Foto

നിറം പിടിപ്പിച്ച നുണകളില്‍ മുഖം താഴ്ത്തി സി ബി ഐ

അഭയ കേസില്‍ മാധ്യമങ്ങള്‍ മുന്‍കൂട്ടി നടത്തിയ വിധി പ്രസ്താവത്തെപ്പറ്റി പന്ത്രണ്ടു വര്‍ഷം മുമ്പ് ജസ്റ്റീസ് ഹേമ പ്രകടമാക്കിയ ആശങ്ക അസ്ഥാനത്തല്ലെന്ന് നിയമജ്ഞരും കുറ്റാന്വേഷണ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത് ഫോറന്‍സിക് ശാസ്ത്രത്തിന്‍റെയടക്കം പഴുതില്ലാത്ത  പിന്‍ബലത്തോടെ.

അഭയ കേസിലെ കുറ്റ പത്രത്തിലൂടെ നിറം പിടിപ്പിച്ച നുണകളുടെ കുംഭ ഗോപുരമുയര്‍ത്തിയാണ്  ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം ശിക്ഷ വാങ്ങിക്കൊടുത്ത് സിബിഎെ വിജയമാഘോഷിച്ചതെന്ന നിരീക്ഷണം ശക്തം. വ്യാജ സാക്ഷ്യങ്ങളുടെ പുകമറ സൃഷ്ടിച്ചു സത്യസ്ഥിതി വിലയിരുത്താതെ ഈ കേസില്‍ മാധ്യമങ്ങള്‍ മുന്‍കൂട്ടി നടത്തുന്ന വിധി പ്രസ്താവത്തെപ്പറ്റി പന്ത്രണ്ടു വര്‍ഷം മുമ്പ് കേരള ഹൈക്കോടതിയില്‍ ജസ്റ്റീസ് ഹേമ പ്രകടമാക്കിയ ആശങ്ക അസ്ഥാനത്തല്ലെന്ന് നിയമജ്ഞരും കുറ്റാന്വേഷണ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത് ഫോറന്‍സിക് ശാസ്ത്രത്തിന്‍റെയടക്കം പഴുതില്ലാത്ത  പിന്‍ബലത്തോടെയാണ്.

ദൈവം അയച്ചു നല്‍കിയ 'ഇടിമിന്നല്‍' പ്രഭയില്‍ നിര്‍ണ്ണായക സാക്ഷിയുടെ വിശുദ്ധ മേലങ്കിയിട്ട് സി ബി ഐ അവതരിപ്പിച്ച അടയ്ക്കാ രാജുവിന്‍റെ പൊയ്മുഖം വിധി പ്രസ്താവം വന്ന ശേഷം ദൃശ്യ മാധ്യമങ്ങള്‍ക്കു മുന്നില്‍ ആവര്‍ത്തിച്ച് അഴിഞ്ഞു വീണത്  നിര്‍ദ്ദിഷ്ട പ്രതികളെ ദീര്‍ഘകാലമായി പരസ്യ വിചാരണ ചെയ്തു പോന്നവരെ ഒട്ടൊന്നുമല്ല നൈരാശ്യത്തിലാഴ്ത്തിയിട്ടുള്ളത്. അഭയയുടെ പോസ്റ്റ്മോര്‍ട്ടം നിര്‍വഹിച്ച ഡോ. സി. രാധാകൃഷ്ണന്‍റെ വിശ്വാസ്യത അംഗീകരിക്കാതിരുന്നതുള്‍പ്പെടെ നിരവധി പാളിച്ചകളുടെ പേരിലും തിരുവനന്തപുരം സി ബി ഐ കോടതിയുടെ വിധിന്യായം ചോദ്യം ചെയ്യപ്പെടുന്നു.

