ട്രീയമാണ് ഇതിലെ പ്രധാന പ്രതിപാദ്യവിഷയം. അതിനാല്തന്നെ ചിലര് ഫ്രത്തേല്ലി തൂത്തിയെ 'വോട്ടേഴ്‌സ് ഗൈഡ്' (voters guide) എന്നു വിശേഷിപ്പിച്ചുകഴിഞ്ഞു. ഒരു സാര്വത്രിക വോട്ടേഴ്‌സ് ഗൈഡായി ഈ അപ്പസ്‌തോലിക പ്രബോധനം ചര്ച്ച ചെയ്യപ്പെടുന്നു. ദാരിദ്ര്യം, യുദ്ധം തുടങ്ങി സാമാന്യ ജനതയെ ദുരിതത്തിലാക്കുന്ന ഭീകരസത്യത്തെ രാഷ്ട്രീയവിഷയമായി പരിഗണിക്കുകയാണിവിടെ.  'ലൗദാത്തോ സീ'യുടെ വലിയ തുടര്ച്ച പുതിയ പ്രബോധനത്തില് കാണാം, ഒപ്പം സാമ്പത്തിക-രാഷ്ട്രീയ വിഭാഗങ്ങളില് 'എവന്‌ജേലി ഗൗദിയും' (Evengelii Gaudium) സൂചികകളില് സജീവമാണ്. ബനഡിക്റ്റ് പതിനാറാമന്റെ 'ദേവൂസ് കാരിത്താസ് എസ്ത്ത്' (Deus Caritas Est)  സാമൂഹ്യക്രമത്തിലെ ഉപവിപ്രവര്ത്തനങ്ങളെക്കുറിച്ചുള്ള ചിന്തകളില് തുടര്ച്ച കണ്ടെത്തുന്നു. ഫ്രത്തേല്ലി തൂത്തിയില് വിശദമായ സാമൂഹ്യശാസ്ത്രനിരീക്ഷണത്തോടെ, സാഹോദര്യവും സാമൂഹ്യസൗഹാര്ദ്ദവുമാണ്, നീതിയും സമാധാനവുമുള്ള ലോകത്തിന്റെ നിര്മിതിക്കാവശ്യമെന്ന് പഠിപ്പിക്കുന്നത്. ഇത് രണ്ടാം വത്തിക്കാന് കൗണ്‌സില് പ്രകടമാക്കിയ 'കാലത്തിന്റെ അടയാളങ്ങളെ' (signs of the times)വായിക്കുകയെന്ന ബൈബിള് ചിന്തയുടെതന്നെ ആവിഷ്‌കാരമാണ്.

 

          കോവിഡ് വ്യാപനത്താല് ലോകരാജ്യങ്ങളും ജനങ്ങളും ചരിത്രപരമായ മാറ്റങ്ങള്ക്ക് വിധേയമാകുന്ന കാലമാണിത്. ദാരിദ്ര്യവും തൊഴിലില്ലായ്മയും മാനവരാശിയെ വളരെയേറെ ഗ്രസിക്കുന്നു. ചില രാജ്യങ്ങള് പൂര്ണമായും മറ്റുള്ളവ ഭാഗികമായും ഈ ദുരന്തത്തെ നേരിടണം. ഇത്തരം സന്നിഗ്ദ്ധതയുടെ കാലങ്ങളില് മാര്പാപ്പാമാര് ചരിത്രത്തില് ഇതിനുമുന്പും കാലത്തിന്റെ അടയാളങ്ങളെ വായിച്ച് വ്യാഖ്യാനിക്കാനും ദിശാബോധം നല്കാനും ശ്രമിച്ചിട്ടുണ്ട്. യൂറോപ്പിന്റെ പുന:നിര്മിതിയെക്കുറിച്ച് പീയൂസ് പന്ത്രണ്ടാമന് ക്രിസ്തുമസ് സന്ദേശത്തില് രണ്ടാം ലോകമഹായുദ്ധകാലത്ത് നല്കിയ സന്ദേശം, ക്യൂബന് മിസൈല് പ്രതിസന്ധിക്ക് ശേഷം ജോണ് ഇരുപത്തിമൂന്നാമന്റെ 'പാച്ചം ഇന് തേറിസ്' (Pacem in Terris, 1963), ഡീകോളനൈശേഷന് കാലത്തെ പോള് ആറാമന്റെ 'പോപ്പുളോരും പ്രോഗ്രെസ്ലോ' (Populorum Progressio, 1967 ), ശീതയുദ്ധഭീതികള്‌ക്കൊടുവില് 1991-ല് ജോണ്‌പോള് രണ്ടാമന്റെ 'ചെന്തേസിമൂസ് അന്നൂസ്' (Centesimus Annus) എന്നിവ ഉദാഹരണങ്ങളാണ്.

എല്ലാവരും പരസ്പര ബന്ധിതർ

          'നല്ല രാഷ്ട്രീയത്തി'ന്റെ ആഗോളീകരണമാണ് ഫ്രത്തേലി തൂത്തി മുന്നോട്ടുവയ്ക്കുന്നത്. സാമ്പത്തിക പിരമിഡിന്റെ മുകള്ത്തട്ടിലുള്ളവര്ക്കുമാത്രം നേട്ടമുണ്ടാക്കുന്ന ആഗോളവത്കരണ സാമ്പത്തിക വാണിജ്യ നയങ്ങളെ തള്ളിപ്പറയുന്നത്, 'എന്റെ രാജ്യം ആദ്യം' പോലുള്ള നയങ്ങള് വഴി പണിയുന്ന മതിലുകള് വിമര്ശനവിധേയമാകുന്നത്, പൊതുജനപ്രീണനത്തില്മാത്രം ചുരുങ്ങുന്ന താല്ക്കാലിക ലാഭം ലക്ഷ്യമാക്കുന്ന ക്ഷുദ്ര രാഷ്ട്രീയപ്രവര്ത്തനത്തെ അപലപിക്കുന്നത് (demagoguism), എല്ലാം ഫ്രാന്‌സിസ് പാപ്പായുടെ രാഷ്ട്രീയം വ്യക്തമാക്കുന്നു. സാര്വത്രിക സാഹോദര്യത്തിന്റെ  മുഖമെന്നത് മനുഷ്യന്റെ ദാരിദ്ര്യം ഇല്ലാതാക്കുന്ന രാഷ്ട്രീയമാണ്. കോവിഡ് 19 മഹാവ്യാധി നമ്മുടെ പരസ്പരസഹകരണത്തിന്റെ അനിവാര്യതയെക്കുറിച്ച് കൂടുതല് ചിന്തിക്കാനുള്ള കാലമായി പാപ്പാ പരിവര്ത്തനം ചെയ്യുകയാണ്, അസ്സീസിയിലെ ഫ്രാന്‌സിസിന്റെ തിരുനാള്ദിനം പ്രസിദ്ധീകരിച്ച പഠനത്തിലൂടെ. ദേശീയ താല്പര്യങ്ങളെന്നപേരില് സ്വാര്ത്ഥത വളരുന്നതിനെ പാപ്പായുടെ രാഷ്ട്രീയവീക്ഷണം തള്ളിപ്പറയുന്നു. പൊതു സ്വപ്നത്താല് ബന്ധിതമായ ലോകത്തെയാണ് പാപ്പാ പ്രതീക്ഷിക്കുന്നത്. അവിടെ എല്ലാവരും ഒരു കുടുംബത്തിലെ സഹോദരീസഹോദരന്മാരാണ്. 'എല്ലാം പരസ്പരബന്ധിതമാണെന്ന് 'ലൗദാത്തോ സി' യിലൂടെ പറഞ്ഞു 'എല്ലാവരും പരസ്പരബന്ധിതരാണെന്ന് 'ഫ്രത്തേല്ലി തുത്തി' പ്രഖ്യാപിക്കുന്നു.

