ജീവനുവേണ്ടിയുള്ള ഓരോ പ്രയത്‌നവും ഒരു ഈസ്റ്ററാഘോഷമാണ്: കെസിബിസി
കൊച്ചി: ജീവന്റെയും സ്‌നേഹത്തിന്റെയും ആത്യന്തിക വിജയമാണ് യേശുക്രിസ്തുവിന്റെ തിരുവുത്ഥാനം പ്രഘോഷിക്കുന്നത്. അതിനാൽ, ജീവനുവേണ്ടിയുള്ള ഓരോ സ്‌നേഹാധിഷ്ഠിത പ്രയത്‌നവും ഒരു ഈസ്റ്ററാഘോഷമാണ്. ദുഃഖസാന്ദ്രമായ സാഹചര്യമാണ് കോവിഡുകാലം മനുഷ്യരാശിക്ക് സമ്മാനിച്ചത്. എല്ലാ ദുഃഖങ്ങൾക്കും ഒരവസാനമുണ്ടെന്നും പ്രത്യാശയുടെ തീനാളങ്ങൾ നമുക്ക് മുന്നിൽ തെളിയുന്ന നാളുകൾ ആസന്നമാണെന്നും നമ്മെ ഓർമ്മിപ്പിക്കുകയാണ് യേശുക്രിസ്തുവിന്റെ മരണത്തെ തോല്പിച്ചുകൊണ്ടുള്ള ഉയർത്തെഴുന്നേൽപ്. കോവിഡു മുക്തകാലം അതിവേഗം സംജാതമാകട്ടെയെന്നു പ്രത്യാശയോടെ പ്രാർത്ഥിച്ചുകൊണ്ട്, എല്ലാവർക്കും ഈസ്റ്ററിന്റെ പ്രത്യാശയും സന്തോഷവും ഹൃദയപൂർവം കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, സെക്രട്ടറി ജനറൽ ബിഷപ് ഡോ. ജോസഫ് മാർ തോമസ് എന്നിവർ ആശംസിച്ചു.


Comments