Foto

ഐ.എസ് ഭീകരര്‍ വധിച്ച ഫാ. ഹാമലിന്റെ അഞ്ചാം രക്തസാക്ഷിത്വ വാര്‍ഷിക ആചരണത്തില്‍ ഫ്രാൻസ്

ഐ.എസ് ഭീകരര്‍ വധിച്ച
ഫാ. ഹാമലിന്റെ അഞ്ചാം
രക്തസാക്ഷിത്വ വാര്‍ഷിക
ആചരണത്തില്‍ ഫ്രാൻസ്

നാമകരണ നടപടികള്‍ പുരോഗതിക്കുന്നതായി ആര്‍ച്ച്ബിഷപ്പ് ഡൊമിനിക് ലെബ്രൂണ്‍

ദിവ്യബലിയര്‍പ്പിക്കുന്നതിനിടെ ഫാന്‍സിലെ പള്ളിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി കഴുത്തറുത്തു കൊന്ന ഫാ. ജാക്വസ് ഹാമലിന്റെ അഞ്ചാം രക്തസാക്ഷിത്വ വാര്‍ഷിക ദിനാചരണത്തില്‍ രാജ്യം പങ്കു ചേര്‍ന്നു. 86 ാമത്തെ വയസില്‍ ബലിപീഠത്തില്‍ ഫാ.ഹാമല്‍ ജീവനര്‍പ്പിച്ച നോര്‍മാണ്ടിയിലെ സെയിന്റ് ഏറ്റിയന്നെ-ഡു-റൌവ്‌റെ ദേവാലയത്തില്‍ റൂണിലെ ആര്‍ച്ച്ബിഷപ്പ് ഡൊമിനിക് ലെബ്രൂണ്‍ മുഖ്യ കാര്‍മ്മികനായിരുന്ന അനുസ്മരണ ദിവ്യബലിയിലും പൊതുസമ്മേളനത്തിലും ഫ്രഞ്ച് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു പേര്‍ സംബന്ധിച്ചു.

ദൈവരാജ്യ നിര്‍മ്മിതി ഏറ്റവും ചെറിയ വിത്തുകളില്‍ നിന്നോ അല്ലെങ്കില്‍ അല്പം പുളിപ്പില്‍ നിന്നോ ആണെന്ന് വിശദീകരിച്ചുകൊണ്ട്്, വചന പ്രഘോഷണമധ്യേ ആര്‍ച്ച്ബിഷപ്പ് ലെബ്രൂണ്‍ ഫാ. ജാക്വസ് ഹാമലിന്റെ നാമകരണ നടപടികള്‍ പുരോഗതി പ്രാപിക്കുന്നതിന്റെ സൂചന നല്‍കി.
പള്ളിയില്‍ ഒരു പുരോഹിതനെ കൊലപ്പെടുത്തിയത് ഫ്രാന്‍സിന്റെ ആത്മാവിന് നേരെയുള്ള ആക്രമണമായിരുന്നുവെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രി പറഞ്ഞു. കത്തോലിക്കാ സഭയോ ദൈവത്തില്‍ വിശ്വസിക്കുന്നവരോ മാത്രമല്ല മുഴുവന്‍ ഫ്രഞ്ച് ജനതയുമാണ് ആക്രമണ വിധേയമായത്.

ഫാ.  ഹാമലിന്റെ ജീവനെടുത്ത നിഷ്ഠുര കൃത്യത്തിനു ശേഷം അക്രമികള്‍ പള്ളിയില്‍ നിന്ന് പുറത്തുപോയ ഉടനെ സിറിയ ആസ്ഥാനമായുള്ള ഒരു മുതിര്‍ന്ന ഐസിസ് പ്രവര്‍ത്തകനുമായി ആശയവിനിമയം നടത്തിയതിന്റെ തെളിവ് ഫ്രഞ്ച് വാരികയായ ലാ വീ ഈയിടെ പ്രസിദ്ധീകരിച്ചിരുന്നു. പള്ളിക്കു സമീപം വച്ചു തന്നെ അവരെ പോലീസ് വെടിവച്ചു കൊല്ലുകയായിരുന്നു. ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന നാല് പേരുടെ വിചാരണ 2022 ഫെബ്രുവരി 14 ന് പാരീസില്‍ ആരംഭിക്കുമെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.ഇസ്‌ളാമിക തീവ്രവാദം ഫ്രാന്‍സില്‍ തീവ്രമായതിന്റെ പ്രധാന തെളിവുകളില്‍ ഒന്നായി മാറിയിരുന്നു ഫാ. ഹാമലിന്റെ വധം. തുടര്‍ന്നാണ്
തീവ്രവാദം ചെറുക്കുന്നതിനുള്ള ശക്തമായ നിയമനടപടികള്‍ മാക്രോണ്‍ ഭരണകൂടം സ്വീകരിച്ചത്. സ്വന്തം നിയമങ്ങള്‍ രാജ്യത്തിന്റെ നിയമങ്ങളെക്കാള്‍ മുകളിലാണെന്ന് അവകാശപ്പെടുന്ന വിശ്വാസങ്ങളെ പ്രോല്‍സാഹിപ്പിക്കില്ലെന്ന് പ്രസിഡന്റ് മാക്രോണ്‍ വ്യക്തമാക്കിയിരുന്നു.

മരണത്തിനുശേഷം 5 വര്‍ഷം കഴിഞ്ഞേ നാമകരണ നടപടികള്‍ ആരംഭിക്കാറുള്ളൂവെങ്കിലും  ഫാ. ജാക്വസ് ഹാമലിന്റെ കാര്യത്തില്‍  ഫ്രാന്‍സിസ് പാപ്പ പ്രത്യേക അനുവാദം നല്‍കിയിരുന്നു. ഇതനുസരിച്ച് 2017 ഏപ്രില്‍ 13 ന് നാമകരണ നടപടികള്‍ക്കു തുടക്കമായി; റോമിലെ രക്തസാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. രണ്ട് വര്‍ഷം മുമ്പ്, രൂപതാ അന്വേഷണത്തിന്റെ നടപടികള്‍ ഫയല്‍ ചെയ്‌തെന്ന് ആര്‍ച്ച്ബിഷപ്പ് ലെബ്രൂണ്‍ അറിയിച്ചു. ആര്‍ക്കൈവിസ്റ്റുകള്‍ പകര്‍ത്തിയ ഫാ. ഹാമലിന്റെ 600 വചന പ്രസംഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.നിരവധി സാക്ഷ്യങ്ങളും വത്തിക്കാന്‍ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഞങ്ങള്‍ വിവേകത്തോടെ കാത്തിരിക്കുകയാണ് -ആര്‍ച്ച്ബിഷപ്പ് പറഞ്ഞു.

ബാബു കദളിക്കാട്

Foto

Comments

leave a reply

Related News