Foto

 കേരള സഭാനവീകരണം 2022-2025

 ഫാ.  സ്റ്റാന്‍ലി മാതിരപ്പിള്ളി,

സഭയെ നിരന്തരം നയിക്കുന്ന ദൈവാത്മാവിന്റെ സ്വരത്തിന്  കാതോര്‍ത്താണ്  പ്രാരംഭകാലം മുതല്‍ സഭ യാത്ര ചെയ്തിട്ടുള്ളത്. പരിശുദ്ധാത്മപ്രകാശത്തില്‍ 
കാലത്തിന്റെ അടയാളങ്ങളെ വ്യാഖ്യാനിക്കുകയും ദൈവിക പദ്ധതിയുടെ ശുശ്രൂഷകള്‍ക്കായി പിന്‍ചെല്ലേണ്ട പാതകള്‍ നിര്‍ണയിക്കുകയും ചെയ്യുക എന്നത്  
സഭയുടെ എക്കാലത്തെയും വെല്ലുവിളിയും ദൗത്യവുമാണ്. ഈ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് കേരള കത്തോലിക്കാസഭ 
ഒരു നവീകരണ യജ്ഞത്തിന് തയ്യാറാവുകയാണ്.

 

ആപ്തവാക്യം

കേരള സഭാനവീകരണത്തിന് കെസിബിസി സ്വീകരിച്ചിരിക്കുന്ന ആപ്തവാക്യം ''സഭ: ക്രിസ്തുവില്‍ പണിയപ്പെട്ടുകൊണ്ടിരിക്കുന്ന ഭവനം'' എന്നാണ്. വിശുദ്ധ പൗലോസ് അപ്പോസ്തലന്‍ എഫേസൂസുകാര്‍ക്കെഴുതിയ ലേഖനം 2:20-22 ല്‍ പറയുന്ന കാര്യങ്ങളാണ് ഈ ആപ്തവാക്യത്തിന് ആധാരം. ''അപ്പോസ്തലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ് നിങ്ങള്‍; ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്. ക്രിസ്തുവില്‍ ഭവനമൊന്നാകെ സമന്വയിക്കപ്പെട്ടിരിക്കുന്നു; കര്‍ത്താവില്‍ പരിശുദ്ധ ആലയമായി അതു വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവില്‍ ദൈവത്തിന്റെ വാസസ്ഥലമായി നിങ്ങളും അവനില്‍ പണിയപ്പെട്ടുകൊണ്ടിരിക്കുന്നു.''

 

നവീകരണ കാലഘട്ടം

കെസിബിസിയുടെ കരിസ്മാറ്റിക്, ഡോക്‌ട്രൈനല്‍, ബൈബിള്‍, ഫാമിലി, അല്മായ കമ്മീഷനുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരളസഭാനവീകരണ പരിപാടികള്‍  2022 ജൂണ്‍ 5 പെന്തക്കോസ്താ തിരുനാള്‍ മുതല്‍ 2025 ജൂണ്‍ 8 പെന്തക്കോസ്താ തിരുനാള്‍ വരെയായിരിക്കും.

 

എന്റെ സഭ, എന്റെ ഭവനം എന്ന വികാരം

ശരീരത്തില്‍ പല അവയവങ്ങളുണ്ടെങ്കിലും അവയെല്ലാം ചേര്‍ന്ന് ക്രിസ്തുവില്‍ ഏക ശരീര മായിത്തീരുന്നതുപോലെ (1 കോറി. 12:12-26) സഭാംഗങ്ങളെല്ലാവരും അവരവരുടെ വിളിക്കനുസൃതമായ ദൗത്യം നിര്‍വഹിക്കാന്‍ കടപ്പെട്ടവരാണ്. ''എന്റെ സഭ, എന്റെ ഭവനം'' എന്ന വികാരം സഭാംഗങ്ങള്‍ക്കെല്ലാവര്‍ക്കും സമര്‍പ്പിതര്‍ക്കും ഇതരശുശ്രൂഷകര്‍ക്കും ഉണ്ടാകണം. അമ്മയായ സഭയോടുള്ള സ്‌നേഹം ക്രിസ്തുവിനോടുള്ള സ്‌നേഹത്തിന്റെ ഭാഗമാണ്. സഭ എന്റെ അമ്മ അഥവാ എന്റെ കുടുംബം എന്ന നിലയില്‍ എത്രമാത്രം സ്‌നേഹിക്കപ്പെടുന്നുവെന്ന്  ഓരോരുത്തരും വിലയിരുത്തണം. എന്റെ സഭയെ സംരക്ഷിക്കാന്‍ എനിക്കും കടമയുണ്ട് എന്ന അവബോധത്തില്‍ ക്രിസ്തുവിശ്വാസികള്‍ വളരുന്നിടത്താണ് പൊതു സമൂഹത്തില്‍ സഭ ക്രിസ്തുവിന്റെ മുഖവും ഗാത്രവുമായി അവതരിക്കപ്പെടുന്നത്.