ഫ്രാൻസിസ് അസ്സീസിയുടെ സ്വാധീനം

          അസ്സീസിയിലെ ഫ്രാന്‌സിസിന്റെ സ്വാധീനം ഫ്രാന്‌സിസ് പാപ്പായില് അതിശക്തമായി തുടരുന്നു. സൃഷ്ടപ്രപഞ്ചത്തിലെ സകലതിനെയും സഹോദരീസഹോദരന്മാരായി ഗണിക്കുന്ന അത്ര വിശാലമായ ബോധ ധാരയിലൂടെ സഞ്ചരിച്ച മഹാമനീഷി, സഞ്ചരിച്ച ഇടങ്ങളിലെല്ലാം സമാധാനത്തിന്റെ വിത്തുപാകിയ യോഗി, പാവപ്പെട്ടവരെയും രോഗികളെയും ഉപേക്ഷിക്കപ്പെട്ടവരെയും ചേര്ത്തുനിര്ത്തിയ മനുഷ്യസ്‌നേഹി, കാറ്റിന്റെയും കടലിന്റെയും സൂര്യന്റെയും കൂടപ്പിറപ്പ് എന്നു തിരിച്ചറിഞ്ഞ ദൈവവിശ്വാസി, ഇങ്ങനെയെല്ലാമുള്ള അസ്സീസിയിലെ ഫ്രാന്‌സിസാണ്, ഫ്രത്തേലി തൂത്തിയുടെ അടിസ്ഥാന മനുഷ്യമാതൃക. രണ്ടാം ക്രിസ്തുവെന്ന് ലോകം തിരിച്ചറിഞ്ഞ ഫ്രാന്‌സിസിന്റെ പാതയിലൂടെ ക്രിസ്തുവിനെ സമകാല ലോകത്തെ മനുഷ്യന്റെ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക പ്രതിസന്ധികള്ക്ക് പരിഹാരമായി ഫ്രാന്‌സിസ് പാപ്പാ അവതരിപ്പിക്കുന്നു. അതിലേറെയും ദേശീയ-അന്തര്‌ദേശീയ രാഷ്ട്രീയത്തിന്റെ വിശകലനമാണ്. എല്ലാവരെയും ഉള്‌ക്കൊള്ളുന്ന വിശാല ലോകവീക്ഷണം ക്രിസ്തീയമാണെന്ന് ഉറച്ചുവിശ്വസിച്ച അസ്സീസിയിലെ ഫ്രാന്‌സിസ് വിശുദ്ധസ്ഥലങ്ങള് തിരികെ പിടിക്കാനുള്ള യുദ്ധകാലത്ത് ഈജിപ്തിലെ മാലിക് എല് കമിലിനെ സന്ദര്ശിച്ചത് കടുത്ത പ്രതിസന്ധികളെ അതിജീവിച്ചാണ്. സിദ്ധാന്തങ്ങള് അടിച്ചേല്പ്പിക്കാന് വാക്കുകള്‌കൊണ്ട് ഫ്രാന്‌സിസ് അസ്സീസി യുദ്ധം ചെയ്തില്ല, പകരം ദൈവസ്‌നേഹം പ്രചരിപ്പിച്ചു. ഇത്തരമൊരു പ്രചോദനത്താലാണ് ഫ്രാന്‌സിസ് പാപ്പാ അബുദാബിയില് ഗ്രാന്റ് ഇമാം അഹമ്മദ് അല് തയ്യിബിനൊപ്പം സാഹോദര്യത്തിന്റെ പ്രഖ്യാപനം നടത്തിയത്, 'ദൈവം എല്ലാ മനുഷ്യരെയും സൃഷ്ടിച്ചു, തുല്യ അധികാരത്തോടും ചുമതലകളോടും അന്തസ്സോടും അവരെ സഹോദരീസഹോദരന്മാരായി ജീവിക്കാന് വിളിക്കുകയും ചെയ്തു'. 'സംവാദവും സൗഹൃദവും സമൂഹത്തില്' എന്ന ആറാം അധ്യായം 'ഫ്രത്തേലി തൂത്തി'യിലെ ഏറ്റവും ചെറുതെങ്കിലും നമ്മുടെ ലോകത്ത് ഏറ്റവും പ്രസക്തമാകുന്നത് ഇത്തരം പരിസരങ്ങളോട് ചേര്ത്തുവായിക്കുമ്പോളാണ്.

സംവാദത്തിന്റെ പ്രസക്തി

          അടുത്തുവരിക, സംസാരിക്കുക, കേള്ക്കുക, പരിഗണിക്കുക, അറിയുക, പരസ്പരം മനസ്സിലാക്കുക, പൊതു ഇടം കണ്ടെത്തുക എന്നിവയാണ് 'സംവാദ'ത്തെ സൃഷ്ടിക്കുന്നത്. വിശാലദര്ശനമുള്ള ധാരാളമാളുകളുടെ സംവാദമില്ലായിരുന്നെങ്കില് ഈ ലോകം എങ്ങനെയാകുമായിരുന്നു എന്ന് പാപ്പാ ചോദിക്കുന്നു. തീവ്ര നിലപാടുകളും അന്ധമായ വിരോധങ്ങളും മതരാഷ്ട്രീയ സാംസ്‌കാരിക ഭൂമികകളില് കരുത്ത് നേടുന്ന കാലത്ത് സംവാദത്തില് നിന്നൊളിക്കുകയും നിക്ഷിപ്ത താല്പര്യങ്ങള്ക്കായി ഹിംസയെ ആശ്രയിക്കുകയും ചെയ്യുന്നവരെ തിരുത്താന് കഴിയണം. ആദിവാസികളുടെ ഉന്നമനത്തിനും അവകാശത്തിനുമായി മുപ്പതിലധികം വര്ഷങ്ങളായി പ്രവര്ത്തിച്ചുകൊണ്ടിരുന്ന സ്റ്റാന് സ്വാമിയെന്ന ജെസ്വിറ്റ് വൈദികനെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തിരിക്കുന്നു. ഇതെഴുതുമ്പോഴും അദ്ദേഹവും ജാര്ഖണ്ഡിലെയും മറ്റ് ആദിവാസിമേഖലകളിലേയും നൂറുകണക്കിന് യുവാക്കളും കസ്റ്റഡിയിലാണ്. ഒരു രാജ്യത്തെ ഭരണകൂടത്തിന് സംവാദത്തിനുള്ള ശക്തി നഷ്ടപ്പെടുന്നത് അവിടെ ജനാധിപത്യത്തിന്റെ സദ്ഫലങ്ങള് നഷ്ടമാവുകയും പകരം കോര്പ്പറേറ്റ് മൂലധനശക്തികള് നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുമ്പോളാണ്. സ്വാര്ത്ഥ നിസ്സംഗതയും ക്രൂരപ്രതിഷേധവും അപകടകരമാണ് എന്നോര്മ്മിക്കുക.