സിസ്റ്റര്‍ സെഫിക്കു വേണ്ടി കേസ് വാദിച്ച സീനിയര്‍ അഭിഭാഷകന്‍ ജെ. ജോസ് വിധിപ്രസ്താവം വരുന്നതിനു ദിവസങ്ങള്‍ക്കു മുമ്പ് കുഴഞ്ഞു വീണു മരിച്ചു. സാക്ഷി വിസ്താര വേളയിലും വാദം നടത്തുമ്പോഴും സ്ത്രീ സമൂഹത്തിനാകമാനം ആക്ഷേപകരമായി മാറിയ കന്യാകത്വ പരിശോധന ഉള്‍പ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് കോടതിയില്‍ അനാവരണം ചെയ്യപ്പെട്ട അസാധാരണ മനോഭാവങ്ങള്‍ ജോസിനെ മാനസികമായി അസ്വസ്ഥനാക്കിയിരുന്നതിന്‍റെ സൂചനകളുണ്ടായിരുന്നെന്ന് കൊച്ചി കാരിക്കാമുറി നിവാസിയായരുന്ന അദ്ദേഹത്തിന്‍റെ അടുപ്പക്കാര്‍ പറയുന്നു. ഫാദര്‍  കോട്ടൂരിനു വേണ്ടി അഡ്വ. ബി. രാമന്‍ പിള്ളയും സിസ്റ്റര്‍ സെഫിക്കു വേണ്ടി ജോസും ഉയര്‍ത്തിയ വാദങ്ങള്‍ തന്നെയാണ് മുഖ്യമായും ഇപ്പോള്‍ 'ജനകീയ കോടതി'യുടെ പരിഗണനയ്ക്കായി സാമൂഹിക മാധ്യമങ്ങളില്‍ കത്തിക്കയറിക്കൊണ്ടിരിക്കുന്നത്.സിസ്റ്റര്‍ അഭയ കേസിന്‍റെ വിധി വന്നതിന് ശേഷം,  ശിക്ഷിക്കപ്പെട്ടവര്‍ നിരപരാധികളാണെന്ന് എനിക്ക് ബോധ്യമുണ്ടെന്ന് ഞാന്‍ പറയുന്നത് എന്‍റെ പ്രവൃത്തിമണ്ഡലമായ ഫോറന്‍സിക് മെഡിസിന്‍ എന്ന വിഷയം ആസ്പദമാക്കിയാണ് ഫോറന്‍സിക് സര്‍ജനായ കൃഷ്ണന്‍ ബാലേന്ദ്രന്‍ പറഞ്ഞതിങ്ങനെ.
 
പ്രതികള്‍ക്കായി തന്നെ സ്വാധീനിക്കാന്‍  രംഗത്തിറങ്ങിയവര്‍ വന്‍ തുകകള്‍ വാഗ്ദാനം ചെയ്തിരുന്നന്നെന്നും നീതിക്കു വേണ്ടി അതെല്ലാം തൃണസമാനം വേണ്ടെന്നു വച്ചെന്നുമുള്ള അടയ്ക്കാ രാജുവിന്‍റെ വെളിപ്പെടുത്തലിന്‍റെ തൊട്ടു പിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് പണം ചോദിച്ചുവാങ്ങുന്ന ഡയലോഗ് വൈറല്‍ ആയതു തന്നെ കേസിന്‍റെ തുടര്‍ നാള്‍ വഴിയിലെ ഏറ്റവും നിര്‍ണ്ണായക സൂചകമായിട്ടുണ്ടെന്ന അഭിപ്രായം പങ്കുവയ്ക്കുന്നു നിയമ വിദഗ്ധര്‍. ആകൃതിയില്‍ അടയ്ക്കയെപ്പോലെ ചെറുതെങ്കിലും കാതു തുളയ്ക്കുന്ന സ്വരമുയര്‍ത്തി ശ്രദ്ധ തേടുന്ന അടയ്ക്കാ കുരുവിയെ ഓര്‍മ്മിപ്പിക്കുന്ന രാജു ' അവരു പറഞ്ഞു തന്നതല്ലേ ഇതെല്ലാം' എന്നു തന്നെ മാധ്യമങ്ങളോട് തുറന്നു സമ്മതിക്കുകയും ചെയ്തു. കേസന്വേഷകരെ പുകഴ്ത്താനും പ്രതികളെയും കത്തോലിക്കാ സഭയെയും ഇകഴ്ത്താനും 'ബൈറ്റ്' തേടിപ്പോയ മാധ്യമ പ്രവര്‍ത്തകര്‍ അറിഞ്ഞോ അറിയാതെയോ സൃഷ്ടിച്ചത് വിപരീത ഫലം.  പണത്തിന്‍റെയും പ്രോല്‍സാഹനത്തിന്‍റെയും കുത്തൊഴുക്കില്‍ തങ്ങളുടെ പ്രിയങ്കരന് മാനസിക സമനില തെറ്റിയതാകാമെന്ന് സിബിഎക്ക്െ അപ്പീല്‍ കോടതിയില്‍ തുറന്നുപറയേണ്ടിവരുന്ന ഗതികേടാണുണ്ടായിരിക്കുന്നതെന്ന് പല അഭിഭാഷകരും ചൂണ്ടിക്കാട്ടുന്നു.    

കൂട്ടിലിട്ട തത്തയെന്ന് മുന്‍ സുപ്രീം കോടതി  ചീഫ് ജസ്റ്റീസ് ആര്‍.എം.ലോധ സിബിഎയെെ വിശേഷിപ്പിച്ചതിന് പുതിയ അര്‍ത്ഥങ്ങള്‍ ചമച്ചിരിക്കുകയാണ് ഈ ദേശീയ അന്വേഷണ ഏജന്‍സിയുടെ തിരുവനന്തപുരം യൂണിറ്റെന്ന ആക്ഷേപം തീവ്രമാകുകയാണ്, മൂന്നാം ഘട്ടത്തിലെ കേസന്വേഷണത്തിനു നേതൃത്വം നല്‍കിയ ഓഫീസര്‍ക്കു കാലാവധി നീട്ടി ലഭിച്ചെങ്കിലും, കേസുകള്‍ ശവക്കുഴിയില്‍ കുഴിച്ചു മൂടുന്ന അന്വേഷണ വിഭാഗമെന്ന വിമര്‍ശനം 1996ല്‍ അന്നത്തെ ചീഫ് ജസ്റ്റീസ് എസ്.പി. ബറൂച്ചയില്‍ നിന്ന് സിബിഎെ ഏറ്റുവാങ്ങിയത് മറ്റൊരു വിധത്തില്‍ ഓര്‍മ്മിക്കപ്പെടുന്നു വീണ്ടും.