 

നവീകരണത്തിന് അടിസ്ഥാനമായ മൂന്നു പശ്ചാത്തലങ്ങള്‍

കേരള സഭാനവീകരണം നടക്കേണ്ടത് പ്രധാനമായും മൂന്നുപശ്ചാത്തലങ്ങളെ മുന്‍നിര്‍ത്തിയാണ്.

1. ആഗോളകത്തോലിക്കാസഭയില്‍ സംഘടിക്കപ്പെടുന്ന മെത്രാന്മാരുടെ സിനഡിന്റെ പശ്ചാത്തലം.

''ഒരു സിനഡാത്മകസഭയ്ക്കുവേണ്ടി: കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതദൗത്യം'' എന്ന ആപ്ത

വാക്യത്തിന്റെ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ട് കൂട്ടായ്മയുടെയും സമവായത്തിന്റെയും

പ്രേഷിതാഭിമുഖ്യത്തിന്റെയും നവചൈതന്യം കേരളസഭാനവീകരണയജ്ഞം ലക്ഷ്യം വയ്ക്കുന്നു.

 

2. കോവിഡനന്തര കേരളത്തില്‍  കത്തോലിക്കാസഭയുടെ ദൗത്യവും സാക്ഷ്യവും എന്തായിരിക്കണമെന്നു തിരിച്ചറിഞ്ഞ് കേരളസഭയുടെ പ്രവര്‍ത്തനങ്ങളെ ക്രമപ്പെടുത്താന്‍ സഭാനവീകരണ

പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം വയ്ക്കുന്നു.

3. കേരള കത്തോലിക്കാസഭയിലെ സഭാകൂട്ടായ്മയില്‍ വന്നുചേര്‍ന്നിട്ടുള്ള അപചയങ്ങളെ തിരിച്ചറിഞ്ഞ് പരിഹരിക്കുക എന്നത് ലക്ഷ്യം വയ്ക്കുന്നു.

 

 നവീകരണത്തിന്റെ 3 ഘട്ടങ്ങളും 5 പ്രക്രിയയകളും

ഒന്നാംഘട്ടം (2021-2022)  - ശ്രവണവും ആസൂത്രണവും

രണ്ടാംഘട്ടം (2022-2024) - നവീകരണം നടപ്പില്‍ വരുത്തല്‍

മൂന്നാംഘട്ടം (2024-2025) - നവീകരണത്തിന്റെ വിലയിരുത്തലുകളും തുടര്‍നടപടികളും

ശ്രവണകാലം

സഭാനവീകരണപ്രവര്‍ത്തനങ്ങളുടെ പ്രഥമവര്‍ഷം ഒരുക്കത്തിന്റെ കാലമാകണം. അതില്‍ ആദ്യകാലം ശ്രവണകാലമാകണം. സഭാനേതൃത്വത്തിലുള്ളവരെ മാത്രം കേള്‍ക്കാതെ സാമൂഹിക- രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തുള്ളവരെയും യുവജനങ്ങളെയും സാധാരണക്കാരെയും കേള്‍ക്കാന്‍ അവസരമുണ്ടാകണം. സ്ഥിരം കേള്‍ക്കുന്നവരെ തന്നെ കേള്‍ക്കുന്ന രീതി മാറണം. മൂന്നു സഭകളുടെയും സെക്രട്ടറിയേറ്റുകള്‍, രൂപതാപ്രതിനിധികള്‍, വൈദികര്‍, സന്ന്യസ്തര്‍, യുവജനങ്ങള്‍, ഇതരമതനേതൃത്വം, ഇതരസഭാനേതൃത്വം, കെസിബിസി കമ്മീഷനുകള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവരെ കേള്‍ക്കാന്‍ അവസരം ഒരുക്കണം. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ സഭയ്ക്കു പൊതു സമൂഹത്തിലുണ്ടായിട്ടുള്ള  പ്രതിച്ഛായ എന്താണ് എന്നറിയണം. അതനുസരിച്ച്, പരിഹാരനടപടികള്‍ ആസുത്രണം ചെയ്യണം. ആഗോള സിനഡ് ലക്ഷ്യംവയ്ക്കുന്നതുപോലെകേരളസഭയില്‍ സംവാദത്തിന്റെയും പരസ്പരമുള്ള'ശ്രവിക്കലിന്റെയും സമവായത്തിന്റെയും കൂട്ടായ്മയുടെയും സംസ്‌കാരം ശക്തിപ്രാപിക്കണം. എല്ലാ സംഭാഷണങ്ങളുടെയും കൂടിച്ചേരലുകളുടെയും സഹഗമനത്തിന്റെയും ലക്ഷ്യം അവയിലൂടെയെല്ലാം വെളിപ്പെടുന്ന പരിശുദ്ധാത്മാവിന്റെ സ്വരത്തിന് കാതുകൊടുക്കുന്നതും അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുന്നതുമായിരിക്കണം. 