 

          സാമൂഹ്യമാധ്യമങ്ങളില് നടക്കുന്ന പോര്വിളികള്, സംവാദമല്ല. തെറ്റായ വിവരങ്ങളുടെയും അര്ദ്ധസത്യങ്ങളുടെയും അടിസ്ഥാനത്തില് പരസ്പരബഹുമാനമേതുമില്ലാതെ ചിലപ്പോഴൊക്കെ വ്യാജപേരുകളിലും അക്രമോത്സുകത പ്രകടിപ്പിക്കുന്നതിന് ന്യായീകരണമില്ല. മറ്റുള്ളവരെയും അവരുടെ കാഴ്ചപ്പാടിനെയും ബഹുമാനിക്കാതെ സംവാദം മുന്നേറുകയില്ല. സംവാദത്തിന്റെ ലക്ഷ്യം പൊതുനന്മയാണ്. അധ്യായം ആറിലാണ് സംവാദം പ്രധാന വിഷയമാകുന്നതെങ്കിലും അതിന്റെ രാഷ്ട്രീയ പ്രസക്തി അഞ്ചാം അധ്യായത്തില് സൂചിപ്പിച്ചിട്ടുണ്ട്. സംവാദത്തിനശക്തരായവരെ തിരസ്‌കരിക്കുക (no.215) ലോകത്തെ നയിക്കാന് പ്രാപ്തരായവര് സംവാദത്തിന്റെ വഴി തിരഞ്ഞെടുക്കുന്നവരാണ്. ഫ്രാന്‌സിസ് പാപ്പാ തുടരുന്നു, നിഷ്‌ക്കളങ്കരെ ഭീഷണിപ്പെടുത്തുന്ന, എതിരാളികളുടെ എല്ലാത്തരം ഇടപാടുകളും തകര്ക്കുന്ന, വിമര്ശകരെ തുറുങ്കിലടയ്ക്കുന്ന, ജീവന്റെ മൂല്യത്തെ അവമതിക്കുന്ന രാഷ്ട്രീയ നേതൃത്വത്തെ തിരസ്‌കരിക്കുക (no.283). സംവാദവുമായി ഇതിനെ ചേര്ത്തുവായിക്കാം. പ്രതിപക്ഷ സ്വരത്തെ അവഗണിക്കുന്ന ഭരണകൂടം അതിലെ ദുര്ബലരെ എത്രയധികം അമര്ച്ചചെയ്യും എന്നതിന് ലോകത്തിലെ വിവിധ രാജ്യങ്ങളിലെന്നപോലെ നമ്മുടെ നാടും ഉദാഹരണമാകുന്നു. നര്മ്മദ, കൂടംകുളം, നിര്ഭയ, പൗരത്വം, കര്ഷകബില്ല് എന്നിങ്ങനെ എത്രയെത്ര ജനകീയ വിഷയങ്ങള് ദേശീയതലത്തിലും മറ്റനേകം ചര്ച്ചയാവശ്യപ്പെടുന്ന വിഷയങ്ങള് സംസ്ഥാനങ്ങളിലും ജനാധിപത്യഭരണകൂടങ്ങള് അടിച്ചമര്ത്തുന്നു.

 

          സംവാദത്തിന്റെ സാധ്യത മറ്റൊരിടത്തുകൂടി പ്രസക്തമാണ്. ഏകീകരിക്കുകയും സമന്വയിപ്പിക്കുകയും ചെയ്യുന്ന സ്‌നേഹത്തിന്റെ പ്രസക്തി രാഷ്ട്രീയവുമായി ബന്ധപ്പെട്ട് പാപ്പാ വിശദമാക്കുന്നിടത്താണത് (NOS186-191). വ്യത്യസ്ത അഭിപ്രായങ്ങളെയും സ്വരങ്ങളെയും അംഗീകരിക്കുകയെന്നത് ജനതയെ പൂര്ണതോതില് ബഹുമാനിക്കുന്ന നേതൃത്വത്തിനു മാത്രം സാധ്യമാകുന്ന കാര്യമാണ് (no.190). തീവ്ര നിലപാടുകള് നിലനില്ക്കുന്ന ലോകമാണിത്. മതത്തിന്റെ പേരില് ദേവാലയങ്ങള് തകര്ക്കുകയും പിടിച്ചെടുക്കുകയും ന്യൂനപക്ഷ മതവിശ്വാസത്തെയും വിശ്വാസികളെയും ഉന്മൂലനം ചെയ്യുകയും ചെയ്യുന്നത് നമുക്കറിയാം. സഹിഷ്ണതയുടെ സംസ്‌കാരം പടര്ത്തുക, സമാധാനത്തില് ജീവിക്കുക, നിരപരാധികളുടെ രക്തംചിന്തുന്നത് അവസാനിപ്പിക്കുക എന്നീ ദര്ശനങ്ങള് 2019 ഫെബ്രുവരി 4-ന് അബുദാബിയില് പാപ്പാ പങ്കുവച്ചത് സംവാദത്തിന്റെ മതാന്തര സാധ്യതകള് തുറന്നിടുന്നു.