അഭയ കേസില്‍ സിബിഎെ അറസ്റ്റ് ചെയ്തവര്‍ക്കു ജാമ്യം നല്‍കവേ 2009 ജനുവരി ഒന്നിന് പുറപ്പെടുവിച്ച വിധിന്യായത്തിലൂടെ ജസ്റ്റീസ് ഹേമ അക്കാലത്തു തന്നെ നല്‍കിയ മുന്നറിയിപ്പ് തുടര്‍ച്ചയായി അവഗണിക്കപ്പെട്ടതായുള്ള നിരീക്ഷണം കൂടുതല്‍ തീവ്രമാകുകയാണിപ്പോള്‍. സത്യം പറയാന്‍ ആഗ്രഹിക്കുന്ന ജഡ്ജിമാരുടെ തലയ്ക്കു മുകളില്‍ തൂങ്ങിയാടുന്ന ഡെമോക്ലീസ് വാളിനെക്കുറിച്ച് ജസ്റ്റീസ് ഹേമ വ്യാകുലപ്പെട്ടത് വ്യക്തിപരമായി തനിക്കാര്യത്തില്‍ അസ്വസ്ഥയേയല്ലെന്നു വ്യക്തമാക്കിക്കൊണ്ടായിരുന്നു. കാര്യങ്ങള്‍ അന്വേഷിക്കാതെ മാധ്യമങ്ങള്‍ നേരത്തേ തന്നെ വിധി പ്രഖ്യാപിച്ചില്ലേയെന്ന ചോദ്യവും അവര്‍ ഉയര്‍ത്തി.

സഭയുടെ പക്ഷക്കാരിയായി ചിത്രീകരിക്കാന്‍ പഴുതില്ലാതിരുന്നതിനാല്‍ അന്ന് ആ നിലയ്ക്കുള്ള വിമര്‍ശനത്തില്‍ നിന്ന് ജസ്റ്റീസ് ഹേമയ്ക്ക് വിട്ടു നില്‍ക്കാന്‍ കഴിഞ്ഞെങ്കിലും സഹ ജഡ്ജിമാരില്‍ നിന്നു തന്നെ കുത്തുവാക്കുകള്‍ ഉണ്ടായിരുന്നു.എന്തായാലും രണ്ടു തവണത്തെ അന്വേഷണവേളയിലും മാധ്യമ വിചാരണയ്ക്കപ്പുറമായുള്ള നിഗമനങ്ങള്‍ അവതരിപ്പിച്ച സിബിഎെ ഒടുവില്‍ കാലത്തിന്‍റെ വായ്ത്താരിക്കൊത്തു ചുവടുകള്‍ വച്ചപ്പോള്‍ വിചാരണക്കോടതി നല്‍കിയത് 'എ പ്ലസ് മാര്‍ക്ക് ' തന്നെ. പക്ഷേ, പുനര്‍ മൂല്യനിര്‍ണ്ണയ വേളയില്‍ പ്രോസിക്യൂഷനെ കാത്തിരിക്കുന്നത് പുതിയ വെല്ലുവിളികളാണെന്നു വ്യക്തമായിക്കഴിഞ്ഞു. കുറ്റാന്വേഷണത്തില്‍ അതുല്യ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള മുന്‍ എസ് പി ജോര്‍ജ് ജോസഫ് ഉള്‍പ്പെടെയുള്ള പലരും യഥാര്‍ത്ഥ പ്രതി അടയ്ക്കാ രാജുവല്ലേ എന്ന ചോദ്യം ഉയര്‍ത്തിയത് തമാശയായി തള്ളിക്കളയേണ്ടതല്ലെന്ന വാദവും ഉയരുന്നുണ്ട്.കുറ്റം ഏറ്റുപറയിക്കാന്‍ പോലീസുകാര്‍ തന്നെ മര്‍ദ്ദിച്ചെന്ന് രാജു പറയുമ്പോള്‍ അത് ഏറ്റുപിടിക്കുന്നവര്‍ അടയ്ക്കയെ കൂടുതല്‍ മൂപ്പിക്കാമെന്ന മനസിരുപ്പോടെ വ്യാഖ്യാനിക്കുന്നത് യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കുന്നതിനു വേണ്ടി രാജുവിനെ കുരുക്കാന്‍ വിഫല ശ്രമം നടത്തിയെന്നാണ്.  

