Foto

പുതിയ അധ്യയന വർഷവും പുത്തൻ സാധ്യതകളും

പുതിയ അധ്യയന വർഷവും പുത്തൻ സാധ്യതകളും

കൊട്ടിഘോഷങ്ങളും തോരണങ്ങളും കളിപ്പാട്ടങ്ങളുമില്ലാതെ, ഓൺലൈൻ പ്രവേശനോൽസവങ്ങളുടെ മാത്രം അകമ്പടിയോടെ പുതിയൊരു അക്കാദമിക വർഷം ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ലോക് ഡൗണിൻ്റെ പ്രത്യേക പശ്ചാത്തലത്തിൽ  ഇക്കാലമത്രയും കേരളം കണ്ടു ശീലിച്ച, മഴ നനഞ്ഞെത്തുന്ന കുട്ടി കൂട്ടത്തിൻ്റെ സ്വാഭാവിക കാഴ്ച, ജൂൺ രണ്ടാം തീയ്യതിയിലെ മലയാള ദിനപത്രത്തിൻ്റെ മുൻത്താളുകളിൽ കണ്ടില്ല.ക്ലാസ്സ് മുറികളിലെ ആർത്തലച്ചു കരയുന്ന കുരുന്നുകൾക്കും ജനലരികുകളിൽ നിന്ന് വിങ്ങിപ്പൊട്ടുന്ന മാതൃത്വത്തിനും ആശ്വാസവാക്കുകളുമായെത്തുന്ന അധ്യാപക വൃന്ദത്തിനും പകരം, ഓൺലൈൻ ക്ലാസ്സുകളുടെ തിരക്കുപിടിച്ച ആസൂത്രണത്തിനും ഓൺലൈൻ പ്രവേശനോൽസവങ്ങളുടെ ക്രിയാ ശേഷിക്കുമാണ്, നമ്മുടെ വിദ്യാലയങ്ങളും വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും  സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ വർഷത്തിൽ, സ്കൂൾതലംവരെയാശ്രയിച്ചിരുന്ന വിക്ടേഴ്സ് ചാനലിലെ ക്ലാസ്സുകൾക്കൊപ്പം തന്നെ സൂം ആപ്പും  ഗൂഗിൾ മീറ്റും മൂഡിലുമൊക്കെയായി ഓൺലൈൻ ക്ലാസ്സുകളിലൂടെയും വെബിനാറുകളിലൂടെയും  അധ്യാപകർ ഇതിനകം തന്നെ അരങ്ങു തകർത്തു തുടങ്ങി.കോവിഡെന്ന മഹാമാരി തീർത്ത ഓൺലൈൻ പഠന ക്രമത്തിൻ്റെ പശ്ചാത്തലത്തിൽ, ഗുരുശിഷ്യ ബന്ധങ്ങളും അധ്യയന ചിട്ടവട്ടങ്ങളുമൊക്കെ സ്വാഭാവികമായും ഇവിടെ പുനർനിർവചിക്കപ്പെടുകയാണ്.

കാലാക്കാലങ്ങളായി നാം തുടർന്നു വരുന്ന, ബൌദ്ധിക വികാസത്തെ മാത്രം ലക്ഷ്യം വെച്ചുള്ള പഠന പ്രക്രിയയും അനുബന്ധ പ്രവർത്തനങ്ങളും വിദ്യാർത്ഥികളുടെ വൈകാരിക പക്വതയേയും മാനസിക നിലവാരത്തെയും ദോഷകരമായി ബാധിക്കുന്നുണ്ടെന്നത്, പകൽ വെളിച്ചം പോലെ സത്യമാണ്. കുടുംബവും വിദ്യാലയങ്ങളും അവരിലെ ബൌദ്ധിക ശേഷിയ്ക്ക് കൊടുക്കുന്ന അമിത പ്രാധാന്യമാകാം, ഇത്തരത്തിലൊരു പ്രശ്നത്തിലേയ്ക്ക് നമ്മുടെ ഇളംതലമുറയെ കൊണ്ടുചെന്നെത്തിക്കുന്നത്. പിറക്കുമ്പോൾ തന്നെ, കുട്ടിയെ ഡോക്ടറും കളക്ടറും ആക്കാനുളള വ്യഗ്രതയ്ക്കിടയിൽ, അവർക്ക് സംലഭ്യമാകേണ്ട മാനസികവും വൈകാരികമായ പക്വതയെ ചുരുങ്ങിയ പക്ഷം മാതാപിതാക്കളെങ്കിലും ഗൌരവതരമായെടുക്കുന്നില്ലെന്നതാണ്, യാഥാർത്ഥ്യം.കോവിഡിൻ്റെ ഒന്നും രണ്ടും തരംഗങ്ങളെ തുടർന്ന്, ഒൻപതാം ക്ലാസ്സ് ഉൾപ്പടെയുള്ള വിദ്യാർത്ഥികൾക്ക് വാർഷിക പരീക്ഷകളുടെ അമിത ഭാരമില്ലാതെ തന്നെ സ്ഥാനക്കയറ്റം ലഭിച്ചിരുന്നു.പൊതു പരീക്ഷകൾ പലതും നടക്കാത്തതും ഇതിൻ്റെെ കൂടി പശ്ചാചാത്തലത്തിൽ തുടർപഠന മാനകങ്ങൾ പുന:ക്രമീകരിച്ചതും നമുക്ക് ഈ അക്കാദമിക വർഷത്തിൽ അനുഭവവേദ്യമായതുമാണ്.