നല്ല അയൽക്കാരൻ

          ഫ്രത്തേലി തൂത്തി ഉയര്ത്തുന്ന ചോദ്യങ്ങളില് ഏറ്റവും പ്രസക്തമായത് എന്താണ്? നീതിയും സാഹോദര്യവുമുള്ള മികച്ച ലോകനിര്മ്മിതിക്കുള്ള വഴികള് ഏതെല്ലാം? കോവിഡ് 19 കാലം എന്താണ് പഠിപ്പിച്ചത്? ആര്ക്കും ഒറ്റപ്പെട്ടവനായി ജീവിതത്തെ അഭിമുഖീകരിക്കാനാവില്ല. ജനാധിപത്യം സ്വാതന്ത്ര്യം, നീതി എന്നിവയ്ക്ക് സംഭവിക്കുന്ന അപഭ്രംശങ്ങള്, സമൂഹം, ചരിത്രം എന്നിവയുടെ അര്ത്ഥം നഷ്ടമാകുന്നത്, പൊതുനന്മയോടുള്ള വിപ്രതിപത്തി, സ്വാര്ത്ഥത, ലാഭക്കൊതിയിലും പാഴാക്കലിന്റെ സംസ്‌കാരത്തിലുമുറച്ച കമ്പോള യുക്തിയുടെ ആധിപത്യം, എല്ലായിടവും ബാധിച്ചിരിക്കുന്ന തൊഴിലില്ലായ്മ, വംശീയത, ദാരിദ്ര്യം, അതിഭീകരമായ മനുഷ്യത്വ നിഷേധത്തിന്റെ അടയാളങ്ങളായ അടിമത്തം, മനുഷ്യക്കടത്ത്, ഗര്ഭഛിദ്രം, അവയവക്കടത്ത് എന്നുമാത്രമല്ല സംഘടിതഹിംസയുടെ വ്യാപനത്തിനനുകൂലമായ സംസ്‌കാരിക മതിലുകള് എന്നിങ്ങനെ അവ നീളുന്നു.  ഇത്രയധികം പ്രതിസന്ധികളെ തുറന്നുകാണിക്കുകയും പ്രതിവിധി തേടുകയും ചെയ്യുന്ന വഴികളില് അപരിചിതരായി തുടരാന് ഇനിയും നമുക്കാവില്ല എന്ന് ഫ്രാന്‌സിസ് പാപ്പാ പ്രഖ്യാപിക്കുന്നു. എന്താണ് പരിഹാരം? നല്ല അയല്ക്കാരനാവുക ഈ ജീവിതയാത്രയില് (NOS64-65). ഓരോ ദേശവും പരദേശികള്ക്കുകൂടി തുറന്നുകൊടുക്കാന് കഴിയണം. ദേശാതിര്ത്തിയിലെ വസ്തുവകകള് പുറത്തുനിന്നെത്തുന്ന ആവശ്യക്കാരനു നിഷേധിക്കരുതെന്ന് പറയുന്നത് ഇന്നത്തെ ലോകത്തിന്റെ യാഥാര്ത്ഥ്യങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടാണ്. യുദ്ധംമൂലമുള്ള പലായനം, പീഢനം, പ്രകൃതിദുരന്തം, മനുഷ്യക്കടത്ത് എന്നിവയിലൂടെ സംഭവിക്കുന്നതും അല്ലാതെയുമുള്ള പ്രതിസന്ധികളുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന അഭയാര്ത്ഥികളെ സ്വാഗതം ചെയ്യണം, സംരക്ഷിക്കണം, ഉള്‌ച്ചേര്ക്കണം എന്നുപറയുമ്പോഴും അനാവശ്യമായ കുടിയേറ്റത്തെ പാപ്പാ തള്ളിക്കളയുന്നു. സ്വന്തം രാജ്യത്ത് അന്തസ്സോടെ ജീവിക്കാന് കഴിയുന്ന സാഹചര്യം സൃഷ്ടിക്കാന് സാധിക്കുകയാണ് ജനാധിപത്യഭരണകൂടങ്ങള് ജനതയ്ക്ക് ചെയ്യേണ്ട അടിസ്ഥാന നന്മ (nos 38-40). തീവ്രവാദം ഉയര്ത്തുന്ന ചിന്തകള് ഇവിടെ രാഷ്ട്രീയമായി ചര്ച്ചചെയ്യപ്പെടേണ്ടതാണ്. ദേശീയാതിര്ത്തികളില്ലാത്ത പുതിയ യുദ്ധമാണിതെന്ന് ബെനഡിക്റ്റ് പതിനാറാമന് പാപ്പാ തീവ്രവാദത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട് (Christianity and the crisis of cultures', Joseph Ratzinger, Ignatius, 2005).

ആഗോള സാമ്പത്തിക ശക്തികൾ

          ആഗോളസാമ്പത്തികശക്തിയെന്ന ഏക സംസ്‌കാര രൂപം, നിലനില്ക്കുന്ന രാഷ്ട്രീയ ജനാധിപത്യഭരണകൂടത്തിനുമപ്പുറം വളരുന്നതിനെ 'ഏവരും സഹോദരര്' ചൂണ്ടിക്കാട്ടുന്നു (no.12). ലോകത്തെ ഒരുമിപ്പിക്കുന്നു എന്ന ധാരണ പരത്തുന്ന ഈ സംസ്‌കാരം പക്ഷെ, വ്യക്തികളെയും ദേശങ്ങളെയും വിഭജിക്കുകയാണ്. എല്ലാവരും അയല്ക്കാരാണെന്ന മായാധാരണയാണ് ആഗോളീകരണ വാണിജ്യശക്തികളുടെ സംഭാവന. ഇത് രാഷ്ട്രീയത്തെ ദുര്ബലമാക്കുന്നത് എങ്ങനെയാണ് എന്നു നാം ആലോചിക്കണം. ജോണ് മക്കെയിന് കെയ്‌റോയിലെ തഹ്രീര് ചത്വരം സന്ദര്ശിച്ചപ്പോള് ഒരു യുവാവ് പറഞ്ഞു, 'സുക്കര്ബര്ഗാണ് ഞങ്ങളുടെ ഹീറോ'. ന്യൂയോര്ക്ക് ടൈംസിന്റെ ഒരു മുന് എഡിറ്റര് ഫെയിസ്ബുക്കിനെക്കുറിച്ച് പിന്നീട് പറഞ്ഞു, ''out sourcing our brains to the cloud''. ഡിജിറ്റല് ഡേറ്റാ വലിയ രാഷ്ട്രീയ പരിഗണന അര്ഹിക്കുന്ന സമ്പത്താണ് ഇനിയുമങ്ങോട്ട്. സുക്കര്ബര്ഗ് 'ഫേസ്ബുക്കി'നെ ഒരു പരമ്പരാഗത കമ്പനിയ്ക്കപ്പുറം ഗവണ്മെന്റിനോടാണ് സാമ്യപ്പെടുത്തുന്നത്. മൂലധനശക്തികളെന്ന നിലയില് എന്നുമാത്രമല്ല, ഇനിയുള്ളകാലത്ത് അവ പ്രവര്ത്തിക്കുകയെന്നത് നിര്മ്മിത ബുദ്ധിയുടെ (Artificial Intelligence) കാലം ഭീതിയോടെ നമ്മെ ഓര്മ്മപ്പെടുത്തുന്നു. ഇക്കാലത്തെ പ്രധാന ചര്ച്ച എന്താണ്? 'how much of our collective life should be directed and controlled by powerful digital systems and on what terms'' (Future Politics: living together in a world transformed by Tech, Jamie Susskind, Oxford University Press). 'Digital in Political'  എന്ന ധാരണയിലേക്ക് ലോകം മാറിക്കഴിഞ്ഞു. 2011-ല് നിന്ന് 2020-ല് എത്തുമ്പോള് ഇത്തരം ആഗോളമൂലധനശക്തികളുടെ സ്വാധീനം വലിയ ജനാധിപത്യരാജ്യങ്ങളിലെ രാഷ്ട്രീയ നേതൃത്വത്തിനും മുകളിലാണ്. ദുര്ബലരെയും പാവപ്പെട്ടവരെയും ദേശാതിര്ത്തികളില്ലാതെ കൂടുതല് ആശ്രിതരും ബലഹീനരുമാക്കുകയാണ് ഗ്ലോബലിസത്തിന്റെ കാലത്ത് ഇതരദേശവ്യാപകമായ സാമ്പത്തികശക്തികള്. നമ്മുടെ ഇന്ത്യാമഹാരാജ്യവും ഇത്തരം വഴിമാറല് പ്രക്രിയക്ക് ഇപ്പോള് സാക്ഷ്യംവഹിക്കുകയാണ്. അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ആഗോളീകരണം ഇപ്പോഴും അകലെയാണ് ''Hunger is criminal, food is an inalienable right''. ഭക്ഷണം വീടുകളിലെത്തിക്കാന് വിരലും മൊബൈലും മാത്രം മനുഷ്യനാവശ്യമുള്ള കാലത്ത്, 713256328 ജനങ്ങള് ലോകത്തില് രൂക്ഷമായ പട്ടിണി അനുഭവിക്കുന്നു എന്ന് World Poverty Clock ഇതെഴുതുന്ന സമയത്ത് നല്കുന്ന കണക്ക്. ഇന്ത്യയില് ഇത് 53513342 ആളുകള് വരും. നമ്മുടെ ജനസംഖ്യയുടെ 14 ശതമാനം രൂക്ഷമായ ദാരിദ്ര്യത്തിലാണെന്ന് സാരം. വിപണിവില നിലനിര്ത്താന് ആഗോളകമ്പനികള് ഭക്ഷണം കടലില് തള്ളുന്നത് രാഷ്ട്രീയ ഭരണകൂടങ്ങളെ അലോസരപ്പെടുത്തുന്നില്ല, പൊതുമനസ്സാക്ഷിയെ വേദനിപ്പിക്കുന്നുമില്ല. കുറഞ്ഞ ചിലവില് നമ്മുടെ ഗ്രാമങ്ങളില് ഇന്റര്‌നെറ്റ് ലഭ്യമായതിനാല് വികസനമെന്ന പദം മാധ്യമങ്ങളില് വര്ണമായി പടരുകയും നമ്മെ അന്ധരാക്കി സൈബറിടങ്ങളില് ഒതുക്കി നിര്ത്തുകയും ചെയ്യുന്നു. നിങ്ങള് അറിയാത്ത വാര്ത്തകളോട് എങ്ങനെ പ്രതികരിക്കും? വാര്ത്തകള് വേണോ, പുഞ്ചിരി ചലഞ്ച് വേണോ എന്നു തീരുമാനിക്കുന്നതാരാണ്? നിങ്ങളുടെ മൊബൈലിലും അതിലെ 'code' കളിലും സ്വാധീനമുള്ളത് ആര്ക്കാണ്? അവരാണ് രാഷ്ട്രീയത്തെയും ജനതയെയും നിയന്ത്രിക്കുന്നതെന്ന് പാപ്പാ ചൂണ്ടിക്കാട്ടുന്നു.