 

 കേരള സഭാനവീകരണത്തിന്റെ മേഖലകള്‍

1. കൂട്ടായ്മയിലേക്കുള്ള മാനസാന്തരം

ക്രിസ്തു ശിരസ്സായുള്ള ശരീരമാണ് സഭ. ''നിങ്ങള്‍ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്'' (1 കോറി 12:27). സഭയായിരിക്കുക എന്നതിന്റെ അര്‍ത്ഥം ദൈവികപദ്ധതിയനുസരിച്ച് ദൈവജനമായിരിക്കുക എന്നതാണ്. മനുഷ്യവംശത്തിനിടയില്‍ നമ്മള്‍ പുളിമാവായിരിക്കണം. ദൈവം നമ്മളെ ഒറ്റപ്പെട്ട വ്യക്തികളായിട്ടല്ല വിളിച്ചിരിക്കുന്നത്, ഒരു ജനതയെന്ന നിലയിലാണ് (GS 22).  ശരീരത്തിന്റെ ഐക്യം അവയവങ്ങളുടെ വൈവിധ്യത്തെ നശിപ്പിക്കുന്നില്ല. ക്രിസ്തുവിന്റെ ശരീരം പടുത്തുയര്‍ത്തുന്നതില്‍ അംഗങ്ങളുടെ കര്‍മ്മങ്ങളില്‍ വൈവിധ്യമുണ്ടെങ്കിലും ''ഒരു അവയവം എന്തെങ്കിലും സഹിക്കുമ്പോള്‍ എല്ലാ അവയവങ്ങളും ഒരുമിച്ചു സഹിക്കുന്നു; ഒരു അവയവം ബഹുമാനിക്കപ്പെടുമ്പോള്‍ എല്ലാ അവയവങ്ങളും ഒന്നിച്ചു സന്തോഷിക്കുന്നു'' (LG 7; 1 കോറി 12:26). സഭകള്‍ തമ്മില്‍ത്തമ്മിലും, സഭാംഗങ്ങള്‍ക്കിടയിലും ചില ക്രൈസ്തവസമൂഹങ്ങള്‍ക്കിടയിലും സമര്‍പ്പിതരായ വ്യക്തികള്‍ക്കിടയില്‍പ്പോലും ഭിന്നതയുടെ വിവിധരൂപങ്ങള്‍ ഇന്നു വളര്‍ന്നു കൊണ്ടിരിക്കുന്നു. വിവിധ റീത്തുകളില്‍പ്പെട്ടവര്‍ തമ്മില്‍ത്തമ്മിലുള്ള അനാരോഗ്യകരമായ അകല്ചകള്‍, വിവിധ സന്ന്യാസസമൂഹങ്ങള്‍ക്കിടയിലുള്ള പൊരുത്തക്കേടുകള്‍, വൈദികര്‍ക്കും അല്മായര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ ഏകശരീരത്തെ ഛിന്നഭിന്നമാക്കുന്ന പ്രവണതകള്‍ക്ക് ഇന്ന് ശക്തികൂടിവരുന്നു. കേരളസഭാസമൂഹത്തിലെ ഭിന്നതകളുടെ മേഖലകള്‍ പരിഹരിക്കപ്പെടണം. അനുരഞ്ജനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സാധ്യതകള്‍ തേടുകയും ഒരു ശരീരവും വിവിധ അവയവങ്ങളും
(1 കൊറി 12:1213) എന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ട് ജീവിക്കുകയും ചെയ്യേണ്ടത് സഭാമക്കളുടെ കടമയാണ്. കേരളസഭയില്‍ ഇന്നുണ്ടായിട്ടുള്ള 'ജീര്‍ണത'യുടെ മേഖലകള്‍ - പ്രത്യേകിച്ച,് സഭാസ്ഥാപനങ്ങള്‍, സംവിധാനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയ മേഖലകള്‍  - കണ്ടെത്തി പരിഹരിക്കപ്പെടണം.