ഇന്റർനെറ്റിൻ്റെയും സാമൂഹ്യ മാധ്യമങ്ങളുടേയും അനന്ത സാധ്യതകളുപയോഗിച്ച് പഠനം കൂടുതൽ എളുപ്പമാക്കാനും അതുവഴി വലിയ ബൌദ്ധിക നേട്ടങ്ങൾ, കുതിര വേഗത്തിൽ തന്നെ കൈവരിക്കാനുമുള്ള ഇരുകൂട്ടരുടേയും (അധ്യാപകരും രക്ഷിതാക്കളും) ശ്രമങ്ങളെ പ്രശംസിക്കാതെ വയ്യ.ഹൈടെക് അധ്യാപകരും മാതൃകാ വിദ്യാലയങ്ങളും സാങ്കേതിക വിദ്യകൾ അനായാസം കൈകാര്യം ചെയ്യുന്ന വിദ്യാർത്ഥി തലമുറയും ഈ പതിറ്റാണ്ടിന്റെ അനിവാര്യത കൂടിയാണെന്ന കാര്യത്തിൽ തർക്ക - വിതർക്കങ്ങളുമില്ല.എന്നാൽ അതിൻ്റെ പ്രായോഗികതയും സംവേദനക്ഷമതയും ഉറപ്പുവരുത്താനുള്ള ബാധ്യതയും ഇരുകൂട്ടർക്കുമുണ്ട്. ഈ സാധ്യതകൾക്കൊപ്പം തന്നെ നമ്മുടെ ചിന്തയ്ക്കു വിധേയമാകേണ്ടതാണ് വിദ്യാർത്ഥികളുടെ മാനസിക നിലവാരവും വൈകാരിക പക്വതയും.അവയ്ക്കു സാമാന്യ പ്രാധാന്യം നൽകാതെ അക്കാദമിക കാര്യങ്ങൾക്കു മാത്രം ഈ കോവിഡു കാലത്ത് നാം പ്രാമുഖ്യം കൊടുത്താൽ അതിൻ്റെ അനുരണനങ്ങൾ, കോവഡ്ഭീതിയൊഴിഞ്ഞാലും പൊതു സമൂഹത്തിൽ നിലനിൽക്കുമെന്നത് വസ്തുത തന്നെയാണ്.

