Foto

കത്തോലിക്കാ സഭ ലക്ഷ്യമാക്കുന്നത് സാമുദായിക ഐക്യവും സഹവർത്തിത്വവും: കെസിബിസി

കത്തോലിക്കാ സഭ ലക്ഷ്യമാക്കുന്നത് സാമുദായിക ഐക്യവും സഹവർത്തിത്വവും: കെസിബിസി

കൊച്ചി: കേരളം ഗൗരവതരമായ ചില സാമൂഹിക പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു എന്നുള്ളത് വാസ്തവമാണ്. അതിൽ പ്രധാനപ്പെട്ട ചിലതാണ് തീവ്രവാദ പ്രസ്ഥാനങ്ങളുടെ സാന്നിധ്യവും മയക്കുമരുന്ന് ഉപഭോഗത്തിന്റെ അമ്പരപ്പിക്കുന്ന വർദ്ധനവും. മുഖ്യധാരാ മാധ്യമങ്ങൾ വേണ്ടത്ര പ്രാധാന്യം ഇത്തരം വിഷയങ്ങൾക്ക് നൽകുന്നില്ലെങ്കിൽ തന്നെയും ഓരോ ദിവസവും പുറത്തുവരുന്ന അനവധി വാർത്തകളിലൂടെ ഇത്തരം യാഥാർഥ്യങ്ങൾ വ്യക്തമാണ്. ഐസിസ് ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകൾക്ക് കേരളത്തിൽ കണ്ണികളുണ്ട് എന്ന മുന്നറിയിപ്പ് വിവിധ അന്വേഷണ ഏജൻസികൾ നൽകിയിട്ടും, ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് കോടി രൂപയുടെ മയക്കുമരുന്ന് കേരളത്തിൽ പിടിക്കപ്പെട്ടിട്ടും ഇത്തരം സംഘങ്ങളുടെ പിന്നാമ്പുറങ്ങളെക്കുറിച്ച് വേണ്ട രീതിയിലുള്ള അന്വേഷണങ്ങൾ നടത്തിയിട്ടുള്ളതായി അറിവില്ല. മയക്കുമരുന്ന് കച്ചവടത്തിലൂടെ ലഭിക്കുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കപ്പെടുന്നു എന്ന യാഥാർഥ്യം ഐക്യരാഷ്ട്രസഭയുടെ തന്നെ റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ പശ്ചാത്തലത്തിൽ, ചില സംഘടനകൾ കേരളത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നു എന്ന ആശങ്ക പങ്കുവയ്ക്കുകയും അതേക്കുറിച്ച് യുവജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്ത പാലാ രൂപതാ മെത്രാനായ മാർ. ജോസഫ് കല്ലറങ്ങാട്ടിന്റെ വാക്കുകൾ വിവാദമാക്കുകയല്ല, പൊതുസമൂഹത്തിൽ ഉത്തരവാദിത്തത്തോടെ ചർച്ച ചെയ്യുകയാണ് യുക്തം.

തീവ്രവാദ നീക്കങ്ങളും മയക്കുമരുന്ന് മാഫിയയുടെ ഇടപെടലുകളും സംബന്ധിച്ച സാധാരണ ജനങ്ങളുടെ ആശങ്കൾ ഉൾക്കൊണ്ട് അവയെക്കുറിച്ച് ശരിയായ അന്വേഷണങ്ങൾ നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. കേരളസമൂഹം നേരിടുന്ന ഇത്തരം കടുത്ത വെല്ലുവിളികൾ തുറന്നുപറയുന്നത് ഏതെങ്കിലും സമുദായത്തിനെതിരായ ആരോപണമല്ല. അത്തരം തുറന്നുപറച്ചിലുകൾ വർഗ്ഗീയ ലക്ഷ്യത്തോടെയാണെന്ന മുൻവിധി ആശാസ്യമല്ല. പകരം, ഇത്തരം അപചയങ്ങൾ പരിഹരിച്ച് സാമൂഹിക മൈത്രി നിലനിർത്താനുള്ള ചുമതല സമുദായ നേതൃത്വങ്ങൾ ഏറ്റെടുക്കണം. വർഗ്ഗീയ ധ്രുവീകരണമല്ല, സാമുദായിക ഐക്യവും സഹവർത്തിത്വവുമാണ് കത്തോലിക്കാ സഭ ലക്ഷ്യംവയ്ക്കുന്നത്. സാമൂഹിക സൗഹൃദം എന്ന വലിയ ലക്ഷ്യത്തിനായി എല്ലാ സമുദായ നേതൃത്വങ്ങളും ഒരുമിക്കുകയും സാമൂഹിക തിന്മകൾക്കെതിരെ ഒറ്റക്കെട്ടായി പോരാടുകയും വേണം.        

ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി, ഔദ്യോഗിക വക്താവ് കെ.സി.ബി.സി.

 

Comments

  • P J Paul
    12-09-2021 12:31 AM

    1. It seems day by day the Holy institution (KCBC) is losing its relevancy due to immature and irrelevant statements. The institution is not at all committed to the Holy See's view and interest. There is no intention of a unified pattern of Holy Mass in terms of the Vatican. Rite-based interests are ruling the entire institution. 2. Bishop of Pala is no one to comment on the particular issue. It is a political issue and the government is fully mechanized and equipped to probe into it. Political issues are to be taken care of concerned agency for which Bishop of Pala is not appropriate.

leave a reply

Related News