Foto

നിര്‍ധനരായ ഏഴ് കുടുംബങ്ങള്‍ക്കു ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കി കോട്ടയം അതിരൂപത

കോട്ടയം: കോവിഡ് മഹാമാരിയുടെ പ്രതിസന്ധിക്കിടയിലും നിര്‍ധനരായ ഏഴ് കുടുംബങ്ങള്‍ക്കു ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കി കോട്ടയം അതിരൂപത. 2018ലെ അതിരൂക്ഷ പ്രളയത്തെത്തുടര്‍ന്ന് ഭവനങ്ങള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കായി അതിരൂപത സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണു ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കിയത്. പ്രളയത്തെത്തുടര്‍ന്ന് സ്ഥലവും വീടും നഷ്ടപ്പെട്ട ഏഴ് കുടുംബങ്ങളെ കണ്ടെത്തി ഓരോ കുടുംബത്തിനും അഞ്ചു സെന്റ് സ്ഥലവും ഭവന നിര്‍മാണത്തിനായി ആറു ലക്ഷം രൂപ വീതവും ലഭ്യമാക്കിയാണ് ചൈതന്യ മെഡോസ് എന്ന പേരില്‍ ഭവന നിര്‍മാണ പദ്ധതി നടപ്പാക്കിയത്.

കോട്ടയം അതിരൂപതയിലെ കൈപ്പുഴ ഇടവകാംഗമായ ഫിലിപ്പ് ഇലക്കാട്ട് സൗജന്യമായി ജില്ലയിലെ നീണ്ടൂര്‍ പഞ്ചായത്തിലെ കൈപ്പുഴയില്‍ ലഭ്യമാക്കിയ 40 സെന്റ് സ്ഥലത്താണ് പുതിയ വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. അമേരിക്കയിലെ ക്‌നാനായ കാത്തലിക് റീജണിലെ ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക ദേവാലയത്തിന്റെ സഹകരണത്തോടെയാണ് കെഎസ്എസ്എസ് പദ്ധതി പൂര്‍ത്തിയാക്കിയത്. പുതിയ ഭവനങ്ങളുടെ വെഞ്ചിരിപ്പു കര്‍മവും താക്കോല്‍ ദാനവും കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു.

തോമസ് ചാഴികാടന്‍ എംപി, മോന്‍സ് ജോസഫ് എംഎല്‍എ, കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോനാ ചര്‍ച്ച് വികാരി ഫാ. മാത്യു കട്ടിയാങ്കല്‍, കെഎസ്എസ്എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Comments

leave a reply

Related News