വയോധിക മാതാപിതാക്കൾക്കായി
കത്തോലിക്കാസഭയുടെ
പ്രഥമ ദിനാചരണം ജൂലൈ 25ന്
കൊച്ചി: അപ്പൂപ്പൻമാർക്കും അമ്മൂമ്മമാർക്കുമായി ഒരു ദിവസം. ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ച കുടുംബങ്ങളിലുള്ള വയോധികരായ മാതാപിതാക്കളെ ആദരിക്കാനായി കത്തോലിക്കാ സഭ ഈ ദിനം നീക്കി വച്ചിരിക്കുകയാണ്. കത്തോലിക്കാ സഭയിൽ ഇദംപ്രഥമമായിട്ടാണ് ഈ ദിനാചരണം. ഈ വർഷം ഈ ദിനത്തിനായി നൽകിയിരിക്കുന്ന സുവിശേഷ വാക്യം വി.മത്തായിയുടേതാണ്. ''ഞാൻ എന്നും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.'' (മത്താ. 28:20) എന്ന വചനത്തിന്റെ പശ്ചാത്തലത്തിലാണ് സഭ അപ്പൂപ്പന്മാരേയും അമ്മൂമ്മമാരേയും ആദരിക്കാൻ സഭ ആഹ്വാനം ചെയ്തിട്ടുള്ളത്.
2021 മാർച്ച് 19 മുതൽ, 2022 ജൂൺ വരെ കുടുംബ വർഷമായി ആചരിക്കാൻ ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തിരുന്നു. ക്രിസ്തീയ കുടുംബങ്ങളിലുള്ള വയോധികരായ മാതാപിതാക്കളോടൊപ്പം സമയം ചെലവഴിക്കാൻ ഫ്രാൻസിസ് പാപ്പ 'അമോറിസ് ലെറ്റീഷ്യ' എന്ന ചാക്രിക ലേഖനത്തിൽ ആഹ്വാനം ചെയ്തിരുന്നു. 2021 ജനുവരി 31ന് ഞായറാഴ്ചയാണ് അപ്പൂപ്പന്മാർക്കും അമ്മൂമ്മമാർക്കുമായുള്ള ദിനാചരണം പാപ്പ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യേശുവിന്റെ മുത്തച്ഛനും മുത്തശ്ശിയുമായ ജോവാക്കിമിന്റേയും അന്നയുടേയും തിരുനാളാചരണത്തോടും ഈ ദിനാചരണത്തിന് ബന്ധമുണ്ട്.
കനേഡിയൻ ബിഷപ്പ്‌സ് കോൺഫറൻസിന്റെ കുടുംബങ്ങൾക്കും ജീവനും വേണ്ടിയുള്ള സ്റ്റാൻഡിങ്ങ് കമ്മിറ്റി ഈ ദിനാചരണത്തിന്റെ പ്രാധാന്യം വിശദമാക്കുന്ന ഒരു വീഡിയോ സന്ദേശം സംപ്രേക്ഷണം ചെയ്തിട്ടുണ്ട്.
''ദൈവം ഓരോ കുടുംബത്തിനും നൽകിയ വരദാനങ്ങൾ വയോധികരായ മാതാപിതാക്കൾ വഴിയാണ് നമുക്ക് ലഭിച്ചത്. നമുക്ക് ദൈവത്തിന് നന്ദിപറയാം. ഈ കാലഘട്ടത്തിൽ അനിശ്ചിതത്വങ്ങളുടേയും പ്രശ്‌നങ്ങളുടേയും നടുവിൽ ദൈവവും സഭയും അവരോടൊപ്പമുണ്ട്. പഴയകാല തലമുറയുടെ ശബ്ദം ഏറെ മൂല്യമുള്ളതാണെന്ന് ഫ്രാൻസിസ് പാപ്പ നമ്മെ ഓർമ്മിപ്പിക്കുന്നു. കോവിഡ് നാളുകളിൽ വയോധികർ ഏറെ ഒറ്റപ്പെട്ടു പോകുകയാണ്. കുടുംബങ്ങളും വയോധികരായ മാതാപിതാക്കളും പേരക്കുട്ടികളും മാതാക്കളും പിതാക്കളും സ്‌നേഹിതരും അയൽക്കാരുമെല്ലാം ഒന്നുകിൽ വിഭജിക്കപ്പെടുകയോ അകറ്റപ്പെടുകയോ ചെയ്തുവെന്നതാണ് ഈ നാളുകളുടെ ദു:ഖാവസ്ഥ. ഒരാളെ സന്ദർശിക്കാനോ, അവരുടെ കൈകൾ ചേർത്തു പിടിക്കാനോ പരസ്പരം ആശ്ലേഷിക്കാനോ, ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കാനോ നമുക്ക് കഴിയുന്നില്ല. ഈ കാലഘട്ടത്തിൽ ഡിജിറ്റൽ ലോകം കുറെയെല്ലാം നമുക്ക് ആശ്വാസമേകി. വയോധികർ സഭയ്ക്കും സമൂഹത്തിനും ലഭിച്ച അമൂല്യ സമ്മാനമാണ്. വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ വാക്കുകൾ ഈ അവസരത്തിൽ നമുക്ക് ഓർമ്മിക്കാം. സമൂഹത്തിൽ നമ്മുടെ ജീവിതത്തെ പിന്തുണയ്ക്കുന്ന കൂട്ടായ സ്മരണകളുടെ കാവൽക്കാരാണ് വയോധികർ എന്നായിരുന്നു വിശുദ്ധൻ പറഞ്ഞത്. വയോധികരായ മാതാപിതാക്കളേ, നിങ്ങളുടെ പേരക്കുട്ടികളെ നിങ്ങൾ സ്‌നേഹിക്കുക. അവരിൽ വിശ്വാസത്തിന്റെ വിത്തുകൾ വിതയ്ക്കുകയും അവയ്ക്കു പോഷണം നൽകി വളർത്തുകയും ചെയ്യുന്നതെങ്ങനെയെന്ന സാക്ഷ്യം കുരുന്നുകൾക്ക് നൽകുക'' - സന്ദേശത്തിൽ പറയുന്നു.
Comments