Foto

ഓഷ്വിറ്റ്‌സ് വിമോചകന്‍ ഡേവിഡ് ദുഷ് മാനു വിട നല്‍കി ജൂത സമൂഹം

ഓഷ്വിറ്റ്‌സ് വിമോചകന്‍
ഡേവിഡ് ദുഷ് മാനു  വിട
നല്‍കി ജൂത സമൂഹം

 

1945 ല്‍ മരണക്യാമ്പിന്റെ വിമോചനത്തില്‍ പങ്കെടുത്ത  സോവിയറ്റ്
റെഡ് ആര്‍മി അംഗത്തിന്റെ മരണം  98 -ാം വയസ്സില്‍ മ്യൂണിക്കില്‍

ഹിറ്റ്‌ലറിന്റെ ആജ്ഞ പ്രകാരം ലക്ഷക്കണക്കിനു ജൂതന്മാര്‍ കൊല ചെയ്യപ്പെട്ട നാസി അധിനിവേശ പോളണ്ടിലെ ഓഷ്വിറ്റ്‌സ് ക്യാമ്പിന് വിമോചന പാത തുറന്ന വീര ചരിതത്തില്‍ സ്ഥാനം നേടിയ ഡേവിഡ് ദുഷ് മാന്‍ വിട വാങ്ങി. 1945 ല്‍ മരണക്യാമ്പിന്റെ വിമോചനത്തില്‍ പങ്കെടുത്ത  സോവിയറ്റ് റെഡ് ആര്‍മി അംഗമായിരുന്ന അദ്ദേഹം 98 -ാം വയസ്സിലാണ് മ്യൂണിക്കില്‍ അന്തരിച്ചത്.

ലോകം കണ്ടതില്‍ ഏറ്റവും വലിയ ക്രൂരതകള്‍ അരങ്ങേറിയ ഇടമായിരുന്നു ഓഷ്വിറ്റ്‌സ് ഗ്യാസ് ചേംബറുകളില്‍ ജൂതന്മാരും നാസികള്‍ക്ക് ശത്രുതയുള്ളവരും പിടഞ്ഞു തീര്‍ന്നു. ഇന്നും അതിന്റെ ഓര്‍മ്മകളും വേദനയും പേറി ജീവിക്കുന്നവര്‍ ലോകത്തുണ്ട്. ഓഷ്വിറ്റ്‌സ് വിമോചിപ്പിച്ചവരില്‍ ജീവനോടെ ശേഷിച്ചിരുന്ന ഒരേയൊരാളായിരുന്നു ഡേവിഡ് ദുഷ് മാന്‍. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ശ്വാസകോശങ്ങളിലൊന്ന് നീക്കം ചെയ്യേണ്ടിവന്നു. പിന്നീട്, രാജ്യാന്തര ആദരം നേടിയ  ഫെന്‍സിംഗ് കോച്ചുകളില്‍ ഒരാളായി മാറിയ അദ്ദേഹത്തിന്റെ മരണ വിവരം മ്യൂണിക്കിലെയും അപ്പര്‍ ബവേറിയയിലെയും ജൂത സമൂഹങ്ങളുടെ വെബ്സൈറ്റിലൂടെയാണ് ലോകം അറിഞ്ഞത്.എണ്ണമറ്റ ജീവനുകള്‍ രക്ഷിച്ച 'ഓഷ്വിറ്റ്‌സ് ഹീറോ' വിട പറഞ്ഞുവെന്ന് പ്രാദേശിക ജൂത സമൂഹത്തിന്റെ പ്രസിഡന്റ് ഷാര്‍ലറ്റ് നോബ്ലോച്ച് രേഖപ്പെടുത്തി.ലോക വ്യാപകമായി ജൂത സമൂഹം കണ്ണീരോടെ അദ്ദേഹത്തിനു വിടനല്‍കി.

