മനസ്സിൽ തെളിയണം ദരിദ്രന്റെ മുഖം: ഡോ. എം. എസ്. സുനിൽ
കൊച്ചി : ഏറ്റവും പാവപ്പെട്ടവന്റെ മുഖമാണ്, ഏതൊരു സാമൂഹികക്ഷേമ പ്രവർത്തനങ്ങളിലും മനസ്സിൽ തെളിയുന്നതെന്ന് ഡോ. എം.എസ്. സുനിൽ ടീച്ചർ. കെ.സി.ബി.സി. മീഡിയ - ഫാമിലി കമ്മീഷനുകൾ സംയുക്തമായി സംഘടിപ്പിച്ച 'കോവിഡിനപ്പുറവും ജീവിതമുണ്ട്' എന്ന വിഷയത്തെക്കുറിച്ചുള്ള വെബിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സുനിൽ ടീച്ചർ.
ടീച്ചറുടെ വാക്കുകളിലേക്ക് : കോവിഡ് കാലത്തുമാത്രം അൻപതോളം വീടുകൾ നിർമ്മിച്ച് നൽകാൻ കഴിഞ്ഞതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ഇപ്പോൾ, 222--ാംമത്തെ വീടിന്റെ നിർമ്മാണവും കഴിഞ്ഞു. പ്രളയകാലത്ത് മാത്രം 22 വീടുകൾ നിർമ്മിച്ചു നൽകി.
ലോകമെമ്പാടുമുള്ള ജനങ്ങൾ കോവിഡ് മഹാമാരിമൂലം വലയുമ്പോൾ നാം ചിന്തിക്കേണ്ടത് ഇത്തരമൊരു പ്രതിസന്ധിയിൽ നമുക്ക് ഓരോരുത്തർക്കും എന്തുചെയ്യാൻ കഴിയുമെന്നാണ്. ലോക്ഡൗൺ വന്നപ്പോൾ ഞാൻ പുറത്തിറങ്ങിയില്ല. നിയമം അനുവദിച്ചപ്പോൾ കൃത്യമായ രോഗപ്രതിരോധമാർഗങ്ങൾ സ്വീകരിച്ചുകൊണ്ട് ഞാൻ വീടുകൾ കയറിയിറങ്ങി. ജീവിതത്തിന്റെ ദുഃഖപാതകളിൽ, ഒന്ന് കൈപിടിച്ചാൽ, സാന്ത്വനിപ്പിച്ചാൽ ദുരിതങ്ങളിൽ നിന്ന് കര കയറാൻ കഴിയുമെന്നു ചിന്തിക്കുന്നവരെ സഹായിക്കാൻ കഴിഞ്ഞുവെന്നത് എനിക്ക് ഏറെ സന്തോഷം നൽകി.
കോവിഡ് കാലം നമ്മെ ഉത്കണ്ഠാകുലരാക്കിയെന്ന് സത്യമാണ്. സഞ്ചാരസ്വാതന്ത്ര്യം തന്നെ നിഷേധിക്കപ്പെട്ടപ്പോൾ, ഈ നിയന്ത്രണങ്ങൾ എന്നാണ് അവസാനിക്കുക, നിലച്ചുപോയ വരുമാനമാർഗങ്ങൾ എങ്ങനെയാണ് വീണ്ടെടുക്കാനാവുക എന്നെല്ലാം ആകുലപ്പെട്ടവരെ നമ്മുടെ ചുറ്റിലും നാം കണ്ടു. വിദേശ രാജ്യങ്ങളിലുള്ള ഉറ്റവരെ ഇനിയൊരിക്കലും കാണാൻ കഴിയില്ലേയെന്ന് ഉത്കണ്ഠപ്പെട്ടവരുമുണ്ട്. ചെറുകിട കച്ചവടങ്ങൾ മുതൽ കോർപ്പറേറ്റുകൾ വരെ അവരുടെ ദൈനംദിന നടത്തിപ്പിനെപ്പറ്റി ആകുലപ്പെട്ടു. ഇവരിൽ ചെറുപ്പക്കാരായവർ ഓൺലൈൻ കച്ചവടത്തിലേക്ക് തിരിഞ്ഞു. നവസാങ്കേതികവിദ്യകൾ പരിചയമില്ലാത്തവർ ആകെ ആശങ്കാകുലരായി. എങ്കിലും മിക്കവരും ഈ സന്ദർഭത്തെ പോസിറ്റീവായി കണ്ടു. പ്രശ്‌നങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞ് അവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനു പകരം, ഒന്നിനും പരിഹാരമില്ലെന്നു കരുതി തന്നിലേക്കു തന്നെ ചുരുങ്ങിപ്പോയവരാണ് ആത്മഹത്യയിൽ അഭയം തേടിയവർ.
