Foto

ടെലിവിഷൻ ടോക്ക് ഷോയിൽ ആദ്യമായി പങ്കെടുത്ത് ഫ്രാൻസിസ് മാർപാപ്പ

ടെലിവിഷൻ ടോക്ക് ഷോയിൽ ആദ്യമായി പങ്കെടുത്ത് ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: ടെലിവിഷൻ ടോക്ക് ഷോയിൽ ആദ്യമായി മുഖം കാണിച്ച് ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാൻസിസ് മാർപാപ്പ. ഇറ്റാലിയൻ ടെലവിഷൻ നെറ്റ് വർക്കിന്റെ ചാനലായ RAl 3 യിൽ “കെ തെംപോ കെ ഫാ ” (“Che tempo che fa”) എന്ന പരിപാടിയിലാണ് പാപ്പ പങ്കെടുത്തത്. വ്യക്തിപരമായ സൗഹൃദം, കുടിയേറ്റം തുടങ്ങിയവയെക്കുറിച്ചായിരുന്നു വിഷയങ്ങളായത്. ഇറ്റാലിയൻ ടിവി അവതാരകനായ ഫാബിയോ ഫാത്സിയോയാണ് ഞായറാഴ്ച രാത്രി സംപ്രേഷണം ചെയ്ത പരിപാടിയില്‍ പാപ്പയുമായി അഭിമുഖ സംഭാഷണം നടത്തിയത്. എങ്ങനെയാണ് ലോകത്തിലുള്ള ദുരിത ദു:ഖങ്ങളുടെ പറയാനാവാത്തത്രയും ഭാരം താങ്ങാൻ കഴിയുന്നതെന്ന ചോദ്യത്തിന്, “എന്നെ മുഴുവൻ സഭയും സഹായിക്കുന്നു” എന്നായിരിന്നു പാപ്പയുടെ മറുപടി.

യുദ്ധം, കുടിയേറ്റം, സൃഷ്ടിയുടെ സുരക്ഷിതത്വം, മാതാപിതാക്കളും കുട്ടികളുമായുള്ള ബന്ധം, തിന്മയും ദുരിതവും, പ്രാർത്ഥന, സഭയുടെ ഭാവി, സുഹൃത്തുക്കളുടെ ആവശ്യകത തുടങ്ങി ഇറ്റാലിയൻ അവതാരകന്റെ നിരവധിയായ ചോദ്യങ്ങൾക്ക് പാപ്പ ഉത്തരങ്ങൾ നൽകി. ഒരു വർഷം ആയുധ നിർമ്മാണം നിർത്തിവെച്ചാൽ ലോകത്തിനു മുഴുവൻ ഭക്ഷണവും, വിദ്യാഭ്യാസവും സൗജന്യമായി നൽകാന്‍ കഴിയുമെന്ന് ഫ്രാൻസിസ് പാപ്പ ചൂണ്ടിക്കാട്ടി. കുടിയേറ്റവും യുദ്ധവുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള ചോദ്യത്തിന് ഉത്തരം നല്‍കിയപ്പോഴാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

കുടിയേറ്റത്തിനിടെ കടൽത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സിറിയൻ കുഞ്ഞ് അലൻ കുർദ്ദിയെ പോലെ നാമറിയാതെ നിരവധി കുട്ടികൾ തണുപ്പിൽ ദിവസവും മരിക്കുന്നുവെന്ന്പാപ്പ സ്മരിച്ചു. സൃഷ്ടിയുടെ വിപരീത അർത്ഥമാണ് യുദ്ധമെന്നും അത് കൊണ്ടാണ് യുദ്ധം എപ്പോഴും വിനാശം വിതയ്ക്കുന്നതെന്നും പാപ്പ പറഞ്ഞു. ഉദാഹരണത്തിന് മണ്ണിലെ കരവേലയും, കുട്ടികളെ നോക്കലും, കുടുംബം കെട്ടിപ്പെടുക്കുന്നതും, സമൂഹത്തെ വളർത്തുകയും ചെയ്യുന്ന പണിതുയർത്തലാണ്. എന്നാൽ യുദ്ധം ചെയ്യുക എന്നാൽ എല്ലാം നശിപ്പിക്കുകയാണെന്ന് പാപ്പ വിശദീകരിച്ചു.

സഭയിൽ ഇന്നുള്ള ഏറ്റവും വലിയ തിന്മ പൗരോഹിത്യ മേധാവിത്വമാണെന്ന് പാപ്പ അഭിമുഖത്തില്‍ സൂചിപ്പിച്ചുവെന്ന് വത്തിക്കാന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. പൗരോഹിത്യ മേധാവിത്വത്തില്‍ നിന്ന് കാർക്കശ്യം ഉണ്ടാവുന്നു. സഭ മുന്നോട്ടു പോകുന്നത് ദൈവത്തിന്റെ ശക്തിയിലും കരുണയിലും പരിശുദ്ധാത്മാവിന്റെ ശക്തിയിലുമുള്ള ആശ്രയത്വത്തിലുമാണ്. സ്വന്തം കഴിവു കൊണ്ട് മുന്നോട്ടു പോകാമെന്ന ചിന്തയും ദൈവമില്ലാത്ത ആത്മീയതയും അജപാലന മനോഭാവത്തെ നശിപ്പിക്കുമെന്നും പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.

Comments

leave a reply

Related News