എല്ലാത്തിനും ഉത്തരം കമ്പോളമല്ല

          കമ്പോളത്തിന് എല്ലാ പ്രശ്‌നവും പരിഹരിക്കാനാവില്ല എന്ന് ഫ്രാന്‌സിസ് പാപ്പാ പറയുന്നതിന്റെ പൊരുള് വ്യക്തമാണ് (no.168). സാമൂഹ്യപ്രതിസന്ധികളുടെ മാന്ത്രികപരിഹാരമായി പരിഗണിക്കപ്പെടുന്ന വാക്കുകളാണ് 'Spillover', Trickle എന്നിവ. വമ്പിച്ച 'വികസനം' സംഭവിക്കുന്നയിടങ്ങളില്‌നിന്നും കവിഞ്ഞൊഴുകുമെന്നും ഒലിച്ചിറങ്ങുമെന്നുമുള്ള സങ്കല്പം. ഏറ്റവും പുതിയ രാഷ്ട്രീയ തമാശ ബീഹാറില്‌നിന്നാണ് വരുന്നത്. ഇലക്ഷനുമുന്നോടിയായി ഒരു ലോക്കല് ചാനലായ 'ബീഹാര് തകി'ന്റെ റിപ്പോര്ട്ടര് ഒരു കര്ഷകനോട് ചോദിക്കുന്നു, 'Kya aapke gaon me 'Vikas' pahuncha hai' (നിങ്ങളുടെ ഗ്രാമത്തില് 'വികാസ്' (വികസനം) എത്തിയോ? അയാളുടെ മറുപടി വളരെ നിഷ്‌കളങ്കമായിരുന്നു, ''Vikas... hum nahi the yahan sir, Hum bimar the toh doctor ke yahan gaye the''. 'വികാസ്...... ഞാന് ഇവിടെ ഇല്ലായിരുന്നു സാര്, സുഖമില്ലാതിരുന്നതിനാല് ഡോക്ടറെ കാണാന് പോയി'. ഇത് കഥയല്ല, അതിനാല് ഗുണപാഠം ഒന്നുംപറയാനില്ല. സാമൂഹ്യനിര്മിതിയെ ഹിംസാത്മകമായി ബാധിക്കുന്ന അസമത്വത്തെ പരിഹരിക്കാന് വികസനത്തിന്റെ ചില ഫലങ്ങള് ഇറ്റുവീണതുകൊണ്ടാവില്ല. കമ്പോളശക്തികളുടെ ഈ രൂക്ഷത ജനാധിപത്യത്തെ പലതരത്തില് ദുര്ബലമാക്കുന്നു. മതം, രാഷ്ട്രം, ജനത എന്നിവയിലേക്ക് ഭിന്നിപ്പിന്റെ പ്രത്യയശാസ്ത്രവും ആയുധങ്ങളും അവര് പടര്ത്തുന്നു. 'ഫ്രത്തേലി തൂത്തി' ചില നിര്‌ദേശങ്ങള് മുന്നോട്ട് വയ്ക്കുന്നു. ദരിദ്രരുടെ വിമോചനം സാധ്യമാകുന്നതിനുള്ള സാമൂഹ്യമുന്നേറ്റമാണാവശ്യം (no.169). 2014-ലെ ജനകീയ മുന്നേറ്റങ്ങളുടെ ആഗോളസംഗമത്തില് പറഞ്ഞത് ഫ്രാന്‌സിസ് പാപ്പാ ഇവിടെ ആവര്ത്തിക്കുന്നു. ''We must put human dignity back at the centre and on that pillar build the alternative social structures we need''.  മനുഷ്യന്റെ അന്തസ് സംരക്ഷിക്കാന് രാജ്യങ്ങളിലെ ജനതകളെ മാനിക്കുന്ന ഭരണസംവിധാനം അത്യാവശ്യമാണ്. ഇത് രാജ്യാധികാരം ദുര്ബലമാകുന്ന കാലമാണ്. സാമ്പത്തിക മൂലധനശക്തികള് കമ്പോളവും ആഗോളഭരണവും പിടിച്ചടക്കുന്നു. അന്തര്‌ദേശീയ നീതിന്യായവ്യവസ്ഥ പാലിക്കാന് കരുത്തുള്ള സംവിധാനം ഉണ്ടാകണം. അവയുടെ മുന്പില് ചില ലക്ഷ്യങ്ങളുണ്ട്, സാര്വത്രിക നന്മ, ദാരിദ്ര്യനിര്മാര്ജനം, മനുഷ്യാവകാശസംരക്ഷണം (no.172). UN -ന്റെ പുതുക്കല് family of nations എന്നതരത്തിലാകണം. അതിലൂടെ നീതിയുടെ അടിസ്ഥാനത്തില് സാര്വത്രികസാഹോദര്യം ലക്ഷ്യംവയ്ക്കുകയാണ് ഫ്രാന്‌സിസ് പാപ്പാ.