രണ്ടാം ലോക മഹായുദ്ധത്തില്‍ റെഡ് ആര്‍മി സൈനികനായിരുന്ന ഡേവിഡ് ദുഷ്മാന്‍ തന്റെ ടി- 34 സോവിയറ്റ് ടാങ്ക് ഉപയോഗിച്ച് നാസി അധിനിവേശ പോളണ്ടിലെ വൈദ്യുതവേലി തകര്‍ത്ത ശേഷമാണ് സഹ പോരാളികളോടൊപ്പം മരണക്ക്യാമ്പിലെ തടവുകാരെ രക്ഷപ്പെടാന്‍ സഹായിച്ചത്. 1945 ജനുവരി 27 -നായിരുന്നു ഇത്. 'ഓഷ്വിറ്റ്‌സിനെക്കുറിച്ച് ആ സമയത്ത് ഞങ്ങള്‍ക്ക് ഒന്നും അറിയില്ലായിരുന്നു'- 2015 ല്‍ റോയിട്ടേഴ്‌സിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. എല്ലായിടത്തും അസ്ഥികൂടങ്ങള്‍ കാണാമായിരുന്നു എന്നും അവിടെയുള്ള മനുഷ്യര്‍ മൃതദേഹങ്ങള്‍ക്കിടയിലാണ് കഴിഞ്ഞിരുന്നത് എന്നും അദ്ദേഹം ഓര്‍മ്മിച്ചു. 'ഞങ്ങളുടെ കയ്യിലുണ്ടായിരുന്ന ഭക്ഷണം അവര്‍ക്ക് നല്‍കി. പിന്നീട്, ഫാസിസ്റ്റുകള്‍ക്ക് നേരെയുള്ള യുദ്ധം ആരംഭിച്ചു'.

ക്യാമ്പില്‍ ഒരു ദശലക്ഷത്തിലധികം ജൂതന്മാര്‍ കൊല്ലപ്പെട്ടിരുന്നു. അതിന് പുറമെ സ്വവര്‍ഗാനുരാഗികള്‍, സോവിയറ്റ് യുദ്ധത്തടവുകാര്‍ തുടങ്ങിയവരും ഗ്യാസ് ചേംബറുകള്‍ക്കിരയായി. അന്നത്തെ പോരാട്ടത്തില്‍ 12000 പേര്‍ അടങ്ങിയ സൈനിക യൂണിറ്റിലെ ശേഷിച്ച 69 പേരില്‍ ഒരാളായിരുന്നു ദുഷ് മാന്‍. തങ്ങള്‍ മോചിപ്പിച്ച ക്യാമ്പില്‍ നടന്ന ക്രൂരതയുടെ പൂര്‍ണ വിവരം യുദ്ധത്തിന് ശേഷം മാത്രമാണ് ഡേവിഡ് ദുഷ്മാനും കൂട്ടുകാര്‍ക്കും  മനസിലാവുന്നത്. പരിക്കുകള്‍ ഭേദമായ ശേഷം അദ്ദേഹം ഫെന്‍സറായി മാറി. 1951 ല്‍ സോവിയറ്റ് യൂണിയന്റെ ഏറ്റവും മികച്ച ഫെന്‍സറായിരുന്നു അദ്ദേഹം. 1952 മുതല്‍ 1988 വരെ സോവിയറ്റ് വനിതാ ടീമിനെ പരിശീലിപ്പിച്ചു. 1972 ല്‍ മ്യൂണിക്കില്‍ നടന്ന സമ്മര്‍ ഒളിമ്പിക് ഗെയിംസില്‍ രണ്ട് സ്വര്‍ണ്ണ മെഡലുകളും രണ്ട് വെള്ളിയും മൂന്ന് വെങ്കലവും അദ്ദേഹത്തിന്റെ ശിഷ്യര്‍  നേടി.

നാലുവര്‍ഷം മുമ്പ് വരെയും ദുഷ്മാന്‍ കോച്ചിംഗ് നല്‍കാന്‍ ദിവസവും തന്റെ ഫെന്‍സിംഗ് ക്ലബിലേക്ക് പോകുമായിരുന്നു. അദ്ദേഹത്തിന്റെ മരണത്തില്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) ജര്‍മ്മനിയിലെ മേധാവി തോമസ് ബാച്ച് അനുശോചിച്ചു.തങ്ങള്‍ 1970 -ല്‍ കണ്ടുമുട്ടിയപ്പോള്‍, ദുഷ് മാന്‍ രണ്ടാം ലോകമഹായുദ്ധവും ഓഷ്വിറ്റ്‌സും വ്യക്തിപരമായി അനുഭവിച്ച ആളായിരുന്നിട്ടും യഹൂദ വംശജനായിരുന്നിട്ടും തന്നോട് സൗഹൃദത്തിലായിരുന്നു എന്ന് ജര്‍മ്മന്‍കാരനായ ബാച്ച് അനുസ്മരിച്ചു. മനുഷ്യസ്‌നേഹത്തിന്റെ വലിയ ഭാവമാണ് അദ്ദേഹത്തിലൂടെ പ്രകടമായത്. ദുഷ് മാനെ ഒരിക്കലും മറക്കാനാവില്ല - ബാച്ച് പറഞ്ഞു.

ബാബു കദളിക്കാട്

Foto
Foto

Comments

leave a reply

Related News