പ്രശസ്ത ചിന്തകനും മന:ശാസ്ത്രഞ്ജനുമായ ബെഞ്ചമിൻ ബ്ലൂം പറഞ്ഞു വച്ച ബൗദ്ധിക മേഖലയിൽ മാത്രമായി, നാം ബദ്ധശ്രദ്ധരാകുന്നത്, വലിയ കുഴപ്പത്തിലേയ്ക്കാണ് നമ്മുടെ
പുതു തലമുറയെ കൊണ്ടുചെന്നെത്തിക്കുന്നത്. അതായത് മക്കളുടെ ബൌദ്ധിക നിലവാരത്തിന്, വലിയ പ്രാമുഖ്യം നൽകുന്ന മാതാപിതാക്കളും അധ്യാപക സമൂഹവും, അത്ര തന്നെ ശ്രദ്ധ കൊടുക്കാത്ത വൈകാരിക വികാസത്തിന്റെ പരിമിതി, വിദ്യാർത്ഥികളിൽ തീർക്കുന്ന പ്രക്ഷുബ്ദ്ധമായ അന്തരീക്ഷം, സാക്ഷര കേരളത്തിലും ആപൽക്കരമായ ഒരു സാഹചര്യം ഉണ്ടാക്കുന്നുണ്ടെന്നത് പറയാതെ വയ്യ.  എന്താണ് നമ്മുടെ കുട്ടികൾക്കും പുതുതലമുറക്കും സംഭവിക്കുന്നത്? മറ്റു വാക്കുകളിൽ പറഞ്ഞാൽ അവരെ മാനസികമായും വൈകാരികമായും വളർച്ചയിലേയ്ക്കും പക്വതയിലേയ്ക്കും എത്തിക്കാൻ എന്തു കൊണ്ട് നമുക്ക് സാധിക്കുന്നില്ല? അല്ലെങ്കിൽ ക്ഷമിക്കാനും പരസ്പരം വിട്ടുവീഴ്ച ചെയ്യാനും സഹകരണ മനോഭാവത്തോടെയും ത്യാഗ മനോഭാവത്തോടെയും പരസ്പ്പരം മനസ്സിലാക്കാനും ഒപ്പം സ്നേഹിക്കുവാനും നൈമഷികമായ വികാര വിക്ഷോഭങ്ങളെ നിയന്ത്രിക്കുവാനും നമ്മുടെ കുട്ടികളെ നാം എന്തുകൊണ്ട് പരിശീലിപ്പിക്കുന്നില്ല.?ചുരുക്കിപ്പറഞ്ഞാൽ, രാഷ്ട്രപിതാവായ ഗാന്ധിജി, വിദ്യാഭ്യാസ പ്രക്രിയ സംബന്ധിച്ച് പൊതു സമൂഹത്തിനു മുൻപിൽ വെച്ച, വിദ്യാർത്ഥിയുടെ സമഗ്ര വികസനമെന്ന ആശയത്തിലേക്ക് നമ്മൾ, ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നു വ്യക്തം.അതായത് കുട്ടിയുടെ വൈകാരിക മണ്ഡലത്തിനു  പ്രാമുഖ്യം നൽകി, അവരിൽ  സമഗ്രവികസനം ഉറപ്പ് വരുത്തേണ്ടതുണ്ട്. അവരിൽ നാം കുത്തി നിറക്കുന്ന ബൗദ്ധികപരമായ വളർച്ചക്കൊപ്പം തന്നെ, അവരുടെ വൈകാരിക വികാസം നാം ലക്ഷ്യം വെയ്ക്കണം. അങ്ങനെയുള്ള ഒരു തലമുറയിലൂടെ മാത്രമേ, നാടിന്റെ സാമൂഹ്യപരമായ ഒരു വികസനം, നമുക്ക് അവകാശപ്പെടാനാകൂ.അപ്പോൾ നാം രക്ഷിതാക്കൾക്കും അധ്യാപകർക്കും ഇപ്പോൾ വേണ്ടത്, ഉയർന്ന ചിന്താശേഷിയും നൻമയിലേയ്ക്കുള്ള ഉറച്ച കാൽവെയ്പ്പുകളുമാണ്. മികച്ച ആശയ വിനിമയ ശേഷിയിലൂടെയും സംവേദനക്ഷമതയിലൂടെയുമാണ് അത്തരമൊരു നേട്ടം നമുക്ക് കൈവരിയ്ക്കാനാവുക. അതിന് വിദ്യാർത്ഥി സമൂഹത്തെ പ്രാപ്തരാക്കുകയെന്നത് കൂടി, മാതാപിതാക്കളുടേയും അധ്യാപകരുടേയും വിദ്യാലയങ്ങങളുടേയും സർവ്വോവോപരി സർക്കാരിൻ്റേയും കൂടി ദൗത്യമാണ്. അത്തരത്തിൽ സർഗ്ഗശേഷിയുള്ള ഒരു പുതു തലമുറയുടെ രൂപീകരണത്തിന്, കുടുംബ - വിദ്യാലയ -സർക്കാർ തലങ്ങളിൽ  പ്രായോഗികമാക്കാവുന്ന ചില നിർദ്ദേങ്ങ്ൾ സമർപ്പിക്കുകയാണിവിടെ.