രാഷ്ട്രീയത്തിന്റെ ഹൃദയം ?

          ദീനാനുകമ്പയാണ് രാഷ്ട്രീയത്തിന്റെ ആത്മീയ ഹൃദയമെന്ന് 'ഫ്രത്തേലി തൂത്തി' അവതരിപ്പിക്കുന്നു (no.187). ഉപവികേന്ദ്രീകൃത രാഷ്ട്രീയം അവതരിപ്പിക്കുന്നതിന് സാഹോദര്യദര്ശനം അടിസ്ഥാനമാകുന്നു. ഇത്  ഒരു ഉട്ടോപ്യന് സങ്കല്പമല്ല, ഇച്ഛാശക്തിയോടെയുള്ള ഇടപെടലാണ് ആവശ്യം. രാഷ്ട്രീയം എന്താണ്? ''A lofty vocation and one of the highest forms of charity in as much it seeks the common good''.'എവന്‌ഗേലി ഗൗദി'യില്  പ്രസ്താവിക്കുന്നതിവിടെയും ആവര്ത്തിക്കുന്നു. സഭയുടെ സാമൂഹ്യപ്രബോധനങ്ങളുടെ കേന്ദ്രം ദീനാനുകമ്പ (charity) യാണ്. വിശുദ്ധ മത്തായിയുടെ സുവിശേഷം 22-ാം അധ്യായം 36 മുതല് 40 വരെയുള്ള വാക്യങ്ങള് ഇതോടുചേര്ത്ത് വായിക്കാം. ഏറ്റവും വലിയ കല്പനയുടെ വിശദമായ ജീവിതം സാധ്യമാകുന്നത് ഉപവിയിലധിഷ്ഠിതമായ രാഷ്ട്രീയം പടുത്തുയര്ത്തുമ്പോളാണ്. പൊതുനന്മയാണ് ഇവിടെ സാര്വത്രികസ്‌നേഹത്തിന്റെ ലക്ഷ്യം. എങ്കില് മാത്രമെ പുതുലോകം നിര്മിക്കാന് കഴിയൂ. ഏതാണ് ഒരു മികച്ച സമൂഹം? ഹൃദയത്തില് അനുകമ്പ സൂക്ഷിക്കുന്നവരുടെ സമൂഹം. യുക്തിയും വിശ്വാസവും ഇടകലര്ന്ന വെളിച്ചം, സത്യത്തിന്റെ വെളിച്ചമുള്ള ഉപവി. അത്തരമിടത്തില് ശാസ്ത്ര പുരോഗതിക്കും പ്രായോഗികതയ്ക്കും വലിയ സ്ഥാനമാണുള്ളത് (nos.180-189). മുന്പ് സൂചിപ്പിച്ചതുപോലെ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ആഗോളീകരണം സാധ്യമാക്കാന് ഉപവിയിലധിഷ്ഠിതമായ രാഷ്ട്രീയപ്രവര്ത്തനത്തിനും കെല്പുണ്ടാകണം. അങ്ങനെവരുമ്പോള് മൗലികമായ മനുഷ്യാവകാശങ്ങള്‌ക്കെതിരായ ഭീഷണികളെ നാം എതിര്ക്കണം. അടിമജോലിയും അവയവക്കടത്തും ലൈംഗികചൂഷണവും ആയുധവ്യാപാരവും മയക്കുമരുന്നും എല്ലാം വ്യാപിക്കുന്ന മനുഷ്യജീവിതത്തിന്റെ ദേശീയവും അന്തര്‌ദേശീയവുമായ ഇടങ്ങളെ മലിനമാക്കുന്ന വലിച്ചെറിയല് സംസ്‌കാരത്തെയുള്‌പ്പെടെ തടയണം. 'ഈ ഭൂമി ഓരോ തലമുറയ്ക്കും കടമായി ലഭിക്കുന്നു, വരുംതലമുറയ്ക്കു കൈമാറാന്' എന്ന സന്ദേശം ഫ്രാന്‌സിസ് പാപ്പാ എടുത്തുപറയുന്നു (Portuguese Bishops' Conference, 2003, ഇത് Laudato Si യില് ഉള്‌പ്പെടുത്തിയിരുന്നു). നല്ല സമരിയാക്കാരന്റെ കഥ ഒന്നുകൂടി ഓര്മിക്കാം. സമരിയാക്കാരനു നന്മചെയ്യാന് അടുത്തൊരു സത്രം ആവശ്യമായിരുന്നു അയാളുടെ പരിമിതികളില് നന്മയെ ഫലവത്താക്കാന് ഒരു സംവിധാനം ആവശ്യമായി വരുന്നുണ്ട്. പരസ്പരബന്ധവും പരിഗണനയുമാണ് ഭൂമിയുടെയും മനുഷ്യരാശിയുടെയും നിലനില്പ്പിനാധാരമായ ഉപവിയുടെ രാഷ്ട്രീയമെന്ന് ഇവിടെ വ്യക്തമാണല്ലോ.

ഇതാ മനുഷ്യൻ !