2. പ്രാര്‍ത്ഥനാജീവിതം

ചരിത്രത്തിലൂടനീളം സഭയെ നയിക്കുകയും ഇന്നും സഭയെ നയിച്ചുകൊണ്ടിരിക്കുന്നതുമായ ദൈവാത്മാവിന്റെ പ്രവര്‍ത്തനങ്ങളെ പഠനവിധേയമാക്കുകയും ആത്മാവിന്റെ സ്വരം ശ്രവിച്ചു കൊണ്ട് നവീകരണ പ്രക്രിയകള്‍ നടപ്പിലാക്കുകയും ചെയ്യേണ്ടതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണം. ദൈവാത്മിക  ചൈതന്യത്തില്‍ ഒരു അണഅഗഋചകചഏ സഭയില്‍ സംഭവിക്കണം.

സഭയുടെ ഏറ്റവും വലിയ ശക്തിസ്രോതസ്സ് പരിശുദ്ധ കുര്‍ബാനയാണ്. ദിവ്യകാരുണ്യ ഭക്തിയും പ്രാര്‍ത്ഥനയും സഭയില്‍ കൂടുതല്‍ ശക്തി പ്രാപിക്കണം. ദിവ്യബലിയിലുള്ള പങ്കാളിത്തമാണ് ക്രൈസ്തവ സമൂഹത്തിന്റെ കേന്ദ്രം. വചനപഠനവും വചനാധിഷ്ഠിത ജീവിതവും പരിപോഷിപ്പിക്കപ്പെടണം. ദൈവവചനപ്രഘോഷണം കൂദാശകളുടെ പരികര്‍മ്മം, പ്രാര്‍ത്ഥനകള്‍, ധ്യാനങ്ങള്‍, എന്നിവയിലെല്ലാം സഭാംഗങ്ങളെ മുഴുവന്‍ പങ്കാളികളാക്കുന്നതിന് അവസരങ്ങള്‍ ഒരുക്കണം. ക്രിസ്തീയ ആനന്ദത്തോടും പ്രത്യാശയോടും കൂടെ ജീവിക്കാനും ക്രിസ്തുവിനു സാക്ഷ്യം വഹിക്കാനും ആദ്ധ്യാത്മിക മേഖലയില്‍ ഉണര്‍വുണ്ടാകുക എന്നത് ഒഴിച്ചുകൂടാനാവാത്ത കാര്യമാണ്.

 

3. വിശ്വാസ പരിശീലനം

വിശ്വാസ പരിശീലനം സഭയുടെ സുപ്രധാന ദൗത്യങ്ങളില്‍ ഒന്നാണ്. കാലോചിതവും ക്രിസ്തു സാക്ഷ്യത്തിന് ഉപകരിക്കുന്നതുമായ വിശ്വാസപരിശീലനം കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും  മുതിര്‍ന്നവര്‍ക്കും ലഭിക്കത്തക്കവിധം മതബോധന സംവിധാനങ്ങള്‍ പരിഷ്‌കരിക്കേണ്ടതുണ്ട്. ജ്ഞാനസ്‌നാനത്തിന്റെ ഫലങ്ങളെ മുറുകെപ്പിടിച്ച് യേശുവിനെ രക്ഷകനും നാഥനുമായി ഏറ്റുപറഞ്ഞ് ജീവിക്കാനും ദൈവസ്‌നേഹത്തിലും പരസ്‌നേഹത്തിലും ഊന്നിയ പ്രേഷിതചൈതന്യത്തില്‍ വളര്‍ന്നുവരാനും സഹായിക്കുന്ന വിധമാകണം വിശ്വാസപരിശീലനം. വൈദിക-സന്ന്യസ്ത- അല്മായ-യുവജന പരിശീലന മേഖലകളും അപ്രകാരം തന്നെയാകണം.

കരിസ്മാറ്റിക് നവീകരണ മേഖലകളിലും ഇതര ആത്മീയ സംവിധാനങ്ങളിലും ഉള്ള നന്മകളെ പരിപോഷിപ്പിക്കുകയും സംഭവിച്ചിട്ടുള്ള അപചയങ്ങളെ തിരിച്ചറിഞ്ഞ് തിരുത്തുകയും വേണം. 'ഭൗതിക സുവിശേഷ'ത്തിന്റെ സംസ്‌കാരത്തിന് ഊന്നല്‍ നല്കുന്നിടത്ത് വിശ്വാസരൂപീകരണവും പ്രേഷിത ശിഷ്യത്വവും അന്യമാകും. വിശ്വാസപരിശീലനരംഗത്തും, ഗഇടഘ പോലുള്ള സംഘടനകളുടെ നേതൃത്വരംഗത്തും പ്രവര്‍ത്തിക്കാന്‍ അധ്യാപന രംഗത്തുള്ളവര്‍ പൊതുവേ തല്പരരാകാത്തത് പ്രസ്തുത മേഖലകളില്‍ തളര്‍ച്ചയും ചിലപ്പോഴെങ്കിലും ഫലശൂന്യതയും സൃഷ്ടിക്കുന്നു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു പരിഹരിക്കണം.