്അഭയ മരിച്ചത് കിണറ്റില്‍ വീണു വെള്ളം കുടിച്ചായിരിക്കില്ല, തലയ്ക്ക് ആഘാതമേറ്റാകാമെന്ന് ജഡം കാണാതെ ഡോ. കന്തസ്വാമി നടത്തിയ വിദഗ്ധാഭിപ്രായത്തിന് കോടതി അടിവരയിട്ടു. പക്ഷേ, പോസ്റ്റ്മോര്‍ട്ടം  നടത്തിയ ഡോ. രാധാകൃഷ്ണനെ ഫലത്തില്‍ അവിശ്വസിക്കുകയാണുണ്ടായത്. തികഞ്ഞ സത്യസന്ധനും നീതിഷ്ഠനും സഹൃദയനുമായിരുന്ന ഡോ. രാധാകൃഷ്ണന്‍ രേഖപ്പെടുത്തിയത് അഭയ കിണറ്റില്‍ വീണശേഷമാണു മരിച്ചതെന്നാണ്. മുങ്ങിമരണമെന്ന നിഗമനം ചൂണ്ടിക്കാട്ടിയത് വീഴ്ചയില്‍ ഉണ്ടായതാകാനിടയുള്ള മുറിവുകള്‍ എണ്ണിപ്പറഞ്ഞ ശേഷം തന്നെ യായിരുന്നു.ഈ മുറിവുകളല്ല മരണ കാരണമെന്ന അദ്ദേഹത്തിന്‍റെ നിഗമനമാകട്ടെ അവഗണിക്കപ്പെട്ടു.

അഭയയുടെ കഴുത്തിന്‍റെ വശങ്ങളില്‍ അതിക്രമത്തിന്‍റെ മുറിപ്പാടുകള്‍ ഉണ്ടായിരുന്നെന്ന് ഫോട്ടോഗ്രാഫര്‍ നല്‍കിയ മൊഴിക്ക് ഐതിഹാസിക ഫോറന്‍സിക് മാനം ലഭിച്ചപ്പോള്‍ പത്തോളം വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികളെ മുന്നില്‍ നിര്‍ത്തി ഡോ. രാധാകൃഷ്ണന്‍ നടത്തിയ ജഡ പരിശോധനയില്‍ അതു കാണാതിരുന്നതെന്തെന്ന ചോദ്യം കോടതിക്കു മുന്നില്‍ അത്ര ഗൗരവതരമായില്ല. പ്രൊഫഷണല്‍ ജീവിതത്തില്‍ യാതൊരു സ്വാധീനത്തിനും വഴങ്ങാത്തയാളാണു താനെന്ന് അദ്ദേഹം ഒരു മാധ്യമത്തോടു പറഞ്ഞത് നൂറു ശതമാനം വിശ്വസിക്കാനേ അദ്ദേഹത്തിന്‍റെ വിദ്യാര്‍ത്ഥികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിയൂ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നു വിരമിച്ച ശേഷം കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രിന്‍സിപ്പലായിരിക്കേ അദ്ദേഹത്തിന്‍റെ വിദ്യാര്‍ത്ഥിയായിരുന്ന മൂവാറ്റുപുഴ സ്വദേശിയായ ഡോക്ടര്‍ പറയുന്നു.ബിസിനസുകാരനായിരുന്ന പിതാവിന്‍റെ മരണ ശേഷം ഡോ. രാധാകൃഷ്ണനു ലഭിക്കേണ്ടിയിരുന്ന കുറേ പണം അദ്ദേഹത്തിന്‍റെ അക്കൗണ്ടില്‍ വന്നതും അഭയക്കേസുമായി ബന്ധമുണ്ടോയെന്നറിയാന്‍ സി ബി ഐ പരമാവധി ശ്രമിച്ചിരുന്നു.

അധാര്‍മ്മികവും അശാസ്ത്രീയവുമായ പരീക്ഷണങ്ങള്‍ക്ക് സിസ്റ്റര്‍ സെഫി ഇരയായി എന്നടക്കം  ഫോറന്‍സിക് സര്‍ജനായ കൃഷ്ണന്‍ ബാലേന്ദ്രന്‍, ഡോ.കുഞ്ഞാലിക്കുട്ടി എന്നിവര്‍ ഫേസ്ബുക്കില്‍ നടത്തിയ നിരീക്ഷണങ്ങ വൈറലായിരുന്നു. കൃഷ്ണന്‍ ബാലേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിലെ പ്രസക്ത ഭാഗങ്ങള്‍  