I. കുട്ടികളിലെ ആശയ വിനിമയ ശേഷി വർദ്ധിപ്പിക്കുക.

കാര്യങ്ങളെ മനസ്സിലാക്കാനുള്ള പക്വതയിലെത്തിച്ചേരുക, പരന്ന വായനയിലൂടെയും ആളുകളുമായുള്ള സംസർഗത്തിലൂടെയുമാണ്. വാക്കുകൾക്കും പ്രയോഗങ്ങൾക്കും അതിനാൽ തന്നെ വലിയ പ്രസക്തിയുമുണ്ട്.പുതിയ വാക്കുകളും പ്രയോഗങ്ങളും പഠിയ്ക്കാനും ആശയങ്ങളെ മികവുറ്റ രീതിയിൽ കൈമാറ്റം ചെയ്യാനും സ്കൂൾ കാലയളവിൽ അവരെ പ്രാപ്തരാക്കാനുള്ള ശ്രമങ്ങളുണ്ടാകണം. സ്കൂൾ തല ക്ലബുകളുടെ പ്രവർത്തനങ്ങളിൽ, സംസ്ഥാന തലത്തിൽ തന്നെ കൃത്യമായ ആസൂത്രണമുണ്ടാകേണ്ടതുണ്ട്. പുസതകങ്ങളിലൂടെയും പത്രത്താളുകളിലൂടെയും അറിവിന്റെയും പൊതു വിജ്ഞാനത്തിന്റേയും ലോകത്തേയ്ക്ക് അവരെയാനയിയ്ക്കാനുള്ള ശ്രമങ്ങൾ സ്കൂകൂൾ ലൈബ്രറിികൾ കേന്ദ്രീ്രീകരിച്ച് വേണം. പരിശീലനം സിദ്ധിച്ച ലൈബ്രേറിയൻ്റെ നിയമനം, ഇത്തരുണത്തിൽ സർക്കാരിൻ്റെ പരിഗണനാാ വിഷയം കൂടിയാകണം. പ്രാദേശികമായി സ്ഥിതി ചെയ്യുന്ന ലൈബ്രറികളുടെ ഉപയോഗം ഈ അവസരത്തിൽ പ്രോൽസാഹിയ്ക്കപ്പെടേണ്ടതാണ്. ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ ലഭ്യമാകുന്ന ഡിജിറ്റൽ ലൈബ്രറികളുടെ സേവനവും ഉപയോഗിക്കാൻ അവരെ പരിശീലിപ്പിക്കാവുന്നതാണ്.

II. വിദ്യാർത്ഥികളുടെ വിവേചനാ ബുദ്ധിയും അധ്യാപക ഇടപെടലുകളും.

നരവംശശാസ്ത്രജ്ഞരുടെ നിഗമനത്തിൽ, മറ്റു സൃഷ്ടി ജാലങ്ങളിൽ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്നത്, അവൻ്റെ വിവേചനാ ബുദ്ധിയാണ്. ശരിയും തെറ്റും നിർവചിച്ച്, മനുഷ്യനെ ശരിയുടെ പക്ഷത്തേയ്ക്ക് ചേർത്തു നിർത്തുന്നതും ഈ വിവേചനാശേഷിയാണ്.കാലികമായി പരിശോധിച്ചാൽ, മനുജന്റെ ഈ വിവേചനാശേഷി വിപരീതാന്നുപാതത്തിലാണെന്നു കാണാം. ബൌദ്ധികപരമായ കാര്യങ്ങൾക്കു വിദ്യാലയങ്ങൾ നൽകുന്ന അതേ പ്രാമുഖ്യം, പൊതു വിഷയങ്ങളിലെ അഭിപ്രായ സ്വരൂപികരണത്തിനും പൊതു നൻമ ലഭ്യമാകേണ്ടയടങ്ങളിലും ഉണ്ടാകണം. ഒപ്പം അധ്യാപകർ, കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലെ തിരുത്തലുകാർ കൂടിയാകേണ്ടതുണ്ട്. നേരിട്ടുള്ള വിദ്യാഭ്യാസ പ്രക്രിയയിൽ നേരിട്ടുള്ള പരിശീലനത്തിനും തിരുത്തലുകൾക്കുമുണ്ടായിരുന്ന വലിയ സാധ്യത ഇവിടെ, ഓൺലൈൻ തലത്തിൽ ഇല്ലാതെ പോകുന്നതിൻ്റെ പശ്ചാത്തലത്തിൽ മാസത്തിലൊരിക്കലെങ്കിലും വിദ്യാർത്ഥികളെ നേരിട്ടോ ഫോണിലൂടെയോ ബന്ധപ്പെട്ട്, അവശ്യം വേണ്ട നിർദ്ദേശങ്ങൾ നൽകാൽ അധ്യാപകർ മുന്നിട്ടിറങ്ങണം. അങ്ങിനെ വിദ്യാർത്ഥികളിലെ നല്ല മാറ്റങ്ങൾക്കുള്ള സാധ്യത പരിശോധിച്ച്, മാറ്റങ്ങൾ ഉറപ്പാക്കേണ്ട ഉത്തരവാദിത്വത്തിൽ നിന്നും അധ്യാപകർ ഒഴിഞ്ഞു മാറരുത്.