4. അനുരഞ്ജന മേഖലകള്‍

സഭയുടെ ദര്‍ശനത്തിന് ചേര്‍ന്ന നേതൃത്വം അജപാലകരില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്, പ്രത്യേകിച്ച്  അവരുടെ ജീവിതശൈലിയില്‍. മെത്രാന്‍ - വൈദികബന്ധം, വൈദിക - സന്ന്യസ്തബന്ധം, വൈദിക- അല്മായ ബന്ധം, തുടങ്ങി അജപാലക ശുശ്രൂഷാ രംഗത്തുള്ളവര്‍ തമ്മിലുള്ള ബന്ധങ്ങള്‍ സുതാര്യവും ദൃഢവുമാകുന്നതിന് നടപടികള്‍ കൈക്കൊള്ളണം. പ്രത്യേകിച്ച്, മെത്രാനും കൂരിയയും വൈദികരേയും വിശ്വാസികളേയും കേള്‍ക്കുന്നതില്‍ ഹൃദ്യത പുലര്‍ത്തണം. വിശ്വാസികളുടെ സമൂഹമായ സഭ ദൈവജനത്തിന്റെ കൂട്ടായ്മയാണ്. അതുകൊണ്ട് സഭയെ സ്ഥാപനവത്കരിക്കുന്ന പ്രവണതകള്‍ പ്രോത്സാഹിപ്പിക്കപ്പെടരുത്. നിലനില്ക്കുന്ന സംവിധാനങ്ങള്‍ക്കപ്പുറം നമുക്ക് ഒന്നും ചെയ്യാനില്ല എന്ന കാഴ്ച്ചപ്പാടുകള്‍ മാറണം. യേശുക്രിസ്തുവില്‍ കേന്ദ്രീകൃതമായതും എപ്പോഴും സജീവവുമായ സുവിശേഷചൈതന്യം സഭയുടെ സ്ഥാപനങ്ങളിലും  പ്രവര്‍ത്തനങ്ങളിലും നിറഞ്ഞു നില്ക്കണം.

5. ദരിദ്രരുടെ സഭ

ദരിദ്രരും പാര്‍ശ്വവത്കരിക്കപ്പെട്ടവരും അനാഥരും വിധവകളും രോഗികളും നിരാലംബരും വൃദ്ധജനങ്ങളും ഭവനരഹിതരും പീഡനങ്ങള്‍ ഏല്ക്കുന്നവരും കുഞ്ഞുങ്ങളുമെല്ലാം എക്കാലവും സഭയുടെ പ്രേഷിത ശുശൂഷകളില്‍ പ്രഥമ പരിഗണന അര്‍ഹിക്കുന്നവരാണ്. 'ദരിദ്രന്റെ വിലാപം സഭയുടെ പ്രത്യാശയുടെ വിലാപമാണ്' എന്ന് ഫ്രാന്‍സിസ് പാപ്പാ  സഭാമക്കളെ ഓര്‍മ്മിപ്പിക്കുന്നു. 'ക്രിസ്തുവിന്റെ സ്‌നേഹം  ഞങ്ങള്‍ക്ക് ഉത്തേജനം നല്‍കുന്നു' (2 കോറി 5:14) എന്ന പൗലോസിന്റെ മനോഭാവമാണ് സാമൂഹ്യ ശുശ്രൂഷകളിലും പരിസ്ഥിതി സംരക്ഷണത്തിലും എന്നും സഭ പുലര്‍ത്തിപോന്നിട്ടുള്ളത്.  ദരിദ്രരിലേക്കും പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരിലേക്കും എത്തിച്ചേരാന്‍ വിളിക്കപ്പെട്ടവളാണ് സഭ. എന്നാല്‍ സഭയുടെ ശ്രദ്ധ പതിക്കപ്പെടാതെ പോകുന്നവര്‍  ഇന്ന് ഭൂരിപക്ഷമായി പോകുന്നുണ്ടോ എന്നു വിലയിരുത്തണം.