'നിരീശ്വരത്വം' വാദിച്ചോണ്ട് നടക്കാത്ത ഒരു നിരീശ്വരവാദിയാണ് ഞാന്‍. പണ്ടൊക്കെ ഇക്കൂട്ടരുമായി ഇക്കാര്യത്തില്‍ സംവാദങ്ങളിലും ചര്‍ച്ചകളിലും പങ്കെടുത്ത് എന്‍റെ സമയം മെനക്കെടുത്തിയിട്ടുമുണ്ട്. ആ മണ്ടത്തരം ഇനി കാട്ടില്ല. ഒരു ദൈവവിശ്വാസിക്ക് ആ വിശ്വാസം എന്തെങ്കിലും സന്തോഷമോ ധൈര്യമോ കരുത്തോ നല്‍കുന്നുണ്ടെങ്കില്‍ അതില്ലാതാക്കാന്‍ ഞാന്‍ മുതിരില്ല. അതിനെതിരെ വാദിക്കാനും വരുന്നില്ല.  

ഈശ്വരവിശ്വാസികളായ അച്ഛനമ്മമാരുടെ മകനാണ്. അങ്ങനെയാണ് വളര്‍ത്തിയതും വളര്‍ന്നതും. അഞ്ച് വയസ്സ് തികയും മുമ്പ് ഒരു ക്രിസ്ത്യന്‍ കോണ്‍വെന്‍റ് ബോര്‍ഡിങ്ങ് സ്കൂളിലാണ് എന്നേ ചേര്‍ത്തത്. അതിഭീകരമായ പീഡനമേറ്റ് തലയില്‍ മുള്‍ക്കിരീടമൊക്കെ അണിഞ്ഞ് കൈകളിലും കാലുകളിലും ആണിയടിച്ച നിലയില്‍ ഒരു കുരിശില്‍ തൂങ്ങി ചോരയൊലിച്ച് നില്‍ക്കുന്ന മനുഷ്യരൂപമാണ് ബോര്‍ഡിങ്ങിലെ ചാപ്പലിലും മിക്ക ഭിത്തികളിലും.

സിസ്റ്റര്‍ അഭയ കേസ്സിന്‍റെ വിധി വന്നതിന് ശേഷം ശിക്ഷിക്കപ്പെട്ടവര്‍ നിരപരാധികളാണെന്ന് എനിക്ക് ബോധ്യമുണ്ടെന്ന് ഞാന്‍ പറയുന്നത് എന്‍റെ പ്രവൃത്തിമണ്ഡലമായ ഫോറന്‍സിക് മെഡിസിന്‍ എന്ന വിഷയം ആസ്പദമാക്കിയാണ്. ഈ കേസിന്‍റെ വിധി നിര്‍ണ്ണയിക്കുവാന്‍ ഉപയോഗിച്ച വൈദ്യശാസ്ത്രപരമായ തെളിവുകള്‍ രണ്ടെണ്ണം ആയിരുന്നു.

അവ രണ്ടും രണ്ട് കന്യാസ്ത്രീകളുടെ ദേഹപരിശോധനകളേ തുടര്‍ന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു. ഒന്ന് മരിച്ച് പോയ ഒരാളുടേതും അടുത്തത് ജീവിച്ചിരിക്കുന്ന (?) ഒരാളുടേതും... തെളിച്ച് പറഞ്ഞാല്‍, ഒന്ന് സിസ്റ്റര്‍ അഭയയുടെ മൃതശരീരത്തില്‍ നടത്തിയ പൊസ്റ്റുമോര്‍ട്ടം പരിശോധനയുടെ റിപ്പോര്‍ട്ടും, അടുത്തത്, സിസ്റ്റര്‍ സെഫിയുടെ ശരീരത്തില്‍, എന്ത് പേരിട്ട് വിളിക്കുമെന്ന് പോലും എനിക്ക് ഇപ്പോഴും അറിയാത്ത, ഒരു പരിശോധനയുടെ റിപ്പോര്‍ട്ടും.

പരേതയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന പരിക്കുകളെപ്പറ്റി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനേക്കാള്‍ വിശ്വാസീയത മൃതദേഹം ഫോട്ടോയെടുത്ത ഫൊട്ടോഗ്രാഫറുടെ മൊഴിയിലാണ് എന്ന് പറയുന്ന ഒരു കോടതി വിധിയാണിത്. എന്നാല്‍ കോടതിയില്‍ ഹാജരാക്കപ്പെട്ട പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലോ ഫോട്ടോകളിലൊ ഒന്നും മൊഴിയില്‍ പറയുന്ന മുറിവുകള്‍ ഇല്ലെങ്കില്‍ പോലും കോടതിക്ക് വിശ്വാസം അയാളെയാണ്. കോടതി അലക്ഷ്യം എന്ന ഒരു വാള്‍ തലയ്ക്ക് മേലുള്ളത് കൊണ്ട് ഇക്കാര്യത്തില്‍ ഇതിനപ്പുറം ഒന്നും പറയാന്‍ നിര്‍വ്വാഹമില്ല. എന്നാലും ചിലത് പറയാതെ വയ്യാ...

