Foto

കുടിയനായി ജയസൂര്യ നാളെ തിയേറ്ററുകളിലെത്തും

'അയാൾ വെള്ളമാടാ' എന്ന് നാട്ടുകാർ കളിയാക്കി വന്ന ഒരു കുടിയന്റെ റോളിൽ ജയസൂര്യ 22-ന് തിയേറ്ററുകളിൽ എത്തുന്നു. 'വെള്ളം' എന്നു തന്നെയാണ് ചിത്രത്തിന്റെ പേരും. സംയുക്താ മേനോനാണ് ജയന്റെ നായിക. പ്രജേഷ് സെൻ ആണ് സംവിധായകൻ.

          വിജയ് എന്ന ഇളയദളപതി കളക്ഷനിൽ മൂത്ത ദളപതിയായി മാറിയ കാഴ്ചയാണ് തിയേറ്ററുകളിൽ നിന്ന് ഇപ്പോൾ കേൾക്കുന്നത്. വിജയ് നായകനായ മാസ്റ്റർ ഉടൻ തന്നെ 100 കോടി ക്ലബ്ബിൽ എത്തുമെന്നാണ് റിപ്പോർട്ട്. കേരളത്തിൽ 700 തിയേറ്ററുകൾ ഉള്ളതിൽ 500-ലും മാസ്റ്റർ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യത്തെ മൂന്ന് ദിനത്തിൽ കേരളത്തിൽ നിന്നു മാത്രം കിട്ടിയത് നാലര കോടി രൂപ.

          സിനിമാ പ്രേമികൾ മുഴുവൻ സെക്കന്റ് ഷോ അനുവദിക്കണമെന്ന മുറവിളിയുയർത്തിക്കഴിഞ്ഞു. ഇപ്പോൾ തന്നെ 4-ഓ, 5-ഓ തിയേറ്ററുകൾ ഉള്ള നഗരങ്ങളിലും പട്ടണങ്ങളിലും 15 മുതൽ 30 മിനിറ്റ് വരെ ഗ്യാപ്പ് നൽകിയാണ് സിനിമാ പ്രദർശനം തുടങ്ങുന്നത്.

          ജനുവരി അവസാനം കോവിഡിനുശേഷമുള്ള ആദ്യത്തെ വിദേശചിത്രമായ വാൻഗാർഡ്       എത്തും. ഇടിവീരനായ ജാക്കിച്ചാനാണ് ഈ സിനിമയിലെ നായകൻ.

          ഫെബ്രുവരി 12-ന് 'യുവം' തിയേറ്ററുകളിലെത്തും. വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയിലെ നായകനായ അമിത് ചക്കാലക്കൽ ആണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫെബ്രുവരി 26-നെങ്കിലും മോഹൻലാൽ-പ്രിയദർശൻ ചിത്രമായ 'മരയ്ക്കാർ-അറബിക്കടലിന്റെ സിംഹം' തിയേറ്ററുകളിലെത്തിക്കാൻ ആശിർവാദ് സിനിമാസ് ആഗ്രഹിക്കുന്നുണ്ട്.

          പലയിടത്തും ഇപ്പോൾ സിനിമകളുടെ ഷൂട്ടിങ്ങ് ആരംഭിച്ചുകഴിഞ്ഞു. മോഹൻലാൽ പാലക്കാട്ടുണ്ട്. ബി. ഉണ്ണികൃഷ്ണന്റെ ആറാട്ടാണ് ചിത്രം.

          സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്റെ ഷൂട്ടിങ്ങ് പുനരാരംഭിച്ചതായി ഫേസ്ബുക്കിൽ  താരം തന്നെ അറിയിച്ചു കഴിഞ്ഞു.

          കോവിഡിനുശേഷം തിയേറ്റർ കാണുന്ന ആദ്യത്തെ മമ്മൂട്ടി ചിത്രമായ ദ പ്രീസ്റ്റ് ഫെബ്രുവരി 4-ന് റിലീസ് ചെയ്‌തേക്കും. മഞ്ജുവാര്യർ-മമ്മൂട്ടി ജോഡിയുടെ ആദ്യ സിനിമയാണിത്.

          ദുൽഖർ സൽമാൻ നായകനായുള്ള 'കുറുപ്പ്' മേയ് 28നാണ് റിലീസ് ചെയ്യുക. കോവിഡ് പ്രോട്ടോക്കോൾ ഉള്ളതുകൊണ്ട് സിനിമകളുടെ ഷൂട്ടിങ്ങെല്ലാം പരമാവധി രഹസ്യമാക്കിവെച്ചിരിക്കുകയാണ് നിർമ്മാതാക്കൾ.

          കോവിഡിനുശേഷം മലയാള സനിമയുടെ ഭാവി നിർണ്ണയിക്കുന്ന ദിവസങ്ങളാണിനി. സ്വകാര്യ ബസ്സുകളിൽ യാത്രക്കാർ കുറഞ്ഞതുപോലെ തിയേറ്ററുകളിൽ പ്രേക്ഷകർ കുറഞ്ഞാൽ ഏത് വമ്പന്റെ ചിത്രമായാലും പ്രദർശനം നിർത്തും. നിരവധി സിനിമകൾ റിലീസിങ്ങിന് ക്യൂവിൽ ഉള്ളതുകൊണ്ട് തിയേറ്ററുകാർക്ക് പുതിയ സിനിമകൾ പരീക്ഷിക്കാനും കഴിയും.

Foto
Foto

Comments

leave a reply

Related News