III. രക്ഷിതാക്കൾക്കും പരിശീലനം

നല്ല തലമുറയെ വാർത്തെടുക്കുന്നതിലെ പ്രാഥമിക പരിശീലനക്കളരികൾ കുടുംബങ്ങൾ തന്നെയാണ്. കുട്ടിത്തത്തിൽ രൂപപ്പെടുന്ന ചിന്തകളും പ്രവർത്തനങ്ങളും തന്നെയാണ് അവരുടെ സ്വഭാവത്തിൻ്റെ പ്രാഥമിക അടിത്തറ. തുല്യതയുടെയും സമത്വത്തിന്റെയും പാഠങ്ങൾ അവർ പഠിക്കേണ്ടത് കുടുംബങ്ങളിൽ നിന്നു തന്നെയാണ്.പുരുഷനും സ്ത്രീയും പരമ്പരാഗതമായി കുടുംബങ്ങളിൽ പിന്തുടരുന്ന ജോലികൾ, പരസ്പരം പങ്കുവെച്ച്, തൊഴിലിന്റെ മാഹാത്മ്യം അവരെ പഠിപ്പിക്കുകയെന്നതും മുതിർന്നവരുടെ ഉത്തരവാദിത്വമാണ്. കൃഷിയും പരമ്പരാഗത ശൈലികളും മുതിർന്നവരുടെത് മാത്രമാകാതെ, ഇളം തലമുറയിലേയ്ക്കും അത് വ്യാപിപ്പിക്കാൻ നിതാന്ത ശ്രമങ്ങളുണ്ടാകണം. അതിനാവശ്യമായ പരിശീലനവും ആസൂത്രണവും കുടുംബങ്ങളിൽ നിന്നു തന്നെ തുടങ്ങേണ്ടതുണ്ട്. സ്കൂൾ കരിക്കുലത്തിൽ, കുടുംബവും പരാമർശവിധേയമാകേണ്ടതും കുടുംബങ്ങളിൽ നിന്നും ചെയ്യാവുന്ന പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ ആവശ്യമായ പരിശീലനം, വർഷത്തിൽ രണ്ടു തവണയെങ്കിലും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നൽകാവുന്നതുമാണ്.

IV.ലൈംഗികവിദ്യാഭ്യാസത്തിന്റെ അനിവാര്യത

സ്ത്രീകൾക്കും പ്രത്യേകിച്ചും കുട്ടികൾക്കും നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ നിർബാധം തുടരുന്ന ഒരു സാമൂഹ്യ വ്യവസ്ഥിതിയിലേയ്ക്ക് നമ്മുടെ നാട് മാറിക്കൊണ്ടിരിക്കുന്നുവെന്നത് ഇന്നിന്റെ നടുക്കുന്ന യാഥാർത്ഥ്യമാണ്. രജിസ്റ്റർ ചെയ്യപ്പെടുന്ന പോക്സോ കേസുകളുടെ എണ്ണത്തേക്കാൾ എത്രയോ മടങ്ങധികമാണ്, നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നവ. വിദ്യാലയ കാലയളവ്, "വ്യക്തികളെ പരസ്പരം അടുത്തറിയാനും
മനസ്സിലാക്കാനുമുള്ള കാലയളവ് " കൂടിയാണെന്നും നമ്മുടെ കുട്ടികൾക്ക്
പറഞ്ഞു കൊടുക്കേണ്ടതുണ്ട്.തെരഞ്ഞെടുപ്പിന്റെ ആ കാലയളവിൽ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെ കുറിച്ചും അയാളുടെ പ്രാഥമികവും മൗലികവുമായ അവകാശങ്ങളെ കുറിച്ചും അവരെ പഠിപ്പിക്കുകയും വേണം.ആർത്തവത്തെ കുറിച്ചും ആ സമയങ്ങളിൽ അവരനുഭവിക്കുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെ കുറിച്ചും പഠിപ്പിക്കുമ്പോൾ, ഒരു സംശയവും വേണ്ട; ആൺകുട്ടികളിൽ രൂപപ്പെടുക സഹാനുഭൂതിയും പരസ്പര ആശ്രയ ബോധവും തന്നെയാണ്.ബീജവും അണ്ഡവും സംയോജിച്ച്, ഭ്രൂണമുണ്ടാകുന്നുവെന്ന ജൈവശാസ്ത്രപരമായ പഠനങ്ങൾക്കൊപ്പം, പരസ്പരബഹുമാനം നിലനിർത്തുന്ന ലൈംഗിക വിദ്യാഭ്യാസവും നമ്മുടെ ക്ലാസ്സ് മുറികളിലുണ്ടായേ തീരൂ. എട്ടാം ക്ലാസ്സുമുതലെങ്കിലും ലൈംഗിക വിദ്യാഭ്യാസം, കരിക്കുലത്തിലുൾപ്പെടുത്തി, നമ്മുടെ കുട്ടികൾക്ക് ലഭ്യമാക്കേേണ്ടതുണ്ട്.

