ചാവറ തിയേറ്റര്‍ ഫെസ്റ്റ് 2022
നാടകമേള, പ്രഭാഷണങ്ങള്‍, ആദരവ്
മാര്‍ച്ച് 25,26,27- വെള്ളി, ശനി, ഞായര്‍, 6 PM.
കൊച്ചി : നാടകത്തെയും നാടകകലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിനായി ലോകനാടകദിനത്തോടനുബന്ധിച്ച് ചാവറ കള്‍ച്ചറല്‍ സെന്റര്‍ തിയേറ്റര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 25,26,27 തീയതികളിലായി 3 നാടകങ്ങളും നാടകപ്രഭാഷണങ്ങളും, നാടകരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ആദരിക്കുകയും ചെയ്യുന്നു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ സുവര്‍ണ്ണജൂബിലിയുടെ ഭാഗമായി 2022 മാര്‍ച്ച് 25ന് വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന ചാവറ തിയേറ്റര്‍ ഫെസ്റ്റ് തലമുറകളുടെ ഗുരുനാഥനായ പ്രൊഫ. എം. കെ. സാനു ഉദ്ഘാടനം ചെയ്യും. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാനും സി.എം.ഐ. സഭ വിദ്യാഭ്യാസ മാധ്യമ വിഭാഗം ജനറല്‍ കൗണ്‍സിലറുമായ റവ. ഡോ. മാര്‍ട്ടിന്‍ മള്ളാത്ത് അദ്ധ്യക്ഷത വഹിക്കും. കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ മുഖ്യാതിഥിയായിരിക്കും. ശ്രീ ശങ്കരാചാര്യ സര്‍വ്വകലാശാല മുന്‍ അദ്ധ്യാപകനും നാടകപ്രവര്‍ത്തകനുമായ രമേഷ് വര്‍മ്മ, നാടക കലാകാരിഷേര്‍ളി സോമസുന്ദരം, എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. നാടകത്തിനും കലയ്ക്കും നല്‍കിയ സംഭാവനകളെ അധികരിച്ച് കെ.പി.എ.സി. ബിയാട്രിസ്, സതീഷ് സംഗമിത്ര, ആര്‍ട്ടിസ്റ്റ് സുജാതന്‍ എന്നിവരെ ആദരിക്കും തുടര്‍ന്ന് കോഴിക്കോട് കലാഭവന്‍ അവതരിപ്പിക്കുന്ന നാടകം ഉന്തുവണ്ടി.
മാര്‍ച്ച് 26ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് നാടകസെമിനാര്‍ ഹൈബി ഈഡന്‍ എം. പി. ഉദ്ഘാടനം ചെയ്യും. നാടകവും നാടകസമിതിയും എന്ന വിഷയത്തില്‍ മുന്‍ എം. എല്‍.എ.യും നാടക സംവിധായകനുമായ ജോണ്‍ ഫെര്‍ണാണ്ടസ് മുഖ്യപ്രഭാഷണം നടത്തും. യുവത്വം തന്നെ നാടകത്തിനായി സമര്‍പ്പിച്ച നടനും നാടക പ്രവര്‍ത്തകരുടെ സംഘടനയായ നാടക് ന്റെ സെക്രട്ടറിയുമായ ഷാബു കെ. മാധവന്‍, കോസ്റ്റ്യൂം ഡിസൈനറില്‍ തുടങ്ങി നടനായും സംവിധായകനുമായി തിളങ്ങി നില്‍ക്കുന്ന ജോയി പി.പി., തന്റെ സ്വരമാധുരികൊണ്ട് നാടകഗാനങ്ങള്‍ക്ക് ജീവന്‍ നല്‍കിയ സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ കലാഭവന്‍ സാബു എന്നിവരെ ആദരിക്കുന്നു. തുടര്‍ന്ന കായംകുളം സപര്യ അവതരിപ്പിക്കുന്ന നാടകം ദൈവത്തിന്റെ പുസ്തകം.
മാര്‍ച്ച് 27, വൈകിട്ട് 6മണിക്ക് ലോകനാടകദിനം ടി. ജെ. വിനോദ് എം. എല്‍. എ. ഉദ്ഘാടനം ചെയ്യും. സി.എം.ഐ. സാമൂഹ്യസേവന വിഭാഗം ജനറല്‍ കൗണ്‍സിലര്‍ ഫാ. ബിജു വടക്കേല്‍ അദ്ധ്യക്ഷത വഹിക്കും. നാടകനടനും സിനിമാനടനുമായ കോട്ടയം രമേശ് മുഖ്യാതിഥിയായിരിക്കും. നാടക നടന്‍, ഗായകന്‍, നാടകത്തില്‍ പാടി അഭിനയിച്ചിട്ടുള്ള വ്യക്തി എന്ന നിലയിലും ശ്രദ്ധേയനായ മുതിര്‍ന്ന കലാകാരന്‍ മരട് ജോസഫ്, നാടകസംഗീത രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്ന സെബിനായരമ്പലം എന്നിവരെ ആദരിക്കുന്നു. തുടര്‍ന്ന് കോഴിക്കോട് സൃഷ്ടി അവതരിപ്പിക്കുന്ന നാടകം റാന്തല്‍. എല്ലാ ദിവസവും നാടകം കാണുന്നതിനും പ്രഭാഷണം ശ്രവിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശ്ശേരി അറിയിച്ചു.
Comments