വിധിയില്‍ എടുത്ത് പറയുന്ന ഡോ. കന്തസാമിയുടെ  നിര്‍ണ്ണായയക മൊഴി തെറ്റാണെന്ന് നിസ്സംശയം തെളിയിക്കാനാകും. നുണപരിശോധനയ്ക്കെന്ന പേരില്‍ നടത്തിയ 'ശാസ്ത്രീയ പരിശോധനകള്‍' ആകട്ടെ തീര്‍ത്തും അശാസ്ത്രീയവുമാണ്. നാര്‍കോ പരിശോധനയ്ക്ക് വിധേയയാകുന്നതിന് മുമ്പ് സിസ്റ്റര്‍ സെഫി സിബിഎെ ആവശ്യപ്പെട്ടത് പ്രകാരം ഈ രണ്ട് പരിശോധനകളിലൂടെയും കടന്ന് പോയിരുന്നു. ഈ രണ്ട് പരിശോധനകളിലും അവരെ അവര്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റകൃത്യവുമായി ബന്ധിപ്പിക്കുവാനുള്ള യാതൊന്നും കിട്ടിയിരുന്നില്ല. അതിലും മതി വരാഞ്ഞിട്ടാണ് സിബിഎെ  ആവശ്യപ്പെട്ടത് കാരണം അവര്‍ നാര്‍ക്കോ അനാലിസിസ് പരിശോധനയ്ക്ക് വിധേയയായത്.

നിരന്തരമായ കട്ടിങ്ങിനും എഡിറ്റിങ്ങിനും ശേഷം പോലും  അതിന്‍റെ  ഭാഗങ്ങള്‍ പൊതു മണ്ഡലത്തില്‍ മാധ്യമങ്ങളിലൂടെ ലീക്ക് ചെയ്ത് അവരെ ഒരു കൊടും കുറ്റവാളിയാക്കി ചിത്രീകരിച്ച് തെറ്റായ ഒരു പൊതു ബോധം നിര്‍മ്മിച്ച് എടുക്കാന്‍ സാധിച്ചു എന്നത് എടുത്തു പറയുന്നു.
അവസാനം സ്വന്തം നിരപരാധിത്വം തെളിഞ്ഞ് കിട്ടുവാനായി സിബിഎെ ആവശ്യപ്പെട്ടത് പ്രകാരം അവര്‍ ഏറ്റവും ബ്രൂട്ടലും ഇന്‍ഹ്യൂമനും ഡീഹ്യുമനൈസിങ്ങുമായ കന്യാചര്‍മ്മ പരിശോധനയ്ക്കും സ്വയം വിധേയായി. അവര്‍ അതിനും സമ്മതിച്ചു.

കൊള്ളാവുന്ന നീതി ന്യായ വ്യവസ്ഥയുള്ള, ഒരു രാജ്യത്തും നടത്താത്ത ഒരു പരിശോധനയാണത്. ഒരു സ്ത്രീ, അതും ഒരു കന്യാസ്ത്രീ, സ്വന്തം ്കന്യകാത്വം സ്ഥാപിച്ചു കിട്ടുവാനായി ഇത്തരത്തില്‍ ലോകത്ത് എവിടെങ്കിലും ഇത് പോലെ ഒരു പരിശോധനയ്ക്ക് വിധേയമാക്കപ്പെട്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല.

തന്‍റെ നിരപരാധിത്വവും മാനവും സംരക്ഷിച്ച് കിട്ടുവാനായി അവര്‍ ആശ്രയിച്ചത് എന്‍റെ വിഷയമായ ഫോറന്‍സിക് മെഡിസിനെ ആയിരുന്നു. താന്‍ ഒരു കന്യകയാണെന്ന് തെളിഞ്ഞ് കിട്ടുമെന്ന് അവര്‍ പ്രതീക്ഷിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഫോറെന്‍സിക്ക് മെഡിസിന്‍ മേധാവിയും ഗൈനക്കോളജി വിഭാഗം മേധാവിയും അടങ്ങുന്ന, രണ്ട് വനിതാ ഡോക്ടര്‍മാരുടെ ഒരു 'വിദഗ്ദ്ധ' ടീമായിരുന്നു അവരെ പരിശോധിച്ചത്.

പരിശോധനയില്‍ അവരുടെ കന്യാചര്‍മ്മം  കേടുപാടൊന്നും കൂടാതെ അക്ഷതമായി നിലയില്‍ കണ്ടിരുന്നു. പക്ഷേ അത് കൃത്രിമമായി ഇണക്കിച്ചേര്‍ത്തതാണെന്ന് ഈ രണ്ടു പേരും കൂടി പറഞ്ഞു. ഇവിടെ ഒരു കാര്യം കൂടി പറയാം. ഈ രണ്ട് പേരും പഠിച്ചത് എംബിബിഎസ് ആണ്. അത് കഴിഞ്ഞ് ഒരാള്‍ ഫോറെന്‍സിക്ക് മെഡിസിനിലും മറ്റേയാള്‍ ഗൈനക്കോളജിയിലും ഉപരി പഠനം കഴിഞ്ഞവരാണ്.