V.വിദ്യാർത്ഥികളുടെ മാനസികാരോഗ്യം

കോവിഡനന്തര കേരളത്തിലെ വിദ്യാർത്ഥികളുടെ മാനസികാരോഗ്യം, വളരെ ഗൗരവതരമായി തന്നെ കണക്കിലെടുക്കേണ്ടതാണ്.പഠനാന്തരീക്ഷത്തിൽ നിന്നും പഠന പ്രക്രിയയിൽ നിന്നും, ഒരു മുഴുവൻ അധ്യയന വർഷം പൂർണ്ണമായി
മാറി നിന്ന വിദ്യാർത്ഥികളാണ്, സ്വാഭാവികമായി ഈ അധ്യയന വർഷാരംഭത്തിൽ നേരിട്ടല്ലെങ്കിലും വിദ്യാലയാന്തരീക്ഷത്തിലേക്കെത്തുന്നത്. മാത്രവുമല്ല; വിദ്യാലയങ്ങളിൽ വാർഷിക പരീക്ഷകളുടെ പഠനഭാരം അൽപ്പം പോലും പേറാതെയാണ്, അവർക്ക് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നതും. അതായത് പഠനവുമായും പരീക്ഷയുമായും ബന്ധപ്പെട്ട് യാതൊരു വിധ സമ്മർദ്ദവുമില്ലാതിരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് അവർ കഴിഞ്ഞ കുറച്ചു കാലം സഞ്ചരിച്ചിരുന്നതെന്ന് വ്യക്തം.പുതിയ അധ്യയന വർഷത്തിലേയ്ക്കു പ്രവേശിക്കുമ്പോൾ, സ്വാഭാവിികമായും അവരെെത്തിച്ചേ്ചേരുന്നത്, ഓൺലൈൻ ക്ലാസ്സുകൾ തീർക്കുന്ന  ഹോം വർക്കുകളുടേയും പരീക്ഷകളുടെയും സമ്മർദ്ദങ്ങളിലേയ്ക്കാണ്.

വിദ്യാർത്ഥികൾക്ക് അനുഭവവേദ്യമായ ഇത്തരം വേദനാജനകമായ സാഹചര്യങ്ങളെ, വിദ്യാലയങ്ങളിൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ നേരിട്ടല്ലെങ്കിലും അഭിമുഖീകരിക്കേണ്ടി വരുന്നത്, അധ്യാപകരാണ്. അതു കൊണ്ടു തന്നെ, വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിന് പ്രാമുഖ്യം കിട്ടത്തക്ക രീതിയിൽ അധ്യാപകർക്ക് പരിശീലനം ലഭ്യമാക്കണം. വിദ്യാർത്ഥികളുടെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ക്ലാസ്സുകൾ ആരംഭിക്കുന്ന മുറയ്ക്ക്, അക്കാദമിക വർഷത്തിന്റെ ആദ്യ പാദത്തിലെങ്കിലും, ബ്ലോക്ക് റിസോഴ്സ് സെന്ററുകൾ കേന്ദ്രീകരിച്ച്, പരിശീലനം ലഭിച്ച മാനസികാരോഗ്യ വിദഗ്ദരുടെ സേവനം, ആഴ്ചയിലൊരിക്കൽ ഒരു സ്കൂളിനു കിട്ടത്തക്ക രീതിയിൽ ക്രമീകരിക്കണം. കലാലയങ്ങളിൽ കൗൺസലിംഗ് സെന്ററുകൾ കേന്ദ്രീകരിച്ച്, വിദ്യാർത്ഥികൾക്ക് കൗൺസലിങ്ങിനുള്ള സൗകര്യമൊരുക്കുകയും എൻ.എസ്.എസ്.- എൻ.സി.സി. വളണ്ടിയർമാരുടെ നേതൃത്വത്തിൽ അത്തരക്കാരെ കണ്ടെത്തി, കൗൺസലിംഗിനു വിധേയരാക്കാനുള്ള ശ്രമങ്ങൾ നടത്തുകയും വേണം.

