Foto

ഫാ. ബിജു മുട്ടത്തുകുന്നേല്‍ റോമില്‍ സീറോമലബാര്‍ സഭയുടെ വൈസ് പ്രൊക്യുറേറ്റര്‍

കാക്കനാട്: സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ റോമിലെ വൈസ് പ്രൊക്യുറേറ്ററായി തലശ്ശേരി അതിരൂപതാംഗമായ ഫാ. ബിജു മുട്ടത്തുകുന്നേലിനെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നിയമിച്ചു. ഫാ. ബിജു മുട്ടത്തുകുന്നേല്‍ നിലവില്‍ റോമിലുള്ള സീറോമലബാര്‍ സഭയുടെ ഭവനമായ പ്രൊക്യൂറയില്‍ സേവനം ചെയ്തുവരികയാണ്. മേജര്‍ ആര്‍ച്ചുബിഷപ്പും വത്തിക്കാനിലെ വിവിധ കാര്യാലയങ്ങളും തമ്മിലുള്ള ഔദ്യോഗിക ഇടപാടുകളെ സുഗമമാക്കുന്നതിനുവേണ്ടി നിയമിതനാകുന്ന വ്യക്തിയാണ് പ്രൊക്യുറേറ്റര്‍ എന്നറിയപ്പെടുന്നത്. 2011 മുതല്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്താണ് മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ പ്രൊക്യുറേറ്ററായി സേവനം ചെയ്യുന്നത്. യൂറോപ്പിലെ സീറോമലബാര്‍ വിശ്വാസികള്‍ക്കായുള്ള അപ്പസ്തോലിക വിസിറ്റേറ്റര്‍ എന്ന ഉത്തരവാദിത്വം കൂടി മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് നിര്‍വ്വഹിച്ചു വരികയാണ്. മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഈ രണ്ട് ഉത്തരവാദിത്വങ്ങളും കൂടി നിര്‍വ്വഹിച്ചുവരുന്ന സാഹചര്യത്തിലാണ് പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്‍റെ അംഗീകാരത്തോടെ വൈസ് പ്രൊക്യുറേറ്ററിനെ നിയമിച്ചിരിക്കുന്നത്.

2007 ല്‍ വൈദികനായ ഫാ. ബിജു മുട്ടത്തുകുന്നേല്‍ തലശ്ശേരി അതിരൂപതയിലെ ആലക്കോട്, പടന്നക്കാട്, കുടിയാന്മല എന്നീ ഇടവകകളില്‍ അസിസ്റ്റന്‍റ് വികാരിയായും, അതിരൂപതാ മൈനര്‍ സെമിനാരിയില്‍ അധ്യാപകനായും വൊക്കേഷന്‍ പ്രമോട്ടറായും സേവനം ചെയ്തു. റോമിലെ സീറോമലബാര്‍ വിശ്വാസികളുടെ അസിസ്റ്റന്‍റ് വികാരിയായി 2012 ല്‍ നിയമിതനായി. ഇറ്റലിയിലെ സീറോമലബാര്‍ വിശ്വാസികളുടെ നാഷണല്‍ കോര്‍ഡിനേറ്റര്‍, സീറോമലബാര്‍ പ്രൊക്യൂറായിലെ അഡ്മിനിസ്ട്രേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്‍റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പൗരസ്ത്യകാനന്‍ നിയമത്തില്‍ ബിരുദാനന്തരബിരുദവും ലാറ്ററന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് സഭാനിയമത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. 2020 ജൂണ്‍ 23 മുതലാണ് പുതിയ നിയമനം പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. Pravajaka Sabdham

Comments

leave a reply

Related News