          'Ecce Homo'. മനുഷ്യനെക്കുറിച്ചുള്ള മനോഹരമായ പ്രസ്താവന ബൈബിളില് കാണാം. മുള്ക്കിരീടമണിഞ്ഞ്, വിവസ്ത്രനായി, ദണ്ഡനമേറ്റ്, കുരിശില് തറയ്ക്കപ്പെടാന് വിധിക്കപ്പെട്ട ഒരുവനെ ചൂണ്ടി പീലാത്തോസ് പറഞ്ഞു: 'ഇതാ മനുഷ്യന്' (ജോസഫ് റാറ്റ്‌സിങ്കര്, ക്രിസ്റ്റ്യാനിറ്റി ആന്റ് ദി ക്രൈസിസ് ഓഫ് കള്‌ച്ചേഴ്‌സ്, p.67). സഹനങ്ങളിലൂടെ കടന്നുപോകുന്ന കോടാനുകോടി മനുഷ്യരെ ഈ ക്രിസ്തുവില് കണ്ടെത്താം. മനുഷ്യന്, ജനത, ജനകീയം എന്നിങ്ങനെ വളരെ അടിസ്ഥാനതലത്തിലുള്ള പദങ്ങളുടെ ദാര്ശനിക വ്യാഖ്യാനങ്ങളിലൂടെയും മനുഷ്യദര്ശനത്തിലൂടെയുമാണ് ഫ്രാന്‌സിസ് പാപ്പായുടെ രാഷ്ട്രമീമാംസ പുരോഗമിക്കുന്നത്. 'ഫ്രത്തേലി തൂത്തി'യിലെ ആദ്യ നാല് അധ്യായങ്ങളും ഇതിനു ആവശ്യമായ അടിത്തറയൊരുക്കുന്നു. ഒരു തുറന്ന ലോകത്തെക്കുറിച്ചു സങ്കല്പ്പിക്കുന്നതിനും അതിന്റെ ഉല്ഭവത്തിനു പ്രയത്‌നിക്കാനും  മൂന്നാം അധ്യായം ആഹ്വാനം ചെയ്യുന്നത്, മനുഷ്യ-സാഹോദര്യത്തിലുള്ള വിശ്വാസത്തിലുറച്ചു നിന്നുകൊണ്ടാണ്. അവനവനില്തന്നെ പരിമിതനായി കഴിയുകയല്ല മനുഷ്യന്. അവനവനതീതനായി മാറാന് മനുഷ്യനു കഴിയും. മുഴുവന് സൃഷ്ടിക്കുംവേണ്ടി, അതിന്റെ രക്ഷകനാകാന് ഒരു മനുഷ്യനു കഴിഞ്ഞതിനെയാണ് പീലാത്തോസ് 'ഇതാ മനുഷ്യന്' എന്നടയാളപ്പെടുത്തിയത്. മനുഷ്യനില്, അതീതനായി മുന്നേറാനുള്ള സിദ്ധിയുണ്ട്. 'Man always has to takeup the challenge of moving beyond himself' (കാള് റാനര്, ക്ലൈനെസ് കിര്ഹന്യാര്, 1981). ഇങ്ങനെ സിദ്ധിവിശേഷമുള്ള മനുഷ്യന് അവനവനിലേക്കും അവന്റെതന്നെ സൃഷ്ടിയുടെ നിയന്ത്രണത്തിലേക്കും ചുരുങ്ങിപ്പോകുന്ന യുഗമാണിത്. വ്യക്തിയെ ' 'User' ' എന്നുവിളിക്കുന്ന രണ്ട് പ്രധാന ഇടങ്ങളുണ്ട്. 1. സാമൂഹ്യമാധ്യമങ്ങളില്  2. മയക്കുമരുന്ന് വില്പനയില്. ബെനഡിക്ട് 16-ാമന് പറയുന്നു, മനുഷ്യന് മനുഷ്യന്റെതന്നെ ഛായയിലേക്ക് പരിമിതപ്പെടുന്നു. പക്ഷെ ആരുടെ? ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ സാധ്യതകളെ പ്രകീര്ത്തിക്കുന്ന വേദപുസ്തകദര്ശനം ഇന്ന് ഏറെ  പ്രസക്തമാണ്,  മനുഷ്യനും ജനതയും ജനകീയതയും ചര്ച്ചചെയ്യുന്നിടത്ത്. വിശാല ലോകത്തിലേക്ക് ഹൃദയം തുറക്കുകയാണ് ഫ്രാന്‌സിസ് പാപ്പാ. അതിര്ത്തികളെയും പരിധികളെയും കുറിച്ചുള്ള ചിന്തകള് അത്തരമൊരു നിരീക്ഷണത്തിന്റെ ഭാഗമായി നാലാം അധ്യായത്തില് കടന്നുവരുന്നുണ്ട്. ഇത് രാജ്യാന്തരബന്ധങ്ങളുടെ രാഷ്ട്രീയം, മനുഷ്യന്റെ അതിര്ത്തികളില്ലാത്ത അടിസ്ഥാനവുമായി ചേര്ത്ത് പറയുന്നതിനാണ്. ഉട്ടോപ്യന് ആശയമല്ലിത് എന്ന് ഫ്രത്തേലി തൂത്തി എടുത്തുപറയുന്നു. ഭൂരിപക്ഷതാല്പര്യങ്ങളുടെ പേരിലുള്ള ക്ഷുദ്രരാഷ്ട്രീയ ആധിപത്യങ്ങള്ക്കിടയില് ദുര്ബലരോടുള്ള പരിഗണന മറയ്ക്കുന്നുവെന്ന ആശങ്ക വലിയ ഇടയന് പങ്കുവയ്ക്കുന്നു. ഇവിടെ ദുര്ബലരായ മനുഷ്യര്ക്കും ഇടംനല്കുന്ന വിശാല ലോകത്തെ വിഭാവനം ചെയ്യാനുള്ള പ്രാര്ത്ഥന വ്യക്തമാണ്.

മനുഷ്യവിമോചനത്തിന്റെ ആത്മീയത

          ജനത എന്ന വാക്കിന് വലിയ പ്രാധാന്യം ഈ ചര്ച്ചയിലുണ്ട്. യുക്ത്യനുസൃതമായി മാത്രം വ്യക്തമാകുന്നതല്ലത് (no.158). സാമൂഹ്യ സാംസ്‌കാരിക ബന്ധത്തില്‌നിന്നുയരുന്ന സവിശേഷതയിലും വ്യക്തിത്വത്തിലും ചേര്ന്നുകൊണ്ടുമാത്രമെ ജനതയുടെ ഭാഗമാവുകയെന്ന പ്രക്രിയ വിശദമാക്കാന് കഴിയൂ. എങ്ങനെയാണ് ഇത് സംഭവിക്കുന്നത്? സാവധാനം, കടമ്പകള് ഏറെക്കടന്നുള്ള പ്രക്രിയ, ഒരു പൊതുലക്ഷ്യത്തിലേക്കുള്ള പ്രയാണം. ഭൂരിപക്ഷങ്ങളെ രൂപപ്പെടുത്തുന്ന, പൊതുധാരകള് സൃഷ്ടിക്കുന്ന സാമൂഹ്യപ്രതിഭാസങ്ങള് ഇതിന്റെ ഭാഗമാണ്. ജനകീയവും പൊതുജനപ്രീണനവും (Popular, Populism) വ്യക്തമായി വേര്തിരിക്കേണ്ട രണ്ട് പദങ്ങളും പ്രയോഗവുമാണ്. പ്രീണന നയങ്ങളിലൂടെ താല്ക്കാലിക നേട്ടങ്ങളെ മാത്രമാശ്രയിക്കുന്ന തെരഞ്ഞെടുപ്പു രാഷ്ട്രീയം എങ്ങനെ മനുഷ്യനെയും ജനതയെയും ദീര്ഘവീക്ഷണത്തോടെ മുന്നോട്ടുകൊണ്ടുപോകും? തൊഴില്, ദാരിദ്ര്യം, വര്ഗീയത, വര്ണവിവേചനം, സാസ്‌കാരികവും മതാതിഷ്ഠിതവുമായ ശത്രുത തുടങ്ങിയ ഇടങ്ങളിലേക്ക് മാനവരാശിയെ തളച്ചിടുന്നത് മനുഷ്യവിമോചനത്തിന്റെ ആത്മീയത ഉള്‌ക്കൊള്ളാത്ത രാഷ്ട്രീയ ഭരണസംവിധാനങ്ങളുടെ പരാജയമാണെന്ന് പറയാന് ഫ്രാന്‌സിസ് പാപ്പാ കാണിച്ച ധൈര്യത്തിന് നന്ദിപറയാം. ഇതുവായിക്കുന്ന ഓരോ വ്യക്തിയും അവനവന്റെ രാജ്യത്തെയും സമൂഹത്തെയുംകുറിച്ച് ചിന്തിക്കാതെ 'ഫ്രത്തേലി തൂത്തി'യുടെ വായന പൂര്ണമാകില്ല. തൊഴില് എന്നാല് ദൈവം ഓരോരുത്തര്ക്കും നല്കിയ താലന്ത് പരിപോഷിപ്പിക്കുന്നിടമാണ്, ദരിദ്രര്ക്ക് നല്കാവുന്ന മികച്ച സഹായം അന്തസ്സുള്ള ജീവിതം നയിക്കാനുള്ള വഴി കണ്ടെത്തുകയാണ് (no.162). ജനതയുടെ വിമോചനത്തിനാധാരമാകുന്ന ഇത്തരം നിര്‌ദേശങ്ങള് രാഷ്ട്രീയമായ വെല്ലുവിളികളാണ്. യുദ്ധവും വധശിക്ഷയുമുള്‌പ്പെടെ വിവിധ വിഷയങ്ങളിലുള്ള വിയോജിപ്പ് രാഷ്ട്രീയമായി പരിഗണിക്കേണ്ട വിഷയംതന്നെയാണ്. ജോണ് ഇരുപത്തിമൂന്നാമന്റെ വാക്കുകള് 'ഫ്രത്തേലി തൂത്തി' ഉപയോഗിക്കുന്നു. ''It no longer makes sense to maintain that war is a fit instrument with which to repair the violation of justice'' (no.260). മുന്പുണ്ടായിരുന്നതിലും കുറെക്കൂടി മോശമായ അവസ്ഥയിലേക്ക് ഓരോ യുദ്ധവും ലോകത്തെ തള്ളിയിടുന്നുണ്ടെന്ന് ഫ്രാന്‌സിസ് പാപ്പാ വിലപിക്കുന്നു. മനുഷ്യത്വത്തിന്റെയും രാഷ്ട്രീയത്തിന്റെയും പരാജയമാണ് യുദ്ധമെന്നാണദ്ദേഹത്തിന്റെ നിരീക്ഷണം. ഓരോ പ്രദേശത്തിനും സാഹോദര്യത്തിന്റെ ശുശ്രൂഷ ലോകത്തില് ചെയ്യാന് കഴിയുമെന്ന ചിന്തയോടെയാണ് 'ഫ്രത്തേലി തൂത്തി' ഉപസംഹരിക്കുന്നത്. ഈ ചാക്രികലേഖനത്തിന്റെ അടിസ്ഥാനപ്രമേയമായി നിലകൊള്ളുന്നത് സാഹോദര്യവും സാമൂഹ്യസൗഹാര്ദവുമാണ് എന്നോര്മിക്കാം.