ഓൺലൈൻ ക്ലാസുകൾ കുട്ടികളിൽ ഉണ്ടാക്കിയ മനോസംഘർഷങ്ങളും ചെറുതല്ല. അധ്യാപകരും ലോക്ഡൗണിലും യാത്ര ചെയ്യാൻ നിർബന്ധിതരായി. അവരിൽ ചിലർ സ്വന്തമായി ടൂവീലറുകളും ഫോർവീലറുകളും വാങ്ങി സ്വയം ഡ്രൈവിംഗ് പഠിച്ചും മറ്റും ഈ പ്രതിസന്ധിയെ മറികടക്കുകയായിരുന്നു.
ഏതൊരു പ്രതിസന്ധിയയുണ്ടാകുമ്പോഴും, നമ്മുടെ ജീവിത നിലവാരത്തിനു താഴെയുള്ളവരെക്കുറിച്ച് നാം ചിന്തിച്ചാൽ നമ്മുടെ പ്രശ്‌നങ്ങൾ ഒന്നുമല്ലെന്ന് മനസ്സിലാക്കാൻ കഴിയും. നാം വീടുകളിൽ പോലും സാമൂഹികാകലം പാലിക്കണമെന്നും ആർക്കെങ്കിലും കോവിഡ് ബാധിച്ചിട്ടുണ്ടെങ്കിൽ അവരെ ഒരു മുറിയിലേക്ക് മാറ്റി ഒറ്റയ്ക്ക് താമസിപ്പിക്കണമെന്നും ഔദ്യോഗികമായി പറയുമ്പോൾ, കുറേയേറെ അംഗങ്ങളുള്ള ഒരു കുടുംബത്തിൽ ഒറ്റ ടോയ്‌ലറ്റേയുള്ളുവെങ്കിൽ ആ കുടുംബം എന്തുചെയ്യും ? വീടുകളിൽ ക്വാറന്റൈനിൽ കഴിയണമെന്ന നിർദ്ദേശം തെരുവുകളിൽ കഴിയുന്ന പാവങ്ങൾ എങ്ങനെ നടപ്പാക്കും ? ഒരു പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി വെറും നിലത്ത് കഴിയുന്നവർ ഇത്തരം സന്ദർഭങ്ങളിൽ എന്തുചെയ്യും ?
എന്റെ ജീവൻ സുരക്ഷിതമായിരിക്കണമെന്ന സ്വാർത്ഥമോഹം നല്ല മനുഷ്യന്റേതല്ല. ഒരാൾ അവനവനെ മാത്രം സ്‌നേഹിക്കുമ്പോൾ, നമുക്കുവേണ്ടി മാത്രം നാം ജീവിക്കുമ്പോൾ, എവിടെയോ നമുക്ക് തെറ്റ് പറ്റുന്നുണ്ട്. നിങ്ങൾക്ക് ആവശ്യത്തിനുള്ളതിൽ കവിഞ്ഞുള്ളതെല്ലാം, അത് പണമോ സമയമോ എന്തോ ആകട്ടെ മറ്റുള്ളവർക്കായി വിനിയോഗിക്കുമ്പോൾ നമുക്ക് ലഭിക്കുന്ന മനഃസന്തോഷമാണ് പ്രധാനം.
പ്രകൃതി ദുരന്തത്തെക്കുറിച്ച് എനിക്ക് പറയാനുള്ളത് അത് ക്ഷണിച്ചുവരുത്തിയ ദുരന്തമെന്നാണ്. വീട്ടുമുറ്റങ്ങളിൽ ഇന്റർ ലോക്ക് ഇഷ്ടിക വിരിച്ചും, പാടങ്ങൾ നികത്തിയും നാം സ്വാഭാവികമായ നീരൊഴുക്ക് തടസ്സപ്പെടുത്തിയില്ലേ ? വെള്ളം ഒഴുകിപ്പോയേ പറ്റൂ. അതിനെ തടഞ്ഞുനിർത്താനാവില്ല. അങ്ങനെ വരുമ്പോൾ നമുക്ക് ചുറ്റും പ്രളയജലം ദുരന്തപാതകൾ തീർക്കും.
Comments