ഇവര്‍ ഈ പരിശോധന ചെയ്ത 2008 വര്‍ഷത്തിലോ അതിന് മുമ്പുള്ള കാലത്തോ  ഹൈമനോപ്ളാസ്റ്റി എന്ന ബന്ധപ്പെട്ട  ശസ്ത്രക്രിയയെപ്പറ്റി പഠിക്കുന്നില്ല. ഇവര്‍ രണ്ട് പേരും ജീവിതത്തില്‍ അത് കണ്ടിട്ടില്ല. ഈ ശസ്ത്രക്രിയ കഴിഞ്ഞ ഒരൊറ്റയാളേ പോലും ഇവര് രണ്ട് പേരും അന്ന് വരെ കണ്ടിട്ട് പോലും ഇല്ലെന്നും അറിയണം. നിയമത്തില്‍ ഒരു എക്സ്പേര്‍ട്ട് എന്നാല്‍ അവര്‍ അഭിപ്രായം പറയുന്ന കാര്യത്തില്‍ അറിവും, നൈപുണ്യവും അനുഭവ പരിചയവും ഉള്ളവരായിരിക്കണം. ഓര്‍ക്കണം,  സിസ്റ്റര്‍ സെഫി ഒരു കന്യക ആണെങ്കില്‍, അവരുടെ കന്യാചര്‍മ്മത്തിനു ക്ഷതമില്ലെങ്കില്‍  പിന്നെ അഭയ 'കൊല' കേസ് ഇല്ല.

ഒരു വാദത്തിന് വേണ്ടി  ശസ്ത്രക്രിയ നടന്നിരുന്നു എന്ന് പറഞ്ഞാല്‍ പോലും ഏത് ഡോക്ടര്‍, എവിടെ വച്ച്, എന്ന് അത് ചെയ്തു എന്നുള്ള ചോദ്യം പോലും ചോദിക്കപ്പെട്ടില്ല. പൊതു സമൂഹത്തിന്‍റെ മുന്നില്‍ അപമാനിതയാക്കി ഏറ്റവും മോശമായി ചിത്രീകരിക്കപ്പെട്ട് നിര്‍ത്തപ്പെട്ട ഒരു സ്ത്രീ അവരുടെ നിരപരാധിത്വവും മാനവും അഭിമാനവും വീണ്ടെടുത്ത് കിട്ടാനായി പ്രതീക്ഷ മൊത്തവും അര്‍പ്പിച്ച്ത് എന്‍റെ വിഷയമായ ഫോറെന്‍സിക്ക് മെഡിസിനില്‍ ആയിരുന്നു.

ഇവര്‍ കണ്ട സത്യത്തെ തുറന്ന് പറഞ്ഞില്ല എന്ന് മാത്രമല്ല, സത്യത്തെ ദുര്‍വ്യാഖ്യാനം ചെയ്ത്, തങ്ങള്‍ക്ക് പറയാന്‍ യാതോരവകാശവും  ഇല്ലാത്ത, തെറ്റും അശാസ്ത്രീയവുമായ ഒരു അഭിപ്രായം എഴുതി വച്ചു. അത് കോടതിയിലെത്തുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തല്‍പര കക്ഷികള്‍ ഈ അഭിപ്രായം പൊതു മണ്ഡലത്തില്‍ ഇട്ട് അവരെ ദുര്‍ന്നടത്തക്കാരിയായും പെരുങ്കള്ളിയായും ചിത്രീകരിച്ചു.
ഈ കോടതി വിധി വരുന്നതിന് എത്രയോ കാലം മുമ്പ് തന്നെ ഈ നാട്ടിലെ ജനങ്ങള്‍ ഈ കാര്യങ്ങള്‍ ഒക്കെ എന്നേ ഉറപ്പിച്ച് കഴിഞ്ഞിരുന്നു.

മനസ്സില്‍ പാപബോധവും പേറി, നരകത്തില്‍ നിന്ന് രക്ഷയും പുനര്‍ജന്മങളില്‍ നിന്ന് മോക്ഷവും,  ഇഹലോകവാസം കഴിഞ്ഞ് ദൈവത്തോടൊപ്പം സ്വര്‍ഗ്ഗത്തില്‍ കഴിയാന്‍ ആഗ്രഹിക്കുന്ന ഒരു വിശ്വാസിയുടെ നീതിബോധമോ ധര്‍മ്മബോധമോ അല്ല എന്റേത്.  അത് വെറും മനുഷ്യരിലുള്ള വിശ്വാസം മാത്രമാണ്. മനുഷ്യനെ മറ്റ് മൃഗങ്ങളില്‍ നിന്ന് വേറിട്ട് നിറുത്തുന്നത് അവന്‍റെ തലച്ചോറാണ്. അതിന് ഒരു കഴിവുണ്ട്. അത് ഓരോന്ന് സങ്കല്പിക്കാനുള്ള കഴിവാണ്.