VI. ഓൺലൈൻ ക്ലാസ്സുകൾ ഏവർക്കും അനുഭവവേദ്യമാക്കണം

ഓൺലൈൻ ക്ലാസ്സുകളുടെ ബഹളത്തിനിടയിൽ നാം ഇപ്പോഴും കാണാതെ പോകുന്ന നിരവധി യാഥാർത്ഥ്യങ്ങളുണ്ട്. സ്വന്തമായി സ്മാർട് ഫോണും കംപ്യൂട്ടറും ഇന്റർനെറ്റ് ലഭ്യതയും ഇല്ലാത്ത വിദ്യാർത്ഥികൾ, ഇപ്പോഴും നമ്മുടെ ചുറ്റിലുമുണ്ട്. വിക്ടർ ചാനലിലെ ക്ലാസ്സുകൾക്കപ്പുറം, എല്ലാ സ്കൂളുകളും കഴിഞ്ഞ വർഷം തന്നെ ഗൂഗിൾ മീറ്റുൾപ്പടെയുള്ള സങ്കേതങ്ങൾ വഴി, ക്ലാസ്സുകൾ ക്രമീകരിച്ചിരുന്നുവെന്നത് അഭിനന്ദനാർഹമാണ്. വിദ്യാലയങ്ങളിൽ നിന്നുള്ള കണക്കുകൾ പരിശോധിച്ചാൽ,ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത വിദ്യാർത്ഥികൾ ഓരോ പ്രദേശത്തിലുമുണ്ടെന്നു മനസ്സിലാക്കാം. സ്മാർട്ടു ഫോൺ കുടുംബാംഗത്തിനുണ്ടെങ്കിൽ തന്നെ അയാളുടെ സംലഭ്യതയ്ക്കനുസരിച്ച് മാത്രമേ, ഉപയോഗക്രമം വീട്ടിലെ കുട്ടികൾക്കു നിശ്ചയിക്കാനാകൂ. ഒന്നിലധികം കുട്ടികളുള്ള കുടുംബമാണെങ്കിൽ, ഈ ക്രമം മാനേജ് ചെയ്യുകയെന്നതും ബുദ്ധിമുട്ടാണ്. ഒപ്പം വീടിരിക്കുന്ന സ്ഥലത്തെ കണക്ഷൻ സ്പീഡും  ഇൻ്റർനെറ്റിൻ്റെ ലഭ്യതയുമൊക്കെ ഒരവശ്യ ഘടകവുമാണ്.

അപ്പോൾ, ചെയ്യാവുന്ന സാധ്യത, സൗജന്യമായി ലഭിക്കുന്ന ഗൂഗിൾ ക്ലാസ് റൂം പോലുള്ള സോഫ്റ്റ് വെയറുകളും സൂം, ഗൂഗിൾ മീറ്റ് തുടങ്ങിയ ആപ്പുകളുപയോഗിച്ച് ഓൺലൈൻ പഠനാന്തരീക്ഷമൊരുക്കുകയെന്നതാണ്.ഇതോടൊപ്പം തന്നെ വിദ്യാർത്ഥികൾക്കു വേണ്ട സ്റ്റഡി മെറ്റീരിയലുകൾ വിതരണം ചെയ്യാനുള്ള സാധ്യതകൾ കൂടി ഉപയോഗപ്പെടുത്താവുന്നതാണ്.ആവശ്യമായ വീഡിയോ ക്ലാസുകൾ അവരവരുടെ മൊബൈലിൽ തന്നെ റെക്കോഡ് ചെയ്ത്, അധ്യാപകർക്ക് യൂട്യൂബിൽ അപ് ലോഡ് ചെയ്യാവുന്നതും. ഇവയുടെ ലിങ്ക്, അതാതു ക്ലാസ്സിലെ വിദ്യാർത്ഥികളുടെ വാട്സ്ആപ് ഗ്രൂപ്പ് വഴി അവർക്ക് നൽകാവുന്നതുമാണ്.

