കൊച്ചി: കഥാകൃത്ത് മരിച്ചാലും അദ്ദേഹം രൂപപ്പെടുത്തിയ കഥാപാത്രങ്ങൾ മരിക്കുന്നില്ലെന്നു നോവലിസ്റ്റ് സേതു അഭിപ്രായപ്പെട്ടു. പാലാരിവട്ടം പിഒസിയിൽ കെസിബിസി മീഡിയ കമ്മീഷൻ സംഘടിപ്പിച്ച എം.ടി. വാസുദേവൻനായർ അനുസ്മരണത്തിൽ (അക്ഷരങ്ങളുടെ ആത്മാവിന് ആദരം) മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സൃഷ്ടാവിനെക്കാൾ വലുതാണു സൃഷ്ടാവിനെ രൂപപ്പെടുത്തുന്നയാൾ. എംടിയെന്ന സാഹിത്യലോകത്തെ ഗുരു എത്രയോ എഴുത്തുകാരെ കണ്ടെത്തുകയും വളർത്തുകയും ചെയ്തിട്ടുണ്ട്.
എന്‍റെ ആദ്യകഥ പ്രസിദ്ധീകരിക്കപ്പെടാൻ നിമിത്തമായത് എംടിയുടെ പ്രോത്സാഹനമായിരുന്നു. ഞാൻ 24-ാം വയസിൽ എഴുതിയ കഥ വായിച്ച് എംടി അഭിപ്രായങ്ങളും നിർദേശങ്ങളും നൽകിയപ്പോൾ എഴുത്തിലെ ഗുരുവിനെയാണ് അദ്ദേഹത്തിൽ ദർശിച്ചത്. സക്കറിയ, പുനത്തിൽ എന്നിവരുടെയെല്ലാം എഴുത്തുവഴികളിൽ എംടി മാർഗദർശനമായി. എംടിയെപ്പോലെ പ്രതിഭാധനനായിരുന്ന സാഹിത്യ പത്രാധിപർ മറ്റു ഭാഷകളിൽ ഉണ്ടായിരുന്നോ എന്നു സംശയമാണ്. സാഹിത്യത്തിന്‍റെ സപര്യയിൽ അദ്ദേഹത്തിന് അസാമാന്യമായ മൂന്നാം കണ്ണുണ്ടായിരുന്നെന്നു പറയണം. എംടി സൃഷ്ടിച്ച കഥാപാത്രങ്ങൾ മലയാള സാഹിത്യ ലോകത്ത് അനശ്വരസാന്നിധ്യങ്ങളാണെന്നും സേതു പറഞ്ഞു.
കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി റവ.ഡോ. ഏബ്രഹാം ഇരിന്പിനിക്കൽ അധ്യക്ഷത വഹിച്ചു. സംവിധായകൻ സിബി മലയിൽ, എഴുത്തുകാരൻ ജോർജ് ജോസഫ് കെ, നടൻ കൈലാഷ്, ഡോ. ജോർജ് തയ്യിൽ, അഡ്വ. റെനിൽ ആന്‍റോ എന്നിവർ പ്രസംഗിച്ചു.
(ചിത്രം: പാലാരിവട്ടം പിഒസിയിൽ കെസിബിസി മീഡിയ കമ്മീഷൻ സംഘടിപ്പിച്ച എം.ടി. വാസുദേവൻനായർ അനുസ്മരണത്തിൽ (അക്ഷരങ്ങളുടെ ആത്മാവിന് ആദരം) നോവലിസ്റ്റ് സേതു മുഖ്യപ്രഭാഷണം നടത്തുന്നു. റവ.ഡോ. ഏബ്രഹാം ഇരിന്പിനിക്കൽ, ജോർജ് ജോസഫ് കെ, സിബി മലയിൽ, കൈലാഷ് എന്നിവർ സമീപം.)
Comments