അത് കൊണ്ട് ഞാനൊരു കാര്യം മനുഷ്യരോട് ആവശ്യപ്പെടുന്നു. സന്നദ്ധമാണെങ്കില്‍ ഒന്ന് ശ്രമിച്ച് നോക്കൂ... തയ്യാറെങ്കില്‍ മാത്രം. ഉറച്ച് പോയ അഭിപ്രായങ്ങളല്ലേ... വര്‍ഷങ്ങളായി അങ്ങനെ ധരിച്ച് പോയതല്ലേ... അത് കൊണ്ട് ബുദ്ധിമുട്ടായിരിക്കും. എന്നാലും നമ്മള്‍ ഒക്കെ മനുഷ്യരല്ലേ...മനുഷ്യര്‍ക്ക് മാത്രം ലഭ്യമായ ആ കഴിവ് ഒന്ന് ഉപയോഗിച്ച് നോക്കുവാന്‍ അപേക്ഷിക്കുന്നു. അതിനി എത്ര ബുദ്ധിമുട്ടായാലും.

ഒരു നിമിഷത്തേക്ക്... നിങ്ങളെന്ന മനുഷ്യന് ഒന്ന് സങ്കല്‍പ്പിച്ച് നോക്കാന്‍ കഴിയുമോ...  സിസ്റ്റര്‍ സെഫി ഒരു നിരപരാധിയാണെന്ന്...?
ഒരു കാര്യം കൂടി ഒന്ന് സങ്കല്‍പ്പിക്കു... നമ്മള്‍ എന്താണ് അവരോട് ചെയതത്? കഴിഞ്ഞ് പന്ത്രണ്ട് വര്‍ഷമായി അവര്‍ എങ്ങനെ ജീവിതം കഴിച്ച് കൂട്ടി്? അവര്‍ എന്ത് കാരണത്താലാണ് ആത്മഹത്യ ചെയ്യാത്തത് എന്ന്?

സിസ്റ്റര്‍ സെഫിയുടെ ഒരുമാതിരി എല്ലാ ചിത്രങ്ങളിലും കാണുന്ന ഒരു ഇമേജ് ഉണ്ട്. അവരുടെ കഴുത്തില്‍ തൂക്കിയിട്ടിരിക്കുന്ന ഒരു ക്രൂശിതരൂപത്തില്‍ എപ്പോഴും അവര്‍ മുത്തം വെച്ച് കൊണ്ടേയിരിക്കും. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വച്ച് ആ ക്രൂരതയ്ക്ക് അവര്‍ വിധേയയായി കിടന്നിരുന്നപ്പോഴും ആ കുരിശ്ശില്‍ അമര്‍ത്തി മുത്തം വച്ചാണ് കിടന്നിരുന്നതെന്ന് ഞാന്‍ കേട്ടറിഞ്ഞിട്ടുണ്ട്.

ആ മുത്തത്തില്‍ അമര്‍ന്നിരിക്കുന്നത് അവരുടെ ജീവിതം മാത്രമല്ല. അവരുടെ വിശ്വാസം കൂടിയാണ്. ക്രിസ്തുമത വിശ്വാസത്തില്‍ ഏറ്റവും വലിയ  പാപമെന്ന ആത്മഹത്യയില്‍ നിന്നും അവരെ പിന്തിരിപ്പിക്കുന്നത് അവരുടെ അടിയുറച്ച ദൈവവിശ്വാസമാണ്.

മേല്‍പ്പറഞ്ഞ വരിയില്‍ രണ്ട് കന്യാസ്ത്രീകളുടെ ജീവിതങ്ങളുണ്ടെന്നാണ് ഞാനുറച്ച് വിശ്വസിക്കുന്നത്.  ഒരു നിരീശ്വരവാദിയായ ഞാന്‍ വിശ്വാസിയുടെ വിശ്വാസത്തെ അംഗീകരിക്കുന്നു.ഒരു ദൈവവിശ്വാസിക്ക് ആ വിശ്വാസം എന്തെങ്കിലും സന്തോഷമോ ധൈര്യമോ കരുത്തോ നല്‍കുന്നുണ്ടെങ്കില്‍ അതില്ലാതാക്കാന്‍ ഞാന്‍ മുതിരില്ല. അതിനെതിരെ വാദിക്കാനും വരുന്നില്ല. കാരണം അത് ഒരു നിസ്സഹായ ആയ ഒരു  മനുഷ്യ സ്ത്രീയുടെ പ്രാണന്‍ നിലനിര്‍ത്തുന്നു. അവരുടെ വിശ്വാസത്തെ അംഗീകരിക്കുന്നു.

Comments

leave a reply

Related News