VII. ലബോറട്ടറികൾ മെച്ചപ്പെടുത്തൽ

സ്കൂൾ നിലവാരത്തെ നേരിട്ടു ബാധിക്കുന്ന ഒന്നാണ്, സ്കൂൾ ലബോറട്ടറിയുടെ പ്രവർത്തനം. മിക്കവാറും സ്കൂളുകൾ കേന്ദ്രീകരിച്ച്, ലബോറട്ടറികൾ ഉണ്ടെങ്കിലും അവ വിദ്യാർത്ഥികൾക്ക് സംലഭ്യമാകുന്നില്ലെന്നത് യാഥാർത്ഥ്യമാണ്. ഇതോടൊപ്പം തന്നെ വർഷാവർഷങ്ങളിലോ ചുരുങ്ങിയത് മൂന്നു വർഷത്തിലൊരിക്കലെങ്കിലോ, ലബോറട്ടറിയാവശ്യത്തിനായി
ഒരു നിശ്ചിത ഫണ്ട് , സർക്കാർ - ഏയ്ഡഡ് സ്കൂൾ വ്യത്യാസമില്ലാതെ വകയിരുത്തേണ്ടതുണ്ട്. ഹൈസ്കൂകൂൾ വിദ്യാർത്ഥികളുടെ ലബോറട്ടറി സൗകര്യങ്ങൾ യു.പി.സ്കൂൾ വിദ്യാർത്ഥികൾക്കും ഹയർ സെക്കണ്ടറി വിദ്യാർത്ഥികളുടെ ലബോറട്ടറി സൗകര്യങ്ങൾ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും ലഭ്യമാക്കാൻ സ്കൂൾ കേന്ദ്രീകരിച്ചുള്ള ചിട്ടയായ ആസൂത്രണം ഉണ്ടാകേണ്ടതുണ്ട്. വിദ്യാഭ്യാസ ഓഫീസ് മുഖാന്തിരമുള്ള ആണ്ടൊരിക്കലെ മോണിറ്ററിംഗ് കൂടിയാകുമ്പോൾ, ഈ ആസൂത്രണത്തിൻ്റെ ഗുണം താഴെക്കിടയിലുള്ള വിദ്യാർത്ഥികൾക്കും അനുഭവവേദ്യമാകുമെന്ന് തീർച്ച.

VIII. അധ്യാപകരുടെ തുടർപരിശീലനം

സ്കൂൾ അധ്യാപകരുടെ തുടർ പരിശീലന പരിപാടികൾക്ക്, കുറെ കൂടി പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. അധ്യയന വർഷത്തിലൊരിക്കൽ നൽകുന്ന പരിശീലന പരിപാടികൾക്കൊപ്പം തന്നെ ഉന്നത വിദ്യാഭ്യാസ രംഗത്തു തുടരുന്ന ഓറിയൻ്റഷൻ, റിഫ്രഷർ, സമ്മർ കോഴ്സുകൾ മാതൃകയിൽ നമ്മുടെ സ്കൂൾ അധ്യാപകർക്കു ലഭ്യമാക്കേണ്ടതുണ്ട്. സ്കൂളിൻ്റെ പ്രവർത്തന രീതികൾ സംബന്ധിച്ചും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ സംബന്ധിച്ചുമുള്ള ഓറിയൻ്റേഷൻ കോഴ്സുകൾ സർവീസിൻ്റെ ഭാഗമായി തന്നെ അധ്യാപകർക്ക് പരിചയപ്പെടുത്തണം. മികച്ച അക്കാദമിക നിലവാരത്തോടെ ജോലിയിൽ പ്രവേശിക്കുന്ന അധ്യാപകരെ ജോലിയിൽ പ്രവേശിച്ച ഉടനേയും നിശ്ചിത ഇടവേളകളിലും പരിശീലിപ്പിക്കാനുള്ള സാധ്യത, സാമ്പത്തിക ചെലവുകളില്ലാതെ തന്നെ ബിഎഡ്.കോളേജുകളും എം.എഡ്.കോളേജുകളും കേന്ദ്രീകരിച്ച് ഉപയോഗപ്പെടുത്താവുന്നതാണ്. പ്രാദേശികമായി അതാതു ജില്ലാ കേന്ദ്രങ്ങളിലുള്ള ഗവേഷണ കേന്ദ്രങ്ങൾ മുഖാന്തിരവും ഇത്തരത്തിലുള്ള പരിശീലന പരിപാടികൾ ആസൂത്രണം ചെയ്യാവുന്നതാണ്.

✍️ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെൻ്റ്,
സെൻ്റ്.തോമസ് കോളേജ്,
തൃശ്ശൂർ
9497315495
daisonpanengadan@gmail.com

Foto

Comments

leave a reply

Related News