6. പ്രേഷിത മാനസാന്തരം

യഥാര്‍ത്ഥവും സുദൃഢവുമായ മാനസാന്തരമാണ് സമഗ്രനവീകരണത്തിന് അടിസ്ഥാനമായിട്ടുള്ളത്. സഭാ ശുശ്രൂഷകളുടെ സമസ്ത മേഖലകളിലും ഈ മാനസാന്തരം സംഭവിക്കണം. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സഭയുടെ മിഷനറി സ്വഭാവത്തെ ഏറ്റെടുക്കുക എന്നതാണ്. ഫ്രാന്‍സിസ് പാപ്പാ ഓര്‍മ്മിപ്പിക്കുന്നതുപോലെ, 'സഭയെ സംബന്ധിച്ച ഒരു ഐച്ഛിക വിഷയമല്ല പ്രേഷിതപ്രവര്‍ത്തനം, കാരണം സഭ പ്രേഷിതയാണ്.' സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളുടെയും അജപാലന ദൗത്യങ്ങളുടെയും മേഖലയില്‍ മാനസാന്തരം സംഭവിക്കണം. പ്രതിരോധനത്തിനു പിറകെ പായുന്ന ഒരു ശൈലി സഭയില്‍ രൂപപ്പെടുന്നത് അപകടകരമാണ്. ആത്മീയ ലോകത്തിനപ്പുറം സാമൂഹികവും രാഷ്ട്രീയവുമായ മേഖലകളില്‍ സഭയുടെ ശ്രദ്ധ പതിച്ചുകൊണ്ട് 'സുവിശേഷവത്കരണത്തിലൂടെ മാനസാന്തരം സാധ്യമാക്കുക' എന്ന ക്രൈസ്തവധര്‍മ്മത്തിന് ഊന്നല്‍ നല്‍കണം.

7. വൈദിക-സന്ന്യസ്ത പ്രേഷിതത്വം

സഭയില്‍ അജപാലനശുശ്രൂഷയും പ്രേഷിത ശുശ്രൂഷയും രണ്ടു തട്ടുകളിലല്ല. ജനങ്ങളുമായി ബന്ധമില്ലാത്ത ഉപയോഗശൂന്യമായ ഒരു സംവിധാനമോ കാലഹരണപ്പെട്ട ഒരു സ്ഥാപനമോ ആയി ഇടവകയും മറ്റു സഭാസംവിധാനങ്ങളും  മാറരുത്. കാരണം ഇടവകയെന്നാല്‍  ഒരു പ്രാദേശിക സഭയുടെ സാന്നിധ്യമാണ്. അജപാലന ശുശ്രൂഷയില്‍  ഭവനസന്ദര്‍ശനങ്ങള്‍ക്കും സഹഗമനത്തിനുമൊക്കെ സമയം കണ്ടെത്താത്ത അജപാലകരുടെ എണ്ണം ഇന്നുകൂടി വരികയാണ്. പ്രേഷിതസ്വഭാവം നഷ്ടപ്പെട്ട സമര്‍പ്പിതസമൂഹം എല്ലാം സ്വാഭാവികമായി നടക്കുന്നുവെന്ന ധാരണ ഉളവാക്കിക്കൊണ്ടേയിരിക്കും. അതുവഴി, ഒരു ''കല്ലറ മനശ്ശാസ്ത്രം'' വികസിച്ചുവരികയും അജപാലകര്‍ ക്രമേണ 'മൃതദേഹങ്ങള്‍' ആയിത്തീരുകയും ചെയ്യും  (EG 33). ജീവിതകാലം മുഴുവന്‍ നിലനില്ക്കുന്ന സമര്‍പ്പണത്തിന് വ്യക്തികള്‍ തയ്യാറാകുന്നത് ആഴമായ വിശ്വാസാനുഭവത്തിന്റെ അടിസ്ഥാനത്തിലാണ്. അതിനനുസൃതമായി പ്രേഷിത രൂപീകരണമാണ് വൈദികര്‍ക്കും സന്ന്യസ്തര്‍ക്കും നല്‌കേണ്ടത്. പൗരോഹിത്യത്തിലേക്കും സമര്‍പ്പിതജീവിതത്തിലേക്കുമുള്ള ദൈവവിളികളുടെ ദൗര്‍ലഭ്യം ഇന്നേറിവരുന്നതും ഗൗരവമായി പരിഗണിക്കപ്പെടണം.

8. കുടുംബ പ്രേഷിത ശുശ്രൂഷ

കോവിഡ്കാലം സമൂഹത്തിലും കുടുംബത്തിലും വ്യക്തികളുടെമേലും ഏല്പിച്ചുള്ള
ക്ഷതങ്ങള്‍ തിരിച്ചറിഞ്ഞ് സഭയുടെ കുടുംബ പ്രേഷിതദൗത്യത്തിലും ശൈലിയിലും മാറ്റം
അനിവാര്യമായിരിക്കുന്നു എന്നത് തിരിച്ചറിയണം.
'ഹോം മിഷന്‍' ഉള്‍പ്പെടെയുള്ള സഭയുടെ കുടുംബ പ്രേഷിത ശുശ്രൂഷകള്‍ സജീവമാകണം. അജപാലനപരമായ 'സന്ദര്‍ശന'ത്തിനപ്പുറത്ത് ആത്മീയ 'സ്ഥിരം സാന്നിധ്യ'ത്തിലേക്ക് ഉയരാന്‍ ശുശ്രൂഷാനേതൃത്വത്തിനു കഴിയണം. കുടുംബജീവിതഭദ്രതയും ദാമ്പത്യ ബന്ധങ്ങളും ചര്‍ച്ചാവിഷയമാക്കുമ്പോള്‍ ഓരോ രൂപതയിലേയും വിവാഹമോചിതരുടെ പ്രശ്‌നങ്ങള്‍, അവസ്ഥകള്‍ എന്നിവ പ്രത്യേകം പഠനവിധേയമാകണം. അത്തരം പഠനവും അപഗ്രഥനവും കുടുംബനവീകരണത്തിന്റെ അടിസ്ഥാനവിഷയങ്ങളില്‍ ഒന്നാകണം.

