കെ.എം. ഫ്രാന്‍സിസ് .കേരള കാത്തലിക് ഫെഡറേഷന്‍ പ്രസിഡന്റ്
കൊച്ചി: അല്മായ ശാക്തീകരണവും വിശ്വാസപരിശീലനവും സഭയുടെ കെട്ടുറപ്പിന് അനിവാര്യമാണെന്ന് ബിഷപ് പോള്‍ ആന്റണി മുല്ലശ്ശേരി. കേരള കാത്തലിക് ഫെഡറേഷന്റെ (കെ.സി.എഫ്) ജനറല്‍ അസംബ്ലി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ സമൂഹം നേരിടുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടുവാന്‍ ആഴമായ വിശ്വാസവും പ്രാര്‍ത്ഥനയും അനിവാര്യമാണ്. നിഷ്ഠയോടെയുള്ള വിശ്വാസപരിശീലനത്തിലൂടെ മാത്രമേ ഇത് സാധ്യമാകൂ. അല്മായര്‍ നിസ്സംഗതയോടെ നോക്കിനില്കാതെ പുതുതലമുറക്ക് വിശ്വാസം പകര്‍ന്നുകൊടുക്കാന്‍ മുന്നോട്ടുവരണം. ഭവനങ്ങളാണ് പരിശീലനത്തിന്റെ പ്രധാന വേദി. മാതാപിതാക്കള്‍ ജീവിതമാതൃകവഴി വിശ്വാസജീവിതത്തിലേക്ക് മക്കളെ വഴിനടത്തണം. നാം ഒറ്റക്കെട്ടായി പ്രതിസന്ധികളെ നേരിടാന്‍ തയ്യാറാകണം. അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് ക്രൈസ്ത ഐക്യം സംജാതമാക്കപ്പെടണം. കെസിഎഫ് പോലുള്ള അല്മായ സംഘടനകള്‍ ഐക്യത്തിന്റെ വേദികള്‍ സൃഷ്ടിച്ച് കത്തോലിക്കാസഭയില്‍ അല്മായര്‍ തമ്മിലുള്ള ബന്ധത്തിന് ആഴമായ ബലം കൊടുക്കാന്‍ മുന്നോട്ടുവരണം.ബിഷപ്പ് ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തി. യോഗത്തില്‍ ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി, പി.കെ.ജോസഫ്, വര്‍ഗീസ് കോയിക്കര, ജെസ്റ്റിന്‍ കരിപ്പാട്ട്, ബിജു പറയനിലം, ആന്റണി നൊറോണ, വി.സി. ജോര്‍ജുകുട്ടി എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പ്രൊഫ. കെ.എം. ഫ്രാന്‍സിസ് (പ്രസിഡന്റ്), അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട് (ജനറല്‍ സെക്രട്ടറി), വി.പി.മത്തായി ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

Comments