ഗാന്ധിജിയെ ഓർക്കുമ്പോൾ 

          ഭാരത കത്തോലിക്കാ മെത്രാന് സംഘത്തിന്റെ 'സമകാല വെല്ലുവിളികളോടുള്ള പ്രതികരണ'മെന്ന 2016-ലെ പഠനത്തില്‌നിന്നും പാപ്പാ ഉദ്ധരിക്കുന്നുണ്ട്. ''The goal of dialogue is to establish friendship, peace and harmony, and to share spiritual and moral values and experiences in a spirit of truth and love''. നമ്മുടെ രാജ്യത്തിന്റെ സാഹചര്യങ്ങളില് നിന്നുകൊണ്ടുള്ള നിരീക്ഷണമാണിത്. വ്യത്യസ്ത മതസാംസ്‌കാരിക ധാരകള്ക്കിടയില് സംവാദത്തിനു ഏറെ രാഷ്ട്രീയ മാനങ്ങളുണ്ട്. ക്രിസ്തീയ വ്യക്തിത്വത്തില് ഉറച്ചുനിന്നുകൊണ്ട് വ്യത്യസ്ത സാംസ്‌കാരികധാരകളെ മനസ്സിലാക്കാനും സംവാദത്തിലൂടെ നന്മയിലേക്ക് നയിക്കാനുമുള്ള ശ്രമങ്ങള്ക്ക് അവസാനമില്ല. ഏറെ ചര്ച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണല്ലോ തീവ്രവാദം. പാപ്പാ പറയുന്നു, 'terrorism must be condemned in all its forms and expressions' (no.283). അസ്സീസിയിലെ ഫ്രാന്‌സിസ് മുതല് ആഫ്രിക്കന് മരുഭൂമിയില് ഉപേക്ഷിക്കപ്പെട്ടവരോടൊപ്പം ചേര്ന്ന വിശുദ്ധ ചാള്‌സ് ദെ ഫൂക്കോ വരെ അനേകംപേര് ഫ്രാന്‌സിസ് പാപ്പായുടെ 'ഫ്രത്തേലി തൂത്തി'യെന്ന പ്രബോധനത്തിനു ഉത്തേജനമായി. കത്തോലിക്കരല്ലാത്ത മാര്ട്ടിന് ലൂഥര് ജൂണിയര്, ഡെസ്മണ്ട് ടുട്ടു എന്നിവര്‌ക്കൊപ്പം നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെയും പേര് എടുത്തുപറയുന്നത് അഭിമാനാര്ഹമാണ്. ഗാന്ധിജിയില്‌നിന്നും രാഷ്ട്രീയലക്ഷ്യങ്ങളിലേക്കുള്ള അഹിംസയുടെയും സത്യാഗ്രഹത്തിന്റെയും വഴികള് സ്വീകരിച്ച മഹാരഥന്മാര് നമുക്ക് നല്കുന്ന പാഠം വ്യക്തമാണ്. മാനവസാഹോദര്യത്തിന്റെ ലോകത്തിലെ അതിര്ത്തികളില്ലാതാക്കുന്ന മനുഷ്യവംശത്തിന്റെ സമഗ്രപുരോഗതി ലക്ഷ്യമാക്കുന്ന രാഷ്ട്രീയം നമുക്കുവേണം, അതിനിടയില് പതറരുത്, മുന്നോട്ട് പോവുകതന്നെ വേണം!

Comments

  • Wilsy Simon
    12-01-2021 06:30 PM

    Congratulations Fr.cibu

  • Fr. Sheen Palakkuzhy
    12-01-2021 03:21 PM

    സാരവത്തായ പഠനം. പറഞ്ഞതൊക്കെ പ്രവർത്തിച്ചു കാണിക്കണമെന്ന് ഉറപ്പായും ഒരു മറുചോദ്യമുയരുമെന്ന് ഉറപ്പുള്ള ഈ കാലത്ത് കൊല്ലാൻ നിൽക്കുന്നുവരേയും സോദരരെന്നു ഗണിക്കാൻ പാപ്പാ ഫ്രാൻസിസ് കാട്ടിയ ധൈര്യം - അത് ആദിമ ശ്ലീഹൻമാർക്ക് പരിശുദ്ധാത്മാവ് കൊടുത്ത ധൈര്യത്തിന്റെ പിൻതുടർച്ചയാണ്. അഭിനന്ദനങ്ങൾ സിബുവച്ചാ!

leave a reply

Related News