9. അല്മായ പ്രേഷിതത്വവും പങ്കാളിത്തവും

അല്മായ വിശ്വാസികളുടെ ക്രിസ്തുശിഷ്യത്വത്തിന്റെ അടിസ്ഥാന സവിശേഷത അത് ലോകത്തില്‍ ത്തന്നെ നിര്‍വഹിക്കപ്പെടുന്നു എന്നതാണ്. ഭൗതികകാര്യങ്ങളില്‍ യഥേഷ്ടം വ്യാപരിച്ചുകൊണ്ടും അവയെ ദൈവേഷ്ടമനുസരിച്ചു നയിച്ചുകൊണ്ടും ദൈവരാജ്യം അന്വേഷിക്കുക എന്നതാണ് അല്മായരുടെ കടമ. അല്മായരുടെ പ്രേഷിതത്വം സഭയുടെ തന്നെ രക്ഷാകരദൗത്യത്തിലുള്ള അവരുടെ ഭാഗഭാഗിത്വമാണ്. സമകാലിക സാംസ്‌കാരിക സാമൂഹ്യപ്രശ്‌നങ്ങള്‍ സര്‍വോപരി, അല്മായരുമായി ബന്ധപ്പെട്ടിരിക്കുന്നു. അല്മായരുടെ ജീവിതവിശുദ്ധിയും അവര്‍ നല്കുന്ന സാക്ഷ്യത്തിന്റെ ശക്തിയും മനുഷ്യവംശത്തിന്റെ പുരോഗതിക്ക് സംഭാവന നല്കുംവിധം ക്രമീകരിക്കപ്പെടണം. അവരുടെ ക്രൈസ്തവസാക്ഷ്യത്തില്‍ സംഘടിതവും ക്രമീകൃതവുമായ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്കണം. ഭാവാത്മകമായും ക്രിയാത്മകമായും പ്രതിജ്ഞാബദ്ധതയോടെ വളരാനും പ്രതികരിക്കാനും അല്മായര്‍ സന്നദ്ധരാകേണ്ടതാണ്.

10. യുവജനശുശ്രൂഷ

''നിത്യയൗവനമുള്ള യേശു നുമുക്ക് നിത്യയൗവനമുള്ള ഹൃദയം നല്കാന്‍ ആഗ്രഹിക്കുന്നു.... യുവജനത്തെ അവജ്ഞയോടെ കാണുകയും അവരുടെമേല്‍ ആധിപത്യം പുലര്‍ത്തുകയും ചെയ്ത മുതില്‍ന്നവരെക്കൊണ്ട് യേശുവിന്  ഒരു ഉപയോഗവും ഇല്ലായിരുന്നു എന്നും നമ്മള്‍ ഓര്‍മ്മിക്കണം'' (CV 13-14).   സഭയിലെ യുവജനങ്ങളുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധ പതിക്കേണ്ടതുണ്ട്. സഭയോടും

സമൂഹത്തോടും പ്രതിജ്ഞാബദ്ധതയുള്ള യുവതലമുറ രൂപപ്പെടുന്നതിനുപകരം സഭയില്‍ നിന്നും സഭാ ശുശ്രൂഷാകരില്‍നിന്നുമൊക്കെ ഏറെ അകന്നുനില്‍ക്കാന്‍ ഇഷ്ടപ്പെടുന്ന
ഇന്ന
ത്തെ സാഹചര്യം പഠനവിധേയമാക്കി പരിഹരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണം. യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും ഭരണഘടനയെ സംബന്ധിച്ചും രാഷ്ട്രീയ സംവിധാനങ്ങളെ സംബന്ധിച്ചുമുള്ള അറിവും പരിശീലനവും നല്‍കാന്‍ സംവിധാനമൊരുക്കണം. സഭയിലെ ബഹുഭൂരിപക്ഷം വരുന്നവര്‍ 40 വയസ്സിനു താഴെയുള്ളവരാണെന്നു മനസ്സിലാക്കി അവരെ കേള്‍ക്കാനും അവരോടൊത്ത് നവീനപ്രക്രിയകള്‍ ആസൂത്രണം ചെയ്യാനും കഴിയണം. യുവജനം എന്തു പ്രതീക്ഷി ക്കുന്നുവെന്നു യുവജനങ്ങളില്‍നിന്നു കേള്‍ക്കണം. അവരുടെ ഭാഷയും ശൈലിയും രീതികളും അജപാലനമേഖലയിലുള്ളവര്‍ മനസ്സിലാക്കണം.

11. പരിസ്ഥിതിപരമായ മാനസാന്തരം

പരിസ്ഥിതി വിഷയങ്ങള്‍ കേവലം  ജൈവവിഷയങ്ങളായി കണക്കാക്കാനാവില്ല, സാമ്പത്തിക ബന്ധങ്ങളെയും നീതിപൂര്‍വകമായ വിഭവവിനിയോഗത്തെയും സംബന്ധിച്ചുള്ള ആത്മീയ നിലപാടുകള്‍ ബലപ്പെടുത്തേണ്ട ധാര്‍മ്മിക പ്രശ്‌നം തന്നെയാണവ. പ്രകൃതിയുടെ അജപാലനസംരക്ഷണം പരമദരിദ്രര്‍ക്കും ഭൂമിയിലെ ഏറ്റവും അവഗണിക്കപ്പെടുന്നവര്‍ക്കുമുള്ള നീതിയുമായി ബന്ധപ്പെട്ടതാണ് എന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. ആരോഗ്യകരവും സുസ്ഥിരവുമായ പരിസ്ഥിതി ക്രമപ്പെടുത്താനും നിലനിറുത്താനും പരിസ്ഥിതിയുടെ സംരക്ഷണത്തിനും പരിപാലനത്തിനും സഹായകമാകുന്ന ശ്രമങ്ങളും ഉദ്യമങ്ങളും നമ്മുടെ സാമൂഹിക ശുശ്രൂഷയുടെ സജീവഭാഗമാകണം.

12. സംവാദത്തിന്റെ മേഖലകള്‍

കേരള കത്തോലിക്കാസഭ ഇതരമതങ്ങളോടും സമുദായങ്ങളോടും എക്കാലവും ബഹുമാനവും ആദരവും പുലര്‍ത്തിയാണ് നിലകൊണ്ടിട്ടുള്ളത്. ഇതരമതവിഭാഗങ്ങളുമായി സഭയുടെ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനാവണം.ഇക്കാര്യത്തില്‍ വിശ്വാസീസമൂഹത്തിനുള്ള ആശങ്കകള്‍ പരിഹരിക്ക പ്പെടേണ്ടതുണ്ട്. മാത്രമല്ല, സാമൂഹിക ജീവിതത്തെ ബാധിക്കുന്ന പൊതുവായ കാര്യങ്ങളെക്കുറിച്ചു പഠിക്കാനും സമൂഹത്തിന്റെ ഉന്നമനത്തിനായി ഒരുമിച്ചു പ്രവര്‍ത്തിക്കാനുമുതകുന്ന സംവാദങ്ങള്‍ക്ക് ഇതരമതങ്ങളും സഭകളുമായുള്ള ബന്ധങ്ങള്‍ സഹായകമാകണം.

മാറ്റമില്ലാത്ത വിശ്വാസനിക്ഷേപം മാറുന്ന കാലത്തിനൊത്ത് കൈമാറാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. ഇന്ന് വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന വര്‍ഗീയത, പരിസ്ഥിതി നാശം, മലിനീകരണം, നെഗറ്റീവ് ജെന്‍ഡര്‍ ഇന്‍ബാലന്‍സ്, ഉയര്‍ന്ന വൃദ്ധജനസംഖ്യ, കുടുംബബന്ധങ്ങളുടെ തകര്‍ച്ച, ലൈംഗിക അരാജകത്വം, കുടിയേറ്റം, ദാരിദ്ര്യം, ഒഴിഞ്ഞുപോക്ക്, ആത്മീയതയ്ക്കു സ്ഥാനമില്ലാത്ത റൗണ്ട് ദ ക്ലോക്ക് തൊഴില്‍ സംസ്‌കാരം, തൊഴില്‍ മേഖലകളിലെ അസ്ഥിരതയും അതുണ്ടാക്കുന്ന വിഹ്വലതകളും തുടങ്ങി എല്ലാ വെല്ലുവിളികളും ആശങ്കകളും കേരളസഭാനവീകരണ പശ്ചാത്തലത്തില്‍ വിശദമായി പരിഗണിക്കപ്പെടണം.

Comments

  • vimal Albert
    12-03-2023 07:50 AM

    Oh God bless us to follow this

leave a reply

Related News